രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ലജ്ജിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്താണ് കുമാര്‍ സംഗക്കാര, മഹേല ജയവര്‍ദെന, സനത് ജയസൂര്യ തുടങ്ങിയവര്‍ ശ്രദ്ധ നേടുന്നത്.
ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമതത്തിലെ തീവ്രവാദികള്‍ മുസ്‌ലിംകള്‍ക്കെതിരെ വന്‍ അക്രമങ്ങളാണ് അഴിച്ചു വിടുന്നത്. ചരിത്ര പ്രസിദ്ധമായ കാന്‍ഡി നഗരത്തില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടു. മധ്യ പ്രവിശ്യയിലെ അക്രമങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് കുമാര്‍ സംഗക്കാര ട്വിറ്ററില്‍ കുറിച്ചതിങ്ങനെ:
‘ശ്രീലങ്കയിലുള്ള ആരെയും അവരുടെ മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ അരികുവല്‍ക്കരിക്കുകയോ ഭീഷണിപ്പെടുത്തുകയോ അപായപ്പെടുത്തുകയോ ചെയ്യരുത്. നാം ഒരു രാജ്യവും ഒരു ജനതയുമാണ്. സ്‌നേഹവും വിശ്വാസവും സ്വീകാര്യതയുമായിരിക്കണം നമ്മുടെ പൊതു മന്ത്രം. വംശീയതക്കും അക്രമത്തിനും സ്ഥാനമില്ല. നിര്‍ത്തൂ… ഒന്നിച്ചു നില്‍ക്കൂ, ശക്തരായി നില്‍ക്കൂ…’
ഫേസ്ബുക്കില്‍, അക്രമത്തെ അപലപിച്ചു കൊണ്ടുള്ള വീഡിയോയും സംഗക്കാര പോസ്റ്റ് ചെയ്തു. സിംഹള ഭാഷയിലുള്ള വീഡിയോയില്‍ മത, ജാതി ഭേദമന്യേ സാഹോദര്യം പുലര്‍ത്താനും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റൊരു ഇതിഹാസ താരമായ മഹേല ജയവര്‍ദെനയും ശക്തമായ ഭാഷയിലാണ് അക്രമങ്ങളെ അപലപിച്ചത്.
‘ശ്രീലങ്കയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെ മത-വംശ ഭേദമന്യേ നീതിക്കു മുന്നില്‍ കൊണ്ടുവരണം. 25 വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്. അതുപോലൊരു സാഹചര്യം അടുത്ത തലമുറയ്ക്ക് ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ – മഹേല ട്വിറ്ററില്‍ കുറിച്ചു.
ശ്രീലങ്കയിലെ അക്രമ സംഭവങ്ങള്‍ വിഷമമുണ്ടാക്കുന്നുവെന്നും അക്രമങ്ങളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സനത് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു. ‘ശ്രീലങ്കയിലെ ജനങ്ങള്‍ ബുദ്ധിശാലികളാവണം. ബുദ്ധിമുട്ടേറിയ സമയങ്ങളെ കൂട്ടമായി നിന്ന് നേരിടണം’ – സനത് ജയസൂര്യ അഭിപ്രായപ്പെട്ടു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന നിരവധി വംശീയ അതിക്രമങ്ങളെപ്പറ്റി ഒരക്ഷവും മിണ്ടാന്‍ ഇന്ത്യയിലെ ‘സെലിബ്രിറ്റി’കളായ ക്രിക്കറ്റര്‍മാര്‍ തയ്യാറായിട്ടില്ല. അതേസമയം, ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും സംഘ് പരിവാറിനെ വെള്ളപൂശാനുമുള്ള ശ്രമം ഇവരില്‍ നിന്നുണ്ടാകാറുമുണ്ട്. ഈയിടെ അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ടപ്പോള്‍ പ്രതികളായ മുസ്ലിം ചെറുപ്പക്കാരുടെ പേരുകള്‍ മാത്രം ഉദ്ധരിച്ചു കൊണ്ടുള്ള സേവാഗിന്റെ ട്വീറ്റ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പു പറയുകയും ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇതാദ്യമായല്ല സേവാഗ് സംഘ് പരിവാര്‍ അജണ്ട ഏറ്റെടുക്കുന്നത്. മുമ്പ്, യുദ്ധത്തിനെതിരെ പ്രതികരിച്ച മുന്‍ സൈനികന്റെ മകളെയും സേവാഗ് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു.
കശ്മീരി ജനതയെ സ്ഥിരമായി അധിക്ഷേപിക്കാറുള്ള ഗൗതം ഗംഭീര്‍, സംഘ് പരിവാറിന് പ്രിയപ്പെട്ട സോഷ്യല്‍ മീഡിയാ സാന്നിധ്യങ്ങളിലൊന്നാണ്.
ത്രിപുരയില്‍ ബി.ജെ.പി അധികാരം പിടിച്ചതിനു ശേഷം നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ പ്രതികരിച്ചതായി അറവില്ല. നേരത്ത, കനയ്യ കുമാറിനെ പിന്തുണച്ച് പ്രസ്താവന നടത്തിയ സുരേഷ് റെയ്‌നക്കെതിരെ ക്രിക്കറ്റ് വൃത്തങ്ങളില്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.