2023 മാര്‍ച്ച് 10ന് ചെന്നൈ കൊട്ടിവാക്കം വൈ.എം.സി.എമൈതാനത്ത് നടന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ നടത്തിയ പ്രസംഗം:
( വിവര്‍ത്തനം- കെ.പി ജലീല്‍ )
സ്‌നേഹമുള്ള ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന ്ഇവിടെയെത്തിയിട്ടുള്ള, എനിക്കുമുമ്പ് പ്രസംഗിച്ച മുസ്‌ലിംലീഗിന്റെ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അവര്‍കളേ, പ്രിയപ്പെട്ട മന്ത്രിമാരായ എം. സുബ്രഹ്മണ്യം, ജിഞ്ചി മസ്താന്‍ അവര്‍കളേ, മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് അബൂബക്കര്‍ , മുസ്‌ലിം ലീഗ് കേരളസംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കേരളത്തിലെ എം.എല്‍.എയും ദേശീയ ജനറല്‍സെക്രട്ടറിയുമായ കുഞ്ഞാലിക്കുട്ടി, സി.പി.എം തമിഴ്‌നാട് സെക്രട്ടറി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാനസെക്രട്ടറി മുത്തുരസന്‍, പാര്‍ലമെന്റംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, അബ്ദുല്‍വഹാബ്, നവാസ് ഗനി, ഷാജഹാന്‍, ഫാത്തിമ, പി.എം.എ സലാം, തമിഴ്‌നാട് വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍, കേരളത്തില്‍വന്ന എം.എല്‍.എമാരേ, മുസ്‌ലിംലീഗ് പ്രവര്‍ത്തകരേ, പത്രപ്രവര്‍ത്തകരേ, വനിതകളേ, നിങ്ങളില്‍ ഒരാളായി നിങ്ങളുടെ സമ്മേളനത്തിലേക്ക് ഞാന്‍ വന്നിരിക്കുകയാണ്. ക്ഷമിക്കണം, നമ്മുടെ സമ്മേളനത്തിലേക്ക് വന്നിരിക്കുകയാണ്. ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗിന്റെ ഈ അഖിലേന്ത്യാ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനെത്തി നിങ്ങളെയെല്ലാം അഭിസംബോധന ചെയ്യാന്‍ എനിക്ക് അവസരംതന്ന മുസ്‌ലിംലീഗിന്റെ ഭാരവാഹികള്‍ക്ക് പ്രത്യേകിച്ച് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അവര്‍കള്‍ക്ക,് ആദ്യമായി ഞാന്‍ എന്റെ സ്വാഗതവും നന്ദിയും അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍വേണ്ടി കേരളത്തില്‍നിന്ന് വന്നിട്ടുള്ള എന്റെ പ്രിയപ്പെട്ട മലയാളിബന്ധുക്കള്‍ക്കും എന്റെ സ്വാഗതം. പ്രൊഫ.ഖാദര്‍ മൊയ്തീന്‍ എപ്പോഴെല്ലാം എന്നെ ക്ഷണിച്ചാലും, അതെന്ത് പരിപാടിയായിരുന്നാലും അവര്‍ വിളിച്ചാല്‍ ഞാന്‍ വരാതിരുന്നിട്ടില്ല. ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന സമ്മേളനത്തിലേക്ക് വരണമെന്ന് എന്ന് ഈ സമ്മേളനത്തില്‍ അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. തീര്‍ച്ചയായും പറയുന്നു, വരും, വരും, വരും. !
ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കപ്പെട്ടത് ബഹുമാന്യനായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ അവര്‍കളാലാണ്. അതിന്റെ എഴുപത്തഞ്ചാമാണ്ട് വലിയ ആഹ്ലാദപൂര്‍വം നാം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്‌നങ്ങളല്ല മുസ്‌ലിം ലീഗ് അഭിസംബോധന ചെയ്യുന്നത്. നിങ്ങളുടെ സാമൂഹികനീതിയുടെ നിലപാടാണ് ഞാന്‍ ഇവിടെ കാരണമായത്. ഈ ആഘോഷത്തില്‍ പങ്കെടുക്കുന്ന മുസ്‌ലിം ലീഗിന്റെ ഉന്നതനേതാവ് മുതല്‍ താഴേക്കിടയിലെ അണികള്‍ക്ക് വരെ എന്റെയും ഡി.എം.കെ.യുടെയും പേരില്‍ ഞാന്‍ ആശംസയും നന്ദിയും അറിയിക്കുന്നു. മുസ്‌ലിംലീഗും ഡി.എം.കെയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നേതാവ് കരുണാനിധിയുടെ, പെരിയാറിന്റെ കാലത്തെ സ്വാതന്ത്ര്യപോരാട്ടം പോലെ, ദാറുല്‍ഇസ്‌ലാം എന്ന വാരികക്കും പങ്കുണ്ട്. വളരെ ചെറുപ്പത്തിലേ ‘ദാറുല്‍ ഇസ്‌ലാം ‘ വായിച്ചിരുന്നതായി നെഞ്ചുക്കുനീതിയില്‍ കലൈഞ്ജര്‍ എഴുതിയിട്ടുണ്ട്. എന്റെ ചിന്താഗതിയെ മാറ്റിയതില്‍ ദാറുല്‍ ഇസ്‌ലാമിനും ( മാസിക) പങ്കുണ്ടെന്ന് കലൈഞ്ജര്‍ പറഞ്ഞിട്ടുണ്ട്. കലൈഞ്ജറെ അണ്ണാ ദുരൈ കണ്ടുമുട്ടാന്‍ കാരണംതന്നെ ഇസ്‌ലാം സമുദായമാണ്. തിരുവാരൂരിലെ നബിദിനാഘോഷത്തിന് പ്രസംഗിക്കാന്‍ വന്ന അണ്ണാദുരൈ ഈനാട്ടില്‍ കരുണാനിധി എന്നാരാഞ്ഞു. ചെറിയ പയ്യനായിരുന്ന കലൈഞ്ജറെ കണ്ടു. ലേഖനം എഴുതി സമയംകളയേണ്ടെന്നും പഠിക്കണമെന്നും ഉപദേശിച്ചു. അതിനുശേഷമാണ ്താന്‍ രാഷ്ട്രീയത്തിലെത്തിയതെന്ന് കലൈഞ്ജര്‍ എഴുതിയിട്ടുണ്ട്. ഇതൊരു മധുരമായ അറിവാണ്.
ഇനിയും പറഞ്ഞാല്‍ സകൂള്‍കാലത്ത് കലൈഞ്ജര്‍ക്ക് ഉറ്റ സ്‌നേഹിതനായിരുന്നതും സഹായിച്ചതും ഹസന്‍ അബ്ദുല്‍ഖാദര്‍ എന്ന മുസ്‌ലിമാണ്. മുരശൊലി പത്രത്തിന്റെ കയ്യെഴുത്തു പ്രതികള്‍ അച്ചടിച്ച് കൊടുത്തത് ജമാല്‍ .പുറത്തറിയാതെ സാഹിത്യ രചനകള്‍ നടത്തിക്കൊണ്ടിരുന്ന കലൈഞ്ജറെ സേലത്തേക്ക് വിട്ട് രചന നടത്താന്‍പ്രേരിപ്പിച്ചത് കവി കെ.എം ശരീഫ് അവര്‍കള്‍. ഇത്തരത്തിലൊരു കവി തമിഴ്‌നാട്ടില്‍ വളര്‍ന്നുവരുന്നുണ്ടെന്ന്് മുന്‍കൂട്ടിക്കണ്ടത് ഇന്നും നമ്മുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ശബ്ദത്തിന്റെ ഉടമ നാഗൂര്‍ഹനീഫ അവര്‍കളും. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയമാറ്റമുണ്ടാക്കിയത് ഡി.എം.കെയാണ്. അതിന് അണ്ണാദുരൈ ആരെയാണ ്കൂടെക്കൂട്ടിയത് എന്ന ്‌ചോദിച്ചാല്‍ അത് ആദരണീയനായ ഖാഇദേമില്ലത്തിനെയാണ്. ഇതുപോലെ മുസ്‌ലിംകള്‍ക്കും ഡി.എം.കെക്കും ,മുസ്‌ലിംകള്‍ക്കും കരുണാനിധിക്കും തമ്മിലുള്ള സ്‌നേഹബന്ധത്തെ ആരാലും, എവനായാലും, ഏത് കൊമ്പനായാലും വേര്‍പെടുത്താന്‍ സാധിക്കില്ല.
കഴിഞ്ഞ അഞ്ചാംതീയതി ‘മുരശൊലി’ യില്‍ ‘കലൈഞ്ജറും ഞാനും’ എന്നതലക്കെട്ടില്‍ പ്രൊഫ.ഖാദര്‍ മൊയ്തീന്‍ ഒരുലേഖനം എഴുതിയിട്ടുണ്ട്. തനിക്കും കലൈഞ്ജറിനുമിടയിലുള്ള സ്‌നേഹത്തെക്കുറിച്ച് അദ്ദേഹം അതില്‍ വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിരുന്നാലും ഇല്ലാതിരുന്നാലും കരുണാനിധിയുമായി താന്‍ നേരില്‍ സംസാരിക്കുമ്പോള്‍ വലിയ സന്തോഷം. മുസ്‌ലിമായല്ല ജനിച്ചതെങ്കിലും കരുണാനിധി എല്ലാകാലത്തും മുസ്‌ലിമായാണ് ജീവിച്ചതെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു. അദ്ദേഹം തന്റെ ഹൃദയത്തില്‍ കലര്‍ന്ന ഒരാളാണെന്ന് ഖാദര്‍ മൊയ്തീന്‍ എഴുതിയിരിക്കുന്നു. ഇതിനേക്കാള്‍ വലിയ പുകഴ്ത്തല്‍ വേറെയില്ല. അരികുവല്‍കരിക്കപ്പെട്ടവര്‍, പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍, എല്ലാവരും തങ്ങളുടെ സ്വന്തമായാണ് കരുണാനിധിയെ കണ്ടിരുന്നത്. ആ സ്‌നേഹമാണ് ഖാദര്‍ മൊയ്തീന്റെ ലേഖനത്തിലും നിറഞ്ഞുനില്‍ക്കുന്നത്.
മുസ്‌ലിമായി ജീവിച്ചാല്‍ എന്ന് ഖാദര്‍ മൊയ്തീന്‍ പറയുന്നതെന്തെന്ന് വെച്ചാല്‍, അത് രാഷ്ട്രീയത്തിന ്‌വേണ്ടിയോ മുഖസ്തുതിക്കുവേണ്ടിയോ പറഞ്ഞതല്ല. അത്രയും മുസ്‌ലിംകളുടെ ഉന്നമനത്തിന് കലൈഞ്ജര്‍ പലതും ചെയ്തിട്ടുണ്ട്. ഇവിടെ പ്രസംഗിച്ച പലരും അത് എടുത്തുപറയുകയുണ്ടായി. ഡി.എം.കെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും വേണ്ടി പലതും ചെയ്തിട്ടുണ്ട്. ആദ്യമായി അധികാരത്തിലെത്തിയതും ഡി.എം.കെ കാലത്ത് നബിദിനത്തിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചപ്പോള്‍ അണ്ണാ ഡി.എം.കെ വന്നപ്പോള്‍ അതെടുത്തുകളഞ്ഞു. ഉര്‍ദു സംസാരിക്കുന്ന മുസ്‌ലിംകളെ പട്ടികയിലുള്‍പ്പെടുത്തിയത് കരുണാനിധി. ന്യൂനപക്ഷ വകുപ്പ് തുടങ്ങിയത് കരുണാനിധി. തമിഴ്‌നാട് ന്യൂനപക്ഷധനകാര്യകോര്‍പറേഷന്‍. ഖാഇദേമില്ലത്ത് മണിമണ്ഡപം നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചത് .സംവരണത്തില്‍ 3.50 ശതമാനം സംവരണം മുസ്‌ലിംകള്‍ക്ക് അനുവദിച്ചതും കരുണാനിധിയാണ്. ഖാഇദേമില്ലത്ത് വനിതാകോളജ് ആരംഭിച്ചത്, ഖാഇദേമില്ലത്ത് മെന്‍സ് കോളജിന ്സ്ഥലം കൊടുത്തത്, ഇങ്ങനെ എത്രയോ പറയാനുണ്ട്. മുസ്‌ലിംകള്‍ വേറെ, താന്‍ വേറെയെന്ന് കരുണാനിധിക്കില്ലായിരുന്നു. ഇതിനെല്ലാം നന്ദി പറയുന്നതിന് മുസ്‌ലിംകള്‍ പ്രത്യേകസമ്മേളനം നടത്തിയപ്പോള്‍ കരുണാനിധി പറഞ്ഞത്, എന്നെ നന്ദി പറഞ്ഞ് കൈവെടിയരുതെന്നായിരുന്നു.
