കൊച്ചി: ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി സംസാരിച്ച സി.പി.എം നേതാവിന് കിടിലന്‍ മറുപടി നല്‍കി കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍. എസ്.എഫ്.ഐ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കളമശ്ശേരി ഏരിയാ സെക്രട്ടറി സകീര്‍ ഹുസൈനാണ് എസ്.ഐയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്.
ഫോണില്‍ മാന്യമായി സംസാരിച്ച എസ്.ഐയോട് കളമശ്ശേരിയുടെ രാഷ്ട്രീയം അറിഞ്ഞിട്ട് നിന്നാ മതിയെന്ന് സി.പി.എം നേതാവ് സകീര്‍ ഹുസൈന്‍ ഭീഷണി മുഴക്കി. ഇവിടെ ഇരുന്നോളാന്ന് ആര്‍ക്കും വാക്കൊന്നും കൊടുത്തിട്ടില്ലെന്ന് എസ്.ഐയും. ടെസ്റ്റ് എഴുതി പാസായിട്ടാണ് വന്നിരിക്കുന്നതെന്നും ചുമ്മാതല്ലെന്നും കൂടി പറഞ്ഞു.
സംഭാഷണത്തിന്റെ പൂര്‍ണരൂപം വായിക്കാം:
സക്കീര്‍ ഹുസൈന്‍ (സിപിഎം): ഞാന്‍ സക്കീര്‍ ഹുസൈനാ, സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി.
അമൃത് രംഗന്‍ (എസ്‌ഐ): നമസ്‌കാരം, പറയൂ, പറയൂ.
സക്കീര്‍ ഹുസൈന്‍ (സിപിഎം): നമ്മുടെ യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐയുടെ ജില്ലാ നേതാവിനെ വണ്ടിയിലേക്ക് പിടിച്ചുന്തിക്കയറ്റി, അവനെ തെറി പറഞ്ഞു, എന്ന് പറഞ്ഞൊരു സംഭവമുണ്ടായി.
അമൃത് രംഗന്‍ (എസ്‌ഐ): ഇവടെ അടി നടന്നിട്ടേ, ഒരു പയ്യന്റെ തല പൊട്ടി ചോര വന്നോണ്ടിരിക്കാണ്. അവിടെ പോയ പയ്യന്‍മാരെ, അവരില്‍ ഒരാളെ തിരിച്ച് ഇവടെ അമ്‌നിറ്റിയില്‍ കൊണ്ടാക്കിയിട്ടുണ്ട്. അത്രേ ഉണ്ടായിട്ടുള്ളൂ. കേട്ടോ. ഇവടെ ഇപ്പഴും പ്രശ്‌നം നടക്കുവാണ്. ഞാന്‍ അതിന്റെ എടേല്‍ നില്‍ക്കുവേം ആണ്. വേറെ ഒന്നൂല്ല. അങ്ങനാണേ അമ്‌നിറ്റിയില്‍ കൊണ്ടാക്കണ്ട കാര്യമുണ്ടോ?
സക്കീര്‍ ഹുസൈന്‍ (സിപിഎം): അവന്‍ പറഞ്ഞല്ലോ എസ്എഫ്‌ഐയുടെ ജില്ലാ ഭാരവാഹിയാണെന്ന്. എന്നിട്ട് വളരെ മോശമായിട്ട് അവനോട് പെരുമാറുവാണോ?
അമൃത് രംഗന്‍ (എസ്‌ഐ): നിങ്ങളിങ്ങനെയൊക്കെ ചിന്തിക്കുവാണെങ്കില്‍ നമ്മളെന്താ പറയാ.. അങ്ങനെയായിരിക്കും സാഹചര്യം, അങ്ങനെ നടന്നിരിക്കും എന്നൊക്കെ ചിന്തിച്ചാല്‍ എനിക്കൊന്നും പറയാനില്ല. ഇവടെ ഇത്രേം കുട്ടികള് നിക്കുവാണ്. അവിടേക്ക് അവന്‍ ഓടി വരുവാണ്. അവിടന്ന് അവനെ മാറ്റി നിര്‍ത്തുവാണ് ചെയ്തത്. ഒരാളെയെങ്കി ഒരാളെ മാറ്റി നിര്‍ത്തുവാണ് ചെയ്തത്. അവനെ അങ്ങനെ ഇറക്കി നിര്‍ത്തണ്ട കാര്യമുണ്ടോ? അമ്‌നിറ്റിയിലേക്ക് ഓടിക്കേറി വന്ന പിള്ളാരെയാണ് ഓടിച്ചത്. നിങ്ങള് അവരുടെ സൈഡില്‍ നിന്ന് മാത്രം സംസാരിക്കുവാണെങ്കില്‍ നമ്മളിങ്ങനെ സംസാരിച്ചിട്ട് കാര്യവില്ല.
സക്കീര്‍ ഹുസൈന്‍ (സിപിഎം): ഏതാ?
അമൃത് രംഗന്‍ (എസ്‌ഐ): അല്ല, അദ്ദേഹം പറയുന്നത് മാത്രം കേട്ടിട്ടാണ് നിങ്ങള് എന്നോട് സംസാരിക്കുന്നതെങ്കി എനിക്കൊന്നും പറയാനില്ല. നിങ്ങള് തന്നെ ഒന്നാലോചിച്ച് നോക്കിയേ. ഇങ്ങോട്ട് വരുന്നു. ആ പയ്യനെ തിരിച്ച് അവിടെ ആക്കിക്കൊടുക്കുന്നു. അവിടെയിരിക്കുന്ന ബാക്കിയുള്ള പിള്ളേരെ ഓടിക്കുന്നു. ഞങ്ങള് ഞങ്ങളുടെ പണിയെടുക്കുവല്ലേ. ഇവര് തമ്മില് കൂട്ടത്തോടെ അടിച്ചാ എന്ത് ചെയ്യും? ഈ കുട്ടികള് തമ്മിലടിച്ച് ചോര കാണാന്‍ പറ്റാത്തതുകൊണ്ടല്ലേ ഞങ്ങളൊക്കെ എടപെടണേ? അല്ലേല്‍ ഇവരടിച്ച് ചാകണത് കണ്ടോണ്ടിരിക്കാന്‍ പറ്റുവോ എനിക്ക്?
സക്കീര്‍ ഹുസൈന്‍ (സിപിഎം): അവിടെ അടിയുണ്ടാകുമെന്നും, എസ്എഫ്‌ഐയുടെ ആഹ്‌ളാദപ്രകടനമുണ്ടാകുമെന്നും അതോടൊപ്പം തന്നെ മറ്റവര് പ്രകടനം നടത്തുമെന്നൊക്കെ മുന്‍കൂട്ടി പറഞ്ഞിരുന്നതല്ലേ അവര്?
അമൃത് രംഗന്‍ (എസ്‌ഐ): അതെ. എസ്എഫ്‌ഐയുടെ പ്രകടനം മാന്യമായിട്ട് കഴിഞ്ഞു. അതില് ഞാനുണ്ടായിരുന്നു. അത് കഴിഞ്ഞ് ഇവരുടെ പ്രകടനം വന്നു. ഇവര് തിരിച്ചുപോന്നു. ഫ്രണ്ടില് മൂന്നോ നാലോ പിള്ളേരുണ്ടായിരുന്നതില് ആര് ആരെ അടിച്ചു എന്ന് ഞങ്ങള്‍ക്കിത് വരെ മനസ്സിലായിട്ടില്ല. ഈ പറയുന്ന സഹാറ ഹോസ്റ്റലിലെ പയ്യന്റെ തലയില്‍ നിന്നാണ് ചോര കണ്ടുകൊണ്ടിരിക്കുന്നത്. എനിക്കിവനെ ആശുപത്രിക്കൊണ്ടുപോണ്ടേ? ഇവര് പറയുന്നത് എസ്എഫ്‌ഐക്കാര്‍ ഇവരെ അടിച്ചെന്നാണ്. എസ്എഫ്‌ഐക്കാര് പറയുന്നത് അവരെ എസ്എഫ്‌ഐക്കാരെ അടിച്ചെന്നാണ്. ഇത് നാളെയല്ലേ ഇതറിയാന്‍ പറ്റൂ.
സക്കീര്‍ ഹുസൈന്‍ (സിപിഎം): ലീഡര്‍ഷിപ്പിലുള്ള ഒരാള് ഞാന്‍ ഇന്നയാളാന്ന് പറഞ്ഞാല്‍ അയാളോട് മാന്യമായി പെരുമാറാതെ ഇത്തരം സമീപനമെടുക്കണത് ശരിയാണോ?
