ചെന്നൈ: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുന്നുവെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് സ്റ്റാലിന്റെ വാക്കുകള്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടിയിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ പിന്നോട്ടടിക്കുയാണ്. മോദിക്കെതിരെ ഏവരും ഒറ്റകെട്ടായി നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകതയായി.
ഗജ ചുഴലിക്കാറ്റില്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്തിയില്ല. അമേരിക്കയും ഫ്രാന്‍സും കറങ്ങി നടക്കുന്ന മോദിക്ക് സാധാരണ ആളുകളെ കാണാന്‍ സമയമില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു.
പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി മാറിയ കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങലില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ സാക്ഷി നിര്‍ത്തിയായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനങ്ങള്‍. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പിണറായി വിജയന്‍,ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, രജനികാന്ത് എന്നിങ്ങനെയുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.