Connect with us

Sports

കരുത്തര്‍ തമ്മില്‍

Published

on

 

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കപ്പിലേക്കുള്ള ദൂരം കുറയുകയാണ്. രണ്ടേ രണ്ട് ജയം മതി-ലോക ഫുട്‌ബോളിലെ രാജാക്കന്മാരാവാന്‍. ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ ആദ്യ സെമിഫൈനല്‍. രണ്ട് യൂറോപ്യന്മാരുടെ കിടിലനങ്കമാണ് കടലാസില്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി യുവതുര്‍ക്കികള്‍ നിറഞ്ഞാടുമെന്നാണ് പ്രവചനം. ജയം ആരെ തുണക്കും…? വ്യക്തമായ ഉത്തരത്തിന് ആരും തയ്യാറാവുന്നില്ല. എല്ലാവരും ഗ്യാരണ്ടി നല്‍കുന്നത് ഗംഭീര പോരാട്ടമാണ്.
അര്‍ജന്റീനയെയും ഉറുഗ്വേയെയും വ്യക്തമായ മാര്‍ജിനിലും ആധിപത്യത്തിലും പരാജയപ്പെടുത്തിയവരാണ് ഫ്രാന്‍സ്. ബെല്‍ജിയമാവട്ടെ ജപ്പാനെതിരെ പിറകില്‍ നിന്നും കസറി വന്നപ്പോള്‍ അഞ്ച് വട്ടം ലോകകപ്പില്‍ മുത്തമിട്ട ബ്രസീലിനെ രണ്ട് സൂപ്പര്‍ ഗോളുകളുടെ കരുത്തില്‍ പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടം നേടിയത്. ഈ താരതമ്യത്തില്‍ ആര് ജയിക്കുമെന്ന് പറയാനാവും-അസാധ്യം.
ഇനി താരങ്ങളിലേക്ക് വരുക. ഫ്രാന്‍സിന്റെ മുന്‍നിരയില്‍ അന്റോണിയോ ഗ്രിസ്മാന്‍, കൈലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറോര്‍ഡ് എന്നിവര്‍. മൂന്ന് പേരും അനുഭവസമ്പന്നര്‍. വേഗതയില്‍ എംബാപ്പെ എന്ന പത്തൊമ്പതുകാരനും കിടിലന്‍ ഷോട്ടുകളില്‍ ഗ്രിസ്മാനും ഹെഡ്ഡര്‍ വിദഗ്ദ്ധനായി ഒലിവര്‍ ജിറൂദുമുള്ളപ്പോള്‍ വിന്‍സന്റ് കംപനി നയിക്കുന്ന ബെല്‍ജിയന്‍ ഡിഫന്‍സ് പ്രയാസപ്പെടും. ബെല്‍ജിയന്‍ മുന്നണിയിലോ- റുമേലു ലുക്കാക്കു മാത്രം മതി. കയറുപൊട്ടിച്ച് കുതിക്കുന്ന ഈ ചാമ്പ്യന്‍ സ്‌ട്രൈക്കറെ പിന്തുണക്കാന്‍ നായകന്‍ ഈഡന്‍ ഹസാര്‍ഡും കെവിന്‍ ഡി ബ്രുയനുമുണ്ട്. ഈ മൂവര്‍ സഖ്യത്തിന്റെ കരുത്തിലാണ് ടീം ഇത് വരെയെത്തിയത്. ഫ്രഞ്ച് മധ്യനിരയെ നയിക്കുന്നത് പോള്‍ പോഗ്ബയാണ്. എന്‍ഗോളോ കാന്റെ പിന്തുണക്കാനും. ആധുനിക ഫുട്‌ബോളിലെ മികച്ച മധ്യനിരക്കാര്‍. പക്ഷേ ഹസാര്‍ഡിലെ മധ്യനിരക്കാരന്റെ കുതിപ്പും ഡിബ്രുയ്‌നെയിലെ വേഗക്കാരനുമാവുമ്പോള്‍ ബെല്‍ജിയം പിറകോട്ടുപോവില്ല. റാഫേല്‍ വരാനെ ഉറുഗ്വേക്കെക്കെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയ ആവേശത്തിലാണ് ഫ്രഞ്ച് പിന്‍നിരക്ക്് നേതൃത്വം നല്‍കുന്നത്. കൊമ്പനിയാണ് ബെല്‍ജിയത്തിന്റെ കോട്ട കാവല്‍ക്കാരില്‍ പ്രമുഖന്‍. ഗോള്‍ക്കീപ്പര്‍ രണ്ട് പേരും മിടുക്കരാണ്. ഫ്രാന്‍സിനെ നയിക്കുന്നത് തന്നെ ഹ്യുഗോ ലോറിസാണ്. ബെല്‍ജിയത്തിന്റെ വലക്ക്് താഴെ തിബോ കോര്‍ട്വയുടെ പ്രകടനമായിരുന്നു ബ്രസീലിന് വിലങ്ങായി മാറിയത്.
കളിക്കാരുടെ മികവ് കണക്കി
ലെടുക്കുകയാണെങ്കില്‍ ഇരുടീമുകളുടെയും സാധ്യത ഏറെക്കുറെ തുല്യമാണ്. ബെല്‍ജിയത്തിന്റെ കരുത്ത് പ്രതിരോധവും ആക്രമണവുമാണെങ്കില്‍ മധ്യനിരയില്‍ കൂടി ആധിപത്യമുണ്ട് ഫ്രാന്‍സി
ന്. പക്ഷേ, അവരുടെ മുന്‍നിരക്കാ
ര്‍ പ്രതീക്ഷിച്ച മികവ് ഇതുവരെ പുറത്തെടുത്തിട്ടില്ല.
കണക്കിലെ കളികളില്‍ ബെല്‍ജിയത്തിനാണ് മുന്‍തൂക്കം. അവരാണീ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഗ്രൂപ്പിലെ മല്‍സരങ്ങളില്‍ ദുര്‍ബലരായ പാനമ, ടൂണീഷ്യ എന്നിവരായിരുന്നു പ്രതിയോഗികളെന്നതാവാം ഒരു പക്ഷേ ഗോള്‍വേട്ടക്ക് കാരണം. പക്ഷേ അവസാന ഗ്രൂപ്പ് അങ്കത്തില്‍ ഇംഗ്ലണ്ടിനെതിരെയും ബെല്‍ജിയം ആധികാരികത പ്രകടിപ്പിച്ചിരുന്നു. ഫ്രാന്‍സ് പക്ഷേ ഓസ്‌ട്രേലിയക്കെതിരെയും പെറുവിനെതിരെയും തട്ടിമുട്ടിയാണ് വന്നത്. അവസാന ഗ്രൂപ്പ്് മല്‍സരത്തിലാവട്ടെ ഡെന്മാര്‍ക്കുമായി സമനില വഴങ്ങുകയും ചെയ്തു. അര്‍ജന്റീനക്കെതിരായ പ്രീക്വാര്‍ട്ടറില്‍ നാല് ഗോളുകള്‍ നേടിയപ്പോള്‍ മൂന്നെണ്ണം വഴങ്ങി. ഉറുഗ്വേക്കെതിരെ മാത്രമാണ് ടീം ഗോളുകള്‍ വഴങ്ങാതിരുന്നത്.
പരിശീലകര്‍ രണ്ട് പേരും ആത്മവിശ്വാസത്തിലാണ്. ദീദിയര്‍ ദെഷാംപ്‌സ് സമ്മര്‍ദ്ദം പുറത്ത് പ്രകടിപ്പിക്കുന്നില്ല. റഷ്യയിലെത്തിയതിന് ശേഷം ടീം തളര്‍ന്നിട്ടില്ല എന്നതാണ് ഫ്രഞ്ച് ഹെഡ് കോച്ചിന്റെ ആത്മവിശ്വാസമെങ്കില്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ കളിക്കാരില്‍ തികഞ്ഞ വിശ്വാസമുള്ളയാളാണ്. പെട്ടെന്ന് തളരാത്ത പ്രകൃതം. ജപ്പാനെതിരായ മല്‍സരത്തില്‍ ടീം തുടക്കത്തില്‍ തളര്‍ന്നപ്പോള്‍ പോലും ആത്മവിശ്വാസത്തോടെ മൈതാനത്ത് ഒരു പരിശീലകന്റെ റോള്‍ ഭംഗിയാക്കി അദ്ദേഹം.
ഇനി എന്താവും ഇന്നത്തെ തന്ത്രങ്ങള്‍- അത് പരിശീലകര്‍ പറയില്ല. പക്ഷേ ഫ്രാന്‍സ് ഒരു കാര്യത്തില്‍ ജാഗ്രത പാലിക്കും. ബ്രസീലുകാര്‍ ലുക്കാക്കുവിന് നല്‍കിയ സ്വാതന്ത്ര്യം എന്തായാലും പാടില്ല. ലുക്കാക്കുവിന്റെ കുതിപ്പിനെ തടയിടാന്‍ എന്‍ഗോളോ കാന്റെയെ ആയിരിക്കും ദെഷാംപ്‌സ് നിയോഗിക്കുക. ആരെയും മാര്‍ക്ക് ചെയ്ത് പിന്തുടരാന്‍ മിടുമിടുക്കനാണ് ചെല്‍സിക്കാരന്‍. പ്രീക്വാര്‍ട്ടറില്‍ ലയണല്‍ മെസ്സിയെ വരച്ച വരയില്‍ തന്നെ നിര്‍ത്തിയിരുന്നു കാന്റെ. ഹസാര്‍ഡ്, ഡി ബ്രുയ്‌നെ എന്നിവരുടെ പെട്ടെന്നുളള ആക്രമണത്തെ ചെറുക്കാന്‍ മറ്റൗഡിക്കും വരാനെക്കുമായിരിക്കും പ്രത്യേക ചുമതല. ബെല്‍ജിയത്തിന് തീര്‍ച്ചയായും എംബാപ്പെയുടെ മുകളില്‍ ഒരു കണ്ണുണ്ടാവും. അര്‍ജന്റീനക്കെതിരെ ഉണ്ടായപോലെ പന്തുമായി കൂടുതല്‍ ദൂരം കുതിച്ചോടാന്‍ എംബാപ്പെയെ ബെല്‍ജിയന്‍ മധ്യനിര അനുവദിക്കില്ല. എംബാപ്പെയുമായി ലിങ്ക് ചെയ്യുന്നതില്‍ പോഗ്ബക്കും കാന്റെക്കും പിന്‍നിരക്കാരനായ പവാര്‍ഡിനും പ്രത്യേക മിടുക്കുണ്ട്. ഈ ചാനല്‍ മുറിച്ചുകളയാന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് എന്തുതന്ത്രമാണ് ഉപയോഗിക്കുക എന്നറിയില്ല. ബ്രസീലിനെതിരെ എന്ന പോലെ മര്‍വാന്‍ ഫെല്ലയ്‌നിക്ക് ഡീപ്പ് മിഡ്ഫീല്‍ഡില്‍ നല്ല ജോലിയുണ്ടാകും. ബെല്‍ജിയം പന്തിനുമുകളില്‍ കൂടുതല്‍ സമയം ചെലവിടാന്‍ സാധ്യതയുണ്ടെങ്കിലും ഫ്രാന്‍സിന്റെ ഗോള്‍പരിസരങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ അനുവാദം കിട്ടില്ല. കളി മധ്യനിരയില്‍ ചുറ്റിപ്പറ്റി വിരസമായി മാറിയാലും സൂക്ഷ്മതയോടെയാവും ഫ്രാന്‍സും ബെല്‍ജിയവും കളിക്കുക എന്ന കാര്യത്തില്‍ സംശയമില്ല.
കാണികളുടെ പിന്തുണയില്‍ രണ്ട് പേര്‍ക്കും ആശങ്കയില്ല. എണ്ണത്തില്‍ കൂടുതല്‍ ബെല്‍ജിയംകാരായാരിക്കും. അവര്‍ ടീമിനെ പിന്തുണക്കാന്‍ സംഘത്തോടെ എത്തിയിട്ടുണ്ട്. ബെല്‍ജിയത്തിന് ഫൈനല്‍ നേടാനായാല്‍ അത് ചരിത്രമാവും. ഇത് വരെയില്ല അവര്‍ക്ക്് കപ്പ്. ഫ്രാന്‍സ് 98 ലെ ചാമ്പ്യന്മാരാണ്. 2006 ലെ റണ്ണേഴ്‌സ് അപ്പും. 98 ല്‍ കപ്പുയര്‍ത്തിയ നായകനാണ് ഇപ്പോഴത്തെ പരിശീലകന്‍ ദെഷാംപ്‌സ്.
ലുക്കാക്കുവും എംബാപ്പെയും ആദ്യമായി മുഖാമുഖം വരുന്നു. ഫ്രാന്‍സിന്റെ മുന്‍താരം തിയറി ഹെന്‍ട്രിയാണ് ബെല്‍ജിയത്തിന്റെ ഗോള്‍ കോച്ച്. അദ്ദേഹം ലുക്കാക്കുവിന് പ്രത്യേക ക്ലാസ് നല്‍കുമ്പോള്‍ ഗ്രിസ്മാന്‍ പറയുന്നത് അതൊന്നും ഭയക്കുന്നില്ലെന്നാണ്.

Cricket

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം

ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി.

Published

on

വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി അവസാന നിമിഷത്തിലേക്ക് എത്തി കിരീടം നേടാനാവാതെ മടങ്ങുന്നത്.

17 റണ്‍സ് നേടുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായ ഡല്‍ഹിക്ക് പാര്‍ട്‌നര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് തോല്‍വി വഴങ്ങേണ്ടിവന്നത്. 21 പന്തില്‍ 30 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈക്ക് ഓപണര്‍മാരെ നഷ്ടമായി.

 

Continue Reading

kerala

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം: നിലവിലെ മാനദണ്ഡപ്രകാരം അനസ് എടത്തൊടിക ജോലിക്ക് അര്‍ഹനല്ലെന്ന് കായിക മന്ത്രി

അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Published

on

സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡപ്രകാരം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് ജോലിക്ക് അപേക്ഷിക്കാനാകില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍.

പൊതുഭരണവകുപ്പിന്റെ 2021ലെ വിജ്ഞാപനപ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം, 2013 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ കാലയളവില്‍ കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അപേക്ഷിക്കാം.

വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയ ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കുന്നുണ്ട്. അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Continue Reading

Football

വീണ്ടും വില്ലനായി പരിക്ക്; നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്, പകരം എന്‍ഡ്രിക്ക്‌

പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

Published

on

ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബ്രസീല്‍ ദേശീയ ടീം ജഴ്‌സിയില്‍ കളിക്കാമെന്ന സൂപ്പര്‍താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് വന്‍തിരിച്ചടി. പേശി പരിക്കിനെ തുടര്‍ന്ന് താരത്തെ കൊളംബിയക്കും അര്‍ജന്റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

കരിയറിലുടനീളം താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. കഴിഞ്ഞ ദിവസം പരിശീലകന്‍ ഡൊറിവാള്‍ ജൂനിയര്‍ പ്രഖ്യാപിച്ച 23 അംഗ ടീമില്‍ നെയ്മറും ഇടംപിടിച്ചിരുന്നു. മാര്‍ച്ച് 21ന് ബ്രസീലിയയില്‍ കൊളംബിയയെ നേരിടുന്ന ബ്രസീല്‍, 25ന് ബ്യൂണസ് ഐറിസില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമായി ഏറ്റുമുട്ടും.

‘തിരിച്ചുവരവിന്റെ പടിവാതില്‍ക്കലായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ പ്രിയപ്പട്ടെ ടീമിന്റെ ജഴ്‌സി ധരിക്കാന്‍ ഇനിയും കാത്തിരിക്കണം. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു, തിരിച്ചുവരാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം, പക്ഷേ, നിലവില്‍ റിസ്‌കും എടുക്കേണ്ടെന്നും പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടശേഷം മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു’ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരിയില്‍ തന്റെ ബാല്യകാല ക്ലബായ സാന്റോസില്‍ നെയ്മര്‍ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. മാര്‍ച്ച് രണ്ടിനാണ് അവസാനമായി നെയ്മര്‍ സാന്റോസിനായി കളിച്ചത്.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍നിന്ന് സഊദിയിലെ അല്‍ഹിലാല്‍ ക്ലബിലെത്തിയെങ്കിലും പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് അവിടെ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് സാന്റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.

സൂപ്പര്‍താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. താരത്തിന്റെ അഭാവത്തില്‍ റയല്‍ മഡ്രിഡിന്റെ കൗമാരതാരം എന്‍ഡ്രിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഗോള്‍ കീപ്പര്‍ എഡേഴ്‌സണ് പകരം ലിയോണിന്റെ ലൂക്കാസ് പെറിയെയും ഡിഫന്‍ഡര്‍ ഡാനിലോക്കു പകരം ഫ്‌ലെമിംഗോയുടെ അലക്‌സ് സാന്‍ഡ്രോയും ടീമിലെത്തി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുകയാണ് ടീം. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 18 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറു സ്ഥാനക്കാരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്.

Continue Reading

Trending