ചെറുതില്‍ നിന്നും വലുതാവാറുണ്ടെങ്കിലും ഒരാള്‍ വലുതാകാന്‍ ചെറുതാവേണ്ടതുണ്ടോ?. ഈ ചോദ്യത്തിനു എന്തായാലും വര്‍ത്തമാന സാഹചര്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തില്‍ സ്‌കോപ്പുണ്ട്. കേരളത്തില്‍ ഇതുവരെ ക്ലച്ചു പിടിക്കാത്ത കേന്ദ്ര ഭരണ കക്ഷിയ്ക്ക് എവിടെ എങ്കിലും ഒരു കച്ചിത്തുരുമ്പുണ്ടാക്കാനായി പെടാപാട് പെടുന്നൊരു ഗവര്‍ണറുണ്ടാകുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ആരില്‍ നിന്നെങ്കിലും ഉയര്‍ന്നാല്‍ കുറ്റം പറയാനൊക്കില്ല. ഗവര്‍ണറാകും മുമ്പ് പുലിയായിരുന്നു ആളെന്നാണ് ഇപ്പോള്‍ സുരേന്ദ്രന്‍ ജി അടക്കമുള്ള ബി.ജെ.പിയുടെ കാര്യകര്‍ത്താക്കളായ ജി കള്‍ പറയുന്നത്.
എന്നാല്‍ ഓന്തുകള്‍ വരെ ആത്മഹത്യ ചെയ്യുന്ന നിറം മാറ്റത്തിന്റെ കഥയാണ് മറു പക്ഷവും ഉയര്‍ത്തിപ്പിടിക്കുന്നത്. സംഗതിയില്‍ ഒരു ചെറിയ ഇതില്ലാതില്ല താനും. പഠിക്കുമ്പോള്‍ അലീഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിക്കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചത്. എന്നാല്‍ ഇപ്പോള്‍ പഴയൊതൊക്കെ മറക്കാനാണ് ടിയാന് താല്‍പര്യം. അതിപ്പോ ഓരോ കീഴ് വഴക്കങ്ങളാവുമ്പോള്‍ അങ്ങിനെയാണല്ലോ. ഈ ഗവര്‍ണര്‍ പദവി എന്നു പറയുന്നത് രാഷ്ട്രീയ നിയമനമാണെന്ന് അരിയാഹാരമോ ഇനി ഗോതമ്പാഹാരമോ തന്നെ കഴിക്കുന്നവര്‍ക്കൊക്കെയും അറിയാം. എന്നാലും ഭരണഘടനാ സ്ഥാപനത്തിലിരുന്നു കൊണ്ട് രാഷ്ട്രീയം കളിക്കാന്‍ ആരും ഇറങ്ങിത്തിരിക്കാറില്ല താനും.
എന്നാല്‍ കാലവും കഥയുമൊക്കെ മാറിയതോടെ രാജ്യത്ത് പ്രതിപക്ഷം ഭരിക്കുന്നേടത്തെല്ലാം ഗവര്‍ണര്‍മാര്‍ കണ്ണുരുട്ടലും ഒപ്പിടിയിക്കലുമൊക്കെയായി വിരട്ടല്‍ പാതയാണ് പിന്തുടരുന്നത്. നട്ടെല്ലുള്ളവരുടെ മുമ്പില്‍ വിലപ്പോവില്ലെന്നത് വേറെ കാര്യം. അയല്‍ സംസ്ഥാനമായ തമിഴ്‌നാടും മമത ഭരിക്കുന്ന ബംഗാളുമൊക്കെ ഉദാഹരണം. പക്ഷേ ചങ്ക് ഡബിളുണ്ടെങ്കിലും കണ്ണുരുട്ടിയാല്‍ കേരളത്തില്‍ കാര്യം നടക്കുമെന്ന് ഭൂമി മലയാളത്തില്‍ എല്ലാവര്‍ക്കുമറിയാം. അതിപ്പോ ഗവര്‍ണറാണേലും കാര്യങ്ങള്‍ ഇവ്വിതം തന്നെ. ഇവിടുത്തെ ഗവര്‍ണര്‍ നയവും ധാര്‍മികതയുമൊക്കെ പറയുന്നത് കേട്ടാല്‍ ലോകത്ത് ആദ്യമായാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രാഷ്ട്രീയക്കാരെ നിയമിക്കുന്നതെന്ന് തോന്നിപ്പോകും. അല്ലേ അല്ല. എന്നാല്‍ പിന്നെ സ്വന്തം സ്റ്റാഫിന്റെ കാര്യമോ?. ഏയ് അതൊന്നും അത്രക്ക് അങ്ങട്ട് ചോദിക്കാവോ എന്നാണ് ജി മാര്‍ തിരിച്ചു പറയുന്നത്.
157 സ്റ്റാഫാണ് കേരള ഗവര്‍ണര്‍ക്ക് സ്വന്തമായുള്ളത്. ആര്‍.എസ്.എസ് അംഗങ്ങളായ എല്ലാവര്‍ക്കും നിയമനം കൊടുക്കാനായാല്‍ അത്രയും നല്ലതെന്നാണ് ഗവര്‍ണറിലെ രാഷ്ട്രീയക്കാരന്റെ പക്ഷമെന്ന് തോന്നിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചെയ്തികള്‍. പ്രൈവറ്റ് സെക്രട്ടറി മുതല്‍ വിരമിച്ചവരെ വരെ സ്ഥിരം നിയമനം കൊടുക്കുന്നത് യഥേഷ്ടം കണ്ണുരുട്ടി ഒപ്പിടിവിച്ച് നടത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവിനു വരെ മാര്‍ക്കിടാനും സൂര്യനു താഴെ എന്തിനെ കുറിച്ചും സ്വന്തമായി അഭിപ്രായം പറയാനും ഇതൊക്കെ പടമാക്കി എടുക്കാന്‍ സ്വന്തം ഫോട്ടോഗ്രാഫറെ നിയമിക്കാനും മടിയൊന്നുമില്ലെന്നത് വേറെ കാര്യം. കണ്ണുരുട്ടിയാല്‍ കാര്യം സാധിക്കുമെന്ന് കേരളത്തിലെ സര്‍ക്കാറിന്റെ ചെയ്തികളില്‍ നിന്നും മനസിലായതോടെ ഇപ്പോള്‍ പ്രതിപക്ഷം എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന ക്ലാസെടുക്കലിലാണ്. ഭരണപക്ഷത്തോട് ഒപ്പിടിവിക്കാനും പ്രതിപക്ഷത്തിന് നേരെ വിരലുയര്‍ത്താനുമൊക്കെ ധൈര്യം കാണിക്കുന്ന ആള് വലിയ സംഭവമാണെന്ന് അദ്ദേഹം കേറി ഇറങ്ങിപ്പോന്ന പാര്‍ട്ടികളുടെ ലിസ്റ്റ് നോക്കിയാല്‍ തന്നെ മനസിലാകും.
സര്‍ക്കസിലെ ട്രപ്പീസുകളിക്കാരന്റെ മെയ് വഴക്കത്തോടെ ഓരോ കാലത്ത് ഓരോ പാര്‍ട്ടിയില്‍ ചാടിക്കളിക്കുക എന്നതായിരുന്നു പ്രധാന വിനോദം. അവിടെ തന്നെ ചില വ്യക്തികളുടെ ആരാധകനാവാനാണ് കൂടുതലും ശ്രമിച്ചത്. ഒരു കാലത്ത് ചരണ്‍ സിങിനെ ആരാധിച്ച് ഭാരതീയ ക്രാന്തി പാര്‍ട്ടിയോടൊപ്പമായിരുന്നു. കിട്ടാവുന്നേടത്തോളം വാങ്ങിയെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിയാനയില്‍ നിന്നും അരക്കൈ നോക്കിയെങ്കിലും എട്ടു നിലയില്‍ പൊട്ടി. പിന്നീട് അവിടൊന്നും നടക്കുകേലെന്ന് മനസിലായതോടെ അടുത്ത ചാട്ടം. ജയപ്രകാശ് നാരായണന്റെ ജനത പാര്‍ട്ടിയായിരുന്നു ഇത്തവണ തട്ടകം. പക്ഷേ അവിടേയും നിലയുറപ്പിക്കാനായില്ല. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലം രാജീവ് ഗാന്ധി പ്രധാനമന്ത്രി വെച്ചു താമസിപ്പിച്ചില്ല, അടുത്ത ചാട്ടം കോണ്‍ഗ്രസിലേക്ക്. 80ല്‍ കാണ്‍പൂരില്‍ നിന്നും 84ല്‍ ബഹ്‌റായിച്ചില്‍ നിന്നും ലോക്‌സഭയിലെത്തി. മന്ത്രിയും ആയി. ആഗ്രഹിച്ചതെല്ലാം പതിയെ പതിയെ ഒപ്പിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസും മടുത്തു. മുസ്്‌ലിം വ്യക്തിനിയമത്തിന്റെ പേരില്‍ രാജീവുമായി ഉടക്കി. അടുത്തത് വി.പി സിങിന്റെ കാലം ജനതാദള്‍ എങ്കില്‍ ജനതാ ദള്‍ അവിടേയും അരക്കൈ നോക്കി. 89ല്‍ ദളിലൂടെ ലോക്‌സഭയിലെത്തി. വ്യോമയാന, ഊര്‍ജ്ജ മന്ത്രിസ്ഥാനവും ലഭിച്ചു. ഏറെ താമസിയാതെ ദള്‍ പല ദളങ്ങളായതോടെ അതും വിട്ടു. ആനപ്പാര്‍ട്ടിയോടായിരുന്നു പിന്നീട് പ്രിയം. മായവതിക്കൊപ്പം സിന്താബാദ് വിളിച്ചു നടക്കെ 98ല്‍ വീണ്ടും യു.പിയില്‍ നിന്നും പാര്‍ലമെന്റിലേക്ക്. ഇനി അധികാരം കിട്ടില്ലെന്ന് ഉറപ്പായതോടെ താമരയുടെ ആരാധകനായി. 2004ല്‍ മത്സരിച്ചു വീണ്ടും തോറ്റു. ശേഷം വീണ്ടും പിണക്കം. 2015ല്‍ മോദി ആരാധകനായി വീണ്ടും ബി.ജെ.പിയിലേക്ക് മടക്കം. ഖുര്‍ആനും മുസ്്‌ലിം വ്യക്തി നിയമവുമൊക്കെ തന്റെ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കാന്‍ കഴിയുന്നൊരാളെ നോക്കി നടന്ന ബി.ജെ.പിക്ക് സന്തോഷം. കാവി പുതച്ച സ്ഥിതിക്ക് ഇനി കുളിപ്പിച്ചു കിടത്താനാവും അടുത്ത ശ്രമം.