കമാല്‍ വരദൂര്‍
ലോകകപ്പില്‍ കുഞ്ഞന്‍ ടീമുകളുടെ ഗെയിം പ്ലാന്‍ സിംപിളാണ്. വമ്പന്മാരായ പ്രതിയോഗികളെ വരിഞ്ഞങ്ങ് മുറുക്കുക. തിങ്കളാഴ്ച്ച മത്സരങ്ങളിലെയും സവിശേഷത ഒരു ഭാഗത്ത് വമ്പന്മാരും മറുഭാഗത്ത് കുഞ്ഞന്മാരും. യൂറോപ്യന്‍ ശക്തരും ലോകകപ്പ് മുന്‍ ഫൈനലിസ്റ്റുകളുമായ സ്വീഡനെ നേരിട്ടത് ഏഷ്യക്കാരായ പാവം കൊറിയക്കാര്‍. രണ്ടാം മല്‍സരത്തില്‍ കന്നിക്കാരായ പാനമക്ക് മുന്നില്‍ വീരന്മാരായ ബെല്‍ജിയം. പിന്നെ, ആഫ്രിക്കയില്‍ നിന്നും ഇടവേളക്ക് ശേഷം വരുന്ന ടൂണീഷ്യക്ക് മുന്നില്‍ പര്‍വതം പോലെ ഇംഗ്ലീഷ് യുവസൈന്യം. മൂന്ന് കുഞ്ഞന്മാരും തീരുമാനിച്ചുറച്ചാണ് വന്നത്. ഞങ്ങള്‍ക്ക് വലിയ വിലാസമില്ല-വീരവാദങ്ങളുമില്ല. നിങ്ങളെ മെരുക്കും. അര്‍ജന്റീനക്കാരെ ഐസ്‌ലാന്‍ഡ് മുറുക്കിയത് പോലെ, ബ്രസീലിനെ സ്വിസുകാര്‍ കെട്ടിയിട്ടത് പോലെ, ഫ്രാന്‍സിനെ ഓസ്‌ട്രേലിയക്കാര്‍ പൂട്ടിയത് പോലെ…
അത് തന്നെ സംഭവിച്ചു. കൊറിയക്കാരും സ്വീഡിഷുകാരും തമ്മിലുള്ള വലിയ അന്തരം ആരോഗ്യമായിരുന്നു. പൊതുവെ ഉയരക്കാരാണ് സ്‌കാന്‍ഡിനേവിയക്കാര്‍. എന്റമ്മോ എന്ന് നമ്മള്‍ തലയില്‍ കൈവെച്ചു പറഞ്ഞ് പോവും ഇവരുടെ ഉയരവും ആരോഗ്യവും കണ്ടാല്‍. സ്വീഡിഷ് നായകന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റ്, സെബാസ്റ്റിയന്‍ ലാര്‍സണ്‍, വിക്ടര്‍ ക്ലാസണ്‍ തുടങ്ങിയവരുടെ അരികില്‍ കൊറിയക്കാരായ പാര്‍ക്ക് ജോയും കിം സംഗ്‌യംഗുമെല്ലാം നില്‍ക്കുമ്പോള്‍ അന്തരം പ്രകടമാണ്. കോര്‍ണര്‍ കിക്കുകളും ഫ്രീകിക്കുകളുമെല്ലാം പായിക്കുമ്പോള്‍ സ്വീഡിഷുകാര്‍ പര്‍വതം പോലെയങ്ങ് നില്‍ക്കും. എത്ര ചാടിയിട്ടും പന്ത് ഹെഡ് ചെയ്യന്‍ കൊറിയക്കാര്‍ക്ക് കഴിഞ്ഞതേയില്ല. പിന്നെയുള്ള മാര്‍ഗം വളയുക തന്നെ. അവരത് ചെയ്തു. ഒരു ഗോളിന് തോറ്റത് ഭാഗ്യം.
പാനമക്കാരുടെ ആവേശം ഗ്യാലറിയില്‍ പ്രകടമായിരുന്നു. പക്ഷേ കളിക്കളത്തില്‍ ഇവാന്‍ ടോറസിന്റെ സംഘത്തിന് അതിന് കഴിഞ്ഞില്ല. അത്രമാത്രം വിഖ്യാതരല്ലേ മുന്നില്‍ നില്‍ക്കുന്നത്. റുമേലു ലുക്കാക്കു, ഈഡന്‍ ഹസാര്‍ഡ്, ഡി ബ്രുയ്‌നെ തുടങ്ങി യൂറോപ്പിലെ അതിവേഗക്കാര്‍. പാനമയില്‍ നിന്നുളളവരില്‍ മേല്‍വിലാസക്കാരന്‍ നായകന്‍ ടോറസ് മാത്രമായിരുന്നു. കൂപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ കാഴ്ച്ചകളും അത്ഭുതമായിരുന്നു. അവരും അറിയാവുന്ന ജോലി ചെയ്തു. പക്ഷേ അവസാനമായപ്പോഴേക്കും തളര്‍ന്നിരുന്നു. ആ തക്കത്തില്‍ ലുക്കാക്കുവും സംഘവും നേടി മൂന്ന് ഗോളുകള്‍. ഇംഗ്ലീഷ് നിരയുടെ യുവത്വം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഈ യുവാക്കളെ പൂട്ടാനായി ടൂണീഷ്യക്കാര്‍ സ്വന്തം ആരോഗ്യം ആയുധമാക്കി. പക്ഷേ ഹാരി കെയ്ന്‍ എന്ന നായകന്റെ വേഗവും ഡെലെ അലിയും റഹീം സ്റ്റെര്‍ലിംഗും റാഷ്‌ഫോര്‍ഡുമെല്ലാം പ്രയോഗിച്ച തന്ത്രങ്ങളുമായപ്പോള്‍ ഇംഗ്ലീഷുകാര്‍ 2-1ന് വിയര്‍ത്താണെങ്കിലും ജയിച്ചു കയറി.
പാനമക്കാരുടെ
കാര്‍ഡ് കളി
ബെല്‍ജിയത്തോട് കന്നി ലോകകപ്പ് മത്സരത്തില്‍ തന്നെ മൂന്ന് ഗോളിന് തോറ്റാലെന്താ…. അഞ്ച് മഞ്ഞക്കാര്‍ഡ് വാങ്ങിയിട്ടുണ്ട് ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ പാനമക്കാര്‍. അതുമായി അവര്‍ക്ക് നാട്ടിലേക്ക് പോവാം. റഷ്യന്‍ ലോകകപ്പ് ഇത് വരെ ദര്‍ശിച്ച ‘കായിക’ മത്സരമായിരുന്നു ഇത്. ബെല്‍ജിയന്‍ താരങ്ങള്‍ അതിവേഗതയില്‍ കുതിക്കുന്നു. ആരോഗ്യത്തോടെ പാനമക്കാര്‍ തടുക്കുന്നു. തടയലില്‍ നിന്നും ബെല്‍ജിയം താരങ്ങള്‍ രക്ഷപ്പെട്ടാല്‍ മൂന്നാംമുറ പ്രയോഗിക്കുന്നു. റഫറി കാര്‍ഡും ഉയര്‍ത്തുന്നു.
മെക്‌സിക്കോ, കോസ്റ്റാറിക്ക എന്നിവര്‍ക്ക് പിറകില്‍ സ്വന്തം മേഖലയില്‍ നിന്നും അമേരിക്കയെ പിന്തള്ളി മൂന്നാം സ്ഥാനക്കാരായി ലോകകപ്പിനെത്തിയ പാനമയുടെ ആരാധകരുടെ ആഹ്ലാദം ചെറുതായിരുന്നില്ല. കൂട്ടം കൂട്ടമായി അവര്‍ ഗ്യാലറിയിലെത്തി. ആര്‍പ്പുവിളികളില്‍ അവര്‍ ഒന്നാമന്മാരായിരുന്നു. ടീമിന്റെ ദേശീയ ഗാനം ആദ്യമായി മൈതാനത്ത് ആലപിക്കപ്പെട്ടപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു. ക്യാപ്റ്റന്‍ ടോറസിന്റെ കണ്ണുനീര്‍ ക്യാമറകള്‍ പ്രത്യേകം പകര്‍ത്തി. നമ്മള്‍ ഇന്ത്യക്കാരെല്ലാം പാനമക്കാരെ കണ്ട് പഠിക്കണം. വലിയ രാജ്യമൊന്നുമല്ല പാനമ. അമേരിക്കന്‍ പിടിയിലുള്ള ഒരു കൊച്ചു പ്രദേശം. അവിടെ നിന്നുമാണ് അമേരിക്കയെ പരാജയപ്പെടുത്തി അവര്‍ ലോകകപ്പ് വേദിയിലെത്തിയത്. ബെല്‍ജിയവും ഇംഗ്ലണ്ടും ടൂണീഷ്യയും ബാലികേറാമലയാണെന്ന് അവര്‍ക്ക് തന്നെ നന്നായി അറിയാം. പക്ഷേ ലോക ഫുട്‌ബോള്‍ ഒരുമിക്കുന്ന വേദിയില്‍ സ്വന്തം ദേശീയ പതാക ഉയരുന്നത് കാണുമ്പോള്‍ അതില്‍പ്പരം അഭിമാനമുഹൂര്‍ത്തം മറ്റെന്താണ്…? എന്ന് കാണും നമ്മുടെ പതാക ലോകകപ്പ് വേദിയില്‍… എന്ന് കേള്‍ക്കും നമ്മുടെ ജനഗണമന ഒരു ലോകകപ്പ് വേദിയില്‍…
വീഡിയോ
ഓണാണ്…
വീഡിയോ റഫറല്‍ സമ്പ്രദായം ഈ ലോകകപ്പിന്റെ ആവേശമാണെന്ന് ചിലര്‍ പറയുന്നു. ചിലരാവട്ടെ അത് കളിയുടെ രസംകൊല്ലിയെന്നും വിശേഷിപ്പിക്കുന്നു. പക്ഷേ ഒന്നുണ്ട്-സത്യം മൈതാനത്ത് പുലരുന്നുണ്ട്. അല്ലെങ്കില്‍ ഇന്നലെ കൊറിയക്കാര്‍ സ്വിഡന് മുന്നില്‍ സമനിലയുമായി രക്ഷപ്പെട്ടേനേ… നിഷ്‌നി നോവോഗാര്‍ഡിലെ മൈതാനത്ത് വ്യക്തമായ ആധിപത്യത്തിലും സ്വീഡീഷുകാര്‍ക്ക് കൊറിയന്‍ പ്രതിരോധപൂട്ട് പൊട്ടിക്കാനാവാത്ത സാഹചര്യം. ഒരാള്‍ പന്തുമായി വരുന്ന സമയത്ത് മൂന്നും നാലും പേര്‍ ചേര്‍ന്ന് വളയുമ്പോള്‍ കുതറിപ്പോവാന്‍ കഴിയില്ല.
പിന്നെ ആകെയുളള മാര്‍ഗ്ഗം അങ്ങ് വിഴുകയാണ്. വെറുതെ വീണാല്‍ (ഡൈവിംഗ്) റഫറി കാര്‍ഡ് ഉയര്‍ത്തും. പ്രതിയോഗികളുടെ പൂട്ടില്‍ വീണാല്‍ പെനാല്‍ട്ടിയും കിട്ടും. അപ്പോള്‍ വീഴ്ച്ച പഠിക്കണം. പലവട്ടം സ്വീഡന്‍ താരങ്ങള്‍ ബോക്‌സില്‍ വീണു… അവര്‍ പെനാല്‍ട്ടിക്കായി മുറവിളി കൂട്ടി. ഒരു തവണ വീണപ്പോള്‍ ആ വീഴ്ച്ചയില്‍ കാര്യമുണ്ടെന്ന് എല്‍സാവഡോറുകാരനായ റഫറി ജോയല്‍ അഗിലര്‍ക്ക് തോന്നി. അദ്ദേഹം വീഡിയോ റഫറിയായ അര്‍ജന്റീനക്കാരന്‍ മൗറോ വിജിലാനോയുടെ സഹായം തേടി. സംഗതീ ക്ലീന്‍-കൊറിയക്കാര്‍ സ്വീഡന്‍ താരത്തെ വീഴ്ത്തിയത് തന്നെ. ഉടന്‍ പെനാല്‍ട്ടി കിക്ക്. അത് വരെ സ്വന്തം വല നന്നായി കാത്തിരുന്നു കൊച്ചു പയ്യന്‍സ് കൊറിയന്‍ ഗോള്‍ക്കീപ്പര്‍ ജോ ഹോന്‍വു. സ്‌പോട്ട് കിക്കെടുക്കാന്‍ വന്നത് ജോയെക്കാള്‍ രണ്ടിരട്ടി വലുപ്പമുള്ള ഗ്രാന്‍വിസ്റ്റ്. ഈസി ഷോട്ട്-ഗോള്‍… വീഡിയോ സമ്പ്രദായത്തെയാണ് മല്‍സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡ്വിസന്‍ കോച്ച് ജാനെ ആന്‍ഡേഴ്‌സണ്‍ പ്രശംസിച്ചത്. ഇത് വരെ പരിശീലകര്‍ വീഡിയോ സമ്പ്രദായത്തെ പരസ്യമായി പിന്തുണച്ചിരുന്നില്ല. പക്ഷേ സ്വന്തം ടീമിന്റെ രക്ഷക്ക് വീഡിയോ വന്നപ്പോള്‍ ആന്‍ഡേഴ്‌സണ്‍ ഹാപ്പി……
ഇതാണ് കോച്ച്
ലോകകപ്പിന് വരുന്നതിന് മുമ്പ് തന്നെ പരിശീലകര്‍ തങ്ങളുടെ ആദ്യ ഇലവനെ മനസ്സില്‍ ഗണിച്ചിരിക്കും. ഓരോ താരങ്ങള്‍ക്കുമുളള പൊസിഷന്‍ തീരുമാനിച്ചിരിക്കും. ഏതായിരിക്കണം ഫോര്‍മേഷന്‍. പ്രതിയോഗികളെ പിടിക്കാനുളള തന്ത്രങ്ങള്‍ എന്തെല്ലാം-തുടങ്ങി കളി മൈതാനത്ത് നടക്കുമ്പോള്‍ ടെന്‍ഷന്‍ മുഴുവന്‍ പരിശീലകര്‍ക്കായിരിക്കും. പക്ഷേ ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ സംഘത്തിന്റെ പരിശീലകന്‍ ഷിന്‍ തയോംഗ് അങ്ങനെ മുന്‍കൂട്ടി തീരുമാനങ്ങളെടുക്കുന്നില്ല.
അദ്ദേഹത്തിന് മത്സര ദിവസമാണ് പ്രധാനം. വൈകുന്നേരമായിരിക്കുമല്ലോ മത്സരം. ആ ദിവസം രാവിലെ അദ്ദേഹം ടീമിനെ രംഗത്തിറക്കും. എന്നിട്ട് അവരില്‍ നിന്നും പതിനൊന്ന് പേര്‍ക്ക് അവസരം നല്‍കും-അതല്ലായിരുന്നുവെങ്കില്‍ ജോ ഹോന്‍വു എന്ന പയ്യന്‍സ് ഗോള്‍ക്കീപ്പര്‍ക്ക് സ്വീഡനെതിരെ ലോകകപ്പില്‍ അവസരമുണ്ടാവുമായിരുന്നില്ല. അദ്ദേഹം കണക്കുകള്‍ പ്രകാരം ടീമിന്റെ മൂന്നാം ഗോള്‍ക്കീപ്പറാണ്. കിം സെന്‍ യു എന്ന അനുഭവസമ്പന്നനായ ഗോള്‍ക്കീപ്പര്‍ ടീമിലുണ്ട്. രണ്ടാം ഗോള്‍ക്കീപ്പറായി കിം ജിന്‍ ഹ്യൂനുമുണ്ട്.
പക്ഷേ മല്‍സര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ജോയോട് കോച്ച് പറയുന്നത് താനായരിക്കും വല കാക്കുന്നതെന്ന്… അത് കേട്ട് യുവഗോള്‍ക്കീപ്പര്‍ ഞെട്ടി. പിന്നെ പെട്ടെന്ന് ഒരുങ്ങി. ആദ്യ മത്സരത്തില്‍ എല്ലാവരുടെയും കൈയ്യടി നേടാന്‍ ഗോള്‍ക്കീപ്പര്‍ക്കായി. പലവട്ടം സ്വീഡിഷ് ആക്രമണത്തെ ജോ തടഞ്ഞു. അവസാനം പെനാല്‍ട്ടി കിക്കാണ് വില്ലനായത്. അത് തടയാനായില്ല. അതില്‍ മാത്രമാണ് ജോക്ക് നിരാശ. മല്‍സരശേഷം ഞങ്ങളോട് സംസാരിക്കവെ കൊറിയന്‍ ഭാഷയില്‍ അദ്ദേഹം പറയുകയും ചെയ്തു.
സി.ആര്‍-7ന് പിറകെ
ആദ്യ മല്‍സരത്തില്‍ തന്നെ സ്പാനിഷ് വലയില്‍ മൂന്ന് വട്ടം പന്ത് എത്തിച്ചിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പിലെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ടോപ് സ്‌ക്കോറര്‍ പട്ടികയില്‍ അദ്ദേഹം തന്നെ.
പക്ഷേ നാല് പേര്‍ ശക്തരായി തൊട്ട് പിറകിലുണ്ട്. ടൂണീഷ്യന്‍ വലയില്‍ രണ്ട് വട്ടം നിറയൊഴിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍, ബെല്‍ജിയത്തിന്റെ ആരോഗ്യമുളള മുന്‍നിരക്കാരന്‍ റുമേലു ലുക്കാക്കു, ആതിഥേയരായ റഷ്യയുടെ ചെറിഷേവ,് സ്‌പെയിന്റെ ഡീഗോ കോസ്റ്റ എന്നിവര്‍. മൂന്ന് പേരും രണ്ട് ഗോള്‍ വീതം ആദ്യ മല്‍സരത്തില്‍ തന്നെ നേടിയിട്ടുണ്ട്.