അമൃത് രംഗന്‍ (എസ്‌ഐ): ഞാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ എല്‍എല്‍എം ബ്ലോക്ക് കഴിഞ്ഞ് കുറച്ചൂടി … (സക്കീര്‍ ഹുസൈന്‍ ഇടപെടുന്നു)
സക്കീര്‍ ഹുസൈന്‍ (സിപിഎം): അവരെപ്പിടിച്ച് വണ്ടിയിലേക്ക് കയറ്റിയല്ലേ നിങ്ങള്?
അമൃത് രംഗന്‍ (എസ്‌ഐ): ഞാന്‍ പറയട്ടെ .. ഞാന്‍ അവനെ വണ്ടിയിലേക്ക് കയറ്റിയപ്പോ അവന്‍ എസ്എഫ്‌ഐയുടെ ജില്ലാ എന്തോ ചുമതലയാന്ന് പറഞ്ഞു, അവനെ ഞാനവിടെ എറക്കീട്ടുണ്ട്. അവിടെ എറക്കി. എന്നിട്ട് .. (സക്കീര്‍ ഹുസൈന്‍ ഇടപെടുന്നു)
സക്കീര്‍ ഹുസൈന്‍ (സിപിഎം): ഞാനേയ് ഒരു കാര്യം പറയാം. നിങ്ങളിപ്പോ എസ്‌ഐയായി വന്ന ശേഷം ഞാനിത് വരെ നിങ്ങളെ വിളിച്ചിട്ടില്ല. ഞാനാദ്യായിട്ടാ വിളിക്കണേ. നിങ്ങളെ സംബന്ധിച്ച് വളരെ മോശം അഭിപ്രായം വിദ്യാര്‍ത്ഥികളുടെ എടേന്നും രാഷ്ട്രീയപ്രവര്‍ത്തകരുടെ എടേന്നും ഒക്കെ ഉണ്ടായിട്ടുണ്ട്. ഈ കളമശ്ശേരിയിലെ ഒരു രാഷ്ട്രീയവും ഇടപാടും ഒക്കെ മനസ്സിലാക്കി ഇടപെടുന്നത് നന്നാവും.
അമൃത് രംഗന്‍ (എസ്‌ഐ): അല്ല, എനിക്കങ്ങനെയൊരു നിലപാടില്ല. ഞാന്‍ നേരെ വാ നേരെ പോ എന്ന് പറയുന്നയാളാ. ഒരു പാര്‍ട്ടിയോടും കൂറില്ല, ഞാനിവിടെ ഇരിക്കാന്ന് ആരോടും വാക്കും പറഞ്ഞിട്ടില്ല. കളമശ്ശേരി ആരുടെയാണെങ്കിലും എനിക്ക് പ്രശ്‌നമല്ല. എനിക്കെല്ലാ പിള്ളേരും ഒരുപോലാ. ഇവിടോരോരുത്തരുടെ നിലപാട് നോക്കി വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെനിക്ക്. ഞാന്‍ കളമശ്ശേരിയില്‍ വന്നിരിക്കണത് ആരുടേം കാല് പിടിച്ചിട്ടല്ല.
സക്കീര്‍ ഹുസൈന്‍ (സിപിഎം): ഒച്ചയെടുക്കരുത്. പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം.
അമൃത് രംഗന്‍ (എസ്‌ഐ): ഞാനിത്രേം നേരം മാന്യമായിട്ടല്ലേ പെരുമാറിയത്? ഇതില്‍ക്കൂടുതല്‍ എന്ത് മാന്യമായിട്ടാ പെരുമാറണ്ടത്? പിള്ളേര് തല്ലണത് എനിക്ക് കണ്ടോണ്ടിരിക്കാന്‍ പറ്റോ? നിങ്ങടെ ചുമതലയിലുള്ള ഒരു പയ്യനെ ഞാന്‍ അമ്‌നിറ്റി സെന്ററില്‍ കൊണ്ടാക്കി. ഞാനതില്‍ക്കൂടുതല്‍ എന്ത് ചെയ്യണം?
സക്കീര്‍ ഹുസൈന്‍ (സിപിഎം): നിങ്ങള് വികാരം കൊള്ളണ്ടാന്ന്. നിങ്ങളെന്തിനാ ഇങ്ങനെ വികാരം കൊള്ളണത്?
അമൃത് രംഗന്‍ (എസ്‌ഐ): ഞാനങ്ങനത്തെ ഒരാളല്ല. കാണൂല്ല, പിള്ളേര് തമ്മിത്തല്ലി ചാവണത് എനിക്ക് കണ്ടു നിക്കാന്‍ പറ്റൂല്ല.
സക്കീര്‍ ഹുസൈന്‍ (സിപിഎം): കളമശ്ശേരിയില്‍ നിങ്ങള് മാത്രല്ല എസ്‌ഐ ആയിട്ടിരുന്നിട്ടുള്ളത് കേട്ടോ?
അമൃത് രംഗന്‍ (എസ്‌ഐ): അതും ഇതും തമ്മില്‍ വ്യത്യാസമുണ്ട് സുഹൃത്തേ. ഞാനിവിടെ ചത്ത് കെടന്നാലും പിള്ളേര് തമ്മില്‍ത്തല്ലാന്‍ ഞാന്‍ സമ്മതിക്കൂല്ല. ഈ യൂണിഫോം ഞാനിട്ടിട്ടുണ്ടേല്‍ ചാകാന്‍ റെഡിയായിട്ടാ വന്നേക്കണേ. നിങ്ങളെന്താ ചെയ്യുന്നേന്ന് വച്ചാ ചെയ്യ്. ഞാനേറ്റവും മാന്യമായിട്ടാ നിങ്ങളോട് സംസാരിച്ചത്. ഇവിടിരിക്കാന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. അങ്ങനെ ഇരിക്കുന്ന കൊറേ ആള്‍ക്കാരുണ്ട്. അവരാണിത് നശിപ്പിച്ചത്.
സക്കീര്‍ ഹുസൈന്‍ (സിപിഎം): താനെന്തിനാടോ ഇങ്ങനെ ചൂടാകണത്? താന്‍ മാന്യമായിട്ട് സംസാരിക്കണം. താന്‍ പലരോടും ഇത് മാതിരിയാണ് സംസാരിക്കണത്. മാന്യമായി സംസാരിക്ക്. താനങ്ങനെ മെക്കിട്ട് കേറി സംസാരിക്കല്ലേ. രാഷ്ട്രീയപ്രവര്‍ത്തകരോട് തനിക്ക് പുച്ഛമായിരിക്കാം.
അമൃത് രംഗന്‍ (എസ്‌ഐ): എനിക്കൊരു പുച്ഛവുമില്ല. മാന്യമായിട്ട് തന്നെയാണ് ഞാന്‍ സംസാരിക്കണത്.
സക്കീര്‍ ഹുസൈന്‍ (സിപിഎം): തന്നേക്കാള്‍ വലിയ ഉദ്യോഗസ്ഥന്‍മാരൊക്കെ എന്നോട് മാന്യമായിട്ടാണല്ലോ സംസാരിക്കണത്. പല ഉദ്യോഗസ്ഥരെയും ഞാന്‍ വിളിച്ച് സംസാരിക്കണതല്ലേ. തനിക്ക് മാത്രമെന്താണ് കൊമ്പുണ്ടോ?
അമൃത് രംഗന്‍ (എസ്‌ഐ): എനിക്ക് കൊമ്പൊന്നുവില്ല. നിങ്ങള്‍ക്ക് കൊമ്പുണ്ടേല്‍ എന്താന്ന് വച്ചാ ചെയ്യ്.
സക്കീര്‍ ഹുസൈന്‍ (സിപിഎം): തനിക്കെന്താടോ ഇത്ര വലിയ പ്രത്യേകത?
അമൃത് രംഗന്‍ (എസ്‌ഐ): അതെനിക്കറിയില്ല. പക്ഷേ ഈ യൂണിഫോമേ, ടെസ്‌റ്റെഴുതിപ്പാസ്സായതാ. നിങ്ങക്ക് ഇഷ്ടമുള്ളയാളെ കൊണ്ടിരുത്ത്. ഞാനിരിക്കൂല്ല നിങ്ങള് പറയുന്നിടത്ത്. അങ്ങനെയൊരാളല്ല ഞാന്‍. നിങ്ങള് പറയണ മാതിരി പണിയെടുക്കൂല്ല, കേട്ടോ. അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റൂല്ല.