Connect with us

Sports

സന്തോഷം തൊട്ടരികെ

Published

on

 

കൊല്‍ക്കത്ത: കരുത്തരായ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. പകരക്കാരനായിറങ്ങിയ അഫ്ദല്‍ വി.കെ 54-ാം മിനുട്ടില്‍ നേടിയ ഗോളില്‍ വിജയം നേടിയ കേരളം ബംഗാളിനെയാണ് ഫൈനലില്‍ നേരിടുക. കര്‍ണാടകയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയായിരുന്നു വംഗനാട്ടുകാരുടെ ഫൈനല്‍ പ്രവേശം. അഞ്ചു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കേരളം സന്തോഷ് ട്രോഫി കലാശക്കളിക്കിറങ്ങുന്നത്.
കളിക്കളത്തിലെ പ്രകടന മികവില്‍ മുന്‍തൂക്കം മിസോറമിനായിരുന്നെങ്കിലും അടിസ്ഥാന പാഠങ്ങള്‍ മറക്കാതെ കളിച്ചാണ് സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരള സംഘം വിജയവുമായി കയറിയത്. ഗ്രൂപ്പ് എ മത്സരത്തില്‍ ബംഗാളിനെ മുട്ടുകുത്തിച്ച സംഘത്തില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് പ്ലെയിങ് ഇലവനെ ഒരുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട കോച്ച് ലോല്‍സങ്‌സുല മാര്‍ ഇല്ലാതെ ഇറങ്ങിയ മിസോറം 4-1-4-1 എന്ന ശൈലി അവലംബിച്ചു.
തുടക്കത്തില്‍ ഇരുടീമുകളും സാഹസിക നീക്കങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും കളി പുരോഗമിച്ചപ്പോള്‍ മിസോറം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. വലതു വിങില്‍ ലാല്‍ബിയാഖുലയുടെ നീക്കങ്ങള്‍ കേരളത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഗോള്‍മുഖത്ത് സെറ്റ്പീസുകള്‍ നേടുന്നതില്‍ മിസോറം വിജയിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ കേരളം പ്രതിരോധം മുറുക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ നാലു ഗോള്‍ നേടിയ ലാല്‍ റൊമാവിയയുടെ 17 വാര അകലെ നിന്നുള്ള ഷോട്ട് വലതുവശത്തേക്ക് മുഴുനീള ഡൈവ് നടത്തിയാണ് മിഥുന്‍ വി തട്ടിയകറ്റിയത്. 33-ാം മിനുട്ടില്‍ റോമാവിയ ഗോളിന് തൊട്ടരികിലെത്തിയെങ്കിലും മിഥുന്റെ മനസ്സാന്നിധ്യത്തെ മറികടക്കാനായില്ല. ബോക്‌സിന്റെ അതിര്‍ത്തിയില്‍ നിന്ന് രാഹുല്‍ കെ.പി തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതിരുന്നത് കേരളത്തിനും തിരിച്ചടിയായി.
ഹാഫ് ടൈമിന് തൊട്ടുമുമ്പ് സജിത്തിനെ പിന്‍വലിച്ച് സ്‌ട്രൈക്കര്‍ അഫ്ദല്‍ വി.കെയെ കളത്തിലിറക്കാനുള്ള തീരുമാനമാണ് കേരള വിജയത്തില്‍ നിര്‍ണായകമായത്. കളി ഒരു മണിക്കൂറിനോടടുക്കവെ അഫ്ദല്‍ കോച്ചിന്റെ തീരുമാനത്തെ ന്യായീകരിച്ച് വലകുലുക്കി. വലതുവിങില്‍ നിന്ന് രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് മുന്നേറിയ ജിതിന്റെ പാസില്‍ നിന്ന് രാഹുല്‍ കെ.പി ഷോട്ടുതിര്‍ത്തെങ്കിലും മിസോറം കീപ്പര്‍ ലാല്‍തന്‍പുയ്യ റാള്‍ട്ടെ തട്ടിയകറ്റി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അഫ്ദലിന്റെ കാലിലാണ് പന്തെത്തിയത്. പന്ത് നിയന്ത്രിച്ച അഫ്ദല്‍ പിഴവ് വരുത്താതെ ലക്ഷ്യം കാണുകയും ചെയ്തു.
കളിയുടെ ഗതിക്കു വിപരീതമായി വീണ ഗോള്‍ മിസോറമിനെ ഞെട്ടിച്ചു. വാശിയേറിയ ആക്രമണങ്ങളിലൂടെ ഗോളടിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കേരള പ്രതിരോധം ഉരുക്കുകോട്ടയായി നിലകൊണ്ടു. അവസാന ഘട്ടങ്ങളില്‍ സര്‍വം മറന്ന് മിസോറം ആക്രമിച്ചെങ്കിലും സ്വന്തം ബോക്‌സില്‍ സമചിത്തതയോടെ നിന്ന കേരള കളിക്കാര്‍ അപകടമൊഴിവാക്കി. ക്ഷമ നശിച്ച് മിസോറം കളിക്കാര്‍ തൊടുത്ത ലോങ് റേഞ്ചറുകള്‍ക്ക് മിഥുനെ പരീക്ഷിക്കാന്‍ കഴിഞ്ഞതുമില്ല.
അഞ്ച് തവണ ചാമ്പ്യന്മാരായ കേരളത്തിന്റെ പതിനാലാമത് സന്തോഷ് ട്രോഫി ഫൈനല്‍ പ്രവേശമാണിത്. 32 തവണ ചാമ്പ്യന്മാരാണ് ആതിഥേയരായ ബംഗാള്‍. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ബംഗാളിനായി ആരവം മുഴക്കുന്ന കാണികളെയും ആതിഥേയര്‍ക്ക് അനുകൂലമായ അന്തരീക്ഷത്തെയും കീഴടക്കുക എന്നതാവും സതീവനും കുട്ടികള്‍ക്കും മുന്നിലുള്ള വെല്ലുവിളി. 1994 ല്‍ കട്ടക്കില്‍ വെച്ചാണ് ഇതിനു മുമ്പ് കേരളം – ബംഗാള്‍ ഫൈനല്‍ നടന്നത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജയം ബംഗാളിനൊപ്പമായിരുന്നു. അവസാനമായി കപ്പടിച്ച 2004-നു ശേഷം 2012-ല്‍ ഫൈനലിലെത്തിയെങ്കിലും കിരീടമുയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.
ഇത്തവണ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിക്കാന്‍ കഴിഞ്ഞുവെന്നത് കേരളത്തിന് പ്രതീക്ഷ പകരുന്നുണ്ട്.

Sports

ബുംറയെ കണക്കിന് പ്രഹരിച്ച് ഓസീസിന്റെ 19കാരന്‍ സാം കോണ്‍സ്റ്റാസ്

65 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമടക്കം 60 റണ്‍സാണ് താരം അടിച്ചെടുത്തത്

Published

on

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ വിറപ്പിച്ച് 19കാരനായ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ്. ഇന്ത്യന്‍ പേസ് നിരയിലെ ഏറ്റവും അപകടകാരിയായ ബോളര്‍ ജസ്പ്രീത് ബുംറയെ ഭയലേശമന്യേ നേരിട്ടാണ് യുവതാരം ടെസ്റ്റ് ക്രിക്കറ്റില്‍ വരവറിയിച്ചത്. ഓസീസിനായി ഇന്ന് അരങ്ങേറ്റം കുറിച്ച സാം കന്നി മത്സരത്തിന്റെ സങ്കോചങ്ങളൊന്നുമില്ലാതെ അര്‍ധ സെഞ്ച്വറി കുറിച്ചു.

ബുംറ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട് കോണ്‍സ്റ്റാസ് അതിവേഗം ടീം സ്‌കോര്‍ ഉയര്‍ത്തുന്നത് തലവേദനയാകുമെന്ന് കണ്ടതോടെ വിരാട് കോഹ്ലി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് മത്സരത്തില്‍ വാക്കുതര്‍ക്കത്തിനിടയാക്കി. മത്സരത്തിന്റെ പത്താം ഓവറിലാണ് സംഭവം. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് നടന്നുനീങ്ങുന്ന കോന്‍സ്റ്റാസിന്റെ തോളില്‍ കോഹ്ലി മനപൂര്‍വം തട്ടിയതാണ് തര്‍ക്കത്തിനു കാരണമായത്. കോഹ്ലിയുടെ അനാവശ്യ പ്രകോപനത്തോട് ബാറ്റുകൊണ്ടാണ് യുവതാരം മറുപടി നല്‍കിയത്. 19കാരനായ അരങ്ങേറ്റക്കാരനോട് തര്‍ക്കിച്ചതോടെ കോഹ്ലിയുടെ നിലവാരം താഴ്ന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

ആദ്യ ഓവറില്‍ ബുംറയുടെ പന്തുകള്‍ ശ്രദ്ധയോടെ നേരിട്ടെങ്കിലും പിന്നീടങ്ങോട്ട് കണ്ടത് കോണ്‍സ്റ്റാസിന്റെ അഴിഞ്ഞാട്ടമാണ്. മത്സരത്തിന്റെ ഏഴാം ഓവറില്‍ ബുംറ ആദ്യമായി 19കാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ആദ്യ പന്ത് ബൗണ്ടറി കടത്തിയ താരം, രണ്ടാം പന്ത് സിക്‌സും പറത്തി. ബുംറയുടെ ടെസ്റ്റ് കരിയറിലെ ഒരിക്കലും മറക്കാനാകാത്ത തിരിച്ചടി. 2021നുശേഷം ടെസ്റ്റില്‍ ബുംറയുടെ പന്തില്‍ ആദ്യമായാണ് ഒരുതാരം സിക്‌സടിക്കുന്നത്. അതും ഒരു അരങ്ങേറ്റക്കാരന്‍.

ബുംറ നാലു വര്‍ഷത്തിനിടെ ടെസ്റ്റില്‍ 4448 പന്തുകള്‍ എറിഞ്ഞെങ്കിലും ഒരാള്‍ക്കുപോലും സിക്‌സ് നേടാന്‍ കഴിഞ്ഞിരുന്നില്ല. 11ാം ഓവറിലും ബുംറ യുവതാരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു സിക്‌സും രണ്ടു ഫോറുമടക്കം 18 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകളില്‍ സാഹസിക ഷോട്ടുകള്‍ ഉള്‍പ്പെടെ അനായാസം കളിച്ച താരം 52 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തി. 65 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമടക്കം 60 റണ്‍സെടുത്ത താരത്തെ രവീന്ദ്ര ജദേജ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കിയാണ് പുറത്താക്കിയത്.

Continue Reading

Cricket

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി.

Published

on

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ റെക്കോഡ് റേറ്റിങ് പോയന്റുമായി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ.

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി. 904 റേറ്റിങ് പോയന്റാണ് ഇപ്പോള്‍ ബുംറയ്ക്കുള്ളത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് കൂടിയാണിത്.

ബ്രിസ്‌ബെയ്‌നിലെ ഗാബ ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തോടെ 14 റേറ്റിങ് പോയന്റാണ് താരത്തിന് ലഭിച്ചത്. ഇതോടെയാണ് 904 റേറ്റിങ് പോയന്റിലേക്ക് ബുംറ എത്തിയത്. 2016 ഡിസംബറിലാണ് അശ്വിന്‍ 904 റേറ്റിങ് പോയന്റ് നേടിയത്.

മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 10.90 ശരാശരിയില്‍ 21 വിക്കറ്റുകളാണ് ബുംറ നേടിയത്. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ചരിത്രത്തില്‍ മറ്റൊരു ബൗളറും ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്ക് ശേഷം ഇതുവരെ 15 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടില്ല. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയ്ക്ക് 856 പോയന്റ് മാത്രമാണുള്ളത്.

ഇതോടൊപ്പം ഏഷ്യന്‍ പേസ് ബൗളര്‍മാരില്‍ 900 റേറ്റിങ് പോയന്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ബുംറ. പാക് താരങ്ങളായ ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

Continue Reading

Football

ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തിളക്കമാര്‍ന്ന ജയം. സെവിയ്യയെ 4-2നാണ് തകര്‍ത്തത്. കിലിയന്‍ എംബാപെ(10), ഫെഡറികോ വാല്‍വെര്‍ഡെ(20), റോഡ്രിഗോ(34), ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെ വെടിയുണ്ട ഷോട്ട് പായിച്ചു. സെവിയ്യ ഗോള്‍കീപ്പറെ അനായാസം മറികടന്നു പോസ്റ്റിലേക്ക്. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദര്‍ശകര്‍ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.

Continue Reading

Trending