X

സുഡാന്‍: ആദ്യസംഘത്തില്‍ ഒറ്റപ്പെട്ടുപോയ വയനാട് സ്വദേശികളായ ഉമ്മയും മക്കളും

അഷ്റഫ് വേങ്ങാട്ട്

റിയാദ്: സുഡാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രക്രിയ തുടങ്ങിയ ആദ്യ കപ്പലില്‍ തന്നെ പതിനാറ് മലയാളികള്‍. ആശങ്ക നിറഞ്ഞ നിമിഷങ്ങളിലും കപ്പല്‍ യാത്രയിലും അവരോടൊപ്പം വയനാട് സ്വദേശികളായ ഒരുമ്മയും രണ്ട് മക്കളും. വയനാട് വെള്ളമുണ്ട കണ്ടെത്തിവയല്‍ സ്വദേശി മുഹമ്മദ് ഷമീമിന്റെ ഭാര്യ ഫൗസിയ ജിബിനും മക്കളായ മുഹമ്മദ് ആദം അലിയും ആയങ്കി ഫാത്തിമ അസയുമാണ് കപ്പലില്‍ 278 പേരോടൊപ്പം ജിദ്ദയിലേക്ക് തിരിച്ചത്. ദുബായിലേക്ക് മാറുന്നതിന്റെ ഭാഗമായി ഭര്‍ത്താവ് ഷമീം ഏപ്രില്‍ പതിനാലിന് ദുബായിലേക്ക് പോയതോടെ ഒറ്റപ്പെട്ടുപോയ ഈ കുടുംബം കടുത്ത പ്രതിസന്ധിയെയാണ് കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് അനുഭവിച്ചത്.

അഞ്ചാം ക്ലാസ്സ് വിദ്യര്‍ത്ഥിയായ മകന്‍ക്ക് സ്‌കൂളില്‍ 17 ന് പരീക്ഷ നടക്കുന്നതിനാലാണ് അവരെ തനിച്ചാക്കി ഷമീം ദുബായിലേക്ക് പോയത്. 17 ന് പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ അന്ന് തന്നെ നാല് മണിക്ക് ദുബായിലേക്കുള്ള ടിക്കറ്റും എടുത്തിരുന്നതായി കുടുംബത്തെ കൂട്ടാന്‍ ജിദ്ദയിലെത്തിയ ഷമീം ‘ചന്ദ്രിക’യോട് പറഞ്ഞു. ദുബായിലേക്ക് പുറപ്പെടാനുള്ള ഒരു ദിവസം മുമ്പെയാണ് സുഡാനില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതും വിമാനത്താവളങ്ങള്‍ അടച്ചത്. ജീവിതത്തില്‍ ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത ആശങ്ക നിറഞ്ഞ നിമിഷങ്ങളിലൂടെയായിരുന്നു പിന്നെ കടന്നു പോയത്.

കുടുംബത്തിന് സഊദിയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയുമെടുത്താണ് ഷമീം ജിദ്ദയിലെത്തിയിട്ടുള്ളത്. ഇനി കുടുംബത്തെ ഇവിടെ വിട്ടുകിട്ടാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഷമീമിനെ അലട്ടുന്ന വിഷയം. ഇന്ത്യന്‍ എംബസിയുമായും കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കുടുംബത്തെ ജിദ്ദയില്‍ നിന്ന് കൂടെ കൂട്ടി ദുബായിലേക്ക് പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഷമീം. ഷമീമിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി നേതാവും അയല്‍വാസിയുമായ റസാക്ക് അണക്കായി ഒപ്പമുണ്ട്. കൂടെ ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും സഹായവുമായി രംഗത്തുണ്ട്.

എട്ട് വര്‍ഷമായി സുഡാനില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഷമീമിന് ദുബായിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുകയും ദുബായിലെത്തി കുടുംബത്തെ കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടത്. ഖര്‍ത്തൂമില്‍ സുരക്ഷിതമായ ഭാഗത്തായിരുന്നുവെങ്കിലും സൈനിക വിഭാഗങ്ങള്‍ പോര് തുടങ്ങിയതോടെ ഏറ്റവും മോശമായ സാഹചര്യം നിലനില്‍ക്കുന്ന കേന്ദ്രമായി ഇവരുടെ താമസസ്ഥലം. സൈന്യത്തിന്റെയും പോലീസിന്റെയുമെല്ലാം കേന്ദ്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ മേഖലയിലാണ് എന്നതാണ് സുരക്ഷാ ഭീഷണിയായത്.

സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം തുടങ്ങിയ മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ കുടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നതായി ഷമീം പറഞ്ഞു. ആശങ്കയിലായ ഷമീം ദുബായില്‍ തന്നോടൊപ്പമുണ്ടായിരുന്ന പാര്‍ട്ട്ണര്‍ സുഡാന്‍ പൗരന്റെ സഹായത്തോടെ കുടുംബത്തെ മറ്റൊരു സുഡാന്‍ പൗരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന്‍ തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു. മൂന്ന് ദിവസം അവരവിടെ താമസിപ്പിച്ചു. അതിനിടെ ആ പ്രദേശത്തും കലാപത്തിന്റെ കാഹളം മുഴങ്ങിയതോടെ സുഡാനി കുടുംബത്തോടൊപ്പം അതിര്‍ത്തിയിലേക്ക് രക്ഷപെടുകയായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു താനും കുടുംബവുമെന്നും ഷമീം പറഞ്ഞു.

 

webdesk11: