X
    Categories: MoreViews

ലാവ്‌ലിന്‍: പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിവിധിയില്‍ പിഴവുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍. ഹോക്കോടതി വിധി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി.ബി.ഐ പറഞ്ഞു.

കരാറില്‍ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സി.ബി.ഐ വാദം. ലാവ്‌ലിന്റെ അതിഥിയായി പിണറായി വിജയന്‍ കാനഡയില്‍ ഉളളപ്പോഴാണ് സപ്ലൈ കരാര്‍ നടക്കുന്നത്. ലാവലിന് വലിയ ലാഭവും കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടവുമുണ്ടായെന്നും പിണറായി വിജയന്‍ വിചാരണ നേരിടണമെന്നും സി.ബി.ഐ നിലപാട് വ്യക്തമാക്കി. കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസ് എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്നും ഇവര്‍ വിചാരണ നേരിടണമെന്നും സി.ബി.ഐ പറഞ്ഞു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണു കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്കു നല്‍കുന്നതിനു പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണു പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാര്‍ ഒപ്പിട്ടതു പിന്നീടുവന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

സി.ബി.ഐ പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കേസില്‍നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടിയാണു ഹൈക്കോടതി ശരിവച്ചത്. എന്നാല്‍, വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചു.

മൂന്നു പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയതാണു സി.ബി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പിണറായിക്കും മറ്റും ലഭിച്ചതു പോലെയുള്ള വിധിയിലൂടെ തങ്ങളെയും കേസില്‍നിന്ന് ഒഴിവാക്കണമെന്നു രാജശേഖരന്‍ നായരും ശിവദാസനും കസ്തൂരിരംഗ അയ്യരും ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിടട്ടെയെന്നും മൂന്നുപേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്നു വിധിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നുമാണ് സി.ബി.ഐ വാദിച്ചത്.

chandrika: