Connect with us

Sports

അപരാജിതം ബാര്‍സ-റയല്‍ സമാസമം

Published

on

 

ബാര്‍സലോണ: ലാലിഗ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ വിജയക്കുതിപ്പ് തടയാന്‍ റയല്‍ മാഡ്രിഡിനുമായില്ല. ബാര്‍സയുടെ തട്ടകമായ നൗകാംപില്‍ നടന്ന ഹൈ വോള്‍ട്ടേജ് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍ എന്നിവരായിരുന്നു സന്ദര്‍ശകരുടെ സ്‌കോറര്‍മാര്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സെര്‍ജി റോബര്‍ട്ടോ ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങിയിരുന്നതിനാല്‍, സീസണില്‍ ഇതുവരെ തോല്‍വി വഴങ്ങാത്ത ബാര്‍സ രണ്ടാം പകുതി മുഴുവന്‍ പത്തു പേരുമായാണ് കളിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ മാഡ്രിഡിലെ സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന എല്‍ ക്ലാസിക്കോ ബാര്‍സയോട് തോറ്റ റയല്‍ ഏതുവിധേനയും പ്രതികാരം ചെയ്യുക എന്ന ലക്ഷ്യവുമായാണ് കാറ്റലോണിയയില്‍ എത്തിയതെങ്കിലും ദൗര്‍ഭാഗ്യവും റഫറിയുടെ മോശം തീരുമാനങ്ങളും തിരിച്ചടിയാവുകയായിരുന്നു. അതേസമയം, ആദ്യപകുതിയില്‍ റോബര്‍ട്ടോയെ നഷ്ടമായ ആതിഥേയര്‍ക്ക് രണ്ടാം പകുതിയില്‍ പലതവണ ഭാഗ്യം തുണയായി.കളിയുടെ തുടക്കത്തില്‍ കുറിയ പാസുകളുമായി ആധിപത്യം പുലര്‍ത്തിയ ബാര്‍സ ലൂയിസ് സുവാരസിലൂടെ ആദ്യ ഭീഷണി മുഴക്കിയെങ്കിലും പെട്ടെന്നു തന്നെ റയല്‍ കളി കൈയിലെടുത്തു. സന്ദര്‍ശകരുടെ ആക്രമണത്തിനിടെ അതിവേഗ പ്രത്യാക്രമണത്തിലൂടെ പത്താം മിനുട്ടില്‍ ബാര്‍സയാണ് ആദ്യം മുന്നിലെത്തിയത്. വലതുവിങിലൂടെ കുതിച്ചു കയറി സെര്‍ജി റോബര്‍ട്ടോ നല്‍കിയ ക്രോസ് ലൂയിസ് സുവാരസ് അനായാസം വലയിലാക്കുകയായിരുന്നു. റോബര്‍ട്ടോയ്ക്ക് സമാന്തരമായി ഓടിക്കയറിയ മെസ്സിയെ മാര്‍ക്ക് ചെയ്യുന്നതില്‍ സെര്‍ജിയോ റാമോസും റാഫേല്‍ വരാനും ശ്രദ്ധ നല്‍കിയപ്പോള്‍ സര്‍വസ്വതന്ത്രനായി മുന്നേറിയ സുവാരസിന് പന്തില്‍ കാല്‍വെക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ.
ലീഡിന് പക്ഷേ, അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. 14-ാം മിനുട്ടില്‍ ടോണി ക്രൂസിനും ബെന്‍സേമക്കുമൊപ്പം നടത്തിയ നീക്കത്തിനൊടുവില്‍ ക്രിസ്റ്റ്യാനോ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. ഗോളിന് സമാന്തരമായി വന്ന പന്ത് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്യുന്നതിനു പകരം ബെന്‍സേമ പോര്‍ച്ചുഗീസ് താരത്തിന്റെ വഴിയിലേക്ക് നല്‍കിയപ്പോള്‍ ക്രിസ്റ്റിയാനോ പിഴവ് വരുത്തിയില്ല.
ഇരുടീമുകളും തുടര്‍ന്നും ഗോളുകള്‍ക്കുവേണ്ടി കളിച്ചപ്പോള്‍ മൈതാനത്തിന്റെ രണ്ടറ്റങ്ങളിലും ഗോളവസരങ്ങള്‍ പിറന്നു. മെസ്സിയുടെ പാസില്‍ നിന്ന് ജോര്‍ദി ആല്‍ബയും ഉംതിതിയും സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മറുവശത്ത് അവസരങ്ങള്‍ തുലക്കുന്നതില്‍ ക്രിസ്റ്റിയാനോ ആയിരുന്നു മുന്നില്‍. 42-ാം മെസ്സില്‍ മെസ്സിയും റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസും മുഖാമുഖം വന്നെങ്കിലും അപകടമൊഴിവാക്കുന്നതില്‍ നവാസ് വിജയിച്ചു. 44-ാം മിനുട്ടില്‍ കൈയാങ്കളിയിലേര്‍പ്പെട്ടതിന് ലൂയിസ് സുവാരസും റാമോസും മഞ്ഞക്കാര്‍ഡ് കണ്ടു.
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ബാര്‍സ പത്തുപേരായി ചുരുങ്ങി. ശാരീരിക പോരാട്ടത്തിനിടെ മാഴ്‌സലോയെ കൈകൊണ്ട് പ്രഹരിച്ചതിനായിരുന്നു ശിക്ഷ. തക്കസമയത്ത് നിലത്തുവീണ മാര്‍സലോ റോബര്‍ട്ടോയ്ക്ക് കാര്‍ഡ് വാങ്ങിക്കൊടുക്കുകയായിരുന്നു. അതേസമയം, പന്തിനായുള്ള പോരാട്ടത്തിനിടെ ഗരത് ബെയ്ല്‍ സാമുവല്‍ ഉംതിതിയുടെ കണങ്കാകില്‍ ബൂട്ട് കൊണ്ട് ചവിട്ടിയെങ്കിലും റഫറി കാണാതിരുന്നത് ആദ്യ പകുതിയില്‍ റയലിന്റെ ഭാഗ്യമായി.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്‍വലിച്ച റയല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഡിനായി ആക്രമണം ശക്തമാക്കി. എന്നാല്‍ 53-ാം മിനുട്ടില്‍ പ്രത്യാക്രമണത്തിലൂടെ ബാര്‍സയാണ് ഒരിക്കല്‍ക്കൂടി മുന്നിലെത്തിയത്. ഇടതുവിങില്‍ റാഫേല്‍ വരാനെ വീഴ്ത്തി പന്തുമായി കുതിച്ച സുവാരസ് ബോക്‌സില്‍ പന്ത് മെസ്സിക്ക് നല്‍കി. രണ്ട് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ മെസ്സി കൃത്യതയാര്‍ന്ന ഷോട്ടിലൂടെ കെയ്‌ലര്‍ നവാസിനെ നിസ്സഹായനാക്കി. (2-1). മുന്നേറ്റത്തിനിടെ സുവാരസ് വരാനെ ഫൗള്‍ ചെയ്തുവെന്ന് വ്യക്തമായിരുന്നെങ്കിലും റഫറി പ്ലേ ഓണ്‍ വിളിച്ചതാണ് മെസ്സിഗോളില്‍ കലാശിച്ചത്. 55-ാം മിനുട്ടില്‍ ലൂയിസ് സുവാരസ് ഒരിക്കല്‍ക്കൂടി റയലിന്റെ വലയില്‍ പന്തെത്തിച്ചെങ്കിലും ലൈന്‍സ്മാന്‍ ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. ടി.വി റീപ്ലേകളില്‍ റഫറിയുടെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നോ എന്ന സംശയമുയര്‍ന്നു. 58-ാം മിനുട്ടില്‍ നെല്‍സണ്‍ സെമഡോയുടെ ക്രോസില്‍ അവസാന സ്പര്‍ശം നല്‍കുന്നതില്‍ പൗളിഞ്ഞോ പരാജയപ്പെട്ടപ്പോള്‍ 62-ാം മിനുട്ടില്‍ ബോക്‌സിനു തൊട്ടുപുറത്ത് ഫ്രീകിക്ക് ലഭിച്ചെങ്കിലും മെസ്സിക്ക് വലയിലാക്കാനായില്ല.
70-ാം മിനുട്ടില്‍ റയലിന്റെ ആക്രമണത്തിനിടെ സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി ഓടിക്കയറിയ മെസ്സിക്ക് ഗോളടിക്കാനുള്ള മികച്ച അവസരം കൈവന്നെങ്കിലും ബോക്‌സില്‍ നിന്നുള്ള ഷോട്ട് നവാസ് ഡൈവ് ചെയ്തു തടഞ്ഞു.
72-ാം മിനുട്ടില്‍ ഗരത് ബെയ്ല്‍ ആണ് റയലിനെ ഒപ്പമെത്തിച്ചത്. മാര്‍ക്കോ അസന്‍സിയോയുടെ പാസില്‍ ക്ഷണവേഗത്തില്‍ ഷോട്ടുതിര്‍ന്ന വെയില്‍സ് താരം ബാര്‍സ കീപ്പര്‍ ടെര്‍ സ്റ്റെയ്ഗന് അവസരം നല്‍കാതെ വലകുലുക്കുകയായിരുന്നു. (2-2).
76-ാം മിനുട്ടില്‍ മാര്‍സലോയെ ബോക്‌സില്‍ ജോര്‍ദി ആല്‍ബ ഫൗള്‍ ചെയ്‌തെങ്കിലും റഫറിയുടെ തീരുമാനം ബാര്‍സയ്ക്ക് അനുകൂലമായി. ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട സെര്‍ജിയോ റാമോസ് കളിയുടെ രണ്ടാംപകുതിയില്‍ പലതവണ പരുക്കന്‍ അടവ് പുറത്തെങ്കിലും ചുവപ്പു കാര്‍ഡ് പുറത്തെടുക്കാന്‍ റഫറി മടിച്ചു.
അവസാന ഘട്ടങ്ങളില്‍ ഇരുടീമുകളും വിജയ ഗോളിനായി പൊരുതിയെങ്കിലും ഇരുടീമുകളെയും തോല്‍പ്പിക്കാതെ എല്‍ ക്ലാസിക്കോ അവസാനിച്ചു.

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Trending