കാരവന്‍ വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ അതിന്റെ രാഷ്ട്രീയചരിത്രത്തെയും ആ വാര്‍ത്തയോട ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും എടുത്ത അവഗണനാമനോഭാവത്തെയും വിശകലനം ചെയ്യുന്നു ‘ദി വയറി’ന്റെ
സ്ഥാപകപത്രാധിപര്‍ സിദ്ധാര്‍ത്ഥ വരദരാജന്‍. അഖില്‍കുമാറുമായി
അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗം.
2005 ല്‍ നടന്ന സംഭവമാണ് സൊഹ്‌റാബുദ്ദീന്‍ കേസ്. ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലേയ്ക്ക് പോകുംവഴി സൊഹ്‌റാബുദ്ദീനെ ഗുജറാത്ത് പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നവാക്കാണ് സി.ബി.ഐ തന്നെ ഉപയോഗിക്കുന്നത്. അയാള്‍ക്കൊപ്പം അയാളുടെ ഭാര്യ കൗസര്‍ബിയെയും അവര്‍ തട്ടിക്കൊണ്ടുപോയി, അതും അര്‍ദ്ധരാത്രിയില്‍. സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രപ്രകാരം ഇവരെ ഗുജറാത്തിലെ ഏതോ ഗസ്റ്റ് ഹൗസിലോ മറ്റൊ പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. രണ്ട് രണ്ടര ദിവസം അവിടെ താമസിപ്പിച്ചു. അതിനുശേഷം അയാളെ കൊന്നു. എന്നാല്‍ ഗുജറാത്ത് പൊലീസ് വാദിച്ചത് അയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും ഭീകരവാദിയായിരുന്ന അയാളുടെ ലക്ഷ്യം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കൊല്ലുകയായിരുന്നുവെന്നുമാണ്. എല്ലാ മാധ്യമങ്ങളും സംഭവം നടന്ന ദിവസംതന്നെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൊഹ്‌റാബുദ്ദീനെ കൊന്ന് മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിച്ചു എന്ന നിലയിലായിരുന്നു അവരെല്ലാം വാര്‍ത്തകള്‍ നല്‍കിയത്.
തുടക്കത്തില്‍ ഈ കേസില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നത് സൊഹ്‌റാബുദ്ദീന്റെ സഹോദരനായ റുബാബുദ്ദീനാണ്. അദ്യം ഗുജറാത്തില്‍ ചെറുതായി അദ്ദേഹം ശബ്ദമുയര്‍ത്തിത്തുടങ്ങിയെങ്കില്‍ തുടര്‍ന്ന് അത് കുറേക്കൂടി ശ്രദ്ധിക്കപ്പെടുകയും പിന്നീട് സുപ്രീം കോടതിയില്‍ എത്തുകയുമായിരുന്നു. ഈ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണ് എന്ന് സുപ്രീംകോടതിയെ ബോധിപ്പിക്കാനുള്ള തെളിവുകള്‍ വ്യക്തമായുമുണ്ടായിരുന്നു.
സൊഹ്‌റാബുദ്ദീനൊപ്പം ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട് എന്നകാര്യം ഈ കേസില്‍ പലപ്പോഴും ആളുകള്‍ മറന്നുപോകുന്ന വസ്തുതയാണ്. അയാള്‍ക്കൊപ്പം അയാളുടെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. മാത്രവുമല്ല കൊല്ലപ്പെടുംമുമ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊലീസുകാരാല്‍ അവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന ആരോപണവും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. റുബാബുദ്ദീന്‍ സുപ്രീം കോടതിയില്‍ പോയതിന്റെ ഭാഗമായി കേസന്വേഷണം സി.ബി.ഐയുടെ കൈകളിലെത്തി.
തുടര്‍ന്ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗുജറാത്തിലെ പൊലീസുകാരെ കൂടാതെ അന്ന് ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെയും സി.ബി.ഐ പ്രതിയാക്കി. സി.ബി.ഐ അന്ന് പറഞ്ഞത്, സൊഹ്‌റാബുദ്ദീന്‍ പല കേസുകളിലായി ഗുജറാത്ത് പൊലീസിന്റെ ലിസ്റ്റിലുള്ള ആളായിരുന്നു എന്നാണ്. എന്നാല്‍ അയാളെ കൊല്ലുക എന്നത് രാഷ്ട്രീയപരമായി ഒരു പാക്കേജ് ആയി നടത്തപ്പെട്ടതാണ്. ഗുജറാത്ത് മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ട് എന്ന് കാണിക്കുകയായിരുന്നു ആ കൊലപാതകത്തിനു പിന്നില്‍ എന്നാണ് അവര്‍ കുറ്റപത്രത്തില്‍ പറഞ്ഞത്. അതുകൊണ്ടാണ് അവര്‍ സൊഹ്‌റാബുദ്ദീനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയത്; ഒപ്പം അയാളുടെ ഭാര്യയെയും.
ഈ കുറ്റപത്രത്തിന്റെ വെളിച്ചത്തില്‍ അമിത് ഷായും നിരവധി പൊലീസ് ഓഫീസര്‍മാരും അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് അവര്‍ക്ക് ജാമ്യം ലഭിച്ചു. ഇത് നടന്നുകൊണ്ടിരിക്കെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നു. സൊഹ്‌റാബുദ്ദീന്റെ സഹായിയും അയാളെ കൊന്നത് കണ്ട ഏകദൃക്‌സാക്ഷിയുമായ തുളസീറാം പ്രജാപതിയാണ് അതില്‍ കൊല ചെയ്യപ്പെട്ടത്. എല്ലാവിവരങ്ങളും വെച്ച് ഏതാണ്ട് 12,000 പേജുകള്‍ ഉള്ള കുറ്റപത്രമാണ് സി.ബി.ഐ തയ്യാറാക്കിയത്. ഗുജറാത്ത് പൊലീസിലും ഗുജറാത്ത് ഭരണത്തില്‍ തന്നെയും അതൃപ്തിയും വിശ്വാസരാഹിത്യവും തോന്നിയ സുപ്രീംകോടതി മൂന്ന് കാര്യങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
- 1. ഈ കേസ് സി.ബി.ഐക്ക് വിടുക.
2. ഈ കേസിന്റെ വിചാരണ നടക്കേണ്ടത് ഗുജറാത്തിനു പുറത്തെ കോടതിയിലായിരിക്കണം.
3. ഈ കേസ് തുടക്കം മുതല്‍ ഒടുക്കംവരെയും കേള്‍ക്കേണ്ടത് ഒരൊറ്റ ജഡ്ജിയായിരിക്കണം.
ഇതില്‍ വളരെ ഗുതുതരമായ ആരോപണങ്ങളാണ് ഗുജറാത്ത് പൊലീസിനെതിരെയും അന്നത്തെ ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അമിത് ഷായ്‌ക്കെതിരെയും ഉയര്‍ന്നത്. ഇന്ത്യയിലൊരിടത്തും ഇത്തരത്തിലൊരു കേസ് ഉണ്ടായിട്ടുണ്ടാവില്ല. ഒരു ആഭ്യന്തരമന്ത്രിക്കെതിരെ സുപ്രീംകോടതി നിര്‍ദേശപ്രകാരം സി.ബി.ഐ അന്വേഷണം നടത്തുന്നു. തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നു. സി.ബി.ഐ പ്രത്യേക കോടതിയിലാണ് ഈ കേസ് വിചാരണ ചെയ്യപ്പെട്ടത്. ജസ്റ്റിസ് ഉത്പത് ആയിരുന്നു ആദ്യം വിചാരണ കേട്ടിരുന്ന ജഡ്ജി. സുപ്രീം കോടതി നിര്‍ദേശപ്രകാരം ഈ കേസ് തുടക്കം മുതല്‍ ഒടുക്കംവരെയും വിചാരണ കേള്‍ക്കേണ്ടത് ഉത്പത് ആയിരുന്നുവെങ്കിലും ചില കാര്യങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അസ്വസ്ഥതകള്‍ രൂപപ്പെട്ടു. പ്രത്യേകിച്ചും ബോംബെയില്‍ ഉള്ളപ്പോള്‍ പോലും കോടതിയില്‍ അമിത് ഷാ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതിക്ക് നീരസം ഉണ്ടായത്. തുടര്‍ന്ന് 2014 ജൂണ്‍ 26ന് അടുത്ത വിചാരണ ദിവസമായി പ്രഖ്യാപിക്കുകയും അന്നേ ദിവസം അമിത് ഷാ നിര്‍ബന്ധമായും ഹാജരാകണമെന്ന് ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി. ഇതേ സമയത്ത് തന്നെയാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. മഹാരാഷ്ട്രയില്‍ അപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ചില രാഷ്ട്രീയമാറ്റങ്ങള്‍ അവിടെയും സംഭവിക്കുന്നു.
നവംബര്‍ 26ന് അമിത് ഷാ കോടതിയില്‍ ഹാജരാകേണ്ടിയിരിക്കെ തൊട്ട് തലേദിവസം സംശയകരമാം വിധം ജസ്റ്റിസ് ഉത്പത് സ്ഥലംമാറ്റപ്പെട്ടു. അദ്ദേഹത്തെ എന്ത് സാഹചര്യത്തിലാണ് മാറ്റിയത് എന്ന് നമുക്കാര്‍ക്കും അറിയില്ല. മാത്രവുമല്ല ആ കേസ് ആ ജഡ്ജി കൈകാര്യം ചെയ്തിരുന്നതിന്റെ ആഴവും പരപ്പും നമുക്ക് അറിയില്ല. സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. തുടര്‍ന്ന് നിയമിതനായ ജഡ്ജി ജസ്റ്റിസ് ലോയ മരിക്കുന്നു. ആ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കാരവനിലെ നിരഞ്ജന്‍ താക്ലെയുടെ ഒന്നാംതരം അന്വേഷണറിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഈ രാജ്യത്തെ നിയമവാഴ്ചയുടെ പ്രതിസന്ധിയെയാണ് ഈ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
ജസ്റ്റിസ് ലോയയ്ക്കും അമിത് ഷാ കോടതിയില്‍ ഹാജരാകാത്തതില്‍ അനിഷ്ടമുണ്ടായിരുന്നു. എത്രയും പെട്ടെന്ന് അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് ലോയ ഹൃദയസ്തംഭനം മൂലം മരിച്ചുവെന്നാണ് 2014 ഡിസംബര്‍ 1ന് രാജ്യം മൊത്തം കേള്‍ക്കുന്നത്. ഈ കേസില്‍ ഈ മരണത്തിന് അതീവ പ്രാധാന്യമുണ്ട്. ആദ്യ ജഡ്ജി സ്ഥലം മാറ്റപ്പെടുന്നു. രണ്ടാമത്തെ ജഡ്ജി മരിക്കുന്നു. രണ്ട് ജഡ്ജിമാരും അങ്ങനെ സീനില്‍ നിന്നും അപ്രത്യക്ഷമാകുന്നു. മാധ്യമങ്ങള്‍ ഈ വാര്‍ത്തയില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ഇപ്പോള്‍ കാരവനില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുടുംബാംഗങ്ങള്‍ക്ക് ലോയയുടെ മൃതദേഹം ലഭിക്കപ്പെട്ട സാഹചര്യങ്ങള്‍, അദ്ദേഹത്തിന്റെ ശരീരത്തിന്റെ അവസ്ഥ, വസ്ത്രത്തിന്റെ അവസ്ഥ മുതലായവയൊക്കെയും എന്തോ തെറ്റായ കാര്യങ്ങള്‍ നടന്നിരിക്കുന്നു എന്നാണ് കുടുംബത്തിന് വ്യക്തമാക്കിക്കൊടുത്തത്. പൊലീസ് പറഞ്ഞപോലെ അതൊരു സ്വാഭാവികമായ മരണമാകാതിരിക്കാനുള്ള സാധ്യതകളിലേയ്ക്കാണ് വെളിച്ചം വീശിയിരിക്കുന്നത്. നിരവധി അസുഖകരമായ വസ്തുതകളാണ് റിപ്പോര്‍ട്ടിലൂടെ വന്നിരിക്കുന്നത്.
കാരവന്‍ റിപ്പോര്‍ട്ട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍
ലോയ ജീവിച്ചിരുന്ന കാലത്തെ സംഭവങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബം ചില വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. അമിത്ഷായ്ക്ക് ‘അനുകൂല വിധി’ പുറപ്പെടുവിക്കാന്‍ വേണ്ടി അദ്ദേഹത്തിന് കൈക്കൂലി വാഗ്ദാനം ചെയ്തതും അദ്ദേഹം അത്തരം സമ്മര്‍ദങ്ങളെ പ്രതിരോധിച്ച കാര്യങ്ങളും അതിലുള്‍ക്കൊള്ളുന്നുണ്ട്. 48 വയസ്സ് പ്രായമുണ്ടായിരുന്ന ജഡ്ജിക്ക് അദ്ദേഹത്തിന്റെ ദിനചര്യകള്‍, ഒന്നരമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന വ്യായാമം അങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഹൃദയസ്തംഭനം വരേണ്ട ഒന്നുംതന്നെ ആരോഗ്യസംബന്ധമായി ഉണ്ടായിരുന്നില്ല.
മൃതദേഹം കൊണ്ടുവരുന്ന സമയത്ത് അതിനോടൊപ്പം ഉണ്ടായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേട്ടി മുതലായവരുടെ സംശയം തോന്നിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ പ്രധാനമാണ്. അയാള്‍ രംഗത്തെത്തുന്നത് എങ്ങനെയെന്ന കാര്യത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത ഒരു നിഗൂഢതയാണുള്ളത്. അയാള്‍ മറ്റൊരാശുപത്രിയിലുണ്ടായിരുന്ന ലോയയുടെ ഒരു സഹോദരിയെ പോയി കാണുന്നു. അവര്‍ അവിടെ ഉണ്ടായിരുന്നു എന്ന് അയാള്‍ എങ്ങനെ അറിഞ്ഞു എന്ന് ആര്‍ക്കും അറിയില്ല. അയാള്‍ എങ്ങനെയാണ് മരണം അറിഞ്ഞത്, എങ്ങനെയാണ് അയാള്‍ അതിലിടപെട്ടത്? ലോയയുടെ സഹോദരി ഉന്നയിക്കുന്ന മറ്റൊരു കാര്യം ലോയയുടെ മൊബൈല്‍ ഫോണ്‍ ഈ പറയുന്ന ബഹേട്ടിയുടെ കൈവശമായിരുന്നുവെന്നാണ്. അത് വൈകിയാണ് തിരിച്ചേല്‍പ്പിച്ചിരുന്നതെന്നും അപ്പോഴേക്കും ആ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന എല്ലാ വിവരങ്ങളും റിമൂവ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നുവെന്നും അതിലുണ്ട്.
ജസ്റ്റിസ് ലോയയുടെ കുടുംബം സംശയത്തിന് ആസ്പദമായി ഉന്നയിക്കുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. അദ്ദേഹത്തിന് 48 വയസ്സായിരുന്നു. സ്വാഭാവികമായും നല്ല ആരോഗ്യമുള്ള ഒരു വ്യക്തിയായിരുന്നു. ഹൃദ്രോഗം വരാനുള്ള ആരോഗ്യസംബന്ധമായ കാരണങ്ങള്‍ നിലവിലില്ല.
2. ലോയയുടെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിക്കുന്നത് അതിരാവിലെ 5 മണിക്കാണ്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ലോയ മരിച്ചിരിക്കുന്നത് രാവിലെ 6 മണിക്കും.
3. ലോയ അന്ന് നാഗ്പൂരില്‍ താമസിച്ചിരുന്നത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു. നാഗ്പൂര്‍ മഹാരാഷ്ട്രയുടെ ശൈത്യകാല തലസ്ഥാനമാണ്. അവിടെ നിയമസഭ ശൈത്യകാലത്ത് കൂടുന്നതിന്റെ മുന്നോടിയാണ്. ഗസ്റ്റ് ഹൗസില്‍ സാധാരണ എല്ലാ തരത്തിലുമുള്ള വി.ഐ.പികളും വന്നുപോകുന്ന ഇടമാണ്. പ്രത്യേകിച്ചും ശൈത്യകാലസഭകൂടാനിരിക്കെ. അത്തരമൊരു സാഹചര്യത്തില്‍ അവിടെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും ഒരു വാഹനമില്ല എന്ന് പറയുന്നത് തീര്‍ത്തും അവിശ്വസനീയമായ കാര്യമാണ്.
അതുപോലെ തന്നെ ജഡ്ജിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് ആട്ടോറിക്ഷയിലായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗസ്റ്റ്ഹൗസിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരിടത്തും ഒരു ഓട്ടോറിക്ഷ ഇല്ല. അപ്പോള്‍ ഈ ഓട്ടോറിക്ഷ എവിടെ നിന്ന് വന്നു? മറ്റൊന്ന് അദ്ദേഹത്തെ ആദ്യം ഒരു ആശുപത്രിയില്‍ കൊണ്ടുപോകുന്നു. അവിടെ ഇ.സി.ജി പോലും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. അവിടെവെച്ച് ചില ചികിത്സകള്‍ കൊടുത്തു എന്ന് പറയപ്പെടുന്നു. തുടര്‍ന്ന് വേറൊരു ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടുപോയെങ്കിലും വഴിമധ്യേ അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കപ്പെടുന്നു.
4. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരിക്കുന്നത് ഇല്ലാത്ത ഒരു ബന്ധുവാണ്. പിതൃബന്ധത്തിലുള്ള ഒരു സഹോദരനെന്നാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത്തരത്തില്‍ ഒരു സഹോദരനെ ആര്‍ക്കും അറിയില്ല. ലോയയുടെ പിതാവ് തന്നെ പറയുന്നു നാഗ്പൂരില്‍ അത്തരത്തില്‍ ഒരാളെയും അറിയില്ല എന്ന്. അപ്പോള്‍ ഒപ്പിട്ട ആ ആള്‍ ആരാണ്? അത് ആര്‍ക്കും ഇപ്പോഴും അറിയില്ല.
5. ലോയയുടെ മൃതദേഹത്തിന്റെ അവസ്ഥ. ഇതില്‍ ഞാനൊരു വിദഗ്ധനൊന്നുമല്ല. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നത് അതില്‍ ചില സംശയങ്ങളുണ്ട് എന്നാണ്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രവും ശരിയായ രീതിയിലായിരുന്നില്ല. വസ്ത്രം വളരെ തെറ്റായ വിധമായിരുന്നു കാണപ്പെട്ടിരുന്നത്. ബെല്‍ട്ട് തിരിഞ്ഞാണ് കിടന്നിരുന്നത്. അദ്ദേഹത്തിന്റെ കണ്ണടകള്‍ മാറിക്കിടന്നിരുന്നു. ഷര്‍ട്ടിന്റെ കോളറുകളില്‍ രക്തപ്പാടുകള്‍ ഉണ്ടായിരുന്നു. ലോയയുടെ തലയില്‍ മുറിവ് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ തികച്ചും സംശയാസ്പദമായ വിധത്തിലായിരുന്നു കാര്യങ്ങള്‍.
ലോയയുടെ മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ്ജസ്റ്റിസിനെ കാണുന്നു. അദ്ദേഹമായിരുന്നല്ലോ ജസ്റ്റിസ് ലോയയുടെ ഭരണനിര്‍വഹണപരമായ എല്ലാ കാര്യങ്ങളുടെയും മേലധികാരി. കുടുംബം അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റിസ് ലോയയുടെ മരണകാര്യത്തില്‍ യാതൊരു പരിഗണനയും നല്‍കാതെയായിരുന്നു ചീഫ് ജസ്റ്റിസ് പെരുമാറിയിരുന്നത്. മാത്രവുമല്ല ഈ ചീഫ് ജസ്റ്റിസിനെതിരെയാണ് കുടുംബാംഗങ്ങള്‍ അടുത്ത വളരെ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്. ആ ആരോപണം നമുക്ക് ഒന്നും സ്ഥിരീകരിക്കാനാവാത്ത കാര്യമാണ്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ അനുകൂല വിധി നേടാനായി ജസ്റ്റിസ് ലോയയ്ക്ക് 100 കോടിരൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരിക്കുന്നു എന്നാണ് കാരവന്‍ പുറത്തുവിട്ട വസ്തുത.
