തെക്ക് പടിഞ്ഞാറന്‍ കേരള തീരത്ത് സമുദ്രോപരിതലത്തില്‍ മൈക്രോ പ്ലാസ്റ്റികിന്റെ (പ്ലാസ്റ്റിക് പൊടിഞ്ഞുണ്ടാകുന്ന 5 എം.എം താഴെ വലിപ്പുമള്ള ചെറിയ കണങ്ങള്‍) സമൃദ്ധി ക്രമാതീതമായി കൂടുന്നുണ്ടെന്ന പഠനം നല്‍കുന്ന മുന്നറിയിപ്പ് ഏറെ ഗൗരവതരം. കൊച്ചി, കോഴിക്കോട് സമുദ്ര ഭാഗത്തുള്ള ഉയര്‍ന്ന അളവിലുള്ള മൈക്രോ പ്ലാസ്റ്റിക്കുകള്‍ ജൈവികരൂപാന്തരത്തിനു വിധേയമാകാനും ഭക്ഷ്യശ്യംഖയിലേക്ക് കൂടുതലായി കടന്നുകയറുന്നതിനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.
ഫീഷറീസ് യൂണിവേഴ്സ്റ്റിയിലെ ഡോ.കെ രഞ്ജീത്, കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ. ജോര്‍ജ് കെ വര്‍ഗീസ്, വി.ജി നിഖില്‍ എന്നിവരാണ് കേരള തീരത്തെ സമുദ്രോപരിതലത്തിലെ പ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ച് ഗവേഷണം നടത്തിയത്. ശാസ്ത്രീയ പരിശോധനയില്‍ കൊച്ചിയില്‍ ക്യുബിക് മീറ്ററില്‍ 9.89 കണങ്ങളും, കോഴിക്കോട് 8.02 കണങ്ങളും മൈക്രോ പ്ലാസ്റ്റികുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ മറ്റ് തീരങ്ങളെ അപേക്ഷിച്ച് കൂടതലാണെന്ന് മുന്‍ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സൂക്ഷ്മ ജീവികളെ ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങള്‍ തെറ്റിദ്ധരിച്ച് മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കും. ഇവ പിന്നീട് ഭക്ഷ്യശൃംഖല വഴി മനുഷ്യരിലേക്ക് കൂടുതലായി എത്തും. ഇതുണ്ടാക്കുന്ന പരിണിത ഫലങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. കേരളത്തിന്റ കായലുകളില്‍ കേന്ദ്രീകരിച്ച് ഫീഷറീസ് യൂണിവേഴ്‌സിറ്റി നടത്തിവരുന്ന പഠനത്തില്‍ കക്കയിറച്ചികളില്‍ പ്ലാസ്റ്റികിന്റെ സാന്നിധ്യം അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.
കടലിലെ ആവാസവ്യസ്ഥയിലുണ്ടാകുന്ന ജൈവിക രാസ മാറ്റങ്ങളുടെ സാധ്യത മുന്നില്‍കണ്ട് സര്‍ക്കാര്‍ തലത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു. കേരളത്തിലെ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള 300 കി.മീ ദൂരത്തില്‍ 5 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള സമുദ്രോപരിതലത്തിലെ മൈക്രോ പ്ലാസ്റ്റികിന്റെ സമൃദ്ധിയാണ് പരിശോധിച്ചത്്. 2016 ലെ അപേക്ഷിച്ച് 2019 ഏഴിരട്ടി വര്‍ധിച്ചതായി പരിശോധനയില്‍ കാണുന്നു. 2016 ല്‍ ക്യൂബിക് മീറ്ററില്‍ 1.25 കണങ്ങള്‍ എന്നത് 2019 ലെത്തുമ്പോള്‍ 7.14 ആയി വര്‍ധിച്ചിട്ടുണ്ട്. പ്രളയത്തില്‍ അടിത്തിട്ടളികയതോടെ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്നതാണിതിന് കാരണം. പ്രളയത്തില്‍ കുത്തിയൊലിച്ചെത്തിയ ടണ്‍കണക്കിന് പ്ലാസ്റ്റിക്കുകള്‍കൂടി മൈക്രോ പ്ലാസ്റ്റിക് രൂപത്തിലേക്ക് മാറുന്നതോടെ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ അപകടാവസ്ഥയിലെത്തും. മാസങ്ങളുടെ രാസപ്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക് ചെറുകണങ്ങളായി വിഘടിക്കുന്നത്.
പോളിഎഥിലീന്‍ (37%), പോളിപ്രൊപ്പിലിന്‍ (22%), ഇവ രണ്ടും ചേര്‍ന്ന മിശ്രിതം (10%), എന്നിവയുടെ മൈക്രോ പ്ലാസ്റ്റികുകളാണ് കൂടുതലായി കേരള തീരത്ത് കണ്ടെത്തിയത്. എന്നാല്‍ ഏറെ ദൂഷ്യഫലങ്ങളുണ്ടാക്കുന്ന പോളിയൂറിഥീന്‍(പി.യു), പോളിവിനൈല്‍ ക്ലോറൈഡ് (പി.വി.സി) എന്നിവയുടെ കണങ്ങളും സമുദ്ര ജലത്തില്‍ കലര്‍ന്നത് തീരത്തിന്റെ മലീനീകരണ അപകട സൂചിക രണ്ട് മുതല്‍ അഞ്ച് വരെ ഉയര്‍ത്തിയിട്ടുണ്ട്.
കടലിലെ ആവാസവ്യവസ്ഥയുടെ മലനീകരണ തോത്് പരിശോധിക്കുമ്പോള്‍ കൊച്ചി (2621.98), പൊന്നാനി (2322.26), കോഴിക്കോട് (1820.97) ആണ് ഏറ്റവും കുടുതല്‍ അപകടാവസ്ഥയിലുള്ളത്. ആലപ്പുഴ (1098.31), ചാവക്കാട് (627.18) അപകടാവസ്ഥയിലുമാണ്. കൊല്ലം ഹൈ റിസ്‌ക് ഗ്രൂപ്പിലുമാണ് ഉള്‍പ്പെടുന്നത്.
കടലിലെ വില്ലന്മാര്‍
നീലയും വെള്ളയും
പരിശോധനയില്‍ കണ്ടെത്തിയ മൈക്രോ പ്ലാസ്റ്റിക്കുകളില്‍ അധികവും നീല, വെള്ള നിറത്തിലുള്ളതും നാരുകളുമാണ് (ഫൈബര്‍). സിന്തറ്റിക് വസ്ത്രങ്ങളുടെയും വലകളുടെയും കയറുകളുടെയും ഭാഗങ്ങളായ നാരുകളാണിതിലധികവും. ഫൈബര്‍(49.81%), ഫ്രാഗ്മെന്റ്‌സ് (35.11%), ഫിലിംസ് (15.07%) രൂപങ്ങളിലാണ് മൈക്രോ പ്ലാസ്റ്റിക് കേരളതീരങ്ങളില്‍ അധികവും കണ്ടെത്തിയത്.