Connect with us

kerala

ജോണ്‍ പോള്‍ സാര്‍ മരിച്ചതല്ല,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്; ജോളി ജോസഫ്

‘ജോണ്‍ പോള്‍ സര്‍ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്’ എന്ന് കുറിച്ചു കൊണ്ടാണ് ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍.

Published

on

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന് അടിയന്തര ചികത്സ എത്തിക്കുന്നതില്‍ ഗുരുതര വീഴ്‌ചെയന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നിര്‍മാതാവുമായ ജോളി ജോസഫ്.

വീട്ടിലെ കട്ടിലില്‍നിന്നു താഴെ വീണ ജോണ്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ നിരവധി ആംബുലന്‍സുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ജോളി ജോസഫ് പറഞ്ഞു.ഫേസ്ബുക്ക് വഴിയാണ് ഇദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത. ‘ജോണ്‍ പോള്‍ സര്‍ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്’ എന്ന് കുറിച്ചു കൊണ്ടാണ് ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍.

ജോളി ജോസഫിന്റെ വാക്കുകള്‍

എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് !

കഴിഞ്ഞ ജനുവരി 21 ന് പ്രശസ്ത സംവിധായകന്‍ വൈശാഖിന്റെ ‘ മോണ്‍സ്റ്റര്‍ ‘ എന്ന സിനിമയില്‍ ഒരു ചെറിയ പ്രത്യേക തരം വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരുന്നു … ഒരുപാട് ആളുകള്‍ ഉള്ള ഒരു രാത്രി മാര്‍ക്കറ്റ് ആയിരുന്നു മട്ടാഞ്ചേരിയില്‍ സെറ്റിട്ടത് .. കഥാപാത്രത്തിന്റെ വേഷവിധാനങ്ങളോടെ നിന്ന എന്നെ ജോണ്‍ സാറ് വളരെ പ്രയാസത്തോടെ പരവേശത്തോടെ ഏകദേശം എട്ട് മണിയോടെ ഫോണില്‍ വിളിച്ചു ” അത്യാവശ്യമായി വീട്ടിലേക്ക് വരണം , കട്ടിലില്‍ നിന്നും ഞാന്‍ താഴെ വീണു , എനിക്ക് ഒറ്റയ്ക്ക് എണീക്കാന്‍ പറ്റില്ല … ആരെയെങ്കിലും കൂടെ വിളിച്ചോളൂ … ” എന്റെ സങ്കടങ്ങള്‍ കേള്‍ക്കുന്ന ഗുരുസ്ഥാനീയനായ ജോണ്‍ സാറിന്റെ സങ്കടം എനിക്ക് കൃത്യമായി മനസ്സിലായി .

ഏകദേശം ഇരുനൂറോളം ആളുകളെ പങ്കെടിപ്പിച്ചിട്ടുള്ള ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും യാതൊരു കാരണവശായാലും എനിക്കൊഴിയാനാകില്ലെന്നറിഞ്ഞു ഞാന്‍ പെട്ടെന്ന് ആത്മസുഹൃത്തും നടനുമായ കൈലാഷിനെ വിളിച്ചു … ! ജയരാജ് സാറിന്റെ പടത്തിലെ ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ കൈലാഷ് കുടുംബവുമായി അത്താഴം കഴിക്കാന്‍ പുറത്തെത്തേക്കിറങ്ങിയ സമയത്താണ് എന്റെ വിളി …ഉടനെ അവന്‍ കുടുംബവുമായി ജോണ്‍ സാറിന്റെ വീട്ടിലേക്ക് കുതിച്ചു …. ഞാന്‍ ഫോണില്‍ ജോണ്‍ സാറിനോട് സംസാരിച്ചു സമാധാനിപ്പിച്ചുകൊണ്ടിരുന്നു … വെറും ഇരുപതു മിനിറ്റുകൊണ്ട് അവര്‍ സാറിന്റെ വീട്ടിലെത്തിയപ്പോള്‍ കട്ടിലില്‍ നിന്നും വീണ് തണുത്ത നിലത്തുകിടക്കുന്ന സാറിനെ ഉയര്‍ത്താനുള്ള വഴികള്‍ നോക്കി ….പക്ഷെ ദേഹഭാരമുള്ള സാറിനെ ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല …! ഉടനെ അവര്‍ ഒട്ടനവധി ആംബുലന്‍സുകാരെ വിളിച്ചു , പക്ഷെ അവര്‍ ഇങ്ങിനെയുള്ള ജോലികള്‍ ചെയ്യില്ലത്രേ , ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മാത്രമേ അവര്‍ വരികയുള്ളൂ എന്നാണ് മറുപടി കിട്ടിയത് . ഒരല്പം ഭയന്നിരുന്ന സാറിന്റെ അരികില്‍ ബെഡ് ഷീറ്റുകളും തലയിണകളുമായി കൈലാഷ് കൂട്ടിനിരുന്നപ്പോള്‍ , അവന്റെ ഭാര്യ ദിവ്യ എറണാകുളത്തുള്ള എല്ലാ ഫയര്‍ ഫോഴ്സുകാരെയും വിളിച്ചു കാര്യം പറഞ്ഞു കൊണ്ടിരുന്നു …. അവരുടെ മറുപടി ” ഇത്തരം ആവശ്യങ്ങള്‍ക്ക് ആംബുലന്‍സുകാരെ വിളിക്കൂ , ഞങ്ങള്‍ അപകടം ഉണ്ടായാല്‍ മാത്രമേ വരികയുള്ളൂ ” എന്നായിരുന്നു …!

പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടപ്പോള്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ രണ്ടു ഓഫീസര്‍മാര്‍ വീട്ടിലെത്തി …പക്ഷെ നാല് പേര് ചേര്‍ന്നാലും ഒരു സ്ട്രെച്ചര്‍ ഇല്ലാതെ സാറിനെ ഉയര്‍ത്തുക അപകടമുള്ള പ്രയാസമായ കാര്യമായതിനാല്‍ പോലീസ് ഓഫീസര്‍മാരും ആംബുലന്‍സുകാരെയും ഫയര്‍ ഫോഴ്സിനെയും വിളിച്ചു …പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല , എല്ലാവരും നിരാശരായി , സമയം പോയിക്കൊണ്ടിരുന്നു … അതിനിടയില്‍ അവിടെ വന്ന പോലീസുകാര്‍ മടങ്ങിപ്പോയി …! തണുത്ത നിലത്ത് കിടന്ന സാറിന്റെ ദേഹം മരവിക്കാന്‍ തുടങ്ങി , കയ്യില്‍ കിട്ടിയ തുണികളും ഷീറ്റുകളുമായി കൈലാഷ് സാറിനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു . ദിവ്യ വീണ്ടും ആംബുലന്‍സുകാരെയും ഫയര്‍ഫോഴ്സുകാരെയും കെഞ്ചി വിളിച്ചുകൊണ്ടിരുന്നു , ആരും വന്നില്ല എന്നതാണ് സത്യം . അതിനിടയില്‍ കൈലാഷിന്റെ വിളിയില്‍ നടന്‍ ദിനേശ് പ്രഭാകര്‍ പാഞ്ഞെത്തി . കൂറേ കഴിഞ്ഞപ്പോള്‍ പാലാരിവട്ടം സ്റ്റേഷനിലെ നല്ലവരായ ആ ഓഫീസര്‍മാര്‍ എറണാകുളം മെഡിക്കല്‍ സെന്ററിലെ ഒരു ആംബുലന്‍സുമായി വന്നു … പിന്നെ എല്ലാവരുടെയും സഹായത്തോടെ വളരെ കഷ്ടപ്പെട്ട് സാറിനെ കട്ടിലിലേക്ക് കിടത്തുമ്പോള്‍ സമയം രണ്ട് മണി വെളുപ്പ് ആയിരുന്നു.

അന്നത്തെ ആഘാതം സാറില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചെറുതല്ല. അവിടെ നിന്നും തുടങ്ങിയ ഓരോരോ പ്രശ്‌നങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ മൂന്നു ആശുപത്രികള്‍ സാമ്പത്തീക ബുദ്ധിമുട്ടുകള്‍.. ആദരണീയനായ സാനു മാഷിന്റെ സ്വന്തം കൈപ്പടയിലെ എഴുത്തുമായി ഞാനും കൈലാഷും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി അത്യാവശ്യം സഹായങ്ങള്‍ ലഭിച്ചെങ്കിലും എല്ലാം വിഫലം, അദ്ദേഹം വിട്ടുപിരിഞ്ഞുപോയീ …!

‘ നമുക്ക് എന്തെങ്കിലും ചെയ്യണം ‘ ജോണ്‍ സാറ് എന്നോട് അവസാനമായി പറഞ്ഞതാണ് …അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു …എനിക്കും നിങ്ങള്‍ക്കും വയസാകും , നമ്മള്‍ ഒറ്റക്കാകും എന്ന് തീര്‍ച്ച . ഒരത്യാവശ്യത്തിന് ആരെയാണ് വിളിക്കേണ്ടത്? ആരാണ് വിളി കേള്‍ക്കുക , സഹായിക്കുക .. നമുക്കെല്ലാവര്‍ക്കും ചിന്തിക്കണം പ്രവര്‍ത്തിക്കണം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ നാമധേയത്തില്‍ , അധികാരികള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒരു കൈസഹായ പദ്ധതി ഉടനെ ആവിഷ്‌കരിക്കണം ….!

എന്റെ അനുഭവങ്ങളും കഥകളും സങ്കടങ്ങളും കേള്‍ക്കാന്‍,എന്നെ ശാസിക്കാന്‍ ഒരുപാട് യാത്രകള്‍ക്ക് കൂടെയുണ്ടായിരുന്ന സാറ് ഇനി ഉണ്ടാവില്ലെന്നത് എന്നെ കരയിപ്പിക്കുന്നു . അന്തരിക്കുമ്പോള്‍ അനുശോചനം അറിയിക്കാന്‍ ആയിരങ്ങളേറെ , ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുത് … ! എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല , നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്.. !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്

റിസള്‍ട്ട് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു ഇന്ദ്രന്‍സ്.

Published

on

ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. റിസള്‍ട്ട് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു ഇന്ദ്രന്‍സ്. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. 500ല്‍ 297 മാര്‍ക്കാണ് ഇന്ദ്രന്‍സ് നേടിയത്. 68-ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.

കഴിഞ്ഞ ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. മലയാളവും ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു ആദ്യ ദിവസം. ഇതില്‍ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി കുറച്ച് ബുദ്ധിമുട്ടായിരുന്നെന്നും പരീക്ഷയ്ക്കുശേഷം ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. പിറ്റേന്ന് സാമൂഹികശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലും പരീക്ഷ നടന്നു.

ഏഴാം ക്ലാസ് തുല്യത പരീക്ഷ പാസായതോടെ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യത നേടി. ഏഴാംക്ലാസുവരെ പഠിച്ചിരുന്ന താരം പ്രാരാബ്ദങ്ങള്‍ പ്രശ്‌നങ്ങള്‍ മൂലം പഠിപ്പു നിര്‍ത്തുകയായിരുന്നു. ഷൂട്ടിങ് തിരക്കുകളുള്ളതിനാല്‍ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസില്‍ കൃത്യമായി പങ്കെടുക്കാനായിരുന്നില്ലെന്നും സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു പഠനമെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.

Continue Reading

kerala

നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; ഏഴ് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

തായ്ലന്റില്‍നിന്നും വന്ന ഇവര്‍ ബാഗില്‍ അതിവിദഗ്ധമായാണ് 15 കിലോയിലധികം കഞ്ചാവ് ഒളിപ്പിച്ചത്.

Published

on

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

തായ്ലന്റില്‍നിന്നും വന്ന ഇവര്‍ ബാഗില്‍ അതിവിദഗ്ധമായാണ് 15 കിലോയിലധികം കഞ്ചാവ് ഒളിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

Continue Reading

kerala

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് അതിഥിയായെത്തി എറിക് അറ്റ്കിന്‍സ്

ഇന്ത്യയില്‍ മതസൗഹാര്‍ദ്ദത്തിനായി പാണക്കാട് കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ച് കേട്ടിട്ടുണ്ടെന്നും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മലപ്പുറം: അതിഥികളെ എന്നും സര്‍ക്കരിച്ച പാരമ്പര്യമാണ് പാണക്കാടിനുള്ളത്. ആ സല്‍ക്കാര പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു.എസ് കോണ്‍സുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസര്‍ എറിക് അറ്റ്കിന്‍സായിരുന്നു ഇന്നലെ പാണക്കാട്ടെ അതിഥി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയതായിരുന്നു. അതിഥി വിദേശിയായത് കൊണ്ടു തന്നെ കേരളീയ മധുരം തന്നെ നല്‍കാമെന്ന് തങ്ങളും കരുതി. ഉണ്ണിയപ്പമായിരുന്നു സ്പെഷ്യല്‍. കൂടികാഴ്ച പുരോഗമിക്കുന്നതിനിടക്ക് തങ്ങള്‍ അതിഥിക്ക് ഉണ്ണിയപ്പം നല്‍കി. ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞതോടെ വീണ്ടും വീണ്ടും കഴിച്ചു. പിന്നീട് എറിക് അറ്റ്കിന്‍സിന് പചക രഹസ്യം അറിയണമെന്നായി. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു കൊടുത്തു. പാണക്കാട്ടെ സ്‌നേഹമധുരം നുകര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യാത്ര പറഞ്ഞപ്പോള്‍ ഇഷ്ട പലഹാരം പൊതിഞ്ഞു നല്‍കിയാണ് സാദിഖലി തങ്ങള്‍ എറിക് അറ്റ്കിന്‍സിനെ യാത്രയാക്കിയത്.

കേരളത്തിലെ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് എറിക് അറ്റ്കിന്‍സ് പാണക്കാടെത്തിയത്. പാണക്കാട് തങ്ങള്‍ കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും എറിക് ചോദിച്ചറിഞ്ഞു. ബൈത്തുറഹ്‌മ അടക്കമുള്ള വിവിധ കാരുണ്യ പദ്ധതികളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ഭരണത്തിലുണ്ടായിരിക്കെ മുസ്ലിം ലീഗ്
മന്ത്രിമാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ശാസ്ത്ര, സാങ്കേതിക, വ്യാവസായിക പദ്ധതികളെ കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. സൗഹാര്‍ദ്ദ സംഭാഷണത്തിനും കൂടിക്കാഴ്ച വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.വി അഹമ്മദ് സാജു എന്നിവരും പങ്കെടുത്തു. കെ.എസ് ബിജുകുമാര്‍, ഡോ. പി.ടി.എം സുനീഷ് എന്നിവരും എറികിനെ അനുഗമിച്ചിരുന്നു.

Continue Reading

Trending