X

അയോധ്യയില്‍ രാമക്ഷേത്രം : ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ നിന്ന് പ്രകോപിതനായി ഇറങ്ങിപ്പോയി

ചാനല്‍ അഭിമുഖത്തിനിടെ തന്റെ രാമക്ഷേത്രക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചതില്‍ പ്രകോപിതനായി ആത്മീയ നേതാവായ ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി. ‘ദി വയര്‍’ ഓണ്‍ലൈന്‍ ചാനലിനായി അര്‍ഫാ ഖാനും ഷേര്‍വാണിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അയോധ്യയില്‍ രാമക്ഷേത്ര പ്രശ്‌നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറുമെന്ന വിവാദ പരാമര്‍ശം രവിശങ്കര്‍ നടത്തിയിരുന്നു. ഈ പരാമര്‍ശം ആര്‍.എസ്സ്.എസ്സിന്റെ നിലപാട് ആവര്‍ത്തിക്കുകയല്ലേ താങ്കള്‍ എന്ന അവതാരകരുടെ ചോദ്യമാണ് രവിശങ്കറിനെ ചൊടിപ്പിച്ചത്.

‘മുസ്ലീംങ്ങള്‍ക്ക് അയോധ്യയില്‍ അവകാശമില്ല എന്ന് താങ്കള്‍ പറഞ്ഞിരുന്നു ഇത് ആര്‍.എസ്സ.എസ്സ് നേതാവ് സാര്‍വര്‍ക്കറിന്റെ നിലപാടുമായ് ചേര്‍ന്ന് നില്‍ക്കുന്നതാണ്..’, വിവാദപരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രവിശങ്കര്‍ അഭിമുഖം തുടരുന്നതിനുള്ള വിമുഖത പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ അനുയായികള്‍ ഇടപെട്ട് ക്യാമറ ഓഫ് ചെയ്യുകയും ചെയ്തു. രവിശങ്കറിന് ബഹുമാനം നല്‍കി സംസാരിക്കണം ആത്മീയ ഗുരുവിന്റെ അനുയായിയായ സ്ത്രീ ആര്‍ഫയോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് വീണ്ടും അഭിമുഖം പുനരാരംഭിച്ചപ്പോള്‍ ചോദ്യകര്‍ത്താവ് ‘ആര്‍എസ്എസ്-ബിജെപിയുമായി നിങ്ങള്‍ യോജിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചു. അതോടെ രവിശങ്കര്‍ അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു.ആര്‍ഫയുടെ അടുത്തത്തിയ അദ്ദേഹത്തിന്റെ അനുയായി ‘നിങ്ങള്‍ പോസിറ്റീവായ കാര്യങ്ങളില്‍ കേന്ദ്രീകരിക്കണം’ എന്ന് ആവശ്യപ്പെട്ടു.

അയോധ്യ തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍ക്കാനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി രവിശങ്കര്‍ ശ്രമം നടത്തുന്നുണ്ട്. അയോധ്യ, ബെംഗളൂരു, ലക്‌നൗ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയിടത്തെ 500ഓളം നേതാക്കളുമായി ഇതുമായ് ബന്ധപ്പെട്ട് രവിശങ്കര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

വളരെ നല്ല രീതിയില്‍ തന്നെ മുസ്‌ലിംങ്ങള്‍ അയോധ്യയ്ക്ക് മേലുളള അവകാശവാദം ഉപേക്ഷിക്കണം. അയോധ്യ എന്ന് പറയുന്നത് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുളള ഇടമല്ല. അത് മനസ്സിലാക്കി പെരുമാറണം. ഇല്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറും’, എന്നാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്. വിവാദ പരാമര്‍ശത്തില്‍ മതവികാരം വൃണപ്പെടുത്തി എന്ന പേരില്‍ അദ്ദേഹത്തിനെതിരെ കേസും എടുത്തിട്ടുണ്ട്.

chandrika: