X

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം. 74 വയസായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ എസ്ബിയുടെ നില ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.

ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതില്‍ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതല്‍ പാടിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ് എസ്.പി.ബി ക്ക് സ്വന്തമാണ്.

ഗായകനെന്നതിന്റെയൊപ്പം നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.

 

Test User: