Connect with us

kerala

പിണറായിയുടെ അത്യാഗ്രഹത്തിന് കേരളത്തെ വിട്ടുകൊടുക്കില്ലെന്നു സുധാകരന്‍

Published

on

സിപിഎമ്മിന്റെ സന്തതസഹചാരിയായ ശാസ്ത്ര സാഹിത്യ പരിഷത്ത് കെ റെയില്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനമുള്ള പഠന റിപ്പോര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും അതിനെ തള്ളിപ്പറയാന്‍ സിപിഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കെ റെയില്‍ പദ്ധതിക്കെതിരേ കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും ജനങ്ങളും ഒന്നടങ്കം രംഗത്തുവന്നതിനു പിന്നാലെയാണ് ശാസ്ത്രസാഹിത്യ പരിഷത്തും വന്നത്. എന്നാലും പദ്ധതി നടപ്പാക്കിയേ തീരൂ എന്ന പിടിവാശിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത് പദ്ധതി നടപ്പാക്കിയാല്‍ കിട്ടുന്ന ശതകോടികളുടെ വെട്ടുമേനി സ്വപ്‌നം കണ്ടാണ്. ഒരു രാജ്യസഭാ എംപിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള ഡസന്‍ കണക്കിന് സഖാക്കള്‍ ഇപ്പോള്‍ വെറുതെയിരിക്കുന്ന കെ റെയിലിനെ നികുതിപ്പണം ഉപയോഗിച്ച് നിലനിര്‍ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അത്യാഗ്രഹത്തിന് ഈ നാടിനെ വിട്ടുകൊടുക്കാന്‍ മനസില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

എഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളുടെയെല്ലാം വെട്ടുമേനി എത്തുന്ന അതേ പെട്ടിയിലേക്കാണ് കെ റെയിലിന്റെ വെട്ടുമേനിയും എത്തേണ്ടത്. എന്നാല്‍ കെ റെയിലിന്റെ മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് യുഡിഎഫ് നടത്തിയ ഉജ്വലമായ സമരമാണ് ഈ പദ്ധതിയെ തടഞ്ഞു നിര്‍ത്തിയത്. കേരളത്തിന്റെ കാവലിന് യുഡിഎഫ് ഉള്ളടത്തോളം കാലം കെ റെയില്‍ പദ്ധതി നടപ്പാക്കാമെന്ന് ആരും ദിവാസ്വപ്‌നം കാണേണ്ട. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍, നിലവിലെ പാതകളുടെയും സിഗ്നലുകളുടെയും നവീകരണം തുടങ്ങിയ ബദലുകളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് നേരത്തെ ചൂണ്ടിക്കാട്ടിയ ഞെട്ടിപ്പിക്കുന്ന നിരവധി കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്. അപൂര്‍ണമായ ഡിപിആറില്‍ വിശദാംശങ്ങളില്ല, പരിസ്ഥിതി തകിടം മറിയും, 1500 ഹെക്ടര്‍ സസ്യസമ്പുഷ്ടമായ പ്രദേശങ്ങള്‍ നഷ്ടപ്പെടും, 3532 ഹെക്ടര്‍ തണ്ണീര്‍ത്തടം ഇല്ലാതാകും, പാതയുടെ കിഴക്കുഭാഗം വെള്ളത്തിലാകും, വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും തുടങ്ങിയ നിരവധി അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് പദ്ധതി നടപ്പാക്കിയാല്‍ അപ്പം വില്ക്കാം എന്ന ബാലിശമായ വാദവുമായി സിപിഎം രംഗത്തുവന്നത്. പരിഷത്ത് പഠനത്തെക്കുറിച്ച് സിപിഎമ്മിന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ട് ഫുള്‍ കോണ്‍ഫിഡന്‍സ്, ചേലക്കരയില്‍ കോൺഗ്രസിന് അട്ടിമറി വിജയം -കെ. സുധാകരന്‍

കള്ളപ്പണ ആരോപണത്തിൽ ഒരു തെളിവുമില്ല. വ്യാജ ആരോപണങ്ങൾ കണ്ടുനിൽക്കുന്ന ജനം വിഡ്ഢികളല്ലെന്നും കെ. സുധാകരൻ പറഞ്ഞു.

Published

on

ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പാലക്കാട്ട് ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും.

ചേലക്കരയിലും നിലവിലെ സ്ഥിതി പാർട്ടിക്ക് അനുകൂലമാണ്. അവിടെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടും. കെ.പി.എം ഹോട്ടലിലെ പാതിരാ റെയ്ഡ് മന്ത്രി എം.ബി. രാജേഷിന്റെ ബുദ്ധിയാണ്. കള്ളപ്പണ ആരോപണത്തിൽ ഒരു തെളിവുമില്ല. വ്യാജ ആരോപണങ്ങൾ കണ്ടുനിൽക്കുന്ന ജനം വിഡ്ഢികളല്ലെന്നും കെ. സുധാകരൻ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ച് പാലക്കാട്ട് ഒരു ശതമാനം പോലും ആങ്കയില്ല. ഫുൾ കോൺഫിഡന്റാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം കോൺഗ്രസിന് അനുകൂലമാണ്. അന്ന് രാഹുലിന് ശുക്രദശയാണെന്ന് പറഞ്ഞത് ശരിയായില്ലേ. ഉറപ്പായും ഭൂരിപക്ഷം കൂടും. വ്യക്തമായ കണക്ക് ഇപ്പോൾ പറയാനാകില്ല. ചേലക്കരയിലും നിലവിലെ സ്ഥിതി പാർട്ടിക്ക് അനുകൂലമാണ്. തുടക്കത്തിൽ പ്രചാരണം പിന്നിലായിരുന്നെങ്കിലും ഇപ്പോൾ മുന്നിലാണ്. അവിടെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടും. രഹസ്യമായി നടത്തുന്ന സർവേയിലും അതുതന്നെയാണ് വ്യക്തമാകുന്നത്.

പാതിരാ റെയ്ഡ് മന്ത്രി എം.ബി. രാജേഷിന്റെ ബുദ്ധിയാണ്. എം.ബി. രാജേഷിന്റെ കർശന നിർദേശത്തിന്റെ പുറത്താണ് റെയ്ഡ് നടന്നത്. പൊലീസിലുള്ളവർ തന്നെ പറഞ്ഞ കാര്യമാണിത്. വന്നു വിറപ്പിച്ച പൊലീസിന് ഒടുവിൽ ഒന്നും കിട്ടിയില്ലെന്ന് എഴുതിക്കൊടുക്കേണ്ടി വന്നില്ലേ. എന്തൊരു നാണക്കേടാണിത്. അനധികൃതമായ ഒരു പണവും കോൺഗ്രസിന് ആവശ്യമില്ല. കള്ളപ്പണ ആരോപണത്തിൽ ഒരു തെളിവുമില്ല. സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് ആരോപണം ഉന്നയിക്കുന്നത്. ഇരു കൂട്ടരും തമ്മിൽ നല്ല ബന്ധമാണ്.

വ്യാജ ആരോപണങ്ങൾ കണ്ടുനിൽക്കുന്ന ജനം വിഡ്ഢികളല്ലെന്ന് ഇവർ മനസ്സിലാക്കണം. വ്യവസ്ഥിതി അപ്പാടെ മറന്നുകൊണ്ടാണ് പൊലീസ് പാതിരാത്രി സ്ത്രീകളുടെ മുറിയിലേക്ക് കയറുന്നത്. പിണറായി വിജയനു മാത്രമേ ഇത്തരം പൊലീസിനെ വെച്ചുപൊറുപ്പിക്കാനാകൂ. എന്നാൽ ഇതും രാഹുലിന് അനുകൂലമായി മാറിയിരിക്കുകയാണ്. സി.പി.എം -ബി.ജെ.പി സംയുക്ത നീക്കത്തിന്റെ ഫലം അവർ അനുഭവിക്കും. റെയ്ഡിലൂടെ വനിതകളെ അപമാനിച്ചതിന് ജനം വോട്ടിലൂടെ പ്രതികരിക്കും” -സുധാകരൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്നായിരുന്നു ഉയർന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തി. കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന മുറികളിൽ നടത്തിയ പാതിരാ റെയ്ഡിൽ കെ.പി.എം ഹോട്ടലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

അൻവർ വിട്ടുപോയത് മറക്കരുത്; സരിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഎമ്മിൽ വിമർശനം

ഇന്നലെവരെ കോൺഗ്രസ് ആയിരുന്നയാളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Published

on

പി. സരിന്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎമ്മിൽ കടുത്ത
വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്നയാളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അടവുനയത്തിന്റെ ഭാഗമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നാണ് ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കു മറുപടി നൽകിയത്. ജില്ലാ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രനാണ് മറുപടി നൽകിയത്.

ഇന്നലെയും ഇന്നുമായിരുന്നു വഞ്ചിയൂർ ഏരിയാ സമ്മേളനം നടന്നത്. സരിനെ സ്ഥാനാർഥിയാക്കിയത് ശരിയായില്ല എന്നായിരുന്നു പൊതുവായി വിമർശനം ഉയർന്നത്. പി.വി അൻവർ അടക്കമുള്ളവരുടെ നിലപാടുകൾ നോക്കേണ്ടിയിരുന്നുവെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതിനെയാണ് കടകംപള്ളി ‘അടവുനയം’ ഉയർത്തി പ്രതിരോധിച്ചത്. പാലക്കാട്ട് കോൺഗ്രസിലും ബിജെപിയിലും പ്രശ്‌നങ്ങളുണ്ട്. അതു മുതലെടുക്കുകയായിരുന്നു പാർട്ടി. നേരത്തെയും ഇത്തരം അടവുനയങ്ങൾ പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും സിപിഎം നേതാവ് ചൂണ്ടിക്കാണിച്ചെന്നാണു വിവരം.

Continue Reading

kerala

ജനങ്ങളോട് മലയാളത്തില്‍ സംസാരിച്ച് പ്രിയങ്ക ഗാന്ധി ; ‘എല്ലാവര്‍ക്കും നമസ്‌കാരം, നിങ്ങളുടെ സ്നേഹത്തിന് നന്ദി’

നിലമ്പൂര്‍ നിയോജമണ്ഡലത്തിലെ പോത്തുകല്ലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തില്‍. ‘എല്ലാവര്‍ക്കും നമസ്‌കാരം.

Published

on

ജനങ്ങളോട് മലയാളത്തില്‍ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. നിലമ്പൂര്‍ നിയോജമണ്ഡലത്തിലെ പോത്തുകല്ലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തില്‍. ‘എല്ലാവര്‍ക്കും നമസ്‌കാരം.

നിങ്ങളുടെ സ്നേഹത്തിന് നന്ദി. എനിക്ക് കുറച്ചു കുറച്ച് മലയാളം അറിയാം’ എന്നായിരുന്നു പ്രിയങ്ക ഗാന്ധി മലയാളത്തില്‍ പറഞ്ഞത്. കൂടുതല്‍ മലയാളം പഠിക്കാന്‍ കുറച്ചു സമയം കൂടി വേണമെന്നും നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ മനസിലാക്കി വരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബി.ജെ.പിയുടേത് വിഭജനവും ഭിന്നിപ്പുമുണ്ടാക്കുന്ന രാഷ്ട്രീയമാണ്. സ്നേഹവും സമാധാനവും അവര്‍ക്ക് യോജിക്കുന്നതല്ല.

ബി.ജെ.പിയുടേത് ജനങ്ങളെ കുറിച്ചുള്ള രാഷ്ട്രീയമല്ല. അത് വികസനത്തിന് വേണ്ടിയോ രാജ്യത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുവാനോ വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയമല്ല. അവരുടേത് ജനങ്ങള്‍ക്കിടയില്‍ വെറുപ്പും ഭയവും അവിശ്വാസവും വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ്.

ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത് മൂലം ബി.ജെ.പിയുടെ ഓരോ നേതാവിനും ഗുണമുണ്ടാകുന്നു. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി മുറിവേല്‍ക്കുന്നത് നമ്മുടെ രാജ്യത്തിനാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം മൂലം ജനങ്ങള്‍ക്കും രാജ്യത്തിനും മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത മേഖലകളില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ജീവിക്കുന്ന ആദിവാസി സമൂഹങ്ങളെ പുനരധിവസിക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.

കുറച്ച് മുന്‍പ് ഭൂമികുലുക്കത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ ഉണ്ടായി. അതില്‍ ഇവിടുത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ലഭിക്കുന്ന അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Continue Reading

Trending