മീഡിയ വണ്‍ ചാനലിനെ നിരോധിച്ചതുമായി ബന്ധപ്പെട്ടു വന്ന കേരള ഹൈക്കോടതിയുടെ വിധിയും നിരോധനം പിന്നീട് സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ച നടപടിയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഗതിവിഗതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. കുറ്റാരോപിതനായ വ്യക്തിക്കോ സംഘത്തിനോ സ്ഥാപനത്തിനോ അവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റമെന്താണ് എന്നറിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ജനുവരി 31 ന് കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയം ചാനലിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയപ്പോള്‍ എന്തുകാരണത്താലാണ് നിരോധനം എന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. അവ പുറത്ത്‌വിടുന്നത് ‘ദേശീയസുരക്ഷ’യെ ബാധിക്കുമെന്നാണ് മന്ത്രാലയം പറഞ്ഞത്. കേരള ഹൈക്കോടതിയില്‍ ചാനലിനെതിരെയുള്ള കുറ്റപത്രം മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുകയും തദടിസ്ഥാനത്തില്‍ കോടതി ചാനലിന് എതിരായി വിധിക്കുകയും ചെയ്‌തെങ്കിലും സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സര്‍ക്കാറിന്റെ ‘സീല്‍ഡ് കവര്‍’ നിലപാടിനെതിരെ ശക്തമായ പരാമര്‍ശം നടത്തി ചാനലിന് താത്കാലിക പ്രവര്‍ത്തനാനുമതി നല്‍കുകയാണ് ചെയ്തത്.
ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവക്കെതിരെ ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കുക അനിവാര്യമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ പൊതുസമൂഹത്തിനോ മാധ്യമ സ്ഥാപനങ്ങള്‍ക്ക് തന്നെയോ എതിരഭിപ്രായം ഉണ്ടാവാനിടയില്ല. പക്ഷേ, ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട്, ഭരിക്കുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങളെയോ സംഘടനകളെയോ നിരോധിക്കാന്‍ ‘ദേശീയ സുരക്ഷ’യെ മറയായി സ്വീകരിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്യുന്നതെങ്കില്‍ അതിനെ അംഗീകരിക്കാന്‍ ഭരണഘടനയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും സാധിക്കില്ല.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പിന്നില്‍ കൃത്യമായ ചില അജണ്ടകളുണ്ടെന്നത് വ്യക്തമാണ്. ജനങ്ങള്‍ക്കുമേല്‍ ഭരണകൂടം ആധിപത്യം നേടുകയും ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യം മാത്രമാണെന്ന തോന്നല്‍ ഉളവാക്കാകുകയും ചെയ്തുകൊണ്ട് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ തള്ളിക്കൊണ്ടുപോവുക എന്നതാണ് ഇതിന് പിന്നിലുള്ളത്. കോടതിയുടെയും നീതിന്യായ വ്യസ്ഥിതിയുടെയും പ്രസക്തിയെ നഷ്ടപ്പെടുത്തിയും സര്‍ക്കാറിന്റെ ദുരുദ്ദേശപരമായ ഗൂഢലക്ഷ്യങ്ങള്‍ സ്ഥാപിച്ചുകൊണ്ടും ജനങ്ങള്‍ക്ക്‌മേല്‍ അധീശത്വം നേടുകയും ഫലത്തില്‍ ജനാധിപത്യത്തെ പൂര്‍ണമായും കുഴിച്ചുമൂടുകയും ചെയ്യുക എന്നതാണ് അജണ്ടകളില്‍ ഒളിഞ്ഞിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ജനാധിപത്യ രാജ്യമായി ലോകത്തിന്മുമ്പില്‍ ഞെളിയുകയും എന്നാല്‍ ജനങ്ങളുടെ മുഴുവന്‍ ആധിപത്യത്തെയും ഇല്ലാതാക്കി അവരുടെ വായമൂടിക്കെട്ടി സമ്പൂര്‍ണ്ണ ഫാസിസ്റ്റ് ലൈനിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയും ചെയ്യുകയാണ് നരേന്ദ്ര മോദിയും സംഘ് സര്‍ക്കാറും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യം ഇപ്പോള്‍ മുദ്രവെക്കപ്പെട്ട കവറുകളില്‍ എരിപൊരികൊള്ളുന്ന നീതി നിയമശാസ്ത്രത്തെ (sealed cover jurisprudence) കുറിച്ച് സഗൗരവം ചര്‍ച്ച ചെയ്യുന്നത്.
കുറ്റപത്രങ്ങള്‍ സീല്‍ഡ് കവറുകളില്‍ നല്‍കാന്‍ സര്‍ക്കാറുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നിയമം യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഇല്ല. ചില നിയമങ്ങളെ വലിച്ചു നീട്ടുകയും മുമ്പുണ്ടായ ചില കീഴ്‌വഴക്കങ്ങളെ ദുരുപയോഗം ചെയ്യുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മീഡിയവണ്‍ കേസില്‍ മാത്രമല്ല, മുസഫര്‍പൂര്‍ ലൈംഗികാതിക്രമ കേസ് പരിഗണിച്ച സന്ദര്‍ഭത്തിലും ചീഫ് ജസ്റ്റിസ് എന്‍.വി രമണ ‘സീല്‍ഡ് കവറുകള്‍’ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായിരുന്നു. കേസില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാന്‍ ബീഹാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. ഇതിനെതിരെ ചീഫ് ജസ്റ്റിസ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് സര്‍ക്കാറിന്റെ സീല്‍ഡ് കവറിന് ആനുകൂല്യം നല്‍കിയപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയും ജസ്റ്റിസ് ചന്ദ്രചൂഡും ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. മുദ്രവെച്ച കവറില്‍ കുറ്റപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ അവ്യക്തതയാണ് ജഡ്ജിമാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള പ്രധാന കാരണം.
1872 ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന്റെ 123ാം വകുപ്പിലും സുപ്രീംകോടതി റൂള്‍സ് 13ാം ഓര്‍ഡറിലെ ഏഴാം ചട്ടത്തിലുമാണ് സീല്‍ഡ് കവറിനെ കുറിച്ച് പ്രതിപാദിക്കുന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയാവുന്ന തരത്തിലുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസിനോ ബന്ധപ്പെട്ട ജഡ്ജിമാര്‍ക്കോ സര്‍ക്കാറിനോടോ ബന്ധപ്പെട്ട വകുപ്പിനോടോ കുറ്റപത്രങ്ങളും അനുബന്ധ രേഖകളും മുദ്രവെച്ച കവറില്‍ ആവശ്യപ്പെടാമെന്നു മാത്രമാണ് പ്രസ്തുത നിയമങ്ങളില്‍ പറയുന്നത്. എവിഡന്‍സ് ആക്ടിന്റെ 123ാം വകുപ്പ് പറയുന്നത് ഇങ്ങനെയാണ്: ‘രാജ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍: രാഷ്ട്രവുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത ഔദ്യോഗിക രേഖകളില്‍ നിന്നും നിര്‍ദ്ദാരണം ചെയ്യപ്പെടുന്ന തെളിവുകള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ സ്ഥാനത്തിരിക്കുന്ന ഓഫീസറുടെ അനുമതിയോടുകൂടിയല്ലാതെ നല്‍കാന്‍ ഒരാള്‍ക്കും അനുവാദമില്ല. ഓഫീസര്‍ക്ക് സ്വന്തം മനഃസാക്ഷിക്കനുസരിച്ച് അത് നല്‍കാനോ തടഞ്ഞുവെക്കാനോ അധികാരമുണ്ട്.’ സുപ്രീംകോടതി ചട്ടത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘ചീഫ് ജസ്റ്റിസിന്റെയോ കോടതിയുടെയോ പ്രത്യേക ഉത്തരവ് അനുസരിച്ച് മുദ്രവെച്ച കവറില്‍ സൂക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ രഹസ്യസ്വഭാവത്തോടെ പരിഗണിക്കപ്പെടുകയോ അല്ലെങ്കില്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്ന് കരുതപ്പെടുന്നതോ ആയ രഹസ്യസ്വഭാവമുള്ള മിനുട്‌സുകള്‍, രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ എടുക്കാനോ സ്വീകരിക്കാനോ ഒരു കക്ഷിക്കും വ്യക്തിക്കും അവകാശമില്ല.’ ഇതിലെവിടെയും സര്‍ക്കാറുകള്‍ക്കോ പൊലീസ് വകുപ്പിനോ സ്വന്തം അധികാരം ഉപയോഗിച്ച് അവര്‍ക്ക് ഇഷ്ടമുള്ള കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവെക്കപ്പെട്ട കവറുകളില്‍ നല്‍കാന്‍ അധികാരമുണ്ടെന്ന് പറയുന്നില്ല. ചില കേസുകളില്‍ മുന്‍കാലങ്ങളില്‍ അങ്ങനെ നല്‍കിയിട്ടുണ്ടെന്ന് പറയാമെന്നല്ലാതെ കൃത്യമായ ചട്ടങ്ങളും നിയമങ്ങളും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.
ചില വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സൂക്ഷിക്കാന്‍ ചീഫ് ജസ്റ്റിസിനും കോടതിക്കും നിര്‍ദ്ദേശിക്കാവുന്നതാണെന്നും എതിര്‍ കക്ഷിക്ക് അതിലെ ഉള്ളടക്കം കൈമാറണമെങ്കില്‍ ചീഫ് ജസ്റ്റിസ് ഉത്തരവിടണമെന്നും അല്ലാത്തപക്ഷം ഒരു കക്ഷിക്കും അത്തരം വിവരങ്ങളുടെ ഉള്ളടക്കത്തിലേക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്നും ഉള്ളടക്കം പൊതുജനങ്ങളുടെ താല്‍പര്യത്തിന് യോജിച്ചതല്ലെങ്കില്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും മാത്രമാണ് നിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ചീഫ് ജസ്റ്റിസോ മറ്റുള്ള കോടതി ബെഞ്ചുകളോ മുദ്രവെച്ച കവറില്‍ ചില സന്ദര്‍ഭങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട സംഭവങ്ങള്‍ നിരവധിയുണ്ട്.
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലത്ത് നിരവധി കേസുകളില്‍ കുറ്റപത്രങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. വിവാദമായ റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ 2018ല്‍ അദ്ദേഹം അധ്യക്ഷനായ ബെഞ്ച്, ഇടപാടിന്റെ തീരുമാനവും വിലയും സംബന്ധിച്ച വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ വിശദാംശങ്ങള്‍ ഇടപാടിലെ ഔദ്യോഗിക രഹസ്യങ്ങള്‍ക്ക് വിധേയമാണെന്ന് കേന്ദ്രം വാദിച്ചതിനാലാണ് കോടതി ഇങ്ങനെ ചെയ്തത്. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കേസില്‍, എന്‍.ആര്‍.സിയുടെ സുപ്രീംകോടതി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയോട് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനോ പരാതിക്കാര്‍ക്കോ പരിശോധിക്കാന്‍ സാധിക്കാത്തവിധം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ് മറ്റൊരു സംഭവം. സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുദ്രവെച്ച കവറില്‍ നല്‍കിയ കുറ്റപത്രം അലോക് വര്‍മ്മയുടെ അഭിഭാഷകനും കോടതി കൈമാറിയിരുന്നു എന്നത് കുറ്റാരോപിതര്‍ക്കും അത് കൈമാറാമെന്നതിനുള്ള തെളിവാണ്.
2018ലെ ഭീമ കൊറേഗാവ് കേസില്‍ യു. എ.പി.എ ചുമത്തപ്പെട്ട ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുടെ കാര്യത്തില്‍ മഹാരാഷ്ട്ര പൊലീസ് മുദ്രവച്ച കവറിലാണ് കോടതിക്ക് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണത്തിന് തടസമാകുമെന്നതിനാല്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രതിയോട് വെളിപ്പെടുത്താനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്. പൊലീസ് നടപടി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് നവ്‌ലാഖയുടെ അഭിഭാഷകന്‍ കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാണിച്ചിരുന്നു. 2ജി, കല്‍ക്കരി കുംഭകോണക്കേസുകള്‍, രാമജന്മഭൂമി കേസ്, ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് എന്നിവയിലും ഏജന്‍സികള്‍ മുദ്രവച്ച കവറില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു.