തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവും എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ വിമര്‍ശനത്തിന് കിടിലന്‍ മറുപടിയുമായി വാര്‍ത്താവതാരക സ്മൃതി പരുത്തിക്കാട്. ഫസല്‍ വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപ്പെട്ടെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച ചാനല്‍ ചര്‍ച്ചക്കിടെയാണ് ഷംസീര്‍ വാര്‍ത്താ അവതാരകക്കെതിരെ രംഗത്തുവന്നത്.
നിങ്ങള്‍ അര്‍ണാബ് ഗോസ്വാമിക്ക് പഠിക്കുകയാണോ എന്ന് അവതാരകയോട് ചോദിച്ച ഷംസീര്‍ യാതൊരു അടിസ്ഥാനവുമില്ലാതെയാണ് വാര്‍ത്ത പുറത്തുവിട്ടതെന്ന് കുറ്റപ്പെടുത്തി. ബ്രേക്കിങ് ന്യൂസ് നല്‍കുന്നതിന് മുമ്പ് നിങ്ങളുടെ സീനിയര്‍ ആയ വ്യക്തികള്‍ വാര്‍ത്ത സത്യമാണോ എന്ന് പരിശോധിക്കണമായിരുന്നുവെന്ന് പറഞ്ഞു. കൃത്യമായ അജണ്ട മുന്‍നിര്‍ത്തിയാണ് ചാനല്‍ ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടതെന്നും ഷംസീര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ വാര്‍ത്താ അവതാരക ചര്‍ച്ചക്കിടെ തന്നെ ഷംസീറിന് മറുപടി നല്‍കി. താന്‍ ആര്‍ക്ക് പഠിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നായിരുന്നു സ്മൃതിയുടെ മറുപടി. ഫസല്‍വധക്കേസിലെ പ്രതികള്‍ ആരൊക്കെയാണെന്ന് ലോകത്തിന് അറിയാമെന്ന് പറഞ്ഞപ്പോള്‍ അത് ആരൊക്കെയാണെന്ന് നിങ്ങള്‍ തന്നെ പറയുവെന്നും സ്മൃതി പറഞ്ഞു.
2006ല്‍ ഫസല്‍ വധക്കേസില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡി.വൈ.എസ്.പി രാധാകൃഷ്ണനാണ് ഗുരുതര ആരോപണവുമായി രംഗത്തുവന്നത്.
അന്വേഷണം ഏറ്റെടുത്തതിന്റെ പത്താംദിവസം രാവിലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ച് അന്വേഷണം അവസാനിപ്പിക്കാനും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐഎം നേതാക്കള്‍ക്കെതിരെ അന്വേഷണം തിരിയുന്നുവെന്ന ഘട്ടത്തിലാണ് കോടിയേരി ഇടപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.