Connect with us

Sports

ദേശീയ വോളി: കേരള വനിതകള്‍ ഫൈനലില്‍

Published

on

 

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്

തമിഴ്‌നാടിനെ അനായാസം മറികടന്ന് കേരളവനിതകള്‍ ദേശീയ വോളിബോള്‍ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ആതിഥേയരായ കേരളം അയല്‍ക്കാരെ കീഴടക്കിയത്. സ്‌കോര്‍(25-14, 25-17, 25-21). ഇതോടെ തുടര്‍ച്ചയായി പത്താംഫൈനലിലേക്കാണ് കേരളം യോഗ്യതനേടിയത്. ആദ്യരണ്ട് സെറ്റില്‍ എതിരാളികളില്‍ നിന്ന് കാര്യമായ പരീക്ഷണം നേരിടാതിരുന്ന കേരളം മൂന്നാംസെറ്റില്‍മാത്രമാണ് അല്‍പമെങ്കിലും വിയര്‍ത്തത്.
ഗ്രൂപ്പ്ഘട്ടം മുതല്‍ മിന്നുംഫോമില്‍ കളിക്കുന്ന അഞ്ജു ബാലകൃഷ്ണന്‍, ക്യാപ്റ്റന്‍ ജി. അഞ്ജുമോള്‍, അഞ്ജലി ബാബു എന്നിവരുടെ സ്മാഷുകളാണ് കേരളത്തിന് പോയന്റുകള്‍ നേടികൊടുത്തത്. എസ്.രേഖയും അവസരത്തിനൊത്തുയര്‍ന്നു. ലിബറോയുടെ റോളിലെത്തിയ അശ്വതി രവീന്ദ്രന്‍ നിറംമങ്ങിയപ്പോള്‍ മൂന്നാംസെറ്റില്‍ ഫാത്തിമ റുക്‌സാനയ്ക്ക് കോച്ച് അവസരം നല്‍കി. രണ്ടാം സെറ്റില്‍ കേരള താരങ്ങളായ അഞ്ജലി ബാബു, അനുശ്രീ എന്നിവര്‍ തുടര്‍ച്ചയായി സര്‍വുകള്‍ നഷ്ടപ്പെടുത്തി. അനുശ്രീയുടെ അഞ്ച് സ്മാഷുകളും രേഖ, അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണന്‍, ക്യാപ്റ്റന്‍ അഞ്ജു മോള്‍ എന്നിവരുടെ സ്മാഷുകളും 25-17ന് രണ്ടാം സെറ്റും കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. ഇരുടീമുകളും പതിഞ്ഞ കളിപുറത്തെടുത്തതോടെ ആദ്യ രണ്ട് സെറ്റുകള്‍ സെമി ആവേശത്തിലേക്ക് ഉയരാഞ്ഞത് കാണികളില്‍ നിരാശയുണ്ടാക്കി.
മൂന്നാം സെറ്റില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന തമിഴ്‌നാട് തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയാണ് മുന്നേറിയത്. 6-6, 7-7 ഒപ്പത്തിനൊപ്പവും കേരളം ചെറിയ മാര്‍ജിനില്‍ മുന്നേറ്റവും തുടര്‍ന്നു. 21-20ല്‍ എത്തിയ സെറ്റില്‍ എസ്.ജിനിയുടെ മികച്ച പ്ലേസിങില്‍ 25-21ന് കേരള വനിതകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. തമിഴ്‌നാടിന് വേണ്ടി ഐശ്വര്യ, സംഗീത എന്നിവര്‍ സ്‌കോര്‍ ചെയ്ത് മൂന്നാം സെറ്റില്‍ മികച്ച കളി പുറത്തെടുത്തു. ഇന്ന് വൈകുന്നേരം മൂന്ന്മണിക്ക് നടക്കുന്ന റെയില്‍വേസ് മഹാരാഷ്ട്ര സെമിഫൈനല്‍ വിജയികളുമായി കേരളം ഫൈനലില്‍ ഏറ്റുമുട്ടും.
പുരുഷവിഭാഗം സെമിഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ കേരള പുരുഷടീം ഇന്ന് വൈകുന്നേരം അഞ്ചിന് തമിഴ്‌നാടിനെ നേരിടും. ബുധനാഴ്ച വൈകുന്നേരമാണ് കലാശപോരാട്ടം. വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് ട്രേഡ്‌സെന്ററില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച വോളിബോള്‍ താരങ്ങളേയും പരിശീലകരേയും ആദരിച്ചു.
അതേസമയം അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിന് അനുകൂലമായി പ്ലകാര്‍ഡുകളേന്തിയാണ് ഇന്നലെ കാണികള്‍ ഗ്യാലറിയിലെത്തിയത്. ആദരിക്കല്‍ചടങ്ങില്‍ ടോമിന് ക്ഷണമുണ്ടായിരന്നെങ്കിലും അസോസിയേഷനുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് താരം പങ്കെടുത്തില്ല.

Football

ബ്രസീലിനെ സമനിലയില്‍ തളച്ച് ഉറുഗ്വെ; ചിലിക്ക് അനായാസ വിജയം

രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്‌കോര്‍ ചെയ്തത്.

Published

on

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പെറുവിനോട് ഒരു ഗോള്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ വീണ്ടും സമനിലയില്‍ കുരുങ്ങി. ഉറുഗ്വായുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു.

രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്‌കോര്‍ ചെയ്തത്. സാല്‍വദോറിലെ ഫോണ്ടേ നോവാ അരീനയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 55-ാം മിനുറ്റില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഫെഡെ വാല്‍വെര്‍ദെയുടെ തകര്‍പ്പന്‍ അടിയില്‍ ഉറുഗ്വെയാണ് ആദ്യം ലീഡ് എടുത്തത്.

ബോക്സിന് പുറത്ത് നിന്നുതിര്‍ത്ത മിന്നലടി ബ്രസീല്‍ കീപ്പര്‍ ഏഡേഴ്‌സണെ കാഴ്ച്ചക്കാരനാക്കി വലയില്‍ കയറി. അധികം വൈകാതെ തന്നെയായിരുന്നു ബ്രസീലിന്റെ മറുപടി. 62-ാം മിനുറ്റില്‍ ഉറുഗ്വെ താരങ്ങള്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിലുണ്ടായ പിഴവ് മുതലെടുത്ത് ഗെര്‍സണ്‍ ഡിസില്‍വ ബ്രസീലിനെ ഒപ്പമെത്തിച്ചു. അത്യൂഗ്രന്‍ ഹാഫ് വോളിയിലൂടെയായിരുന്നു മറുപടി ഗോള്‍. ഗോള്‍ വീണതിന് ശേഷം ഒത്തിണക്കത്തോടെ മുന്നേറിയെങ്കിലും കാനറികള്‍ക്ക് വിജയഗോള്‍ മാത്രം നേടാനായില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോടും ബ്രസീലിന് ഇതേ സ്‌കോറില്‍ സമനില പാലിക്കേണ്ടി വന്നിരുന്നു. ലോക കപ്പ് യോഗ്യത റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ചിലി വെനസ്വേലയെ പരാജയപ്പെടുത്തി. അതേ സമയം ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ 12 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്നത്തെ വിജയത്തോടെ 25 പോയിന്റുമായി അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 20 പോയിന്റുള്ള ഉറുഗ്വെയ് രണ്ടാമതും 18 പോയിന്റുള്ള ബ്രസീല്‍ അഞ്ചാമതുമാണ്. 19 പോയിന്റുമായി ഇക്വഡോര്‍ ആണ് അര്‍ജന്റീനക്ക് തൊട്ടുപിന്നിലുള്ളത്. 19 പോയിന്റ് ഉണ്ടെങ്കിലും കൊളംബിയ നാലാംസ്ഥാനത്തും ഉണ്ട്.

Continue Reading

Football

ലൗതാരോയുടെ കിടിലൻ വോളിയില്‍ അര്‍ജന്റീനയ്ക്ക് വിജയം, മെസ്സിക്ക് അസിസ്റ്റ്‌

രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍.

Published

on

തോൽവിയുടെ ആഘാതത്തിൽനിന്ന് വിജയത്തിലേക്ക് തിരിച്ചുകയറി അർജന്റീന. ലോക കപ്പ് യോഗ്യതമത്സരത്തില്‍ ഒരു ഷോട്ട് പോലും അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് പായിക്കാനാകാത്ത തീര്‍ത്തും ദുര്‍ബലമായിപോയ പെറുവിനെതിരെ ഏക ഗോളിന്റെ വിജയവുമായി അര്‍ജന്റീന. രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍.

മത്സരത്തില്‍ താരതമ്യേന അര്‍ജന്റീനക്ക് തന്നെയായിരുന്നു മേല്‍ക്കൈ എങ്കിലും വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞുള്ളു. ആവേശകരമായ നീക്കങ്ങളൊന്നും തന്നെ ഇരുടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

പെറു പ്രതിരോധത്തെ വകഞ്ഞ് അര്‍ജന്റീനിയന്‍ താരങ്ങള്‍ നടത്തിയ റെയ്ഡിനൊടുവിലായിരുന്നു മത്സരത്തിലെ ഏകഗോള്‍ പിറന്നത്. ബില്‍ഡ് അപ്പിനൊടുവില്‍ 55-ാം മിനിറ്റില്‍ പെറു പോസ്റ്റിന്റെ ഇടതുവശത്ത് നിന്ന് മെസിക്ക് പന്ത് ലഭിച്ചു. ബോക്‌സിലേക്ക് മെസിയുടെ അളന്നുമുറിച്ച അധികം ഉയരമില്ലാത്ത പാസ്.

ബോസ്‌കില്‍ നിലയുറപ്പിച്ച ലൗട്ടാരോ മാര്‍ട്ടിനസ് ഇടതുകാലിനാല്‍ സുന്ദരമായി പന്ത് പോസ്റ്റിലേക്ക് അടിച്ചു കയറ്റി. സ്‌കോര്‍ 1-0. തുടര്‍ന്നു ഗോളിനായി അര്‍ജന്റീന നീക്കങ്ങള്‍ നടത്തിയെങ്കിലും പെറു പ്രതിരോധിച്ചു. മറുഭാഗത്തേക്ക് ഓണ്‍ ടാര്‍ഗറ്റ് എന്ന നിലയിലുള്ള നീക്കങ്ങള്‍ ഒന്നും തന്നെ പെറുവിന് നടത്താനായില്ല. അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന് ‘പൂര്‍ണവിശ്രമം’ ആയിരുന്നു മത്സരത്തിലുടനീളം. ഒരിക്കല്‍ പോലും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണിക്കാന്‍ ആയില്ല.

വിരസമായ മത്സരത്തില്‍ അര്‍ജന്റീന തന്നെയാണ് നീക്കങ്ങളില്‍ മുമ്പില്‍. ആദ്യ പകുതിയിലെ 13-ാം മിനിറ്റില്‍ മെസിയുടെ നേതൃത്വത്തിലുള്ള നീക്കം ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും അവസരം മുതലാക്കാനായില്ല. പതിനെട്ടാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും നിഷ്ഫലമായി. 22-ാം മിനിറ്റില്‍ ലൗട്ടാരോ പെറു ബോക്‌സിനുള്ളില്‍ നിന്ന് ജൂലിയന്‍ അല്‍വാരസിന് നല്‍കിയ പാസ് സ്വീകരിച്ച് തൊടുത്ത ഷോട്ട് വലതുപോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. 24-ാം മിനിറ്റില്‍ ബോക്‌സിന് ഏതാനും വാര അകലെ നിന്ന് ജൂലിയന്‍ അല്‍വാരസ് മാക് അലിസ്റ്ററെ ലക്ഷ്യമിട്ട് ബോക്‌സിലേക്ക് നല്‍കിയ ഓവര്‍ ഹെഡ് ബോളില്‍ അദ്ദേഹം തല വെച്ചെങ്കിലും വലതുപോസ്റ്റിനരികിലൂടെ അതും പുറത്തേക്ക് പോയി.

മറുഭാഗത്ത് പെറു ക്യാപ്റ്റന്‍ പൗലോ ഗോണ്‍സാലസിന്റെ നേതൃത്വത്തില്‍ ദുര്‍ബലമായ നീക്കങ്ങള്‍ മാത്രമാണ് ആദ്യ പകുതിയിലുണ്ടായത്. ഓട്ടമെന്‍ഡി ഗോണ്‍സാലോ മൊന്‍ഡിയല്‍ എന്നിവരുടെ നേതൃത്വത്തില്‍ പെറുവിന്റെ നീക്കങ്ങളെ അത്ര പണിപ്പെടാതെ തന്നെ ചെറുക്കാനായി.

37-ാം നിനിറ്റില്‍ മെസിയെ പെറു മധ്യനിരക്കാരന്‍ ജീസസ് കസിലോ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിലും ഗോള്‍ കണ്ടെത്താനായില്ല. 43-ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക് പോസ്റ്റിലേക്ക് എത്തിയെങ്കിലും പെറു കീപ്പര്‍ പെഡ്രോ ഗല്ലീസ് കൈപ്പിടിയിലൊതുക്കി. 44-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കാര്‍ഡ് റഫറി പുറത്തെടുത്തു. അല്‍വാരസിനെ ഫൗള്‍ ചെയ്തതിന് മിഖേല്‍ അരൗജോക്കായിരുന്നു മഞ്ഞക്കാര്‍ഡ്. ആദ്യപകുതിയിലെ അധികസമയത്തിലെ അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് ബോക്‌സിലേക്ക് ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.

രണ്ടാം പകുതിയിലെ അറുപതാം മിനിറ്റില്‍ പെറു ഹാഫിന്റെ ഇടതുമൂലയില്‍ നിന്ന് മെസിയുടെ ഫ്രീകിക്ക്. ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്ത് അര്‍ജന്റീനിയന്‍ താരങ്ങള്‍ക്ക് ലഭിക്കാതെ പുറത്തുപോയി. തൊട്ടടുത്ത നിമിഷവും സമാനമായി ബോക്‌സിലേക്ക് പന്ത് എത്തിയെങ്കിലും മുതലാക്കാനായില്ല. 65-ാം മിനിറ്റില്‍ പെറുവിന് അനുകൂലമായ ഫ്രീകിക്ക്. ഓട്ടമെന്‍ഡി പെറു മുന്നേറ്റനിര താരത്തെ ഫൗള്‍ ചെയ്തതിനായിരുന്നു കിക്ക് ലഭിച്ചത്. പകരക്കാരനായി എത്തിയ അറ്റാക്കര്‍ ലപാഡുല അര്‍ജന്റീനയുടെ ബോക്‌സിന് തൊട്ട് പുറത്ത് നിന്ന് തൊടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

74-ാം മിനിറ്റില്‍ പെറുവിന്റെ മുന്നേറ്റം. പെറു പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച സെര്‍ജിയോ പെന ലപാഡുലയിലേക്ക് ഒരു നീളന്‍ ലോബ് നല്‍കുന്നു. പന്ത് വരുതിയിലാക്കിയ ലപാഡുല മുന്നോട്ട് ഓടിയെത്തിയ സെര്‍ജിയോ പെനക്ക് തന്നെ പന്ത് കൈമാറി. പെന പായിച്ച ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറക്കുന്ന കാഴ്ച്ച.

പെറു പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. അര്‍ജന്റീന പ്രതിരോധത്തിലേക്ക്. 81-ാം മിനിറ്റില്‍ ലൗട്ടാരോയെയും ഡിപോളിനെയും പിന്‍വലിച്ചു. പകരം ലോ സെല്‍സോയും ഗിലിയാനോ സിമിയോണിയും കളത്തിലെത്തി. നാല് മിനിറ്റ് മുമ്പ് പ്രതിരോധത്തില്‍ നിന്ന് ഗോണ്‍സാലോ മോണ്‍ഡിയലിനെ പിന്‍വലിച്ച് നെഹുവാന്‍ പെരെസിനെ ഇറക്കിയിരുന്നു.

മറുഭാഗത്ത് രണ്ട് മാറ്റങ്ങള്‍ പെറു വരുത്തി. മുന്‍നിരയില്‍ നിന്ന് അലക്‌സ് വലേര, ഒലിവര്‍ സോനെ എന്നിവര്‍ പിന്‍വലിക്കപ്പെട്ടു. പകരക്കാരായി എഡിസണ്‍ ഫ്‌ളോറസ്, ബ്രയാന്‍ റയ്‌ന എന്നിവര്‍ കളത്തിലെത്തി. 90 മിനിറ്റില്‍ മാക് അലിസ്റ്റര്‍, ബലേര്‍ഡി എന്നിവര്‍ക്ക് പകരക്കാരായി പരേഡസ്, ഫാകുണ്ടോ മദീന എന്നിവരെത്തി. അധികസമയമായി നല്‍കിയ നാല് മിനിറ്റിലും പറയത്തക്ക നീക്കങ്ങളൊന്നും ഇരുഭാഗത്ത് നിന്നും ഇല്ലാതെ മത്സരം അവസാനിച്ചു.

Continue Reading

Football

സന്തോഷ് ട്രോഫി: കേരളം നാളെ ഇറങ്ങുന്നു, എതിരാളികള്‍ റെയില്‍വേസ്

15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള സ്‌ക്വാഡ് ശ്കതമാണ്.

Published

on

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ എല്ലാം കോഴിക്കോട് നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡയത്തിലാണ്. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള സ്‌ക്വാഡ് ശ്കതമാണ്. ഏത് ടീമിനും ഭീഷണിയായി മാറാന്‍ കഴിയുന്ന മികച്ച മുന്നേറ്റ നിരയുണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ അവകാശവാദം.

ഇത്തവണ പരിക്ക് മൂലമുള്ള ഭീഷണി ടീം കേരളക്ക് ഇല്ല. ഗ്രൂപ്പ് എച്ചിലെ ശക്തരായ എതിരാളികള്‍ റെയില്‍വേസ് മാത്രമാണെന്നാണ് ഇതുവരെയുള്ള കണക്ക് കൂട്ടല്‍. ഈ ഗ്രൂപ്പില്‍ ലക്ഷദ്വീപും പുതുച്ചേരിയും ആണ് കേരളത്തിന്റെ എതിരാളികള്‍. 20ന് ഉച്ചക്ക് 12 മണിക്കാണ് റെയില്‍വേസുമായുള്ള മത്സരം. പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയും കേരള ടീമിലുണ്ട്. ഈ മാസം 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആകുന്ന ടീമിന് അവസാന റൗണ്ടിലേക്ക് എത്താം.

അടുത്ത മാസം ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. രാജ്യത്തെ വിവിധ സോണുകളില്‍ നിന്ന് യോഗ്യത നേടിയ 12 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കും. 2022-ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീട് ചൂടിയത്. സ്വന്തം മണ്ണിലായിരുന്നു കേരളത്തിന്റെ കിരീടനേട്ടം. ഇതുവരെ 15 തവണ കേരളം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴുതവണ കിരീടം ചൂടി. പ്രാഥമിക റൗണ്ടിലെ ആദ്യമത്സരം കടുത്തതായിരിക്കുമെങ്കിലും വിജയ പ്രതീക്ഷയിലാണ് ടീം കേരള.

Continue Reading

Trending