Connect with us

Culture

ജീവിക്കുന്നു ജനഹൃദയങ്ങളില്‍

Published

on


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇല്ലാത്ത പത്തു വര്‍ഷമാണ് കടന്നു പോയതെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമിപ്പോഴും നമുക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന പോലെ അനുഭവപ്പെടുന്നു. സങ്കീര്‍ണമായ വിഷയങ്ങളോ മനസ്സിലെന്തെങ്കിലും ആധിയോ കടന്നു വരുമ്പോള്‍ കൊടപ്പനക്കലെ വീട്ടില്‍ അദ്ദേഹമുണ്ടെന്നും ഒന്നു ചെന്നു കണ്ടാല്‍ എല്ലാം പരിഹൃതമാകുമെന്നും തോന്നും. പക്ഷേ 2009 ആഗസ്ത് ഒന്ന് ആ ധന്യജീവിതത്തിനു വിരാമം കുറിച്ച ദിവസമാണ്. ചെറുപ്പകാലത്ത് തുടങ്ങി മരണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മാറുന്നതു വരെ ആ ജീവിതം തിരക്കേറിയതും ചുറ്റിലും സ്‌നേഹജനങ്ങളില്‍ നിറഞ്ഞതുമായിരുന്നു. തനിച്ചിരിക്കുന്ന ഇക്കാക്കയെ സങ്കല്‍പ്പിക്കാനാവില്ലായിരുന്നു. ദുരന്തസംഭവങ്ങളിലും അടുപ്പമുള്ളവരുടെ വേര്‍പാട് വേളയിലും ആ മുഖത്ത് വിഷാദം നിറഞ്ഞു കണ്ടിട്ടില്ല. എന്നും മന്ദഹസിച്ച് മറ്റുള്ളവര്‍ക്കായി സമയം കരുതിവെച്ച് ജീവിച്ചു.
സമൂഹത്തിലെ ദുര്‍ബല ജനതയോടുള്ള കരുതലായിരുന്നു ശിഹാബ് തങ്ങള്‍ എന്ന വ്യക്തിത്വത്തെ ജനഹൃദയങ്ങളില്‍ ഇത്രമാത്രം ഉയരത്തില്‍ സ്ഥാപിച്ചത് എന്ന് കാണാനാവും. ഒരു സഹോദരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ മനസ്സിലാദ്യം തെളിയുന്നതും കഷ്ടപ്പെടുന്നവരോടുള്ള ആ അനുകമ്പയും അവര്‍ക്കു നല്‍കുന്ന പരിഗണനയും പരിചരണവുമാണ്. പാരമ്പര്യവുമായി ഇതു ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. വിശുദ്ധഖുര്‍ആനിന്റെ തത്വങ്ങളും പ്രവാചക(സ) ജീവിതത്തിലെ പാഠങ്ങളും അനുസരിച്ച് മുന്നോട്ടുപോകുന്ന വ്യക്തിയില്‍ ഉണ്ടാവേണ്ട അനിവാര്യ ഗുണങ്ങളുമാണിത്.
അതുതന്നെയാണ് പിതാമഹന്‍മാരില്‍ നിന്നും വന്ദ്യപിതാവില്‍ (പാണക്കാട് പൂക്കോയ തങ്ങള്‍) നിന്നും കൈമാറി കിട്ടിയതും. പക്ഷേ പുതിയകാലത്ത് അതു സൂക്ഷ്മതയോടെ കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ നേട്ടം. ഞങ്ങള്‍ക്കിടയില്‍ പതിനൊന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. കുട്ടിക്കാലം തൊട്ട് വലിയ സ്‌നേഹവും പരിലാളനവും അദ്ദേഹത്തില്‍ നിന്നു കിട്ടി. നാടു മുഴുവന്‍ അതിരറ്റ ആദരവോടെ ഇന്ന് ഓര്‍മ്മിക്കുന്ന ആ വ്യക്തിയുടെ കൈപിടിയിലായിരുന്നുവല്ലോ ബാല്യം കടന്നു പോയത് എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറയുകയാണ്.
കുളിക്കാന്‍, നീന്തല്‍ പഠിക്കാന്‍, കളിക്കാന്‍, വിദ്യാലയത്തില്‍ പോകാന്‍, വിരുന്നിന് എല്ലാം ആ വിരലില്‍ തൂങ്ങി നടന്നിട്ടുണ്ട്. പിന്നെ 1958 ല്‍ അദ്ദേഹം ഉപരിപഠനത്തിന് ഈജിപ്തിലേക്ക് പോയി. എട്ടുവര്‍ഷം അവിടെ പഠിച്ചു. ലോകപ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും കെയ്‌റോ യൂണിവേഴ്‌സിറ്റിയിലും. വര്‍ഷം കൂടുമ്പോഴാണ് നാട്ടിലൊന്നു വരിക. അല്ലെങ്കില്‍ കത്തുകളയക്കും. അതിനായി കാത്തിരിക്കും. ഇക്കാക്ക വരുന്നു എന്ന് കേള്‍ക്കുന്നത് പെരുന്നാള്‍ അടുക്കുന്നതു പോലെ ആഘാഷമാണ് മനസ്സിന്.
ഒരിക്കല്‍ അവധിക്ക് വരുമ്പോള്‍ കൊണ്ടുവന്ന ടേപ്പ് റിക്കാര്‍ഡര്‍ നാട്ടിലാകെ കൗതുകമായി. പാണക്കാട് വെറും ഗ്രാമമാണല്ലോ! അവിടെയുള്ള ആളുകളുടെ സംസാരം റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം പറഞ്ഞറിയിക്കാനാവില്ല. അങ്ങനെ എല്ലാം കൊണ്ടും മറ്റുള്ളവരില്‍ വിസ്മയം ജനിപ്പിച്ചതായിരുന്നു ആ ജീവിതം.
പരസ്‌നേഹത്തിന്റെയും പരമത ബഹുമാനത്തിന്റെയും പ്രായോഗിക പാഠങ്ങള്‍ അദ്ദേഹം കേരളത്തിലെ പൊതുജീവിതത്തിന് കൂടുതല്‍ തെളിമയോടെ പരിചയപ്പെടുത്തി. മതമൈത്രി തകരാതെ സൂക്ഷിക്കാന്‍ ആരോഗ്യം പോലും മറന്ന് ഓടി നടന്നു. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലുമുള്ള ഐക്യത്തിന് നിലകൊണ്ടു.
1975 ജൂലൈ 6ന് വന്ദ്യപിതാവ് അന്തരിച്ചപ്പോള്‍ വഹിച്ചിരുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പദവിയും നൂറു കണക്കിന് മഹല്ലുകളുടെ ഖാസിസ്ഥാനവും മറ്റു ഉത്തരവാദിത്തങ്ങളും അദ്ദേഹത്തില്‍ നിക്ഷിപ്തമായി. ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറും ജാമിഅ: നൂരിയ്യയുടെ സാരഥിയുമായി. അതോടൊപ്പം കുടുംബത്തിന്റെ നാഥനായി. സഹോദരങ്ങളുടെ വിദ്യാഭ്യാസം, പഠനം എന്നിവയിലെല്ലാം ശ്രദ്ധാലുവായി.
നാടിന്റെയും സമുദായത്തിന്റെയും നേതൃത്വം വഹിച്ചു. മത, ദേശ ഭേദമില്ലാതെ കൊടപ്പനക്കലെത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി. തന്റെ സാന്നിധ്യം ഉണ്ടാവേണ്ടിടത്തെല്ലാം ഓടിയെത്തി. സംസ്ഥാനത്തിന്റെ അതിരുകള്‍ കടന്ന് ദേശീയ തലത്തില്‍ വരെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഈജിപ്തിലെ പഠനകാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഈജിപ്ത് പ്രസിഡന്റ് ജമാല്‍ അബ്ദുനാസറിനെയുമൊക്കെ പരിചയപ്പെട്ട അദ്ദേഹം പില്‍ക്കാലത്ത് നിരവധി ഇന്ത്യന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദത്തിലായി.
വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകൂ എന്ന് സദാപ്രസംഗിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തു. സമാധാനത്തെ കുറിച്ചാണ് അദ്ദേഹം ഏറ്റവുമധികം സംസാരിച്ചതും ഉത്കണ്ഠപ്പെട്ടതും. ബാബ്‌രി മസ്ജിദ് സംഭവമുള്‍പ്പെടെ രാജ്യത്തെ ഏത് സങ്കീര്‍ണ ഘട്ടവും കേരളത്തില്‍ സമാധാന ഭംഗം വരുത്താതിരിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. രാജ്യപുരോഗതിയില്‍ വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തി. മുസ്‌ലിംലീഗ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൈവരിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമുള്ള നിലയിലേക്ക് പാര്‍ട്ടി വളര്‍ന്നു. അങ്ങനെ സൗമ്യമായി നിന്ന് നാടിനെ ഉയരങ്ങളിലേക്ക് നയിച്ച ആ വ്യക്തിത്വം എക്കാലത്തേക്കുമുള്ള മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം കണ്‍മറഞ്ഞു എന്ന് തോന്നാത്തവിധം ബൈത്തുറഹ്മകളും ആതുര സേവനങ്ങളും കുടിവെള്ളവുമെല്ലാമായി നാട് ആ സ്മരണയെ നിലനിര്‍ത്തുന്നത്. രാജ്യം തപാല്‍സ്റ്റാമ്പ് ഇറക്കി ആദരിച്ചത്. സര്‍വശക്തന്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തെയും നമ്മെയും ഒരുമിച്ച് ചേര്‍ക്കട്ടെ……….

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending