തിരുവനന്തപുരം: കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ള വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് പരിശോധനാഫലം. എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും പരിശോധനാഫലത്തില്‍ പറയുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നായിരുന്നു ശ്രീറാമിന്റെ ആദ്യമൊഴി. എന്നാല്‍ പിന്നീട് താനാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കാറിന്റെ വാതിലില്‍ നനവുണ്ടായിരുന്നതിനാല്‍ കൃത്യമായ തെളിവുകള്‍ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്.
സംഭവത്തില്‍ പൊലീസിനെതിരെയുള്ള സി.സി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപകടം നടന്ന് 59 സെക്കന്റുകള്‍ക്കിടയില്‍ പൊലീസ് സ്ഥലത്തെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരനില്‍ നിന്ന് വിവരം കിട്ടാന്‍ വൈകിയതുകൊണ്ടാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നത്. ഈ വാദം പൊളിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍.
അപകടം നടക്കുന്നതിന്റെ സമീപത്തുള്ള സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രമുഖ ചാനലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
അപകടം നടക്കുന്നതിന് തൊട്ടുപിറകെ പൊലീസ് എത്തിയതായ വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്. അപകടം നടക്കുന്ന സമയം സി.സി ടിവിയില്‍ 1;01:42 ആണ്. പൊലീസ് എത്തുന്നത് 1.02: 41നാണ്. വെറും 59 സെക്കന്റുകള്‍ക്കുള്ളില്‍ അപകടം നടന്ന സ്ഥലത്ത് എത്തിയ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത് രാവിലെ 7.17 നാണ്. അപകടം നടന്ന് ആറ് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് പൊലീസ് എഫ്.ഐ.ആര്‍ ഇടാന്‍ തയ്യാറായത്. അപകടം അറിയാന്‍ വൈകിയതുകൊണ്ടല്ല മറിച്ച് പൊലീസ് മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നും പൊലീസ് വാദമുന്നയിച്ചിരുന്നു. എന്നാല്‍ ദൃക്‌സാക്ഷിയെ പൊലീസ് വിട്ടുകളഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിനു ശേഷം ആക്ടീവയില്‍ വന്നിരുന്ന ഒരാള്‍ പിന്‍തിരിഞ്ഞുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നിട്ടും പൊലീസ് ഇവരെ അന്വേഷിച്ചിട്ടില്ല. തുടക്കം മുതല്‍ തന്നെ പൊലീസ് കേസ് അട്ടിമറിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് എഫ്.ഐ.ആര്‍ ഇടാന്‍ വൈകിയതും മെഡിക്കല്‍ പരിശോധന നടത്താതിരുന്നതും പരാതി ലഭിക്കാത്തതിനാലാണെന്ന് പൊലീസ് പറഞ്ഞത്. ഈ വാദത്തെ പൂര്‍ണമായും ഖണ്ഡിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.