Connect with us

india

‘സംസ്ഥാന ബജറ്റില്‍ പൊള്ളയായ അവകാശവാദങ്ങളും വാചകക്കസര്‍ത്തും മാത്രം’: കെ.സി വേണുഗോപാല്‍ എം.പി

മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുകയാണ് ബജറ്റ്

Published

on

പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തുമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാൻ ജനത്തെ പിഴിയുന്ന പതിവ് ഇത്തവണയും പിണറായി സർക്കാരിന്റെ ബജറ്റിൽ തെറ്റിച്ചില്ലെന്നും വേണുഗോപാൽ ആരോപിച്ചു.

മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുകയാണ് ബജറ്റ്. സി.പി.എമ്മിന്റെ നയവ്യതിയാനത്തിന്റെ പ്രഖ്യാപനം കൂടിയാണത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ചെലവ് പോലും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി നടപ്പാക്കാതെയാണ് ഈ വർഷവും പ്രഖ്യാപനം നടത്തുന്നത്. കോടതി ഫീസ് പോലും വർധിപ്പിച്ച സർക്കാർ പാവപ്പെട്ടവന്റെ ക്ഷേമപെൻഷൻ വർധിപ്പിക്കാനുള്ള മാന്യത കാണിച്ചില്ല. രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ നാലാമത്തെ ബജറ്റിലും ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല എന്നതാണ് വിചിത്രം.

പൊതുമേഖലാ സ്ഥാപനങ്ങളെ പാടെ മറന്ന ബജറ്റാണിത്. നഷ്ടത്തിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ചതാകട്ടെ, തുച്ഛമായ തുകയും. റബ്ബറിന്റെ താങ്ങുവിലയിൽ പേരിന് പത്തുരൂപയുടെ വർധനവ് മാത്രമാണുണ്ടായത്. അതും കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആകെയുണ്ടായ വർധനയും. റബ്ബർ കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണിത്. കർഷകർക്കും യുവജനങ്ങൾക്കും നിരാശ മാത്രമാണുള്ളത്. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജ് എങ്ങും എത്താതിരിക്കുമ്പോഴാണ് വീണ്ടും അതിന്റെ പേരിൽ പ്രഖ്യാപനം നടത്തുന്നത്.

നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ക്രിയാത്മക നിർദ്ദേശങ്ങളും ബജറ്റിലില്ല. ഇന്ധന സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമൂഹിക സുരക്ഷാ പെൻഷന് വേണ്ടിയാണ് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്ന് നേരത്തെ ഇതേ ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എട്ടുമാസത്തോളം സെസ് പിരിച്ചിട്ട് ഒരുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും ഈവകയിൽ നൽകിയില്ല. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലിനെ കുറിച്ചും വ്യക്തതയില്ല.

ഇങ്ങനെ ദിശാബോധം ഇല്ലാത്തതും വീരസ്യം മുഴക്കലും മാത്രം നിറഞ്ഞതാണ് ബജറ്റിന്റെ ബാക്കിപത്രമെന്നും കെ.സിവേണുഗോപാൽ കുറ്റപ്പെടുത്തി.

india

പഹല്‍ഗാം ഭീകരാക്രമണം; ആരിഫ് മസൂദ് എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവിന്റെ വധഭീഷണി

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവും ഭോപ്പാല്‍ സെന്‍ട്രല്‍ എം.എല്‍.എയുമായ ആരിഫ് മസൂദിനെതിരെ വധഭീഷണി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ് ഗാഡ്‌ഗെ.

‘ഇത് പാകിസ്താന്റെ വിഷയമല്ല. പാകിസ്താന്റെ ഏജന്റുമാര്‍ ഇവിടെ തന്നെയുണ്ട്. അവര്‍ ഭോപ്പാലില്‍ പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ അരിഫ് മസൂദിനും അയാളുടെ അനുയായികള്‍ക്കും കനത്ത തിരിച്ചടി തന്നെ നല്‍കും ‘ -ഗാഡ്‌ഗെ പറഞ്ഞു.

ഇതിലെതിരെ ഗാഡ്‌ഗെക്കെതിരെ മസൂദിന്റെ അനുയായികള്‍ പരാതി നല്‍കിയെങ്കിലും പാകിസ്താനെതിരെയാണ് തങ്ങള്‍ റാലി നടത്തിയതെന്ന പ്രതികരണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മസൂദിനെ പാകിസ്താന്‍ ഏജന്റ് എന്ന് വിളിച്ച് ജീവനെടുക്കുമെന്ന തന്റെ പ്രസ്താവനക്കെതിരെ ആരിഫ് മസൂദ് ആരാധക സംഘടനയിലെ അംഗങ്ങള്‍ തനിക്കെതിരെ പരാതി നല്‍കിയതോടെ ഇത് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണെന്നും ഗാഡ്‌കെ പറഞ്ഞു.

Continue Reading

india

ആന്ധ്രാപ്രദേശില്‍ ക്ഷേത്രത്തിലെ മതില്‍ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ക്ഷേത്രത്തില്‍ 20 ദിവസം മുമ്പ് പുതുതായി നിര്‍മിച്ച മതിലാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ ഇടിഞ്ഞുവീണ് എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ ചന്ദനോത്സവത്തിനിടെയാണ് അപകടം നടന്നത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള 20 അടി നീളമുള്ള മതില്‍ ഭക്തര്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.

ക്ഷേത്രത്തില്‍ 20 ദിവസം മുമ്പ് പുതുതായി നിര്‍മിച്ച മതിലാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പലരും തകര്‍ന്നുവീണ മതിലിനടിയിലായിരുന്നു. പരിക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കും ഇടയില്‍ സ്ഥലത്ത് പേമാരിയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നതായി എന്‍ഡോവ്മെന്റ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനയ് ചാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കനത്ത കാറ്റില്‍ ക്ഷേത്ര പരിസരത്തുണ്ടായ പന്തലുകള്‍ വീണു, ഇതിന് പുറമെ ശക്തമായി വെള്ളം ഒലിച്ചെത്തിയതും അപകടത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയും ദുരന്തനിവാരണ മന്ത്രിയുമായ അനിത വംഗലപുടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.

Continue Reading

india

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബുറാബസാറിലെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്.

Published

on

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബുറാബസാറിലെ മദന്‍മോഹന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്. പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി ആളുകളെ രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അപകട കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഹോട്ടലില്‍നിന്നു പുറത്തേക്ക് ചാടിയതാണെന്നാണ് വിവരം.ഇത്തരത്തില്‍ ചാടിയ മറ്റൊരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിയെത്തിയ ഒട്ടേറെ പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Continue Reading

Trending