Connect with us

News

സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാവുന്നു; പുറത്തിറങ്ങുന്നത് 19 വര്‍ഷത്തിനു ശേഷം

കുപ്രസിദ്ധ ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയില്‍ മോചിതനാക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്

Published

on

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയില്‍ മോചിതനാക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്നതും പ്രായാധിക്യവും കണക്കിലെടുത്താണ് കോടതി ഉത്തരവ്. രണ്ട് അമേരിക്കന്‍ പൗരന്മാരായ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ നേപ്പാള്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് ചാള്‍സ് ശോഭരാജ്. ജയില്‍ മോചിതനായി 15 ദിവസത്തിനകം നാട്ടിലേക്ക് തിരിച്ചയക്കണമെന്നും കോടതി ഉത്തരവിട്ടു.

ചാള്‍സ് ശോഭരാജ് എന്ന പേരിനു പോലും ചോരയുടെ മണമുണ്ടെന്നാണ് പറയാറ്. ലോകം കണ്ട ഏറ്റവും കുപ്രസിദ്ധരായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായ ശോഭരാജ് അത്രയേറെ മനുഷ്യരെ കൊന്നു തള്ളിയിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ പിതാവിന് വിയറ്റ്‌നാമീസ് യുവതിയില്‍ ജനിച്ച ചാള്‍സ് ശോഭരാജിന്റെ കുട്ടിക്കാലം വിയറ്റ്‌നാമിലെ സൈഗോണ്‍ തെരുവുകളിലായിരുന്നു. മാതാവ് പിന്നീട് ഒരു ഫ്രഞ്ച് സൈനിക ഓഫീസറെ വിവാഹം ചെയ്തതോടെ ശോഭരാജിന്റെ ജീവിതം ഫ്രാന്‍സിലേക്ക് പറിച്ചു നടപ്പെട്ടു. ഇവിടെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പഠനം പാതിവഴിയില്‍ നിര്‍ത്തി തെരുവുകളില്‍ മോഷണവും പിടിച്ചുപറിയുമായി ശോഭരാജ് തന്റെ ക്രിമിനല്‍ ജീവിതത്തിന് തുടക്കമിട്ടു. ഫ്രാന്‍സില്‍ മത്രം രണ്ടു ഡസനിലധികം പേരെ ശോഭരാജ് കൊലപ്പെടുത്തിയതായാണ് കണക്ക്.

1976ല്‍ ആദ്യമായി അറസ്റ്റിലായെങ്കിലും വിദഗ്ധമായി ജയില്‍ ചാടി. പിന്നിട് പല രാജ്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് കൊലപാതകവും പിടിച്ചുപറിയും അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. ഇതിനിടെയാണ് ദക്ഷിണേഷ്യയിലുമെത്തിയത്. 1980കളില്‍ ഇന്ത്യയില്‍ ഒരുകൂട്ടം ഫ്രഞ്ച് വിനോദ സഞ്ചാരികളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിക്കൊന്നതിന് ജയിലിലായെങ്കിലും പിന്നീട് ജയില്‍ ചാടി. ഒരു മാസത്തിനു ശേഷം വീണ്ടും പിടിയിലായി. 1997 വരെ തീഹാര്‍ ജയിലില്‍ തടവുകാരനായി കഴിഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതോടെ വീണ്ടും കുറ്റകൃത്യങ്ങള്‍ തുടങ്ങി. 2003ലാണ് അമേരിക്കന്‍ യുവാവിനേയും കാമുകിയേയും കൊലപ്പെടുത്തിയ കേസില്‍ നേപ്പാള്‍ പൊലീസിന്റെ പിടിയിലായത്. അന്നു മുതല്‍ കാഠ്മണ്ഠു സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. അധോലോക നായകനായിരുന്ന ശോഭരാജിന്റെ ക്രൈം ത്രില്ലര്‍ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് സിനിമ ഡോണും മോഹന്‍ലാല്‍ നായകനായ മലയാള സിനിമ ശോഭ്‌രാജും ഇതില്‍ ചിലതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചു മൂടി; പ്രതി പിടിയില്‍

പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

Published

on

യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.

അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദൃക്‌സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു.

Continue Reading

News

ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി

ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്. 

Published

on

ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രാഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി. ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്.

ഇതേത്തുടര്‍ന്ന് ഹെര്‍സോഗിന് അസര്‍ബൈജാനില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഉച്ചകോടിയില്‍ പങ്കെടുക്കാത്തതെന്നാണ് ഇസ്രാഈല്‍ പരിസ്ഥിതി മന്ത്രാലയം ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയത്.

പ്രസിഡന്റിന്റെ വിമാനം വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചതിനാല്‍ ഇസ്രാഈല്‍ പ്രസിഡന്റ് യാത്ര റദ്ദാക്കിയതായി ഞായറാഴ്ച അസര്‍ബൈജാനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വൈ നെറ്റ് പ്രതികരിച്ചു. കോണ്‍ഫറന്‍സിലെ ബാക്കിയുള്ള ഇസ്രഈല്‍ പ്രതിനിധികള്‍ നവംബര്‍ 11 ന് ജോര്‍ജിയ വഴി ബാക്കുവില്‍ എത്തിയിരുന്നു.

ഇസ്രാഈലില്‍ നിന്ന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവിലേക്കുള്ള ഏറ്റവും സുരക്ഷിതമായതും എളുപ്പമാര്‍ന്നതുമായ മാര്‍ഗമായിരുന്നു തുര്‍ക്കി വഴിയുള്ളത്. ഗസയിലും ലെബനനിലും ഇസ്രാഈല്‍ സൈന്യം വ്യോമാക്രമണം നടത്തുമ്പോള്‍ ഇസ്രാഈല്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമെല്ലാം തുര്‍ക്കി വഴിയാണ് വ്യോമമാര്‍ഗം സഞ്ചരിച്ചിരുന്നത്.

എന്നാല്‍ തുര്‍ക്കിയുടെ വ്യോമമാര്‍ഗം വഴി ഇസ്രാഈല്‍ നേതാക്കള്‍ക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്ന് ഉന്നത വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി തുര്‍ക്കി വ്യോമയാന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ ഈ വിലക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇസ്രഈല്‍ പ്രതീക്ഷിക്കുന്നതായി ഇസ്രാഈല്‍ സര്‍ക്കാറിന്റെ കീഴിലുള്ള കാബിര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗസയില്‍ ഇസ്രാഈല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

‘റജബ് തയ്യിബ് എര്‍ദോഗാന്റ നേതൃത്വത്തിലുള്ള തുര്‍ക്കി റിപ്പബ്ലിക് ഇസ്രഈലുമായി ഒരു ബന്ധവും തുടരില്ല. ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഭാവിയിലും ഇത് അപ്രകാരം തന്നെ തുടരും,’ എര്‍ദോഗന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രാഈല്‍ ഗസയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. ഇക്കഴിഞ്ഞ മെയില്‍ ഇസ്രാഈലിനുമേല്‍ തുര്‍ക്കി വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടരുകയായിരുന്നു.

ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രഈലില്‍ നിന്ന് തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ അന്ന് നയതന്ത്രബന്ധം പൂര്‍ണമായി അവസാനിപ്പിച്ചിരുന്നില്ല. സമാനമായി ഇസ്രാഈലും പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം അങ്കാറയിലെ ഇസ്രാഈല്‍ എംബസി ഒഴിപ്പിച്ചിരുന്നു.

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കൊണ്ട് വംശഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എര്‍ദോഗാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ വര്‍ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ടെല്‍ അവീവിനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും തുര്‍ക്കി വാദിച്ചിരുന്നു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു; രണ്ടു ദിവസത്തിനിടെ കൂടിയത് 1040 രൂപ

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിവരം.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 ത്തിനു മുകളിലേക്ക് കുതിച്ചു. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 56,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. എന്നാല്‍ നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ സ്വര്‍ണവില തിരിച്ചു കയറിയിരുന്നു. എന്നാല്‍ അടുത്ത് ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സ്വര്‍ണവില താഴോട്ട് ഇറങ്ങിയിരുന്നു. നവംബര്‍ 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില പതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സ്വര്‍ണവില പടിപടിയായി കയറുന്നതാണ് കണ്ടത്.

രണ്ടുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവുണ്ടായത്.

 

 

Continue Reading

Trending