ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയേയും മകനേയും കുത്തിക്കൊലപ്പെടുത്തിയ വാര്‍ത്ത സംസ്ഥാനത്തെ നൊമ്പരപ്പെടുത്തിയിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദാരുണ സംഭവത്തില്‍ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് അയല്‍വാസി ചെന്താമരന്‍ കൊലപ്പെടുത്തിയത്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ഇരട്ടക്കൊല നടത്തിയിരിക്കുന്നത്. നെന്മാറ സംഭവം ഉള്‍പ്പെടെ ഏതാനും ആഴ്ചകള്‍ക്കിടെ സംസ്ഥാനത്ത് ഇത്തരം നടുക്കമുളവാക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മാതാവിനെ മകനും കണ്ണൂര്‍ ജില്ലയില്‍ മകന്‍ പിതാവിനെയും കൊലക്കത്തിക്കിരയാക്കിയത് ദിവസങ്ങ ളുടെ മാത്രം ഇടവേളയിലാണ്. തിരുവനന്തപുരത്ത് പ്രണയം നടിച്ച് യുവാവ് യുവതിയെ കൊലപ്പെടുത്തിയതും ഇതേ ആഴ്ച്ചയില്‍ തന്നെ. പുതുവര്‍ഷപ്പുലരിയിലേക്ക് കാലെ ടുത്തുവെക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും ആക്രമണങ്ങളുമെല്ലാം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതും പുതിയ ആലോചനകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്.
കുടുംബ ശൈതില്യങ്ങള്‍, ലഹരി ഉപയോഗത്തിന്റെ വര്‍ധന തുടങ്ങി ഈ ഭീതിതമായ സാഹചര്യത്തിന് ഒറ്റയടിക്ക് നിരവധി കാരണങ്ങള്‍ നിരത്താനുണ്ടെങ്കിലും അവയെക്കുറിച്ചെല്ലാം വ്യക്തമായ പഠനങ്ങളും അത് തടയാനുള്ള നടപടികളുമുണ്ടാവുക എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍. ഇതിന് നേതൃത്വം നല്‍കേണ്ടത് ഭരണകുടങ്ങളാണ്. അതിനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ അവ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് ഭരണകൂടത്തിന് മുന്നിലുള്ളത്. സത്യാനന്തരകാലം എന്നു വിശേഷിക്കപ്പെടുന്ന പുതിയ കാലത്ത് മനുഷ്യന്‍ ആര്‍ത്തിയുടെയും ആസക്തിയുടെയും അടിമകളായി മാറുകയാണ്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള വ്യഗ്രതയില്‍ ബന്ധങ്ങളും ബാധ്യതകളുമെല്ലാം വലിച്ചെറിയപ്പെടുന്നു. ആധുനികതയുടെ സൗകര്യങ്ങളില്‍ അഭിരമിക്കുമ്പോള്‍ അരുതായ്മകള്‍ എന്നത് നിഘണ്ടുവില്‍നിന്ന് എടുക്കപ്പെടുകയും ആഗ്രഹിക്കപ്പെടാത്തതും ലഭ്യമല്ലാത്തതുമായി ഒന്നുമില്ലെന്ന് സമൂഹം തീര്‍ച്ചപ്പെടുത്തിയിരിക്കുകയുമാണ്. ആഗ്രഹങ്ങള്‍ക്കും അഭിനിവേശങ്ങള്‍ക്കും വിഘാതമായി നില്‍ക്കുന്ന എന്തിനെയും എടുത്തുമാറ്റപ്പെടുന്നതിനിടയിലാണ് ജീവിതവും ജീവനും പോലും ഇല്ലാതാക്കപ്പെടുന്നത്. ഇവിടെയാണ് പുതിയ കാലത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യാന്‍ സമൂഹത്തെ പ്രാപ്തമാക്കുക എന്ന വലിയ ഉത്തരവാദിത്തം ഭരണകൂടത്തിന്റെ മുന്നില്‍ ഉയര്‍ന്നുവരുന്നത്.
എന്നാല്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതിന് പകരം ആ സങ്കീര്‍ണതകള്‍ക്ക് ആക്കം കൂട്ടുന്ന സമീപനങ്ങളാണ് സര്‍ക്കാറില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കുമൊക്കെ സമൂഹത്തെ നയിക്കുന്നതില്‍ ലഹരിയുടെ ഉപയോഗം വലിയ പങ്കുവഹിക്കുന്നവെന്നകാര്യം സുവിധിതമാണ്. സര്‍ക്കാറാകട്ടേ സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള പ്രതിജ്ഞയുമായാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. പൊതുസമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും പക്ഷത്തിന്റെയും മാത്രമല്ല, സഖ്യകക്ഷികളുടെ പോലും എതിര്‍പ്പിനെ മറികടന്നുകൊണ്ടാണ് മുഖ്യ മന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ മദ്യനിര്‍മാണ പ്ലാന്റിനുള്ള ക ളമൊരുങ്ങുന്നത്. ക്രമസമാധാന രംഗത്തെ സമാനതകളില്ലാത്ത വീഴ്ച്ചകളും ഈ ആസുരമായ സാഹചര്യത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ സ്വാധീനത്താല്‍ കു ച്ചുവിലങ്ങിടപ്പെട്ടിരിക്കുന്ന പൊലീസ് സംവിധാനം നിശ്ക്രിയമായി മാറുകയാണ്. നെന്മാറയിലെ ഇരട്ടക്കൊലപാതകത്തില്‍ അച്ഛനും അച്ഛമ്മയും കൊല്ലപ്പെട്ട അഖില എന്ന പെണ്‍കുട്ടിയുടെ കരളലിയിപ്പിക്കുന്ന വിലാപത്തില്‍ തന്നെ ക്രമസമാധാനപാലകരുടെ നിസംഗത പ്രകടമാണ്. ജാ മ്യത്തിലിറങ്ങിയ ചെന്താമര ഭീഷണിപ്പെടുത്തുന്നുവെന്ന് ഈ കുടുംബം നിരന്തരം പരാതി നല്‍കിയിട്ടും അത് ഗൗര വത്തിലെടുക്കപ്പെട്ടിട്ടില്ലെന്നാണ് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ആ പെണ്‍കുട്ടി വിളിച്ചുപറയുന്നത്. കേരളത്തില്‍ കൊലപാതകങ്ങളുടെ നിരക്ക് ലോകത്തെ ഏറ്റവും സമാ ധാനപരമെന്ന് കരുതുന്ന രാജ്യങ്ങളേക്കാള്‍ താഴെയാണെന്ന് വീമ്പുപറയാന്‍ കഴിയുന്ന വരുംകാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ ഇതിനെയെല്ലാം തള്ളിക്കളയുകയാണ്. സംസ്ഥാനത്തെ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊതുവെ സാമൂഹ്യ ജീവിതം സമാധാനപരമാ യിരുന്ന കോവിഡ് കാലംമുതലാണ് ഈ വര്‍ധന പ്രകടമായതെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ അതീവ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായിട്ടില്ലെങ്കില്‍ കൂടുതല്‍ ഭയാനകമായ സാഹചര്യങ്ങള്‍ക്കായിരിക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടിവരിക എന്ന കാര്യത്തില്‍ സംശയത്തിനിടയുണ്ടാവില്ല.