മുസ്തുജാബ് മാക്കോലത്ത്
വഖഫ് സംരക്ഷണ റാലിയില്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പലരുടെയും പ്രസംഗങ്ങള്‍ ഇഴകീറി പരിശോധിച്ച് വിവാദമുണ്ടാക്കുന്നതിന്റെ തിരക്കിലാണ് സി.പി.എം. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോ എന്നാണ് ചോദ്യം. രൂപീകരണകാലം തൊട്ട് ലീഗ് നിരന്തരമായി കേട്ട് കൊണ്ടിരിക്കുന്ന ആരോപണങ്ങളും ആക്ഷേപങ്ങളുമാണിവ. അതത് കാലത്ത് പാര്‍ട്ടി നേതൃത്വം ഇതിനു കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയിട്ടുമുണ്ട്. മുസ്‌ലിം ലീഗ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം സാമുദായിക രാഷ്ട്രീയം അല്ലെങ്കില്‍ സ്വത്വ രാഷ്ട്രീയമാണ്. കേന്ദ്ര സര്‍വകലാശാലകളിലടക്കം രാജ്യത്തെ സ്വത്വ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍ക്ക് ആ രാഷ്ട്രീയത്തിന്റെ പ്രസക്തി മനസിലാവില്ല. അത്തരക്കാര്‍ക്കുള്ള മറുപടി പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മുതല്‍ക്കിങ്ങോട്ടുള്ള പറഞ്ഞു വെച്ചിട്ടുണ്ട്. 1963 ഒക്ടോബര്‍ 29ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടന്ന മുസ്‌ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഖാഇദേമില്ലത്ത് പറഞ്ഞു: ‘പിന്നോക്ക സമുദായക്കാര്‍ വളരെയുണ്ടിവിടെ. അവരെ മുന്നോട്ട് കൊണ്ടുവരേണ്ടത് ഗവണ്‍മെന്റാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. മറ്റുള്ളവരുടെ പദവിയില്‍ എത്താന്‍ അവര്‍ക്ക് വളരെകാലം വേണ്ടി വരും. എന്നാല്‍ അവരുടെ മുമ്പില്‍ വിലങ്ങുതടികള്‍ വലിച്ചിടപ്പെടുകയാണ്.
1967 സെപ്തംബര്‍ അഞ്ചിനു പുറത്തിറങ്ങിയ ഹുമാ ഉറുദു ഡൈജസ്റ്റ് പത്രത്തിന് വേണ്ടി ലേഖകനായിരുന്ന ഖാലിദ് ഹിന്ദി ഇസ്മായില്‍ സാഹിബുമായി നടത്തിയ ഒരഭിമുഖത്തിലെ ആദ്യചോദ്യം: മുസ്‌ലിംലീഗ് ഒരു വര്‍ഗീയ സംഘനയാണെന്ന് ചിലര്‍ ആരോപിക്കുന്നു; ഇതിന് ഖാഇദെമില്ലത്ത് എന്ത് പറയുന്നു? ഖാഇദേമില്ലത്ത്: ഭരണഘടനാ വിധേയമായ നിയമാവലികളും പെരുമാറ്റച്ചട്ടങ്ങളും പ്രവര്‍ത്തന പരിപാടികളുമുള്ള ന്യൂനപക്ഷ സമുദായസംഘടനയാണ് മുസ്‌ലിംലീഗ്. എന്നാല്‍ വര്‍ഗീയമെന്ന വാക്കിന് ഇന്നേവരെ ഒരു രാഷ്ട്രീയമീമാംസകനും പൂര്‍ണമായ വിവക്ഷ നല്‍കിയതായി അറിവില്ല. ഇതിനൊരു വിവക്ഷ നല്‍കാന്‍ ഞാനിവിടെ മെനക്കെടുന്നില്ല. സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുക എന്നതാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ സംഘടനയല്ലെന്ന് ഞാന്‍ തീര്‍ത്തു പറയാം. ഏതുമതത്തേയും ഒരു മുസ്‌ലിം, സ്വന്തം മതത്തെപ്പോലെ മാനിക്കണമെന്നതാണ് ഇസ്‌ലാംമത ശാസന തന്നെ. അതുകൊണ്ട് ഇതര മതസ്ഥര്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുകയല്ല, പ്രത്യുത സൗഹാര്‍ദ്ദവും രഞ്ജിപ്പും വളര്‍ത്തുകയെന്നതാണ് മുസല്‍മാന്റെ കര്‍ത്തവ്യം. മനുഷ്യത്വത്തെ നാം മാനിക്കുന്നു.
ഇന്നത്തെ ഓരോ ചോദ്യങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മുസ്‌ലിം ലീഗ് നേതാക്കള്‍ ഇന്നലെകളില്‍ തന്നെമറുപടി പറഞ്ഞു വെച്ചതായി കാണാം. 1958 ഏപ്രിലില്‍ ആലപ്പുഴയില്‍ നടന്ന കേരളാ സ്‌റ്റേറ്റ് മുസ്‌ലിം ലീഗ് ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ ഇസ്മായീല്‍ സാഹിബ് നടത്തിയ അധ്യക്ഷ പ്രസംഗം ഇങ്ങനെയായിരുന്നു. അവര്‍ മുസ്‌ലിം സമുദായത്തിനു ഒരു പ്രത്യേക സംഘടനയുടെ ആവശ്യമില്ലെന്നും മുസ്‌ലിംലീഗ് ഒരു വര്‍ഗീയ സംഘടനയാണെന്നും മറ്റുമുള്ള അവരുടെ പഴയ പല്ലവി പാടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ ന്യായവാദങ്ങള്‍ ഈ പ്രധാന സമ്മേളനത്തില്‍ ഒന്നുകൂടി ആവര്‍ത്തിക്കുവാന്‍ ആവശ്യം നേരിട്ടത്. സ്വയം പ്രധാനികളായ നിരൂപകന്മാര്‍ നമുക്കു നല്‍കുന്ന അര്‍ത്ഥശൂന്യമായ മറ്റൊരു ഉപദേശം നമുക്കു സംസ്‌കാരപരമായ കാര്യങ്ങള്‍ക്കു ഒരുരാഷ്ട്രീയമില്ലാത്ത സംഘടന ആവാമെന്നാണ്. എന്നാല്‍ തങ്ങള്‍ ക്ഷീണലേശമന്യേ ഉപയോഗിക്കുകയും അത്യുച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്യുന്ന വര്‍ഗീയത്വമെന്ന പദം എന്താണെന്നു വിവരിക്കാതെ ഒഴിഞ്ഞു മാറുന്നതു പോലെ ഒരു ജനാധിപത്യരാജ്യത്തില്‍ വിശേഷിച്ചും രാഷ്ട്രീയം എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്നു വിവരിക്കാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.
മുസ്‌ലിം ലീഗ് മത സംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന ചോദ്യമുന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സാമുദായിക രാഷ്ട്രീയം എന്താണെന്ന് അറിയാഞ്ഞിട്ടോ മുസ്‌ലിം ലീഗ് രാഷ്ട്രീയം അറിയാഞ്ഞിട്ടോ ലീഗ് ചരിത്രം അറിയാഞ്ഞിട്ടോ അല്ല. ലീഗിന്റെ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മറുപടിയില്ലാതാവുമ്പോള്‍ മറ്റനേകം രാഷ്ട്രീയക്കാര്‍ മുന്‍ കാലങ്ങളില്‍ ചോദിച്ച അതേ ചോദ്യം പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോല്‍ ഛര്‍ദ്ദിക്കുകയാണെന്ന് കരുതിയാല്‍ മതി.
ഇനിയും സംശയം തീരാത്തവര്‍ക്കുള്ള ചരിത്ര പ്രധാനമായ രേഖയാണ് വര്‍ഗീയതയെ കുറിച്ച് പഠിക്കാന്‍ ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ കീഴില്‍ അശോക്‌മേത്ത ചെയര്‍മാനായി രൂപീകരിക്കപ്പെട്ട സമിതിയുടെ ക്ഷണമനുസരിച്ച്, ഇസ്മായില്‍ സാഹിബ് 1962 ആഗസ്റ്റ് 22ന് പ്രധാനമന്ത്രി നെഹ്‌റുവിന്റെ വസതിയില്‍വെച്ച് പ്രസ്തുത സമിതിയുമായി നടത്തിയ അഭിമുഖ സംഭാഷണം. ചോദ്യം: ഒരു രാഷ്ട്രമേ ഉള്ളുവെങ്കില്‍ പിന്നെ മുസ്‌ലിംകള്‍ക്കു മാത്രം ഒരു പ്രത്യേക രാഷ്ട്രീയ കക്ഷി എന്തിന്? ഉത്തരം : അനേക മതങ്ങളും അനേകം ഭാഷകളും അനേകം സമുദായങ്ങളുമുള്ള ഒരു രാജ്യമാണ് ഇന്ത്യ. വിശിഷ്യാ മതവും ഭാഷയും അടിസ്ഥാനമായുള്ള ന്യൂനപക്ഷങ്ങളുടെ നിലനില്‍പിനെ ഭരണഘടനതന്നെ അംഗീകരിക്കുന്നുണ്ട്. തങ്ങളുടെ സംസ്‌കാരവും, ജീവിതരീതികളും നിലനിര്‍ത്താനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ സ്വന്തമായ സംഘടനകളോ കക്ഷികളോ രൂപീകരിക്കുന്നതിനു ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെയോ രാഷ്ട്രീയ പാര്‍ട്ടിയാകാതെയോ ഇത്തരം സംഘടനകള്‍ക്ക് ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാദ്ധ്യമല്ല. മുസ്‌ലിംലീഗ് എന്താണെന്ന് അറിയണമെങ്കില്‍ ചരിത്രം പഠിച്ചാല്‍ മതിയെന്ന നേതാക്കളുടെ പ്രതികരണത്തിന്റെ പ്രസക്തിയും ഇവിടെയാണ്.