മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെ പിയെ വലിച്ചു കീറി എന്‍.ഡി.എ സഖ്യ കക്ഷിയായ ശിവസേനയുടെ മുഖപത്രങ്ങളായ സാമ്‌നയും, ദോ പഹര്‍ ക സാമ്‌നയും. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലില്‍ രൂക്ഷമായ ഭാഷയിലാണ് പി.എന്‍.ബി തട്ടിപ്പിനെ കുറിച്ചു പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയെ എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ നീരവ് മോദിയെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണ്ണറാക്കണമെന്ന ആവശ്യത്തോടെയാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.
ബിജെപിക്കും മോദിക്കുമെതിരെ കോണ്‍ഗ്രസ്സ് പോലും ഉന്നയിക്കാത്ത ഗുരുതരമായ ആരോപണങ്ങളാണ് ശിവസേന ഉന്നയിച്ചിരിക്കുന്നത്. മുനവെച്ച വാക്കുകള്‍ കൊണ്ടെഴുതിയ എഡിറ്റോറിയലില്‍ നീരവ് മോദിയും കുടുംബവും ജനുവരി ആദ്യം തന്നെ തട്ടിപ്പ് പുറത്താകുമെന്ന മന്‍സിലാക്കി രാജ്യം വിട്ടുവെന്ന് പറയുന്നു. എന്നാല്‍ ഈ മാന്യന്‍ ജനുവരി അവസാന വാരം നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോ സെഷനില്‍ പങ്കെടുത്തത് എങ്ങനെ എന്നും ചോദിക്കുന്നു.
ബിജെപിയുടെ പ്രധാന ഫണ്ട് റൈസര്‍മാരില്‍ ഒരാളാണ് നീരവ് എന്ന് എഡിറ്റോറിയലില്‍ പറയുന്നു. സഖ്യ കക്ഷിയായ ശിവസേന ബി ജെപി യുടെ മുഖത്തടിക്കുന്നതു പോലെയാണ് എഡിറ്റോറിയല്‍. തെരഞ്ഞെടുപ്പുകളില്‍ നീരവ് ‘മല പോലെ’ പണം ബിജെപിക്ക് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു കാര്യം അറിയണം. മാസങ്ങള്‍ക്കു മുന്‍പ് നീരവ് മോദിക്കെതിരെ പി.എന്‍.ബി സിബിഐക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും ജനുവരി അവസാനം എങ്ങനെ അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു? അദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നെങ്കില്‍ പരാതിയെ കുറിച്ച് അറിയാന്‍ കഴിയുമായിരുന്നു എന്ന് സാമ്‌ന പരിഹസിക്കുന്നു.
ഒരു സാധാരണക്കാരന് ആശുപത്രി ചികിത്സക്കും മരിച്ചാല്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്നതിന് പോലും ആധാര്‍ നിര്‍ബന്ധമാകുമ്പോള്‍ നീരവ് മോദിക്ക് ആധാര്‍ കാര്‍ഡ് പോലും ഇല്ലാതെ 11,500 കോടി വായ്പ ലഭിക്കുന്നു. 500 രൂപയുടെ വായ്പാ തിരിച്ചടക്കാന്‍ ശേഷിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ 150,000 കോടി രൂപ ബാങ്കുകളെ കബളിപ്പിച്ചു രാജ്യത്തിന് പുറത്തു സുഖമായി വാഴുന്നു. മോദിയുടെ ഭരണത്തില്‍ ഇമേജ് ബില്‍ഡിങ്ങും പരസ്യപ്രചാരണവും മാത്രമാണ് നടക്കുന്നത്. രാജ്യം കൊള്ളയടിക്കുന്നത് ചൂണ്ടിക്കാട്ടിയ രഘുറാം രാജനെ ഇവര്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ സ്ഥാനത് നിന്ന് പുറത്താക്കി. ‘പകരം നീരവിനെ നിയമിക്കുക, അദ്ദേഹം ഈ രാജ്യത്തെ അവസാനിപ്പിച്ചു തരും’ എന്ന് അതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.