X

ഷെയ്ന്‍ വാട്‌സണ്‍ വിരമിച്ചു; വിട പറയുന്നത് കുട്ടി ക്രിക്കറ്റിലെ ഇതിഹാസം

ദുബൈ: മുന്‍ ഓസീസ് ഓള്‍ റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ ഷെയ്ന്‍ വാട്‌സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ചെന്നൈ ഐപിഎല്ലിന്റെ ഈ സീസണില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് വാട്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച വാട്‌സണ്‍ ഫ്രാഞ്ചൈസി ടൂര്‍ണമെന്റില്‍ മാത്രമാണ് ജഴ്‌സിയണിഞ്ഞിരുന്നത്.

ഓസീസ് താരം മുന്‍ താരം ടോം മൂഡിയാണ് വിരമിക്കല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. വാട്‌സണ്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഐക്കണ്‍ താരങ്ങളില്‍ ഒരാളായ വാട്‌സണ്‍ ഇതുവരെ 3874 റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്. 92 വിക്കറ്റുകളും സ്വന്തമാക്കി. 2008ല്‍ ഐപിഎല്ലിന്റെ ആദ്യ എഡിഷനില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു ഇദ്ദേഹം. ഏഴു വര്‍ഷം രാജസ്ഥാനില്‍ കഴിഞ്ഞ ശേഷം ബംഗളൂരുവിലെത്തി. അവിടെ നിന്ന് ചെന്നൈയിലും.

2018ല്‍ ചെന്നൈ കിരീടം നേടിയ വേളയില്‍ ചെന്നൈയുടെ നെടുന്തൂണായിരുന്നു വാട്‌സണ്‍. ഫൈനലില്‍ ഹൈദരാബാദിനെതിരെ 57 പന്തില്‍ നിന്ന് 117 റണ്‍സാണ് ഓസീസ് താരം അടിച്ചു കൂട്ടിയിരുന്നത്. ഈ സീസണില്‍ 299 റണ്‍സാണ് നേടിയത്.

Test User: