Connect with us

News

ആമുഖത്തിലും ഖത്തര്‍ വിരുദ്ധത; ഖത്തര്‍ ലോകകപ്പ് നൂറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് ബി.ബി.സി സ്‌പോര്‍ട് സര്‍വ്വേ ഫലം

2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്

Published

on

അശ്‌റഫ് തൂണേരി

ദോഹ: അവതരാകന്‍ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ ഗാരി ലിനേക്കറും സംഘവും നിര്‍മ്മിത വാര്‍ത്തകളുമായി കിണഞ്ഞുശ്രമിച്ചിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബി.ബി.സി) സ്‌പോര്‍ട് ഓണ്‍ലൈന്‍ വായനക്കാര്‍ ഖത്തറിനൊപ്പം. 2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്. 2002ല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി ഏഷ്യയിലാദ്യമായി നടന്ന ലോകകപ്പാണ് പിന്നില്‍. പക്ഷെ വെറും ആറ് ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 5 ശതമാനമാണ് 2014ലെ ബ്രസീല്‍ ലോകകപ്പിന് ലഭിച്ചത്. തുല്യമായ 4 ശതമാനം പിന്തുണയുമായി ജര്‍മ്മനി 2006 ലോകകപ്പും 2018 റഷ്യന്‍ ലോകകപ്പും സര്‍വ്വേയില്‍ കാണാം. ദക്ഷണാഫ്രിക്കയിലെ 2010 ലോകകപ്പിന് 3 ശതമാനം മാത്രമേ ലഭിച്ചുള്ളൂ.

ഡിസംബര്‍ 24ന് ബിബിസി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് സര്‍വ്വേയുടെ ആമുഖത്തില്‍ തന്നെ വിവാദ 2022 ലോകകപ്പ് എന്നാണ് തുടക്കം. താഴെ പറയുന്ന ലോകകപ്പുകളില്‍ നൂറു വര്‍ഷത്തെ മികച്ച ലോകകപ്പ് ഏതെന്ന് തെരെഞ്ഞെടുക്കാന്‍ ബിബിസി സ്‌പോര്‍ട് ശ്രമിക്കുന്നുവെന്ന് വിശദീകരിച്ച് 2002 മുതലുള്ള ലോകകപ്പിലെ വിശദവിവരങ്ങള്‍ ഓരോ ലോകകപ്പിലേയും കായികപരമായ പ്രത്യേകതകളിലൂന്നി വിശദീകരിക്കുമ്പോള്‍ ഖത്തറിലെത്തുമ്പോള്‍ ബോധപൂര്‍വ്വം ഗതിമാറ്റുന്നു. തൊഴിലാളികളുടെ മരണം, സ്വവര്‍ഗ്ഗാനുരാഗ അവകാശങ്ങള്‍, ശീതകാല ലോകകപ്പ് തുടങ്ങിയ വിവാദങ്ങളാല്‍ തുടക്കമായ ഖത്തര്‍ ലോകകപ്പ് എന്നാണ് വിശദീകരണം. പിന്നീട് ഏറ്റവും മികച്ച ഫൈനലായി മാറിയ എന്നും പാരഗ്രാഫിന്റെ ഒടുക്കം കാണാം. വായനക്കാരെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും ഫലം അനുകൂലമായില്ല.

ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ലൈവായി കാണിക്കുന്നതില്‍ വിട്ടുനിന്ന അവതാരകന്‍ ഗാരിലിനേക്കര്‍ ആ സമയത്ത് ഖത്തറിനെതിരേയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു പുറമെ സമാപന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ബിഷ്ത് നല്‍കിയത് അപമാനകരമാണെന്നു വരെ പറഞ്ഞുവെച്ചിരുന്നു. പല തരത്തിലുള്ള നെഗറ്റീവ് വാര്‍ത്തകളും നിരന്തരംനല്‍കിയ ശേഷമാണ് നെഗറ്റീവ് ആമുഖത്തോടെ സര്‍വ്വേയുമായി പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിലും ഖത്തര്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു.

kerala

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശുപാർശ

Published

on

കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശിപാർശ.

ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് കുളത്തൂര്‍ ജയ്‌സിങ്ങിന് ലഭിച്ച മറുപടി. ഏപ്രില്‍ ഒന്നിന് രാവിലെ എട്ട് മണിയോടെയായിരുന്നു ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗോകുലിന്‍റെ കൈയ്യിൽ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.

 

Continue Reading

india

തീപിടുത്തം: പശ്ചിമ ബംഗാളില്‍ സ്വകാര്യ ഹോട്ടലില്‍ 14 മരണം

രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്

Published

on

പശ്ചിമബംഗാളില്‍ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേര്‍ മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്.

രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നാലെ മുകൾ നിലയിലേക്കും തീയും പുകയും പടർന്നു.പരിഭ്രാന്തരായ താമസക്കാർ ആറ് നിലക്കെട്ടിടത്തിൻറെ ടെറസിലേക്ക് ഓടിക്കയറി. പുക ശ്വസിച്ച് ചിലർ ബോധരഹിതരായി. ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേന എത്താൻ ബുദ്ധിമുട്ടി. മണിക്കൂറുകൾ പണിപ്പെട്ടാണ് തീയണച്ചത്.എട്ട് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരുക്കുകളോടെ 13 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ സഹായം അനുവദിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ കൊല്‍ക്കത്ത കോര്‍പ്പറേഷനെ വിമർശിച്ചു പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ശുഭാങ്കര്‍ സര്‍ക്കാറും രംഗത്തെത്തി.

Continue Reading

kerala

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ നാളെ ആരംഭിക്കും

Published

on

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ നാളെ (വ്യാഴാഴ്ച) ആരംഭിക്കും. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് 31ന് സമാപിക്കും.

രാജ്യപുരോഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശില്‍പ്പികള്‍ രൂപപ്പെടുത്തിയ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് വഴിതുറക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. സാമൂഹ്യ നീതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അര്‍ഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം. സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലാണ്. മതപരവും വിശ്വാസപരവുമായ അവകാശങ്ങളിന്‍മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ് സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടര്‍ച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെയും അവരുടെ കുഴലൂത്ത് കാരായിമാറിയ കപട രാഷ്ട്രീയത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാന്‍ യൂത്ത് ലീഗ് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു. ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സജ്ജമാക്കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ഫോറത്തില്‍ അപേക്ഷ സ്വീകരിച്ച് സംഘടന ആപ്പില്‍ എന്‍ട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കുയും ചെയ്യും. പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെയുള്ള ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പില്‍ ലഭ്യമാകും.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സന്തോഷ്‌ ട്രോഫി ഫുട്ബോൾ കേരള ടീം അംഗം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലം തെങ്കര പഞ്ചായത്ത്‌, കോൽപ്പാടം ശാഖയിലെ നസീബ് റഹ്‌മാന് ആദ്യ മെമ്പർഷിപ്പ് നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സെക്രട്ടറിമാരായ ഗഫൂർ കോൽക്കളത്തിൽ, ഫാത്തിമ തെഹ്‌ലിയ, മലപ്പുറം ജില്ല പ്രസിഡന്റ്‌ ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാവ വിസപ്പടി, എൻ.കെ അഫ്സൽ റഹ്‌മാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി. വി അഹമ്മദ് സാജു മണ്ണാർക്കാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ അഡ്വ. ഷമീർ പഴേരി, ഷമീർ മണലടി, ഹാരിസ് കോൽപ്പാടം പങ്കെടുത്തു.

Continue Reading

Trending