കാർഡിഫ്: ലോകകപ്പ് മത്സരത്തിൽ ദുർബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവർ പിന്നിടുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിൽ പതറുകയാണ്. മഴ കാരണം മത്സരം നിർത്തിവെച്ചിരിക്കുകയാണ്.
മുൻനിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തിനു ശേഷമാണ് ശ്രീലങ്ക അവിശ്വസനീയമായ വിധത്തിൽ ബാറ്റിങ് പരാജയം ഏറ്റുവാങ്ങിയത്. ദിമുത് കരണുരത്‌നെ (30), കുസാൽ പെരേര (78), ലഹിരു തിരിമന്നെ (25) എന്നിവർ മികച്ച പ്രകടനം നടത്തിയെങ്കിലും നാലു വിക്കറ്റെടുത്ത മുഹമ്മദ് നബിയുടെ പ്രകടനം അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. രണ്ടുവിക്കറ്റിന് 144 എന്ന ശക്തമായ നിലയിൽ നിന്നാണ് നബി മുൻ ചാമ്പ്യന്മാരെ പിടിച്ചുലച്ചത്. നേരത്തെ ഓപണർ കരുണരത്‌നെയെ മടക്കിയ വെറ്ററൻ താരം ലഹിരു തിരിമന്നെ കുസാൽ മെൻഡിസ് (2), എയ്ഞ്ചലോ മാത്യൂസ് (0), എന്നിവരെ കൂടി തിരിച്ചയച്ചു. റാഷിദ് ഖാൻ, ദൗലത്ത് സദ്‌റാൻ, ഹാമിദ് ഹസ്സൻ എന്നിവരും ഓരോ വിക്കറ്റെടുത്തു.
മഴ കാരണം കളി നിർത്തിവെക്കുമ്പോൾ സുരങ്ക ലക്മലും (2) ലസിത് മലിങ്കയുമാണ് ക്രീസിൽ.
ടൂർണമെന്റിൽ തങ്ങളുടെ ആദ്യ മത്സരങ്ങൾ തോറ്റിരുന്ന ലങ്കക്കും അഫ്ഗാനും ഇനിയുള്ള കളികൾ നിർണായകമാണ്.