മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും.
സിഎംആര്‍എല്‍ കരിമണല്‍ കമ്പനിയില്‍ നിന്നും വീണയുടെ കമ്പനിയായ എക്സാലോജിക് മാസപ്പടി പറ്റിയ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറുമെന്ന് എസ്എഫ്‌ഐഒ വെളിപ്പെടുത്തിയത്.
അന്വേഷണത്തിൻ്റെ ഭാഗമായി വീണാ വിജയൻ അടക്കം 20 പേരുടെ മൊഴി എടുത്തു. ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയുടെയും മൊഴി എടുത്തു. സിഎംആർ എല്ലിൻ്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇൻ്ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആർഎല്ലിന്റെ ഹര്‍ജി.
മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സംബന്ധിച്ച് നിര്‍ണായകമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മാസപ്പടി കേസില്‍ വീണയ്ക്ക് എതിരെ നടപടി വന്നാല്‍ പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമാക്കും. സിപിഎമ്മിന് പുതിയ ഒരു തലവേദനയുമാകും. പാര്‍ട്ടിയാണ് വീണയ്ക്ക് എതിരെയുള്ള ആരോപണത്തെ പ്രതിരോധിക്കുന്നത്. വീണയെ ഉന്നം വയ്ക്കുന്നത് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണ്.