ഇന്ത്യയില്‍ ഏറ്റവുമധികംപേര്‍ അധിവസിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ ഞെട്ടിക്കാതായിട്ട് വര്‍ഷങ്ങളായി. യൂറോപ്യന്‍ഭൂഖണ്ഡത്തിന്റെ പകുതിയോളം ജനസംഖ്യയുള്ള, വര്‍ഗീയതക്കും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും ഗൂണ്ടായിസത്തിനും ദലിത് പീഡനത്തിനുമെല്ലാം കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനത്ത് അടുത്ത വര്‍ഷമാദ്യം നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ വീണ്ടും വലിയതോതിലുള്ള വര്‍ഗീയ ചേരിതിരിവുകള്‍ക്ക് നിലമൊരുക്കലാണിപ്പോള്‍ നടന്നുവരുന്നത്. കേവലം സവര്‍ണരൊഴികെ ഏതാണ്ടെല്ലാതരം പൗരന്മാര്‍ക്കും മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമെതിരായി കൊടിയ അതിക്രമങ്ങളാണ് സംസ്ഥാനത്ത് നടന്നുവരുന്നത.് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാമണ്ഡലം ഉള്‍പ്പെടുന്നതും ഏറ്റവും കൂടുതല്‍ അംഗങ്ങളെ ലോക്‌സയിലേക്ക് അയക്കുന്നതുമായ സംസ്ഥാനമെന്നനിലയില്‍ രാജ്യത്തിന്റെ കണ്ണുംകാതും എന്നും ഈ ഹിന്ദി ഹൃദയഭൂമിയിലേക്കാണ്. സര്‍വസംഗ പരിത്യാഗിയായി വിശേഷിപ്പിക്കപ്പെടുന്ന സന്യാസി മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനമെന്ന ഖ്യാതിക്കുകൂടി പാത്രമാണ് ഉത്തര്‍പ്രദേശ്. ഇവിടെനിന്നാണ് നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ കൂട്ടക്കൊലചെയ്യപ്പെട്ട ദാരുണ സംഭവവും അടുത്ത കാലത്തുണ്ടായത്. ഏറ്റവുമൊടുവില്‍ നിയമവ്യവസ്ഥയെ അനുസരിക്കുന്നതിലും പരിപാലിക്കുന്നതിലും സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടം അവഹേളനാപരമായ സമീപനം സ്വീകരിക്കുന്നതായി സൂചിപ്പിക്കേണ്ടിവന്നിരിക്കുന്നത് രാജ്യത്തെ അത്യുന്നത നീതിപീഠത്തിനുതന്നെയാണ്.
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിന് തൊട്ടുപിറ്റേന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രതിഷേധത്തിനിടെ കാറിടിച്ച് കൊല്ലപ്പെട്ട കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും സംരക്ഷിക്കുന്നതില്‍ ഭരണകൂടം വലിയ നിരുത്തരവാദിത്തമാണ് കാട്ടിയത്. കേസില്‍ കഴിഞ്ഞദിവസം വാദം കേള്‍ക്കവെ സുപ്രീംകോടതി മുഖ്യന്യായാധിപനുപോലും യു.പി സര്‍ക്കാരിന്റെ നിയമത്തോടുള്ള വിരക്തിയെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തേണ്ടിവന്നു. സംഭവത്തില്‍ കര്‍ഷകരുടെയടക്കം എട്ടു വിലപ്പെട്ട ജീവനുകളാണ് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനമിടിച്ച് നിമിഷനേരംകൊണ്ട് പൊലിഞ്ഞത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ്മിശ്രയാണ് ലഖിംപൂര്‍കേസിലെ മുഖ്യപ്രതി. എന്നിട്ടും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയത് പൊലീസിനെയാണ്. ഇതില്‍ സ്വയം കേസെടുക്കുകയായിരുന്നു സുപ്രീംകോടതി. ആദ്യഘട്ടത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശക്തമായി ആവശ്യപ്പെടേണ്ടിവന്നു കോടതിക്ക്. എന്നിട്ടുപോലും അതില്‍ കേസന്വേഷണത്തെക്കുറിച്ച് കാര്യകാരണസഹിതം വിശദമാക്കാന്‍ സംസ്ഥാനഭരണകൂടത്തിന് കഴിഞ്ഞില്ല.
ലക്‌നോ ഹൈക്കോടതിയാണ് നിലവില്‍ കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഇതുമാറ്റി റിട്ട. ജഡ്ജിയെ മേല്‍നോട്ടച്ചുമതല ഏല്‍പിക്കണമെന്നാണ് ചീഫ്ജസ്റ്റിസ് എന്‍.വി രമണ നിര്‍ദേശിച്ചത്. ഇതുതന്നെ സംസ്ഥാന ഭരണകൂടത്തിനെതിരായ ഉന്നത നീതിപീഠത്തിന്റെ അവിശ്വാസപ്രകടനമാണ്. തദടിസ്ഥാനത്തില്‍ ഉടന്‍തന്നെ സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി യോഗിആദിത്യനാഥും ബി.ജെ.പിയും തയ്യാറാകേണ്ടിയിരുന്നു. അതുണ്ടായില്ലെന്ന്മാത്രമല്ല, തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഇനിയെന്തെല്ലാമാണ് സംസ്ഥാന ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ ചെയ്യാന്‍പോകുന്നതെന്നതിന് യാതൊരു വ്യക്തതയുമില്ല. സംഭവത്തില്‍ കര്‍ഷക സമരക്കാരെ പരിഹസിക്കുംവിധം എട്ടാം ദിവസമാണ ് ആശിഷിനെ അറസ്റ്റുചെയ്യാന്‍ യു.പി പൊലീസ് തയ്യാറായത്. അത് കോടതിയില്‍ കീഴടങ്ങാന്‍ അവസരം നല്‍കിയതിനുശേഷവും.
ആദ്യം മുതല്‍ക്കേ സംഭവത്തിന് ആരാണുത്തരവാദിയെന്നറിയാത്ത രീതിയിലായിരുന്നു പൊലീസിന്റെയും ബി.ജെ.പിയുടെയും പെരുമാറ്റങ്ങളും പ്രസ്താവനകളും. വാഹനം തനിയേ ഓടിച്ചെന്ന് കര്‍ഷകരെ കൊലപ്പെടുത്തിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. പ്രധാനമന്ത്രി തൊട്ടടുത്ത ദിവസം യു.പിയിലുണ്ടായിട്ടുപോലും കൂട്ടക്കൊലയില്‍ ഖേദം രേഖപ്പെടുത്താനോ ഒന്നുപരാമര്‍ശിക്കാന്‍പോലുമോ കൂട്ടാക്കിയില്ല. അതേ നിസ്സംഗതയോടെയാണ് കേസില്‍ സുപ്രീംകോടതിയെപോലും യു.പി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത.് സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഒരുമാസം കഴിഞ്ഞിട്ടും എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് കോടതിക്ക് ചോദിക്കേണ്ടിവന്നു. തല്‍സ്ഥിതി റിപ്പോര്‍ട്ടും കോടതിയെ തൃപ്തിപ്പെടുത്തിയിട്ടില്ല. കര്‍ഷകര്‍ക്കെതിരെ എതിര്‍കേസ് എടുത്തതിലും കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. രാജ്യത്തെ ഉന്നത ഭരണഘടനാസ്ഥാപനത്തോടും അതിലെ മുഖ്യന്യായാധിപനോടുമാണ് ഒരു പ്രവിശ്യാഭരണകൂടം ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഇക്കൂട്ടര്‍ക്ക് നീതിനിര്‍വഹണത്തോടും ജുഡീഷ്യല്‍ വ്യവസ്ഥിതിയോടും എന്തുമാത്രം കൂറുണ്ടെന്ന് തെര്യപ്പെടുന്നു. ഫാസിസം രാജ്യത്ത് തേര്‍വാഴ്ചക്ക് ഒരുങ്ങിക്കഴിഞ്ഞുവെന്നുതന്നെയാണ് ഇതൊക്കെ തെളിയിക്കുന്നത്. ത്രിപുരയിലും ഗുരുഗ്രാമിലും രണ്ടാഴ്ചക്കിടെ നടന്ന സംഘ്പരിവാര്‍ അക്രമങ്ങളും യു.പി, ഇത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭാതിരഞ്ഞെടുപ്പുകളിലേക്കുള്ള വഴിയൊരുക്കലാണ്. ജനാധിപത്യത്തിനായി അതിജാഗ്രതയോടെയിരിക്കുക എന്നേ ഈഘട്ടത്തില്‍ പൗരന്മാരോട് പറയാനുള്ളൂ.