ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്‍ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്‍ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. ”ബി.ജെ.പിയുമായി ചേര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണ് പാര്‍ട്ടി തീരുമാനം. പ്രതിഷേധങ്ങളും പ്രകടനങ്ങളും എത്രതന്നെ ഉണ്ടായാലും ഇതിന് ഭംഗം വരില്ല. ആരു വിചാരിച്ചാലും എ.ഐ.എ.ഡി.എം.കെ – ബി.ജെ.പി ബന്ധം തകര്‍ക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടി മുഖപത്രമായ നമ്മദു പുരട്ചി തലൈവി അമ്മയില്‍ പ്രസിദ്ധീകരിച്ച മുഖപത്രത്തില്‍ പറയുന്നു.
ജയലളിതയുടെ കാലശേഷം അണ്ണാ ഡി.എം.കെ പൂര്‍ണമായി ബി.ജെ.പി പക്ഷത്തേക്ക് ചായുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഖപ്രസംഗം. എ.ഐ.എ.ഡി.എം.കെയുടെ ബി.ജെ.പി ബാന്ധവം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇത്ര ശക്തമായ രീതിയിലുള്ള തുറന്നു പറച്ചില്‍ ഇതാദ്യമാണ്. കാവേരി നദീജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ തമിഴ് ജനത വ്യാപക പ്രതിഷേധത്തിലാണ്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെയും കമല്‍ഹാസനും രജനീകാന്തും ഉള്‍പ്പെടുന്ന ചലച്ചിത്ര മേഖലയും ഇതേ വിഷയം ഉന്നയിച്ച് തെരുവില്‍ ഇറങ്ങിയിരുന്നു. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ബി.ജെ.പി ബാന്ധവത്തിനെതിരെയും കാവേരി വിഷയവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ടാണ് സഖ്യം തുടരാനുള്ള തീരുമാനം.
- 7 years ago
chandrika