തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പേറുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുണ്ട് എന്നതാണ് കസറ്റഡിയിലെടുക്കാന്‍ കാരണമെന്നാണ് ഇഡി വിശദീകരണം. എന്നാല്‍ ഇന്ന് തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കര്‍ കസ്റ്റഡിയിലായതോടെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്കാണ് പുറത്തുവരാന്‍ പോവുന്നത്. നായനാര്‍ സര്‍ക്കാരില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് ശിവശങ്കരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത്.
കാലാവധി പൂര്‍ത്തിയാക്കാതെ പിണറായി അന്ന് അപ്രതീക്ഷതമായി പടിയിറങ്ങിയെങ്കിലും ശിവശങ്കരന്‍ പിണറായിയുമായുള്ള ബന്ധം തുടര്‍ന്നു. 2016-ല്‍ പിണറായി മുഖ്യമന്ത്രിയായി തിരികെ വന്നപ്പോള്‍ ഐടി വകുപ്പ് സെക്രട്ടറി സ്ഥാനം നല്‍കി ശിവശങ്കരനെ ഒപ്പം നിര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നളിനി നെറ്റോ പടിയിറങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി എം.ശിവശങ്കരന്‍ നിയമിക്കപ്പെട്ടത്. നേരത്തെ 2016-ല്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ അ?ദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പിന്നീട് എംവി ജയരാജന്‍ എത്തിയപ്പോള്‍ ശിവശങ്കരന്‍ സ്ഥാനമൊഴിഞ്ഞു.
നേരത്തെ പലതവണ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിരോധിക്കാന്‍ പോലും കാരണങ്ങളില്ലാതെ വിധം അദ്ദേഹം കുടുങ്ങുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കയത്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, സ്പ്രിങ്‌ളര്‍ ഇടപാട് തുടങ്ങി ഈ സര്‍ക്കാറിന്റെ കാലത്ത് നടന്ന പ്രധാനപ്പെട്ട അഴിമതികളിലെല്ലാം ശിവശങ്കറും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അദ്ദേഹം സ്വന്തം താല്‍പര്യത്തിന് ചെയ്തുവെന്ന് വിശ്വസിക്കാനാവില്ല. മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമോ അദ്ദേഹത്തിന്റെ അനുവാദത്തോടെയോ ചെയ്തുവെന്ന് പറയേണ്ടിവരും. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇപ്പോള്‍ ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പാണ്.