അതേ മാര്‍ഗത്തിലൂടെതന്നെയാണ് നമ്മുടെ ദ്രാവിഡ മോഡല്‍ സര്‍ക്കാരും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചയുടനെ ന്യൂനപക്ഷ മന്ത്രാലയവും രൂപീകരിച്ചു. സൗജന്യറേഷന്‍ നല്‍കുന്നുണ്ട്. ഉലമാക്കളുടെയും ജീവനക്കാരുടെയും ആനുകൂല്യം വര്‍ധിപ്പിച്ചു. തേനി, കൃഷ്ണഗിരി ,വിഴപ്പുറം എന്നീ ജില്ലകളില്‍ മുസ്‌ലിം സഹായസമിതി തുടങ്ങാന്‍ തീരുമാനിച്ചു. ഉലമാക്കള്‍ക്കും ജീവനക്കാര്‍ക്കും സൈക്കിള്‍ നല്‍കുന്നു. മദ്രസകള്‍ക്ക് 4 സെന്റ്‌വീതം കെട്ടിടം കെട്ടാന്‍ നല്‍കി. പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമുള്ള ഗ്രാന്‍ഡ് കൂട്ടി. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് നടപടിയെടുത്തു. ഇതെല്ലാം 20 മാസത്തില്‍ നടപ്പാക്കിയ പദ്ധതികള്‍. ഇതെല്ലാം നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ചെയ്ത പദ്ധതികള്‍. ഈ സമ്മേളനത്തിന്റെ ഭാഗമായി നിങ്ങള്‍ ചില ആവശ്യങ്ങള്‍ എന്നോട് ഉന്നയിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്നത് നിങ്ങളുടെ അവകാശം. ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും തരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്്. അത് ഞാന്‍ മറക്കുന്നില്ല, മറക്കുകയുമില്ല. നിങ്ങളുടെ നിവേദനങ്ങളെല്ലാം മുറപോലെ പരിഗണിക്കപ്പെടും. ന്യായമായതും സാധ്യമായതുമായതെല്ലാം ചെയ്യുമെന്ന് ഞാന്‍ ഈ വേദിയില്‍നിന്ന് നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.
നിങ്ങളുടെ പ്രധാനപ്പെട്ട ഒരാവശ്യം, നീണ്ടകാലം വിചാരണയുടെ പേരില്‍ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്നതാണ്. 14 മുതല്‍ 28 കൊല്ലംവരെ ജയില്‍വാസം അനുഭവിക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്രത്യേകമായി സത്യവാങ്മൂലം നല്‍കിയത് നിങ്ങള്‍ മറന്നുകാണില്ല. ഇന്നുപോലും ഇതുസംബന്ധിച്ച പരാതികള്‍ പരിഗണിച്ചാണ് ഇവിടേക്ക് വന്നത്. കാലത്ത് രാജാജിഹാളില്‍ പ്രതിജ്ഞയെടുത്തത് ഞാനറിഞ്ഞു. സാമൂഹ്യനീതി നിലനിര്ത്താന്‍ കഠിനമായി യത്‌നിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ജനങ്ങളുടെ സമാധാനത്തിനായി പോരാടും. ഇത് വായിച്ചപ്പോള്‍ തോന്നിയത് ഇത് ഞാനെഴുതിയത് പോലെയാണ്. എഴുതിയത് നിങ്ങളയാലും ഹൃദയത്തില്‍ നമ്മളിരുവരും ഇത് ഉള്‍ക്കൊള്ളുന്നു. ഇത് ദ്രാവിഡ കക്ഷിയാണ്. സമൂഹത്തിന്റെ ഐക്യത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ഇതേ സാമൂഹികനീതി ഇന്ത്യ മുഴുവന്‍ പ്രചരിക്കണം. ഇന്ത്യയെ കാത്തുസംരക്ഷിക്കുന്നത് സാമുദായികസൗഹാര്‍ദവും സമത്വവും സാമൂഹികനീതിയുമാണ്.
ഒരേ മതം, ഒരേ ഭാഷ, ഒരേ ആചാരം, ഒരേ തെരഞ്ഞെടുപ്പ്, ഒരേ തിരഞ്ഞെടുക്കല്‍. ഇതുപോലെ ഒറ്റരീതിയിലേക്ക് ഇന്ത്യയെ മാറ്റാന്‍ തീരുമാനിച്ചവര്‍ സമൂഹനീതിക്ക് എതിരാണ്. സഹോദരദ്രോഹികളാണവര്‍. സമത്വത്തെ ഉള്‍ക്കൊള്ളാത്തവരാണ്. ചൂതാട്ടത്തിനെതിരായ നിയമത്തിന് കൂടി അനുമതി നല്‍കാത്തവര്‍. ബില്‍ നാലുമാസം കഴിഞ്ഞാല്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമില്ലത്രെ. ഈ സാധാരണനിയമത്തെ കൂടി നടപ്പാക്കാന്‍ അനുവദിക്കാത്തവരാണോ ജനപ്രതിനിധികളായിരിക്കുന്നത്. ഞാന്‍ ചോദിക്കുന്നു. പല നിയമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഉടക്കില്‍പെട്ട് കിടക്കുന്നു. കര്‍ഷകര്‍ക്കെതിരായ മൂന്ന് നിയമങ്ങള്‍ പെട്ടെന്ന് നടപ്പാക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പൗരത്വനിയമം വേഗത്തിലും. ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഇതിനൊക്കെ എതിരായി പ്രതികരിക്കേണ്ട തെരഞ്ഞെടുപ്പാണ് 2024ല്‍ വരാന്‍പോകുന്നത്. ആ വിജയത്തിന് ഞാന്‍ മാത്രമല്ല, എല്ലാവരും പ്രയത്‌നിക്കുകയാണ്. ആ പോരാട്ടത്തില്‍ നമ്മുടെ ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗും ഉണ്ടെന്നുള്ളത് കാണുന്നു. മതം കൊണ്ട് നമുക്കിടയില്‍ വെറുപ്പ് വളര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ട്. 2024 തെരഞ്ഞെടുപ്പ് അവരെ പാഠം പഠിപ്പിക്കാനുള്ള അവസരമാണ്. 2024 ജയിക്കാന്‍ നമ്മളൊരുമിച്ച് നില്‍ക്കണം. അതാണ് നമുക്ക് വിജയിക്കാനുള്ള മാര്‍ഗം. ഈ ആശയം ഇന്ത്യ മുഴുവനും എത്തിക്കണം. നമുക്ക് ഒരുമിച്ച്‌നില്‍ക്കാം, നമുക്ക് ജയിക്കാം. ഐക്യപ്പെടാം, വിജയിക്കാം, ദ്രാവിഡ ആശയങ്ങളെ ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കാം. നന്ദി, വണക്കം.. !