X

മാസപ്പിറവിയുടെ നാട്ടിലെ സന്മാര്‍ഗത്തിന്റെ അരുവി

പി.കെ.കെ ബാവ

മലബാറിന്റെ മത വൈജ്ഞാനിക ഭൂമികയില്‍ വിദ്യ കൊണ്ടും കൊടുത്തും വളര്‍ന്ന ഭൂമിക, പൗരാണിക കാലം മുതല്‍ക്കേ വിദേശികളെയും ലോക സഞ്ചാരികളെയും ആകര്‍ഷിച്ച മണ്ണ്, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക്മുമ്പ് തന്നെ പേരും പെരുമയും കൈവരിച്ച അപൂര്‍വം നാടുകളിലൊന്ന്, അറബിക്കടലോരത്തെ ഈ കൊച്ചു തീരദേശഗ്രാമമായ കാപ്പാടിന് പറയാനുള്ളതെല്ലാം പുകള്‍പെറ്റ അനേകം സ്മൃതികളാണ്. മധ്യകാല നൂറ്റാണ്ടുകളിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നതിനാല്‍ അറബികളും ചൈനക്കാരും അടക്കം എല്ലാ സംസ്‌കാരങ്ങളും അവസാനം യൂറോപ്യന്മാരും കാപ്പാടെത്തിപ്പെട്ടിട്ടുണ്ട്. വിദേശികളുമായി വ്യാപാര ബന്ധം അഭേദ്യമായതിനാല്‍ കാപ്പാടിന്റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം ഈ സംസ്‌കാരങ്ങളുമായി ഒരദൃശ്യ ബന്ധം നിലനിനിര്‍ത്തുന്നു. ഇന്നും കാപ്പാടും പരിസരത്തും നിലനില്‍ക്കുന്ന തറവാട്ടുനാമങ്ങളും ചൈനക്കാര്‍ കച്ചവട ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ചീനച്ചേരിയും ഈ സംസ്‌കാരങ്ങള്‍ക്ക് കാപ്പാടിനോടുള്ള ബന്ധത്തിന്റെ വര്‍ത്തമാനോദാഹരണങ്ങളില്‍ ചിലത് മാത്രമാണ്. ടോക്കിയോ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം ഇത് സാക്ഷ്യപ്പെടുത്തുന്നു.

കേരള ചരിത്രത്തില്‍ തന്നെ കാപ്പാടിന് സ്വന്തമായ ഇടമുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീനിലും ബ്രിട്ടീഷ് കലക്ടര്‍ വില്യം ലോഗന്‍ മലബാര്‍ മാന്വലിലും ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളപ്പഴമയിലും കാപ്പാടിന്റെ പേരും പെരുമയും മതാന്തരീക്ഷവും അതിശയോക്തിയോടെ പരാമര്‍ശിക്കുന്നു. സാമൂതിരിയുടെ കീഴില്‍ കോഴിക്കോട് പ്രദേശം ശക്തി പ്രാപിച്ചപ്പോള്‍ വിദേശ വ്യാപാര ബന്ധത്തിന്റെ അഭിവാജ്യ ഘടകമെന്ന നിലയില്‍ കാപ്പാട് തുറമുഖവും അദ്ദേഹത്തിന് കീഴിലായി മാറി. സാമൂതിരി രാജാവ് നാട്, കോരപ്പുഴക്കു വടക്കോട്ട് വികസിപ്പിച്ചതുതന്നെ കാപ്പാട് തുറമുഖം ലക്ഷ്യമിട്ടായിരുന്നു. അക്കാലത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായി കാപ്പാട് പന്തലായനിയെ ചരിത്രകാരന്മാര്‍ എണ്ണിയതായി കാണാം.

കാപ്പാടിന്റെ ഇസ്‌ലാമിക വര്‍ത്തമാനങ്ങള്‍ക്ക് മാലിക്ബ്‌നുദീനാര്‍ അടക്കമുള്ളവരുടെ കാലത്തോളം പഴക്കമുണ്ട്. അവര്‍ മുഖേനെയാണിവിടെ ഇസ്‌ലാം പ്രചരിച്ചതും വളര്‍ന്നതും പ്രദേശത്തെ വെട്ടി വെളിച്ചമാക്കി പൊതുജീവതത്തിന് സൗകര്യപ്പെടുത്തിയതും. അതിന്റെ പ്രതീകമാണ് നൂറ്റാണ്ടുകളോളം പഴക്കമുള്ള കാപ്പാട് ജുമുഅത്ത് പള്ളി. പുരാതനമായ പള്ളിക്ക് പത്തു നൂറ്റാണ്ടോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. മാലിക് ബിന്‍ ദീനാര്‍ (റ) വന്ന് രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ജുമുഅത്ത് പള്ളി സ്ഥാപിച്ചതെന്നും പറയപ്പെടുന്നു. പള്ളിയിലെ നിലവിലുള്ള മിമ്പറിന് തന്നെ 119 വര്‍ഷത്തോളം പഴക്കമുണ്ട്. മലബാറിലെ മക്കയെന്ന് കീര്‍ത്തിപെറ്റ പൊന്നാനിയോട് ചേര്‍ത്ത് രണ്ടാം പൊന്നാനിയായി കാപ്പാട് വിശ്രുതമായതിന്റെപിന്നില്‍ നൂറ്റാണ്ടുകളുടെ ചരിത്രം പതിഞ്ഞുകിടക്കുന്നു. അഗ്രഗണ്യരായ നിരവധി പണ്ഡിതരുടെ അനുഗ്രഹീത പാദസ്പര്‍ശവും തദ്‌രീസുംകൊണ്ട് വിശ്രുതമായതാണ് കാപ്പാട് പള്ളി ദര്‍സ്.

കാപ്പാടിനെ ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠമാക്കുന്നതില്‍ മാസപ്പിറവിക്ക് ഒഴിച്ചു കൂടാനാവാത്ത സ്വാധീനമുണ്ട്. നോമ്പും പെരുന്നാളും മറ്റ് അറബ് മാസങ്ങളും ഉറപ്പിക്കുന്നതില്‍ കാപ്പാടിനുള്ള പങ്ക് ചെറുതല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം മാസപ്പിറവി ഉറപ്പിക്കുന്നതില്‍ കാപ്പാട് ഖാസിയുടെ തീരുമാനങ്ങള്‍ക്ക് സര്‍വാംഗീകൃതമായ ആധികാരികതയുമുണ്ട്. തുടര്‍ച്ചയായി പല തവണ കേരള മുസ്‌ലിംകള്‍ നോമ്പും പെരുന്നാളും ആഘോഷിച്ചത് കാപ്പാട് ദര്‍ശിച്ച മാസപ്പിറവിയിലൂടെയാണ്. സംസ്‌കൃതിയുടെ പ്രൗഢമായ കലാപാരമ്പര്യവും കാപ്പാടിന്റെ പ്രാദേശികമായ അടയാളപ്പെടുത്തലുകളിലുണ്ട്. പ്രമുഖരായ എഴുത്തുകാരും പ്രഭാഷകരും ദഫ്മുട്ടാചാര്യരും കോല്‍കളി വിദഗ്ധരും ക്ഷേത്രകല വശമുള്ളവരും അപൂര്‍വ ശേഖരങ്ങളുള്ള ഗ്രന്ഥശാലകളും ലൈബ്രറികളും ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികളും കലാ കായിക കൂട്ടായ്മകളുമെല്ലാം ഈ നാടിന്റെ കലാസാംസ്‌കാരിക അടയാളപ്പെടുത്തലുകളാണ്. കാപ്പാടിന്റെ പ്രാദേശിക ചരിത്രത്തില്‍ അഹ്‌ലു ബൈത്തിന്റെ പങ്കും നിസ്തുലമാണ്. പ്രമുഖമായ ഖബീലകളിലെ നിരവധി സയ്യിദ് കുടുംബങ്ങളാണ് കാപ്പാട് താമസമാക്കിയത്. ഒരു നാടിന്റെ മേല്‍വിലാസമാവുകയാണ് ജാമിഅ ഐനുല്‍ ഹുദ. ഒരര്‍ത്ഥത്തില്‍ നഷ്ട പൈതൃകങ്ങളുടെ അഗാധമായ വീണ്ടെടുപ്പ് കൂടിയാണീ അക്ഷര സൗധം. കേരളത്തിലേക്കുള്ള വൈദേശികാധിപത്യത്തിന് തുടക്കംകുറിച്ച അതേ മണ്ണില്‍, ജ്ഞാനപ്രസരണത്തിന്റെ നവീനമായ ഉത്ഥാനങ്ങള്‍ സാധ്യമായതിന്റെ സാക്ഷാ ത്കാരമാണ് ഈ സ്ഥാപനം. മാപ്പിള മുസ്‌ലിമിന്റെ മത ജീവിത വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്ക് അറുതിവരുത്താന്‍ കച്ചകെട്ടിയിറങ്ങിയവര്‍ കാലുകുത്തിയ അതേ ഭൂമികയില്‍, കാലുഷ്യങ്ങളോട് കലഹിച്ച് ഇസ്സത്തിന് കാവലാകുന്ന തലമുറകളുടെ വാര്‍ത്തെടുപ്പിലൂടെ ഐനുല്‍ ഹുദ ചരിത്ര ദൗത്യത്തിന്റെ ഭാഗമാവുകയാണ്. പഠനം പൂര്‍ത്തീകരിച്ച മതപണ്ഡിതരില്‍ ഭൂരിഭാഗവും മതകീയ പരിസരങ്ങളില്‍ ഒതുങ്ങുകയും ആശയആദര്‍ശ മേഖലകളില്‍ മാത്രം ഊര്‍ജം ചെലവഴിക്കുകയും ചെയ്തുവന്നിരുന്ന സാഹചര്യങ്ങളില്‍നിന്നു കുറേകൂടി മുഖ്യധാരയിലേക്ക് മുന്നേറി പൊതുസമൂഹവുമായി സംവദിക്കാനും ആത്യന്തിക ദൗത്യമായ മതപ്രബോധനവും വൈജ്ഞാനിക പ്രസരണവും ദേശഭാഷകള്‍ക്കതീതമായി നിര്‍വഹിക്കാനും സജ്ജരായ പണ്ഡിതരെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു സ്ഥാപക ശില്‍പികളുടെ സ്വപ്‌നം. മതബോധനങ്ങള്‍ക്കകത്ത്‌നിന്ന്, കാലം ആവശ്യപ്പെടുന്ന മറ്റു ജ്ഞാന രൂപങ്ങളെക്കൂടി വിളക്കിച്ചേര്‍ത്ത സമീകൃതമായ പാഠ്യപദ്ധതിയെന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസത്തോടൊപ്പം മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ അക്കാദമികവും സാമൂഹികവുമായ കര്‍തൃത്വ നിര്‍വഹണത്തെക്കൂടി ഉള്‍കൊള്ളിച്ചു കൊണ്ടുള്ള പാഠ്യസംവിധാനമാണ് ജാമിഅ ഐനുല്‍ ഹുദാ മുന്നോട്ട്‌വെച്ചത്. രണ്ട് വ്യാഴവട്ട കാലംകൊണ്ട് വൈജ്ഞാനികരംഗത്ത് സ്വന്തവും തനിമയുറ്റതുമായ ഇടം സൃഷ്ടിച്ച ഐനുല്‍ ഹുദാ വേറിട്ട ഇസ്‌ലാമിക പാഠശാല എന്ന ആശയത്തിലേക്ക് അതിദ്രുതം സഞ്ചരിക്കുകയാണ്. സ്ഥാപനത്തിന്റെ ഭൗതിക ചട്ടക്കൂടിലും സാങ്കേതിക സംവിധാനങ്ങളിലും നൂതനരീതികളും ഇതര മാതൃകകളും പരീക്ഷിച്ചും പ്രയോഗവത്കരിച്ചും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

1999 ല്‍ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ കാര്‍മികത്വത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ചതാണ് സ്ഥാപനം. 1985 ല്‍ ഔദ്യോഗികമായി സ്ഥാപിതമായ അല്‍ ഹുദ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആ ന്റ് ഐനുല്‍ ഹുദ ഓര്‍ഫനേജിന്റെ കീഴിലാണ് സ്ഥാപനം രൂപീകൃതമാവുന്നത്. സന്‍മാര്‍ഗത്തിന്റെ അരുവിയെന്നാണ് ഐനുല്‍ ഹുദ എന്ന പദത്തിനര്‍ത്ഥം. വിദ്യാഭ്യാസസാമൂഹികസേവനങ്ങളുടെ കൊച്ചരുവിയായി ആരംഭിച്ച സംരംഭം, ഇന്ന് ശിശുപാഠശാല മുതല്‍ ബിരുദാനന്തര ബിരുദം നല്‍കുന്ന സംവിധാനങ്ങള്‍ വരെ നീളുന്ന വിദ്യാഭ്യാസ സമുച്ചയമായി ജനഹൃദയങ്ങളില്‍ വറ്റാത്ത ഉറവയായി ഒഴുകിക്കൊണ്ടിരിക്കുന്നു. ഒപ്പം ചില നഷ്ടപൈതൃകങ്ങളുടെ വീണ്ടെടുപ്പും, ഒരു നാടിന്റെ മത വൈജ്ഞാനിക വിലാസവുമായി മാറിയിരിക്കുകയാണ്. ഇതര സമന്വയ സംവിധാനങ്ങളില്‍നിന്ന് അക്കാദമിക് സിസ്റ്റവും കരിക്കുലവും ബൃഹത്തായ പാഠ്യപാഠ്യേതര പദ്ധതികളുമാണ് ഐനുല്‍ ഹുദയെ വ്യതിരിക്തമാക്കുന്നത്. മത്സര പരീക്ഷകള്‍ക്ക് അഭിരുചികള്‍ക്കനുസൃതമായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന, നൂതനമായ ആശയസംവിധാന സംഹിതകളും പദ്ധതികളും സജീവമായി പ്രായോഗികവത്കരിക്കുന്ന വിദ്യാഭ്യാസ അന്തരീക്ഷമാണ് ജാമിഅ ഐനുല്‍ ഹുദയുടേത്. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ക്ക്പുറമെ സ്പാനിഷ്, ടര്‍ക്കിഷ്, ഫ്രഞ്ച് ഭാഷകളും പഠിപ്പിക്കപ്പെടുന്നതോടൊപ്പം ആഴത്തിലുള്ള മതപഠനവും റിസര്‍ച്ചും ദഅവാ ഫീല്‍ഡ് വര്‍ക്കും രണ്ടുവര്‍ഷ വിദേശ യൂണിവേഴ്‌സിറ്റി ഉപരിപഠനവും അടങ്ങിയതാണ് പാഠ്യപദ്ധതി. എയ്‌സ് ഫൗണ്ടേഷന്‍ കോഴ്‌സുകളും ജൂനിയര്‍ ഐ.എ.എസ് അക്കാദമിയുമെല്ലാം കരിക്കുലത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ സമന്വയ വിദ്യാഭ്യാസം സംവിധാനങ്ങളുടെ ചരിത്രത്തില്‍ ആദ്യത്തെ സിവില്‍ സര്‍വന്റിനെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് ജാമിഅ ഐനുല്‍ ഹുദയുടെ ചാരിതാര്‍ത്ഥ്യമാണ്. ഷാഹിദ് ഹസനി തിരുവള്ളൂര്‍ ഐ.ഐ.എസ് അതിന് നിദാനമാവുകയും ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘ഹുസ്‌ന’ രാജ്യത്തിനകത്ത് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളിലായി വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരാണ്. ബിഷാറ നാഷണല്‍ പ്രൊജക്റ്റിന്റെ ഭാഗമായ ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമങ്ങളിലെ മോറല്‍ സ്‌കൂളുകളും മക്തബകളുമടക്കം നിരവധി വിദ്യാഭ്യാസസാമൂഹിക സമുദ്ധാരണ പദ്ധതികളാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ കാര്‍മികത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വാത്വികനായ ഖാസി കുഞ്ഞി ഹസന്‍ മുസ്‌ല്യാരുടെ നാമധേയത്തില്‍ സ്ഥാപിതമായ ബൃഹത് സംരംഭം പൂര്‍വ പിതാക്കളും ആന്തരിക ശില്‍പ്പികളും സ്വപ്‌നംകണ്ട വിദാനത്തിലേക്ക് നടന്നടുക്കുകയാണ്. അഗതി അനാഥ സംരക്ഷണത്തിലൂടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഐനുല്‍ ഹുദ യതീം ഖാനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ഐനുല്‍ ഹുദ സനദ്ദാന സമ്മേളനം ഇന്നും നാളെയുമായി നടക്കുകയാണ്. ജാമിഅ ഐനുല്‍ ഹുദയിലെ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന അക്കാദമിക ഫെസ്റ്റ് വിദ്യാര്‍ത്ഥി കലോത്സവം ഈ വര്‍ഷം ‘ആദം കഹാനി’ എന്ന പേരിലാണ് നടക്കുന്നത്.

(അല്‍ഹുദാ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദ ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

webdesk11: