ഖാദര്‍ പാലാഴി
ഇസ്രാഈലിലും അമേരിക്കയിലും ജൂതന്മാര്‍ ധാരാളമായി അധിവസിക്കുന്ന മറ്റു രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പേരിനെങ്കിലും സ്വാധീനമുണ്ടെങ്കിലും അവിടങ്ങളിലൊന്നും ഡി.വൈ.എഫ്.ഐയെ പോലെ ധീരശൂര വിപ്ലവകാരികള്‍ ഇല്ലെന്ന കാര്യം ബോദ്ധ്യപ്പെട്ട ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. എന്ത് കൊണ്ടെന്നാല്‍ അവിടങ്ങളിലെ ജൂതന്‍മാരിലെ കഠിന വിശ്വാസികള്‍ക്കെല്ലാം പന്നിയിറച്ചി നിഷിദ്ധമാണ്. ബൈബിള്‍ പഴയ നിയമം പന്നിയിറച്ചി കര്‍ശനമായി വിലക്കിയതാണ് കാരണം. പന്നിയിറച്ചി മാത്രമല്ല ഒറ്റക്കുളമ്പുള്ള മൃഗങ്ങളുടെ മാംസം, ചിതമ്പലുകളും ചിറകുകളുമില്ലാത്ത മത്സ്യങ്ങള്‍, കക്കയിറച്ചി, ചിപ്പികള്‍, നത്തയ്ക്ക തുടങ്ങിയവയൊന്നും അവര്‍ കഴിക്കില്ല വേറെയുമുണ്ട് ഇവിടങ്ങളിലെ ജൂതന്മാര്‍ക്ക് മതപരമായ പ്രത്യേകതകള്‍. ജൂത പുരോഹിതന്‍ ജൂതാചാരപ്രകാരം അറുത്ത മൃഗങ്ങളുടെ മാംസമേ അവര്‍ ഭക്ഷിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഇറച്ചിയുപയോഗിച്ച് പാചകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ ‘കോഷര്‍ ഫു#െഡ്‌സ് ‘ എന്ന ബോര്‍ഡ് വെക്കുന്നു. ഈ ഹോട്ടലുകളില്‍തന്നെ ഇറച്ചിയും പാലുല്‍പ്പന്നങ്ങളും ഒരുമിച്ചൊരിടത്ത് നിന്ന് ഭക്ഷിക്കാന്‍ പാടില്ല.
മാംസം മാത്രമല്ല മറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും ജൂത മത മൂല്യങ്ങള്‍ പ്രകാരമാണെന്ന് ജൂത റബ്ബിമാരുടെ സമിതി സര്‍ട്ടിഫൈ ചെയ്യുകയും കുപ്പിയിലും പായ്ക്കിലും പെട്ടിയിലും കോഷര്‍ ഭക്ഷ്യ വസ്തുക്കള്‍ (Kosher Food) എന്ന് മുദ്രണം ചെയ്യുകയും ചെയ്യുന്നു. കോഷര്‍ എന്ന പദത്തിന്റെ അര്‍ത്ഥം clean, pure എന്നൊക്കെയാണ്. കാലക്രമേണ ജൂത പശ്ചാത്തലമില്ലാത്ത ഉല്‍പാദകരും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യതക്ക് പായ്ക്കുകളില്‍ Kosher മുദ്ര പതിക്കാന്‍ തുടങ്ങി. അമേരിക്കയിലെ പ്രീ പായ്ക്ക്ഡ് ഭക്ഷ്യവസ്തുക്കളില്‍ മുക്കാല്‍ ഭാഗവും കോഷര്‍ മുദ്ര പതിപ്പിച്ചതാണത്രെ. ജൂതന്‍മാരുടെ ഈ ഭക്ഷണ പരിശുദ്ധി നിലപാട് ഇസ്രാഈലിലും അമരിക്കയിലും മാത്രമല്ല ജൂതന്‍മാര്‍ അധിവസിക്കുന്ന മുസ്‌ലിം രാജ്യങ്ങളിലും സാധാരണമാണെന്നതിന്റെ തെളിവ് നവംബര്‍ 24ന് വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇറാനിലെ ജൂത പുരോഹിതനായ യെഹുദ ജെറാമി ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ നവംബര്‍ മൂന്നാം വാരം വരെ അമേരിക്കയില്‍ സന്ദര്‍ശനത്തിലായിരുന്നു. പര്യടനകാലത്ത് വിര്‍ജീനിയയിലെ ഫെയര്‍ഫക്‌സിലെ ജൂതസമൂഹം നവംബര്‍ 14ന് ജെറാമിക്ക് സ്വീകരണം ചടങ്ങില്‍ നല്‍കുകയുണ്ടായി. ഇറാനിലെ ജൂതരുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹിബ്രു ഭാഷയില്‍ മറുപടി നല്‍കവേ അദ്ദേഹം പറഞ്ഞത് ഇറാന്‍ സര്‍ക്കാര്‍ 20,000 ത്തോളം വരുന്ന രാജ്യത്തെ ജൂതന്‍മാര്‍ക്ക് നല്‍കുന്ന ന്യൂനപക്ഷ പരിഗണനകളെകുറിച്ചായിരുന്നു. അതില്‍ പ്രധാനമായും അദ്ദേഹം ഊന്നിയത് ടെഹ്‌റാനില്‍ ആറും ഷിറാസ് നഗരത്തിലും ഇസ്ഫഹാന്‍ നഗരത്തിലും രണ്ട് വീതവും കോഷര്‍ റസ്റ്ററന്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിയെക്കുറിച്ചായിരുന്നു.
ജൂതന്‍മാര്‍ക്ക് സ്‌കൂള്‍ നടത്താന്‍ അനുമതിയുണ്ടെന്നും ശബ്ബാത്ത് ദിവസമായ ശനിയാഴ്ചകളില്‍ സ്‌കൂളിന് അവധി നല്‍കാന്‍ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്‌റെ (Mikreh ) എന്ന പേരിലറിയപ്പെടുന്ന ജൂതരുടെ സ്‌നാനഘട്ട് പോലും ടെഹ്‌റാനില്‍ പ്രവര്‍ത്തിക്കുന്നതായി ഇസ്രാഈലിലെ പുരോഹിത പഠനത്തിന് ശേഷം ഇറാനില്‍ റബ്ബിയായി എത്തിയ ജെറാമി അറിയിക്കുകയുണ്ടായി. 99.38 % മുസ്‌ലിംകളുള്ള ഇറാനിലെ മറ്റുന്യൂനപക്ഷങ്ങള്‍ ക്രിസ്ത്യാനികളും സൊരാഷ്ട്രരുമാണ്. ലോകത്ത് രക്തശുദ്ധി അവകാശപ്പെടുന്ന ജൂതരും ഭാഗിക ജൂതരുമടക്കം 2.3 കോടി ജൂതരാണുള്ളത്. ഇവരെല്ലാം ഇസ്രാഈലിലെ ലോ ഓഫ് റിട്ടേണ്‍ പ്രകാരം അവിടത്തെ പൗരത്വത്തിന് അവകാശപ്പെട്ടവരാണ്. എന്നാല്‍ ഇതില്‍ 51% പേരും അമേരിക്കയാണ് ജീവിക്കാന്‍ തെരഞ്ഞെടുത്തത്. ജൂതര്‍ക്ക് വേണ്ടി മാത്രമായുണ്ടാക്കിയ ഇസ്രാഈലില്‍ 30% മാത്രമാണ് അവരുള്ളത്. ഫ്രാന്‍സ്, കാനഡ, റഷ്യ എന്നിവിടങ്ങളില്‍ 3% വീതം, ബ്രിട്ടനില്‍ 2% , അര്‍ജന്റീന, ജര്‍മനി, ഉക്രൈന്‍, ബ്രസീല്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ 1 % വീതവും ബാക്കിയുള്ള 3% പേര്‍ 98 രാജ്യങ്ങളിലായും വ്യാപിച്ചു കിടക്കുന്നു. ഇതിനര്‍ത്ഥം ലോകത്ത് ഏതാണ്ട് എല്ലായിടത്തും കോഷര്‍ ഫൂഡ് ഭക്ഷണ വൈവിധ്യത്തിന്റെ ഭാഗമാണെന്നാണ്. പക്ഷേ അവിടങ്ങളില്‍ ക്രിസ്ത്യാനികളോ ബുദ്ധരോ കമ്യൂണിസ്റ്റുകളോ ഭക്ഷണത്തിലും അയിത്തമെന്ന് പറഞ്ഞ് ജൂതരെ ഒറ്റപ്പെടുത്തിയോ ?. ഇല്ല. മറ്റുമതസ്ഥരും നാസ്തികരും പന്നിമാംസം കഴിക്കരുതെന്ന് ജൂതര്‍ പറഞ്ഞോ ? ഇല്ല. ഇരുവരും ഭക്ഷണ വൈവിധ്യത്തിന്റേയും വിശ്വാസ വൈജാത്യത്തിന്റേയും സ്പിരിറ്റ് ജനാധിപത്യപരമായി ഉള്‍ക്കൊള്ളുകയും സഹിഷ്ണുതാപരമായി അതിനെ അംഗീകരിക്കുകയുമായിരുന്നു. സാംസ്‌കാരിക ബഹുസ്വരതയുടെ നിദര്‍ശനമായി അതിനെ അവര്‍ ഷോകേസ് ചെയ്യുകയായിരുന്നു.
കോഷര്‍ ഫൂഡിനോട് ഏറെ സാമ്യതയുള്ളതാണ് ഹലാല്‍ മീറ്റ്. മൃഗങ്ങളെ ദൈവ വചനമുച്ചരിച്ചുകൊണ്ട് രക്തം വാര്‍ന്നൊഴുപ്പോകുന്ന തരത്തില്‍ അറുക്കണമെന്നല്ലാതെ അതിന് പുരോഹിതന്റെ ആവശ്യമൊന്നുമില്ല. മുസ്‌ലിം അറുത്തത് മാത്രമല്ല വിശാലാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന ജൂത ക്രൈസ്ത സഹോദരങ്ങളും മറ്റും അറുക്കുന്നതും ഹലാല്‍ മീറ്റായി കണക്കാക്കും. മെക്കാനിക്കല്‍ സ്‌ലോട്ടറിംഗില്‍ വചനം റെക്കോഡ് ചെയ്ത് കേള്‍പ്പിക്കുന്നതായി കേട്ടിട്ടുണ്ട്. ഇറച്ചി കൂടാതെ ശുദ്ധിയും വൃത്തിയുമുള്ളതും ശരിയായ മാര്‍ഗത്തില്‍ നിക്ഷേപിക്കപ്പെടുന്ന സംരംഭത്തിലും രീതിയിലും ഉല്‍പാദിപ്പിക്കുന്ന മറ്റുഭക്ഷണ സാധനങ്ങളും ലോകത്തെല്ലായിടത്തും ഹലാല്‍ മുദ്രണം ചെയ്ത് വിപണിയിലെത്തുന്നുണ്ട്. അതിന്റെ മാര്‍ക്കറ്റ് മൂല്യം മനസിലാക്കി അമുസ്‌ലിംകളായ സംരംഭകരും ഹലാല്‍ പ്രൊഡക്റ്റ്‌സുകള്‍ ഇറക്കുന്നുണ്ടെന്നതിന് ഇന്ത്യയില്‍ തന്നെ ഉദാഹരണങ്ങള്‍ വേണ്ടുവോളമുണ്ട്. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വെക്കുന്നത് ഹലാല്‍ മീറ്റിന്റെ സാന്നിദ്ധ്യം അറിയിക്കാനാണെങ്കിലും പതിറ്റാണ്ടുകളായി മലബാറിലെ ഹോട്ടലുകളിലൊന്നും അത്തരം ബോര്‍ഡുകള്‍ വെക്കുന്നില്ല. വെക്കുന്നുണ്ടെങ്കില്‍ അത് തെക്കന്‍ കേരളത്തില്‍ മാത്രമാണ്. അതാവട്ടെ കച്ചവടക്കണ്ണുളള മുസ്‌ലിംകളും അമുസ്‌ലിംകളുമാണ് താനും. അടിവരയിടേണ്ട മറ്റൊരു കാര്യം ഹലാല്‍ ഫുഡിന്റെ ആളുകള്‍ പന്നിമാംസം ഭക്ഷിക്കരുതെന്ന് ആരോടും പറയുകയോ ഹലാല്‍ ഭക്ഷണം കഴിക്കാനായി ആരെയും നിര്‍ബന്ധിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. അവര്‍ പന്നി മാംസത്തിന്റെ വില്‍പന തടഞ്ഞോ? ഇല്ലേയില്ല. എന്നിട്ടും എന്തായിരുന്നു കേരളത്തിലെ പ്രശ്‌നം. ഹലാല്‍ ഭക്ഷണത്തില്‍ തുപ്പല്‍ ചേര്‍ക്കുന്നുണ്ടെന്ന് സംഘികളും ക്രി ചാണകങ്ങളും പ്രചരിപ്പിച്ചു. ഹിന്ദുക്കളും ക്രിസ്ത്യാനികളും കയറേണ്ട ഹോട്ടലുകളുടെ പട്ടിക പ്രചരിപ്പിച്ചു.
ഇത് കാണുമ്പോള്‍ ഉത്തരവാദപ്പെട്ട സംഘടനകളും ഭരണകൂടവും ചെയ്യണ്ടിയിരുന്നത് എന്താണ്? ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവര്‍ക്കെതിരെ ബോധവല്‍ക്കരണവും പൊലീസ് നടപടിയും സ്വീകരിക്കുക. പകരം ഡി.വൈ.എഫ്.ഐ ചെയ്തതെന്താണ്. പന്നി മാംസവും കൂടി ഉള്‍പ്പെടുത്തി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടത്തുകയും മുസ്‌ലിംകള്‍ പന്നിമാംസം തടയുന്നവരാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ഫെസ്റ്റില്‍ പശുവിറച്ചി ഇല്ലെന്ന് ഉറപ്പുവരുത്തി സംഘികളെ സുഖിപ്പിച്ചു കിടത്തി. മുസ്‌ലിംകളെ കുറ്റവാളിയാക്കിയതില്‍ ആഹ്ലാദിച്ച് പ്രതീഷ് വിശ്വനാഥന്‍മാരും ഷാജന്‍ സ്‌കറിയമാരും കാസകളും ഡിഫി ചുണക്കുട്ടികള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി. സംഘികളേയും മുസ്‌ലിംകളേയും സമീകരിച്ചിട്ടും ഭക്തജനസംഘം വാഴ്ത്തുപാട്ടുകള്‍ പാടി. പ്രത്യേക പേരുള്ള ചിലരെക്കൊണ്ട് ‘ഞാനും പന്നി മാംസം കഴിച്ചു, എന്താ രസം’ എന്ന് പോസ്റ്റിട്ടു. സത്യത്തില്‍ ആ തെരുവ് ഭക്ഷണത്തിലെ മെനു കൊണ്ടും റഹീം സഖാവിന്റെ ഹോട്ടല്‍ സന്ദര്‍ശനം കൊണ്ടും എന്താണ് ലക്ഷ്യമാക്കിയതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ തിരിഞ്ഞിട്ടുണ്ട് സ. റഹീംജി.