Connect with us

Video Stories

മലകയറിയ മൂന്നാം യുവതിയും മുഖ്യമന്ത്രിയുടെ ചോദ്യവും

Published

on

കെ.എം അബ്ദുല്‍ ഗഫൂര്‍

മൂന്നാമത്തെ യുവതി ശബരിമല കയറിയപ്പോള്‍ ഹര്‍ത്താലില്ലേ? ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ച ചോദ്യമാണിത്.
ചോദ്യം ബി ജെ പി നേതൃത്വത്തോട് ആയതിനാല്‍ ഉത്തരം പറയേണ്ടതും അവര്‍ തന്നെയാണ്. ജനത്തെ വലച്ചതും ജനങ്ങള്‍ വലഞ്ഞതുമായ ഹര്‍ത്താലുകള്‍ കൊണ്ട് ബി ജെ പി കുടുങ്ങി കിടക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം ഉണ്ടാവില്ല എന്ന് ഉറപ്പാണ്. പിണറായി ഭക്തര്‍ ഇതിനെ കട്ട ഹീറോയിസമായി വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഒരു സി പി എമ്മുകാരനു എപ്പോഴും നടത്താവുന്ന ഒരു വെല്ലുവിളിയാണിത്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെ ഒരു കാര്യം പറയുമ്പോള്‍ അതില്‍ അസ്വാഭാവികത ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് കേരളത്തിന്റെ വരും കാല ത്തെ സംബന്ധിച്ച് ആശങ്ക ഉണ്ടെന്ന് സ്വയം സമാധാനിക്കാം. കാരണം ആ ചോദ്യം അര്‍ത്ഥം മാറി പ്രചരിപ്പിക്കപ്പെടുകയും അങ്ങനെ മനസ്സിലാക്കപ്പെടുകയും ചെയ്താല്‍ അത് എവിടെയെല്ലാം മുറിവുകള്‍ ഉണ്ടാക്കും എന്ന് പ്രവചിക്കാനാവില്ല. ഈ പരിഹാസത്തില്‍ നാണിച്ചു തലതാഴ്ത്തി ബി ജെ പി രംഗം വിടും എന്ന് തല്‍ക്കാലം ആശ്വസിക്കാമെന്ന് മാത്രം. എന്നാല്‍ യഥാര്‍ത്ഥ ഭക്തര്‍ ഈ ചോദ്യത്തെ അവര്‍ക്ക് നേരെ കൂടി ഉള്ള ഒരു വെല്ലുവിളിയായി ഏറ്റെടുത്താല്‍ അത് എത്ര വേദനാജനകമായിരിക്കും. കൈയടികള്‍ക്ക് വേണ്ടി ഡയലോഗ് പറയുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയത് നിര്‍ഭാഗ്യകരമാണ്. കേരളം ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം ഭരിച്ച മുഖ്യമന്ത്രിമാര്‍ അസാധാരണമാം വിധം നൈപുണ്യമുള്ളവരായിരുന്നു എന്ന് പറയാനാവില്ല.എന്നാല്‍ അവര്‍ക്കെല്ലാം സാമാന്യമായ ചില പൊതു മാന്യതകള്‍ പാലിക്കാന്‍ സാധിച്ചിരുന്നു. താരരാജക്കന്മാരായിരുന്നില്ല അവരുടെ മാതൃക.സാധാരണ ജനങ്ങളുടെ ഇഷ്ടമായിരുന്നു അവരെ നയിച്ചതും. എന്നാല്‍ ഈ മുഖ്യമന്ത്രിയില്‍ ഒരു പരമാധികാരിയുടെ നിഴല്‍ കിടന്ന് കളിക്കുന്നുണ്ട്.അത് സ്വയം നിര്‍മ്മിച്ചെടുത്തതോ ആരെങ്കിലും ചമയിച്ചതോ എന്നതാണ് തിരിച്ചറിയേണ്ടത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മന്റ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള അരക്ഷിതാവസ്ഥക്ക് കാരണം ഈ ഡിക്‌റ്റേറ്റര്‍ഷിപ്പ് തീരുമാനങ്ങളായിരുന്നു എന്ന് പറയാനാവും. എല്ലാറ്റിലും പിണറായി ടച്ച് ഉണ്ട് എന്നാണു ഭക്തര്‍ പറയുന്നതെങ്കിലും അത് ജനങ്ങളിലുണ്ടാക്കുന്നത് അരക്ഷിത ബോധമാണ്. ഒരു ഭരണാധികാരിയുടെ ശരീര ഭാഷയല്ല പിണറായിക്ക് എന്നത് ഒരു പക്ഷെ അദ്ദേഹത്തിന്റെ ശാരീരിക പരിമിതി ആയിരിക്കാം. എന്നാല്‍ നയനിലപാടിലുള്ള വീഴ്ചകള്‍ക്ക് ആ പരിമിതി ബാധകമല്ലല്ലോ. കാരണം കേരളം ഭരിക്കുന്നത് ഒറ്റയാളല്ലല്ലോ.
ഒരു കാബിനറ്റല്ലേ. അതില്‍ തന്നെ നിരവധി പാര്‍ട്ടികളില്ലേ. ആ മന്ത്രിസഭയില്‍ ആര്‍ക്കൊക്കെ മിണ്ടാന്‍ സാധിക്കുന്നു എന്നത് പിണറായി അശക്തനായ ശേഷം പുറത്ത് വരേണ്ട കാര്യമാണോ. 140 മെംബര്‍മാര്‍ ഉള്ള നിയമസഭയില്‍ വെച്ച് പരസ്യമായ ശാസന ഏറ്റുവാങ്ങിയ എ കെ ബാലന്‍ ആ കാബിനറ്റിലെ ഏറ്റവും മുതിര്‍ന്ന സി പി എം അംഗമാണ്. ശബരിമല വിഷയത്തില്‍ വകുപ്പ് മന്ത്രി പറഞ്ഞതല്ല കാര്യം എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുന്നു. മുഖ്യമന്ത്രി സമന്മാരില്‍ ഒന്നാമന്‍ മാത്രമാണു എന്ന് ഒരു കാബിനറ്റില്‍ പറഞ്ഞത് കെ എം മാണിയാണ്. അതൊരു യു ഡി എഫ് മന്ത്രി സഭയായിരുന്നു. അത്തരമൊരു ജനാധിപത്യ ബോധവും സഹൃദയത്വവും ഒരു സി പി എം കാബിനറ്റില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല എങ്കിലും ഒരു വിയോജിപ്പ് പ്രകടിപ്പിക്കാനെങ്കിലും ആരെങ്കിലും നിവര്‍ന്ന് നിന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.
തീരുമാനം എടുത്ത് നടപ്പാക്കുന്നതാണു ഭരണാധികാരിയുടെ മികവ് എന്ന് പൊതുവെ പറയപ്പെടുന്ന കാര്യമാണ്.
പിണറായിയുടെ മികവായി പറയപ്പെടുന്ന ചില ഉദാഹരണങ്ങള്‍ എടുക്കാം.
ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തിയതും ആ പദ്ധതി തുടങ്ങിയതും.ദേശീയപാത സ്ഥലമെടുപ്പിനെതിരായ പ്രതിഷേധത്തെ പോലീസ് രാജിലൂടെ ആട്ടിയോടിച്ചതുമെല്ലാം പൊന്‍ തൂവലുകളായി കുപ്പായത്തില്‍ തൂക്കാന്‍ ശ്രമിക്കുകയാണു. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും അറിയാഞ്ഞിട്ടുമല്ല ഈ ആഘോഷം.
വികസന പദ്ധതികളില്‍ ആട്ടിയിറക്കപ്പെട്ട എല്ലാ ഇരകള്‍ക്കും സംഭവിച്ചതേ ദുര്‍ബലരായ ആ വിഭാഗത്തിനും ഉണ്ടാവൂ എന്നതാണു വസ്തുത. അവര്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് കിട്ടുന്നതില്‍ തൃപ്തിപ്പെട്ട് കിട്ടാത്തതില്‍ പ്രതിഷേധിക്കാനാവാതെ ഒതുങ്ങി പോകുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അത്രക്ക് എളുപ്പമാവില്ല പുതിയ വിഷയത്തില്‍ പിണറായിയുടെ ‘ഹാര്‍ഡ് പവര്‍ പോളിസി’ . സ്വേച്ഛാപരമായ തീരുമാനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന കാലമാണ് വരാന്‍ പോകുന്നത്. പിഴയൊടുക്കേണ്ടി വരുന്നത് ഒരു പക്ഷെ മുഖ്യമന്ത്രി മാത്രമായിരിക്കില്ല കേരളജനത ഒന്നാകെ ആയിരിക്കും. ആ ദുരന്തങ്ങളെ ഏറ്റുവാങ്ങുമ്പോള്‍ നമുക്ക് പല ആയുധങ്ങളും നഷ്ടപ്പെട്ടു പോയിട്ടുണ്ടാവും. കേരളത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരു ‘സോഫ്റ്റ് പവര്‍ പോളിസി ‘ അടങ്ങിയതാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല. അത് ചില സന്നിഗ്ധ ഘട്ടങ്ങളില്‍ നാം തെളിയിച്ചിട്ടുമുണ്ട്.
ഇന്ത്യയിലെ പലയിടങ്ങളിലും തെരുവു കത്തിയപ്പോള്‍ നമ്മള്‍ പിടിച്ചു നിന്ന നയമാണത്. അതതു കാലത്തെ ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും അന്ന് കാണിച്ച ക്ഷമയും അവധാനതയും ഓര്‍ത്തു വെക്കേണ്ടതാണ്. എന്നാല്‍ ദുര്‍ വാശിയും തന്‍പ്രമാണിത്തവുമാണു ഇന്ന് ഭരണ കൂടത്തെ നയിക്കുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയായില്ല എന്ന അഭിപ്രായം ഇടതുമുന്നണിയില്‍ ഇല്ലാഞ്ഞിട്ടല്ല.അത് ഉറക്കെ പറയാനുള്ള ധൈര്യം ആര്‍ക്ക് എന്നതാണു ചോദ്യം.
സമകാലിക കേരളത്തിന്റെ തെരുവു ചിത്രം പൊലീസിന്റെ കൈകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ലാത്തിയും കല്ലെറിയുന്ന ജനക്കൂട്ടത്തിന്റേതുമാണ്. ആരുടെ പക്ഷത്താണ് ന്യായം എന്നതു മാത്രമല്ല ഈ ചിത്രം കാണുന്നവര്‍ ചര്‍ച്ചയാക്കേണ്ടത്. പൊലീസ് എപ്പോഴും തെരുവില്‍ നില്‍ക്കേണ്ടവരാണോ എന്നും കല്ലു കരുതിയ ആള്‍കൂട്ടം കുറയുകയാണോ കൂടുകയാണോ എന്നതും കൂടിയാണ്. പൊലീസുകാര്‍ തെരുവില്‍ നിന്ന് പോരടിക്കേണ്ടവര്‍ മാത്രമല്ല എന്ന് തീരുമാനിക്കേണ്ടത് പൊലീസ് മന്ത്രിയാണ്. അവരെ തെരുവില്‍ നിന്ന് കയറ്റി നിര്‍ത്താന്‍ ആഗ്രഹിക്കാത്ത ഒരു മുഖ്യമന്ത്രിയുടെ ചോദ്യമാണ് തുടക്കത്തില്‍ ഉന്നയിച്ച ചോദ്യം. ആ ചോദ്യം കൊണ്ട് ഇനിയൊരു ഹര്‍ത്താല്‍ നടന്നാലും ഇല്ലെങ്കിലും ബി ജെ പിക്ക് പെറുക്കി കിട്ടുന്നതെല്ലാം ബോണാസാണ്. ആ ചോദ്യം ആരെ സുഖിപ്പിക്കാനാണോ മുഖ്യമന്ത്രി ചോദിച്ചത് അവര്‍ക്ക് ഒരു ശതമാനം പോലും ഗുണം കിട്ടാത്തതുമാണ്. ഇത് മനസ്സിലാക്കാന്‍ ഒരു സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ആവും. പിണറായി വിജയനും സാധിക്കും പക്ഷെ ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാവണമെന്ന് മാത്രം. ഇരട്ടചങ്കനെന്നും ഉരുക്ക് മനുഷ്യനെന്നുമൊക്കെ വിളിച്ച് പൊലിപ്പിക്കുന്നവര്‍ക്കുമപ്പുറം ജനങ്ങള്‍ ഏറെയുണ്ട് എന്ന് മനസ്സിലാക്കിയാലും മതി. ഇങ്ങനെ പറഞ്ഞ് വലുതാക്കിയവര്‍ ചരിത്രത്തിലേറെയുണ്ട്. അവരെ കൊണ്ട് ആ നാടിനുണ്ടായ നഷ്ടങ്ങളും നമുക്ക് വായിക്കാം.
കമ്യൂണിസ്റ്റ് ഭരണാധികാരികളില്‍ സ്റ്റാലിനാണ് ഇതിന്റെ ഒരു അവകാശി. പക്ഷെ ആര്‍ക്കും തിരുത്താനാവാത്ത ഉയരത്തിലേക്ക് സ്റ്റാലിന്‍ കയറിപ്പോയപ്പോള്‍ അവര്‍ പോലും അപകടത്തിലായി. ഉരുക്ക് മനുഷ്യന്‍ എന്ന പേരാണല്ലോ ജോസഫ് സ്റ്റാലിനെ വിളിക്കാന്‍ ഇഷ്ടക്കാര്‍ ഉപയോഗിച്ചത്. ആധുനിക റഷ്യ നിര്‍മ്മിച്ചെടുത്തു എന്ന് പറയപ്പെടുന്ന സ്റ്റാലിന്റെ ഫാക്ടറികളില്‍ ജോലി ചെയ്യാത്തവര്‍ക്ക് പിരിച്ചു വിടല്‍ മാത്രമായിരുന്നില്ല ശിക്ഷ.
തടവു കൂടി ഉണ്ടായിരുന്നു. അതായത് റഷ്യ വികസിത രാജ്യമാവാന്‍ ലക്ഷക്കണക്കിനു പൗരന്മാര്‍ ദുരന്തത്തില്‍ പെട്ടു എന്ന് ചരിത്രം. ലെനിനു ശേഷം ട്രോഡ്സ്‌കി വന്നിരുന്നെങ്കിലും റഷ്യ വളരുമായിരുന്നു. ട്രോഡ്സ്‌കിയെ നാടുകടത്തിയത് സ്റ്റാലിനെ വിമര്‍ശിച്ചിട്ടാണ്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ സ്റ്റാലിന്റെ മരണം നടന്ന 1953 കഴിഞ്ഞ് 1980 ലാണു റഷ്യന്‍ ജനത അറിഞ്ഞത് എന്നതായിരുന്നു മറ്റൊരു വസ്തുത. അപ്പോഴേക്കും അവര്‍ക്ക് നഷ്ടപ്പെടാനുള്ളതെല്ലാം തിരിച്ച് പിടിക്കാനാവാത്തവിധം നശിച്ചു പോയിരുന്നു. ബി ജെ പി യുടെ അടുത്ത ഡെസ്റ്റിനേഷന്‍ കേരളമാണ് എന്നത് ഒരു പരസ്യ രഹസ്യമായി ആവര്‍ ആഗ്രഹിക്കുകയാണ്. ഒരു ഭരണാധികാരി ജാഗ്രത പുലര്‍ത്തേണ്ട ഘട്ടം.അപ്പോഴാണ് അദ്ദേഹം പരമാധികാരി ചമയുന്നത്. സിനിമാ താരങ്ങളെ പോലും നാണിപ്പിക്കും വിധം ഡയലോഗുകള്‍ പറയുന്ന ഈ മുഖ്യമന്ത്രിയെ കേരളത്തിനു സഹിക്കാനാവുന്നില്ല. മുഖ്യമന്ത്രി, ഇരിക്കുന്നത് ഏകശാസനാധിപതിയുടെ കസേരയിലല്ല. നാടിന്റെ സൗഹൃദങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരല്‍പം പ്രതിപക്ഷ ബഹുമാനം നല്ലതാണ്. യു ഡി എഫ് എന്ന പ്രതിപക്ഷത്തോടുള്ള അങ്ങയുടെ പുച്ഛഭാവത്തില്‍ മാറ്റം വേണമെന്നില്ല. മുന്നണിക്കകത്തെങ്കിലും ചര്‍ച്ച നടക്കാന്‍ അനുവദിക്കൂ. ആരാധകവൃന്ദത്തോട് ഒരു കാര്യം.
ഒരു ആടു വലുതായാല്‍ വലിയ ഒരു ആടു മാത്രമേ ആവൂ. ആനയാവില്ലല്ലോ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending