ന്യൂഡല്‍ഹി: എസ്.എഫ്.ഐ ഗുണ്ടകള്‍ പി.എസ്.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ സര്‍ക്കാരുകള്‍ എസ്.എഫ്.ഐക്ക് നല്‍കിയ പരിലാളനകളുടെ ബാക്കിപത്രമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐക്കാര്‍ എത്രകണ്ട് അക്രമങ്ങള്‍ നടത്തുന്നുവോ അവര്‍ക്ക് അത്രകണ്ട് പി.എസ്.സി റാങ്ക് നല്‍കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തമായി സര്‍വ്വകലാശാലയും പി.എസ്.സിയും പരീക്ഷാഭവനുമുള്ള പ്രസ്്ഥാനമായി സി.പി.എമ്മും അതിന്റെ പോഷക സംഘടനകളും മാറിയിരിക്കുകയാണ്. പി.എസ്.സിയുടേയും കേരളാ സര്‍വ്വകലാശാലയുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ആരാണ് സഹായം ചെയ്ത് കൊടുക്കുന്നതെന്നതാണ് അന്വേഷിക്കേണ്ടത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഇവര്‍ക്കെതിരെയുണ്ടാവുമെന്ന ഒരു പ്രതീക്ഷയും തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.