Connect with us

kerala

എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം; സർക്കാർ ഉത്തരവിറക്കി

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് അജിത് കുമാറും പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പി ശശിയും തുടരുമ്പോഴാണ് ഇവർക്ക് താഴെയുള്ള ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നത്

Published

on

എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ എഡിജിപി റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥരാണ്.

അതേസമയം അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് അജിത് കുമാറും പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പി ശശിയും തുടരുമ്പോഴാണ് ഇവർക്ക് താഴെയുള്ള ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നത്.

അജിത് കുമാറിനെതിരെ പിവി അൻവർ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. ഫോൺ ചോർത്തൽ, സ്വർണക്കടത്ത് ബന്ധം അടക്കമുള്ള ആരോപണങ്ങൾ അൻവർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പൊതുവേദിയിൽ വെച്ചാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനും മണിക്കൂറുകൾക്ക് ശേഷമാണ് അന്വഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.

ഐജി സ്പർജൻകുമാർ, ഡിഐജി തോംസൺ ജോസ്, എസ് പിമാരായ എസ് മധുസൂദനൻ, എ ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

kerala

ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇഡി

കോഴിക്കോട് ഓഫിസിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്

Published

on

വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇഡി. ചെന്നൈയിലെ ഓഫിസിലേക്ക് എത്രയും വേഗം എത്താനാണ് ഇ.ഡിയുടെ നിര്‍ദേശം. കോഴിക്കോട് ഓഫിസിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്.

ചെന്നൈയിലെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് തുടരുകയാണ്. ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999) നിയമ പ്രകാരമാണ് പരിശോധന നടക്കുന്നത്. എമ്പുരാന്‍ സിനിമ വിവാദമായതിന് പിന്നാലെയാണ് നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സിനിമയിലെ ഗുജറാത്ത് വംശഹത്യയെ സൂചിപ്പിച്ച രംഗങ്ങള്‍ ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു. തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം വീണ്ടും റീ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുഹൃത്തിനെ പ്രതി ചേര്‍ത്തു

സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി

Published

on

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനെ പ്രതി ചേര്‍ത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പേട്ട പൊലീസിന്റേതാണ് നടപടി. സുഹൃത്തായ സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയതിനു പിന്നാലെയാണ് നടപടി.

മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നായിരുന്നു യുവതിയുടെ പിതാവ് ആരോപിച്ചിരുന്നത്. മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. ശമ്പളം അടക്കം മകള്‍ സുകാന്തിന് അയച്ചു നല്‍കിയിരുന്നതായും പിതാവ് പെളിപ്പെടുത്തിയിരുന്നു. അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചു.

കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് പറഞ്ഞത്.

യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സുകാന്ത് പറഞ്ഞിരുന്നു.

അതേസമയം രക്ഷപ്പെടാന്‍ സുകാന്ത് എന്തും ചെയ്യുമെന്നായിരുന്നു ഇതിനോട് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പ്രതികരിച്ചത്. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും വിവാഹാലോചന നടന്നിട്ടില്ലെന്നും പിതാവ് പറയുന്നു. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നും പിതാവ് പറഞ്ഞിരുന്നു.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

 

Continue Reading

kerala

കക്കാടം പൊയില്‍ വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി

കക്കാടം പൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് യുവാവിനെ കാണാതായത്

Published

on

കോഴിക്കോട് കക്കാടം പൊയില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട യുവാവിനെ കാണാതായി. കക്കാടം പൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് യുവാവിനെ കാണാതായത്. കോഴിക്കോട് ദേവഗിരി കോളജ് വിദ്യാര്‍ഥി ഗിരീഷ് ആണ് ഒഴുക്കില്‍ പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ് ഗിരീഷ്. നാട്ടുകാരും നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കയാണ്. സ്ഥലത്തേക്കുള്ള പ്രവേശനം പൊലീസ് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

Continue Reading

Trending