ഈ കേസുകളില്‍ നീതിയുക്തമായ നടപടികള്‍ മേല്‍ കോടതികളില്‍ നിന്നും ഉണ്ടാകുന്നില്ലെങ്കില്‍ എങ്ങനെയാണ് സ്വതന്ത്രമായ നീതി രാജ്യത്ത് നടപ്പാകുന്നത്? അതുകൊണ്ടാണ് ജസ്റ്റിസ് എ.പി. ഷാ പറഞ്ഞത് മുംബൈ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്. രണ്ട് കാര്യങ്ങളിലാണ് അന്വേഷണം നടക്കേണ്ടത്. ഒന്ന് ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ച്. രണ്ട്, അദ്ദേഹത്തിന് കൈക്കൂലി വഗ്ദാനം ചെയ്തിരുന്നു എന്നുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരോപണം. ഇന്ത്യയിലെ എല്ലാവരെ സംബന്ധിച്ചിടത്തോളവും ഈ കാര്യങ്ങള്‍ ജുഢീഷ്യറിയുടെ പരിധിയില്‍ വരുന്നതാണ്. എന്റെ അഭിപ്രായത്തിലും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നത നീതിപീഠം ജസ്റ്റിസ് എ.പി. ഷാ പറഞ്ഞപോലെ അന്വേഷണം നടത്തണം. കാരണം അദ്ദേഹം പറയുന്നുണ്ട്, ജുഢീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടണം. വളരെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് ജസ്റ്റിസ് എ.പി. ഷായും ജസ്റ്റിസ് ബി.എച്ച് മര്‍ല്ലപ്പള്ളെയും (BH Marlapalle)ഒക്കെ ഉന്നയിച്ചിരിക്കുന്നത്. അതായത് ഇക്കാര്യങ്ങള്‍ തെളിയിക്കപ്പെടേണ്ടതുണ്ട്. ഞാന്‍ പ്രതീക്ഷിക്കുന്നത് ജസ്റ്റിസ് എ.പി. ഷാ പറഞ്ഞതുപോലെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസ്യത, നീതിന്യായ വ്യവസ്ഥയില്‍ നിന്നുള്ള ജനങ്ങളുടെ പ്രതീക്ഷകള്‍ സംരക്ഷിക്കാന്‍ ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ശരിയായ പാനല്‍ പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട് എന്നാണ്. ഇവിടെ വളരെ ഗൗരവമായ കാര്യങ്ങള്‍ കൊണ്ടുവന്നതിനെ നിരഞ്ജന്‍ തക്ലെയെയും കാരവന്‍ മാസികയെയും അഭിനന്ദിക്കേണ്ടതുണ്ട്. ആ കുടുംബം അനുശോചനവും അനുകമ്പയും നീതിയും അര്‍ഹിക്കുന്നുണ്ട്. അവര്‍ വല്ലാത്ത വേദനാജനകമായ അവസ്ഥയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അവര്‍ നല്ല ഭയത്തിലാണ് ജീവിക്കുന്നത്. അതുപോലെ ലോയയുടെ അച്ഛന്‍ പറയുന്നത് അദ്ദേഹത്തിന് പ്രായമായിരിക്കുന്നു, അതുകൊണ്ട് പറയാന്‍ ഭയമില്ല. തനിക്ക് നീതി വേണം. അതേസമയം അദ്ദേഹത്തിന് തന്റെ ചെറുമക്കളുടെ ജീവനില്‍ നല്ല ഭയവുമുണ്ട് എന്നാണ്. വീഡിയോയില്‍ ജസ്റ്റിസ് ലോയയുടെ പിതാവിന്റെയും സഹോദരിയുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ഭയമാണ് തോന്നുന്നത്. കാരണം ജസ്റ്റിസ് ലോയ കൈകാര്യം ചെയ്തിരുന്നത് അത്രമാത്രം ഗൗരവമേറിയ കേസായിരുന്നു എന്നതാണ്. ജസ്റ്റിസ് ലോയയുടെ കുടുംബം ഉയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങള്‍ കേവലം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളോ അതുപോലെ നിയമവാഴ്ചയുടെ ലംഘനമോ മാത്രമല്ല, മറിച്ച് ഈ കേസിന്റെ അനന്തരഫലമെന്നത്, സൊഹ്‌റാബുദ്ദീന്‍ കേസിന്റെ തുടര്‍വികാസത്തില്‍ ഇത് എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതുകൂടിയാണ്.
സൊഹ്‌റാബുദ്ദീന്‍ കേസിലെ മറ്റ് സംശയങ്ങള്‍
നമുക്ക് സൊഹ്‌റാബുദ്ദീന്‍ കേസിലേയ്ക്ക് തിരിച്ചുവരാം. ലോയ മരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് ഗോസാവി അധികാരമേറ്റു. ഡിസംബര്‍ 1ന് ലോയ മരിച്ചുവെങ്കില്‍ ഡിസംബര്‍ 30ന് അമിത്ഷായെ പുതിയ ജസ്റ്റിസ് എല്ലാ കുറ്റാരോപണങ്ങളില്‍ നിന്നും മുക്തനാക്കുന്നു. എന്നുമാത്രമല്ല സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും കോടതി ഉന്നയിച്ചിരുന്നു. തെളിവുകള്‍ കെട്ടിച്ചമച്ചതും സി.ബി.ഐ പ്രവര്‍ത്തിച്ചത് രാഷ്ട്രീയപ്രേരിതമായിട്ടായിരുന്നു എന്നും പറഞ്ഞാണ് കോടതി അമിത്ഷായെ വെറുതെ വിടുന്നത്.
എനിക്ക് അത്ഭുതം തോന്നുന്നത് ഇതിനെതിരെ സി.ബി.ഐ അപ്പീല്‍ പോയിട്ടില്ല എന്നുള്ളതാണ്. ഈ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത് സുപ്രീം കോടതിയാണ്. അന്വേഷണം നടന്നത് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ്. അത്തരത്തിലുള്ള ഏജന്‍സിയോട് കോടതി പറഞ്ഞത് അവര്‍ കൊണ്ടുവന്ന തെളിവുകള്‍ ചവറുകളാണ് എന്ന് മാത്രമല്ല മറിച്ച് അന്വേഷണ ഏജന്‍സി തന്നെ രാഷ്ട്രീയപ്രേരിതമായാണ് പ്രവര്‍ത്തിച്ചത് എന്നുമാണ്. എങ്ങനെയാണ് ഈ ആരോപണങ്ങളെ ചോദ്യം ചെയ്യാതെ സി.ബി.ഐയ്ക്ക് വിട്ടുകളയാനായത്? ഇതില്‍ രണ്ട് കാര്യങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. ഒന്ന്, സി.ബി.ഐ ചെയ്ത ജോലിയുടെ ഗുണനിലവാരത്തെ സി.ബി.ഐ കോടതി ചോദ്യം ചെയ്തിരിക്കുന്നു. മാത്രവുമല്ല സി.ബി.ഐയുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്തിരിക്കുന്നു. അവരുടെ സമഗ്രതയെ ചോദ്യം ചെയ്തിരിക്കുന്നു. അവരുടെ പ്രൊഫഷണലായുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്തിരിക്കുന്നു. ഇവിടെയാണ് സി.ബി.ഐ അപ്പീലിനു പോകാത്തത് എന്റെ മനസ്സില്‍ ആശ്ചര്യം ഉണ്ടാക്കുന്നത്.
ഇനി രണ്ടാമത്തെ കാര്യമെന്താണെന്ന് വെച്ചാല്‍ ആഴത്തിലുള്ള മൗനമാണ് തുടര്‍ന്ന് ഉണ്ടായിട്ടുള്ളത് എന്നതാണ്. അമിത് ഷായെ എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും വെറുതെ വിട്ടിട്ടും അതിന് അധികം മീഡിയാ കവറേജ് ഉണ്ടായിരുന്നില്ല. അതായത് വസ്തുതകള്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നല്ല വേണ്ടത്ര പ്രാധാന്യത്തോടെ കവറേജ് ചെയ്തിട്ടില്ല എന്നാണ്.
എനിക്കുറപ്പുണ്ട് മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ നിയമജ്ഞരെയും ഫോറന്‍സിക് വിദഗ്ധരെയും ഒക്കെ അണിനിരത്തിക്കൊണ്ട് ചാനലുകളില്‍ ഉടനടി ചര്‍ച്ചകളും പുനര്‍ചര്‍ച്ചകളും നടത്തുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്‌റ്റോറി കവര്‍ ചെയ്യേണ്ട എന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചു, ചര്‍ച്ചകളുമുണ്ടായില്ല. സി.ബി.ഐ അപ്പീല്‍ പോകാത്തതിനെക്കുറിച്ച് ഒരു ചെറിയ എഡിറ്റോറിയല്‍ പോലും ഒരു പത്രത്തിലും പ്രത്യക്ഷപ്പെട്ടതുമില്ല. തുടര്‍ന്ന് എന്താണ് സംഭവിച്ചത്? അമിത് ഷാ രക്ഷപ്പെട്ടു എന്നുള്ള വസ്തുതകള്‍ വെച്ചും ഇത് രാഷ്ട്രീയപ്രേരിതമായ കുറ്റാരോപണങ്ങളായിരുന്നു എന്നുള്ള ജസ്റ്റിസ് ഗോസാവിയുടെ പ്രസ്താവനയെയും ഉപയോഗപ്പെടുത്തി ആ കേസിലെ മറ്റുള്ള പൊലീസുകാരും രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും അവിടം കൊണ്ട് കഥ തീരുന്നില്ല. സി.ബി.ഐ അപ്പീല്‍ പോകാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ എന്റെ മനസ്സില്‍ രൂപപ്പെടുത്തുന്നത് വലിയൊരു നിയമലംഘനം നടന്നിരിക്കുന്നു എന്നതാണ്. മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ പ്രാധാന്യം കൊടുത്ത് കൊണ്ടുവരുന്നതില്‍ വീഴ്ചകള്‍ വന്നിട്ടുണ്ട്. നീതി ഉറപ്പാക്കുന്നതില്‍ ജുഢീഷ്യറിക്ക് വന്നിട്ടുള്ള വീഴ്ചകളെയും എന്തുകൊണ്ട് സി.ബി.ഐ അപ്പീലിന് പോയില്ലെന്ന കാര്യവും തുറന്നു കാണിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടിട്ടുണ്ട്.
ഈ സംഭവങ്ങളെത്തുടര്‍ന്ന് യഥാര്‍ത്ഥ പരാതിക്കാരനായ റുബാബുദ്ദീന്‍ (സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍) മുംബൈ ഹോക്കോടതിയെ സമീപിച്ചു. സി.ബിഐ ഈ കേസ് ഉപേക്ഷിച്ചിരിക്കുന്നുവെന്നും ദയവായി ഈ കേസില്‍ അപ്പീല്‍ പോകാന്‍ സി.ബി.ഐയോട് നിര്‍ദേശിക്കണം എന്നുമായിരുന്നു അദ്ദേഹം അന്ന് കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടത്. വാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം റുബാബുദ്ദീന്‍ തന്നെ ഹൈക്കോടതിയില്‍ പോയി പരാതി പിന്‍വലിച്ചു. എന്തോ വിചിത്രമായ കാര്യം സംഭവിച്ചിട്ടുണ്ട് എന്ന് ഹൈക്കോടതിക്ക് മനസ്സിലായി. ആരെങ്കിലും താങ്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന് കോടതി അദ്ദേഹത്തോട് ചോദിച്ചു. തന്നെ ആരും ഭീഷണിപ്പെടുത്തിയില്ലാ എന്നാണ് അദ്ദേഹം കോടതിയോട് പറഞ്ഞത്.ഒരു മാസം കഴിഞ്ഞ് വരാന്‍ റുബാബുദ്ദീനോട് കോടതി നിര്‍ദേശിച്ചു. ഒരുമാസം കഴിഞ്ഞും അദ്ദേഹം വീണ്ടും പരാതി പിന്‍വലിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. പ്രഥമദൃഷ്ട്യാ ഇത് അങ്ങേയറ്റം ദുരൂഹമായ കാര്യമാണ്. അമിത്ഷായെ വെറുതെ വിട്ടതിനെതിരെ പോയ റുബാബുദ്ദീന്‍ തന്റെ പരാതി പിന്‍വലിച്ചു എന്ന് മാത്രമല്ല ആറ് മാസം കഴിഞ്ഞ് വീണ്ടും പോയി മറ്റ് പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ നല്‍കിയ പരാതിയും പിന്‍വലിച്ചു. ഇക്കാര്യങ്ങളൊക്കെ ചേര്‍ത്ത് വായിക്കുമ്പോള്‍ വളരെ സങ്കീര്‍ണമാണ് വിഷയമെന്ന് കാണാം.
പ്രധാനമായും സൊഹ്‌റാബുദ്ദീനെ കൊന്നത് അത് അയാള്‍ ഗ്യാങ്സ്റ്റാര്‍ ആയതുകൊണ്ടൊന്നുമല്ല. അത് തെറ്റായ ഒരു എക്‌സ്ട്രാ ജുഢീഷ്യല്‍ കൊലപാതകമായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിലൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയെയും പൊലീസുകാര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയ ശേഷം കൊന്നു. തെളിവുകളും നശിപ്പിക്കപ്പെട്ടു. അത്രക്കും ഭീകരമായ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. അപ്പോള്‍ കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം.
- 1. രണ്ട് വ്യക്തികളെ കൊന്ന വളരെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ സംഭവിച്ചിരിക്കുന്നു.
2. ജസ്റ്റിസ് ലോയയെ മാറ്റിയതു മുതല്‍ അദ്ദേഹത്തിന്റെ മരണം വരെയുള്ള സംഭവങ്ങളെക്കുറിച്ച് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍.
3. സി.ബി.ഐ അപ്പീല്‍ പോകുന്നതില്‍ പരാജയപ്പെട്ടത്.
മീഡിയയുടെ നിശ്ശബ്ദത
എന്തുകൊണ്ടാണ് ഇന്ത്യന്‍ മീഡിയയ്ക്ക് കാരവന്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ വലിയ വാര്‍ത്തയായി തോന്നാതിരുന്നത്. മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള നിശ്ശബ്ദത ഭയപ്പെടുത്തുന്നതാണ്. അടിയന്തരാവസ്ഥാ കാലത്ത് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത് നിങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കവര്‍ ചെയ്യരുത് എന്നാണ്. അതുകൊണ്ട് തന്നെ അന്ന് മാധ്യമങ്ങള്‍ പ്രിന്റ് ചെയ്യാത്ത താളുകളുമായി പത്രമിറക്കി ഐതിഹാസികമായി പ്രതികരിക്കുകയൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ നമ്മള്‍ സ്വയം തന്നെ സെന്‍സറിങ് നടത്തുന്നു എന്നാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിത്തരുന്നത്. തീര്‍ച്ചയായും അടിയന്തരാവസ്ഥ ഭീകരമായിരുന്നു. എന്ത് പ്രിന്റ് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അന്ന് ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഈ നിശ്ശബ്ദതകള്‍ അത്രതന്നെ തുല്യമായി ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. കാരണം വായനക്കാരില്‍ നിന്നും നിങ്ങള്‍ ചിലത് മറച്ചുവെയ്ക്കുന്നു. അത്തരത്തില്‍ ഒരു ആവശ്യം ഔദ്യോഗികമായോ നിയമപരമായോ സര്‍ക്കാര്‍ ആവശ്യപ്പെടാതിരുന്നിട്ടുപോലും നിങ്ങള്‍ അത് ചെയ്യുന്നു. ജസ്റ്റിസ് ലോയയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ഇപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ കവര്‍ ചെയ്യുകയോ ചെയ്യുന്നില്ല. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഹിന്ദു തുടങ്ങിയ നാല് വന്‍കിട ദേശീയ പത്രങ്ങള്‍ നിശ്ശബ്ദത പുലര്‍ത്തി. ഇവിടെ എല്ലാ കാര്യവും തെളിയിക്കപ്പെടാന്‍ പറ്റില്ല, ശരിതന്നെ. എന്നാല്‍ ഇത്തരമൊരു ആരോപണം അതേ ജഡ്ജിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് വാര്‍ത്തയാണ്. എങ്ങനെയാണ് നിങ്ങള്‍ക്കത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനാവുന്നത്?
ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ ഏറ്റവും പ്രമുഖനുമായ ജസ്റ്റിസ് ഏ.പി ഷാ പറഞ്ഞു ഈ മരണവും ലോയയ്ക്ക് കൈക്കൂലി നല്‍കി എന്ന ആരോപണവും സംശയാസ്പദമാണ് എന്ന്. ഇത് തെളിയിക്കപ്പെടണം. ഇത് എങ്ങനെയാണ് ഒരു സ്‌റ്റോറിയല്ലാതാവുന്നത്? ഇത്തരം വാര്‍ത്തകള്‍ എങ്ങനെ കൊടുക്കണമെന്നതൊക്കെ വിടാം. എതിരായി തന്നെ കൊടുത്തോട്ടെ. എന്നാല്‍ ഇത് എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്? വായനക്കാരും പ്രേക്ഷകരും ഉണര്‍ന്നുവരാനുള്ള ആഹ്വാനമായിട്ടാണ് ഇതിനെ കാണേണ്ടത്. അതായത് നിങ്ങള്‍ക്ക് ഡിജിറ്റല്‍ മീഡിയയുണ്ട്. സോഷ്യല്‍ മീഡിയയുണ്ട്. ഈ നിശ്ശബ്ദത പാലിക്കാനുള്ള ഗൂഢാലോചനയെ ഭേദിക്കാന്‍ കഴിയണം. വിവരങ്ങള്‍ ചര്‍ച്ചകളിലേയ്ക്ക് കടന്നുവരണം.
രാഷ്ട്രീയ മണ്ഡലത്തിന്റെ ഭയപ്പെടുത്തുന്ന നിശ്ശബ്ദത
രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന നിശ്ശബ്ദതയും ഇവിടെ നമുക്ക് കാണാന്‍ സാധിക്കും. പ്രതിപക്ഷ പാര്‍ട്ടികളെങ്കിലും ഈ വിഷയം ഏറ്റെടുക്കേണ്ടതുണ്ട്. അതിന്റെ വക്താക്കളെല്ലാം പറയുന്നത് ഇതിന്റെ നിയമവശങ്ങളെക്കുറിച്ച് പഠിക്കുകയാണ് എന്നാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ എത്ര ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തകര്‍ ഏറ്റവും കുറഞ്ഞത് ഇതിനെക്കുറിച്ച് ചില ചോദ്യങ്ങളെങ്കിലും ചോദിക്കേണ്ടതില്ലേ?കഴിഞ്ഞദിവസം സി.പി.ഐ.എമ്മിലെ സീതാറാം യെച്ചൂരി നടത്തിയ പ്രസ്താവന ഞാന്‍ വായിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ കാരവന്റെ സ്‌റ്റോറിയില്‍ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്വരാജ് അഭിയാന്‍ പ്രവര്‍ത്തകരായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇക്കാര്യത്തെക്കുറിച്ച് നിശ്ശബ്ദരാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ഭയക്കുന്നോ എന്ന് എനിക്ക് തോന്നുന്നു.
ഇന്നലെ അതിലെ ഒരു രാഷ്ട്രീയവക്താവാണ് ഈ നിയമപ്രശ്‌നങ്ങളെക്കുറിച്ചൊക്കെ പറഞ്ഞത്. പക്ഷേ എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇത് ഉന്നയിക്കാത്തത് എന്ന്. പ്രത്യേകിച്ചും ഗുജറാത്തില്‍ സൊഹ്‌റാബുദ്ദീന്‍ കേസുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവര്‍ക്ക് തിക്തമായ അനുഭവങ്ങളുണ്ട്. എന്നാലും ചില വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളേക്കാള്‍ പ്രധാനമായി കടന്നുവരും. കാരണം ഇന്ത്യ നിയമവാഴ്ചയ്ക്കുള്ളില്‍ വരണോ വേണ്ടയോ എന്ന നിര്‍ണായക ചോദ്യങ്ങള്‍ കടന്നുവരുന്ന പ്രശ്‌നങ്ങളായിരിക്കും അവ.
(courtesy: thewire.in)