കര്‍ണാടകയില്‍ മതേതരത്വം ഊര്‍ധന്‍ വലിക്കുകയാണ്. വര്‍ഗീയ ഫാസിസത്തിന്റെ ദംഷ്ട്രകള്‍ അതിന്റെ ജീവരക്തം ഊറ്റിക്കൊടിച്ചുകൊണ്ടിരിക്കുന്നു. മൃതപ്രായമായി ഇനി ശവപ്പെട്ടിയിലേക്കെടുക്കാന്‍ അധികനാള്‍ വേണ്ടിവരുമെന്ന് തോന്നുന്നില്ല. കാരണം അത്രയ്ക്കും ഭീതിദം ഭയാനകം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളിലൂടെയാണ് അയല്‍പക്കമായ കര്‍ണാടക കടന്നുപോകുന്നത്. ന്യൂനപക്ഷങ്ങളെ സാമുദായികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും കടുത്ത പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് കര്‍ണാടകയില്‍ ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ തിരഞ്ഞുപിടിച്ച് അവരുടെ ജീവിതവും സംസ്‌കാരവും നിലനില്‍പ്പും അപകടത്തിലാക്കുന്ന നടപടികളുമായി ഫാസിസ്റ്റ് ശക്തികള്‍ മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ യെദിയൂരപ്പ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ പ്രകടമായിരുന്നെങ്കിലും ഇത്രയും രൂക്ഷമായ കടന്നാക്രമണങ്ങളിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ ബൊമ്മെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ന്യൂനപക്ഷ ഉന്‍മൂലനം അവരുടെ അജണ്ടയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഹീനമായ അതിക്രമങ്ങളാണ് മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. കര്‍ണാടകയില്‍ മുസ്‌ലിം പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ബൊമ്മെ ഭരണത്തിലെത്തിയതോടെയാണ്. മസ്ജിദുകളും ചര്‍ച്ചുകളും തീയിട്ടും തകര്‍ത്തും സംസ്ഥാനത്ത് അശാന്തി പരത്തുന്ന സംഘ്പരിവാര്‍ സംഘടനകളെ ഉപയോഗിച്ച് കൂടുതല്‍ നശീകരണ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ്.
കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും പരീക്ഷയെയും തുടര്‍പഠനത്തെയും പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ മുസ്‌ലിം സമുദായത്തെ സാമ്പത്തികമായി തളര്‍ത്തുന്നതിനുള്ള ഗൂഢപദ്ധതികളും ആവിഷ്‌കരിക്കുകയാണ്. മുസ്‌ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തതും ഹലാല്‍ ഭക്ഷണ വിവാദത്തിന് തിരികൊളുത്തി ഒരു വിഭാഗത്തിന്റെ ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം നല്‍കിയതും ഇതിന്റെ ഭാഗമാണ്.
ഹിജാബ് വിലക്കിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കിയതുപോലെ വ്യാപാരികള്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് സംഘ്പരിവാര്‍ നീക്കം നടത്തുന്നത്. ഉത്സവങ്ങളിലും ഉറൂസുകളിലും കച്ചവടം നടത്തി ജീവിക്കുന്ന സാധാരണക്കാരായ ചെറുകിട വ്യാപാരികളെ രണ്ടു ചേരിയിലാക്കി അവരുടെ ഉപജീവനമാര്‍ഗത്തില്‍ മണ്ണു വാരിയിടുന്ന ക്രൂരത കാണിക്കാനും അത് ആസ്വദിക്കാനും ഫാസിസത്തിന് മാത്രമേ സാധിക്കൂ. മൊത്തം വ്യാപാരി സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഹിന്ദു വ്യാപാരികളില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങൂവെന്ന് ഹിന്ദുക്കളും മുസ്‌ലിം വ്യാപാരികളില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങൂവെന്ന് മുസ്‌ലിംകളും ക്രിസ്ത്യന്‍ വ്യാപാരികളില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങൂവെന്ന് ക്രിസ്ത്യാനികളും തീരുമാനിച്ചാല്‍ അത് എല്ലാ വിഭാഗങ്ങളെയും സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അത്തരത്തിലുള്ള ജീവിതരീതി മതേതരത്വത്തിനും ജനാധിപത്യത്തിനും മതസൗഹാര്‍ദത്തിനും വിലകല്‍പ്പിക്കുന്ന സമൂഹത്തില്‍ തികച്ചും അപ്രായോഗികമാണ്. നിര്‍ഭാഗ്യവശാല്‍ കര്‍ണാടകയിലെ ജനവിഭാഗങ്ങളെ വംശീയവിദ്വേഷം നിറഞ്ഞ ചിന്തകള്‍ക്ക് അടിമപ്പെടുത്തുന്ന പ്രകോപനപരമായ നയങ്ങളാണ് അവിടത്തെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ഷേത്രോല്‍സവങ്ങളില്‍നിന്ന് മാത്രമല്ല മുസ്‌ലിം വ്യാപാരികളെ പൊതുവിപണന രംഗത്തുനിന്ന് തന്നെ മൊത്തത്തില്‍ ബഹിഷ്‌കരിക്കുന്നതിനുള്ള പദ്ധതികളും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. കര്‍ണാടകയില്‍ മാംസ വ്യാപാരരംഗത്ത് കൂടുതലുമുള്ളത് മുസ്‌ലിം സമുദായത്തില്‍പെട്ടവരാണ്. ഇവരുടെ ഉപജീവനമാര്‍ഗവും വഴിമുട്ടിക്കുന്ന ക്രൂരമായ പ്രവര്‍ത്തനങ്ങളുമായാണ് ബൊമ്മെ സര്‍ക്കാരിന്റെ ഒത്താശയോടെ സംഘ്പരിവാറുകാര്‍ മുന്നോട്ടുപോകുന്നത്. ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകള്‍ കര്‍ണാടകയില്‍ വ്യാപകമായി തീവ്രഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുസ്‌ലിം വ്യാപാരികളില്‍ നിന്നും ഇതര മതത്തില്‍പെട്ടവര്‍ മാംസം വാങ്ങരുതെന്നാണ് ഇത്തരം ബോര്‍ഡുകളിലുള്ളത്. ഇത് മാംസ വിപണിയിലുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. മാത്രമല്ല, കന്നുകാലി, ആട്, കോഴി മുതലായവയെ മാംസത്തിനുവേണ്ടി വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരുടെ തൊഴിലിനെയും ഇത് പ്രതികൂലമായി ബാധിക്കും. ഒരു വിഭാഗത്തില്‍പെട്ടവര്‍ മറ്റൊരു വിഭാഗത്തില്‍ നിന്നും മാംസം വാങ്ങാന്‍ പാടില്ലെന്ന നിര്‍ദേശം എല്ലാ ഇടങ്ങളിലും പ്രാവര്‍ത്തികമായാല്‍ പരസ്പരം സഹകരിച്ചുജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി ആഴമേറിയതായിരിക്കും. വര്‍ഗീയ ഭ്രാന്ത് മൂത്ത് സര്‍വനാശത്തിനിറങ്ങിയവര്‍ക്ക് അത് മനസിലാകണമെന്നില്ല. നാളെ എല്ലാ സാധനങ്ങളും തങ്ങള്‍ തീരുമാനിക്കുന്ന വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് മാത്രമേ വാങ്ങാവൂ എന്നായിരിക്കും ഫാസിസ്റ്റ് ശക്തികളുടെ അടുത്ത തിട്ടൂരം. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ജാതി മത ഭേദമന്യേ പട്ടിണിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്ന അതിരുവിട്ട ദുഷ്പ്രവൃത്തിയിലാണ് സംഘ്പരിവാര്‍ ഏര്‍പ്പെടുന്നത്. ആര് ഏതൊക്കെ തൊഴില്‍ ചെയ്യണമെന്നും എന്ത് ഭക്ഷിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും എന്തില്‍ വിശ്വസിക്കണമെന്നുമൊക്കെ അധികാരത്തിന്റെ മുഷ്‌ക്കില്‍ ഒരുകൂട്ടം തീരുമാനിക്കുകയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ കര്‍ണാടകയിലെ മതേതരത്വവും ജനാധിപത്യവും പ്രഹസനങ്ങളായിത്തീരുകയാണ്.
ഇപ്പോഴിതാ റമസാന്‍ വ്രതമാസത്തില്‍ മുസ്‌ലിംകളുടെ ആരാധനാകര്‍മങ്ങളെയും ബാങ്ക് വിളിയെയും തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിരോധനം കൊണ്ടുവന്നിരിക്കുന്നു. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഭരണഘടനാതത്വമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ഒരു വിഭാഗത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനുമേല്‍ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കാണ് ഇടവരുത്തുക. ആ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിനും രാഷ്ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പ് നടത്തുന്നതിനുമാണ് ഫാസിസ്റ്റ് ശക്തികള്‍ ഇത്തരം ചെയ്തികളില്‍ ഏര്‍പ്പെടുന്നത്. ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ഥാടനത്തിന് മുസ്‌ലിം ഡ്രൈവര്‍മാരെയോ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളോ വിളിക്കരുതെന്ന ആഹ്വാനവും കര്‍ണാടകയിലെ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ നല്‍കിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന മുസ്‌ലിം ശില്‍പ്പികളെ ബഹിഷ്‌കരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഹിന്ദു ജാഗൃതി സമിതിയുടെ പേരില്‍ ഈ വിധത്തിലുള്ള ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സജീവമാണ്.
അധികാരത്തിന്റെയും ആധിപത്യത്തിന്റെയും പിന്‍ബലത്തില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഉപരോധവും വിലക്കും ഭീഷണിയും ഉപയോഗിച്ച് അടിമകളാക്കാന്‍ ശ്രമിക്കുകയും അതിന് വഴങ്ങാതിരിക്കുമ്പോള്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുമ്പോള്‍ ഭരണഘടന ഉദ്‌ബോധനം ചെയ്യുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മൗലികാവകാശവും മനുഷ്യാവകാശവും എവിടെപ്പോയെന്ന് ഉറക്കെ ചോദിക്കാന്‍ പോലും സാധിക്കാത്തവിധം പൊതുസമൂഹം നിഷ്‌ക്രിയമായി പോകുകയാണ്.
കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്ക് നേരെ നീതിപീഠം പോലും കണ്ണടക്കുകയാണ്. ഹിജാബ് വിലക്കിയ നടപടിയെ കര്‍ണാടക ഹൈക്കോടതി അംഗീകരിച്ചതോടെ ഇക്കാര്യം ബോധ്യപ്പെട്ടതുമാണ്. ഹിജാബ് ധരിച്ച എത്രയോ പെണ്‍കുട്ടികളാണ് അവിടെ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തത്. വിശ്വാസത്തിന്റെ ഭാഗമായുള്ള ഹിജാബ് ഒഴിവാക്കാന്‍ മനസു വരാതിരുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പരീക്ഷ പോലും നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിലായി പതിനായിരത്തോളം പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ കോളജുകളിലെയും സ്‌കൂളുകളിലെയും പഠനം അവസാനിപ്പിച്ചു. ഇക്കൂട്ടത്തില്‍ നിര്‍ധന കുടുംബങ്ങളില്‍പെട്ട പെണ്‍കുട്ടികളുണ്ട്. മതപരമായ ജീവിതചര്യകള്‍ ഏത് വിഭാഗത്തില്‍പെട്ടവരായാലും ജീവശ്വാസം പോലെ കൊണ്ടുനടക്കുന്നവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിലക്കുകളെ അംഗീകരിക്കാനാകില്ല. ഹിജാബ് ഉപേക്ഷിച്ചാല്‍ മാത്രമേ പഠിക്കാന്‍ അനുവദിക്കൂവെന്ന് പറയുമ്പോള്‍ പഠനത്തേക്കാള്‍ മുന്‍ഗണന ഈ പെണ്‍കുട്ടികള്‍ ഹിജാബിന് നല്‍കുന്നത് ആ വിശ്വാസം അത്രമേല്‍ ദൃഡവും ശക്തവുമായതുകൊണ്ടാണ്. അതുകൊണ്ട് വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം വേണ്ടെന്ന് തീരുമാനിക്കുന്ന കുട്ടികളെ കുറ്റപ്പെടുത്താനാകില്ല.
അതേസമയം ഹിജാബ് വിലക്കുള്ളിടത്തെ പഠനം ഉപേക്ഷിക്കുന്ന കുട്ടികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ പെട്ടവരുണ്ട്. ഇവര്‍ക്ക് ഭീമമായ ഫീസ് നല്‍കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കേണ്ടിവരുമെന്നത് വലിയ വെല്ലുവിളിയുമാണ്. ഇങ്ങനെയൊരു ദുരവസ്ഥയിലേക്ക് തള്ളിവിട്ട കര്‍ണാടക സര്‍ക്കാരാണ് ഇതിനെല്ലാം സമാധാനം പറയേണ്ടത്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള പ്രാപ്തി നിലവിലുള്ള സാഹചര്യത്തില്‍ കര്‍ണാടകയിലെ മതേതരകക്ഷികള്‍ക്കില്ല. എങ്കിലും സകല ശക്തിയും സംഭരിച്ച് നിലനില്‍പ്പിനും അതിജീവനത്തിനും പോരാടാന്‍ മതേതര കക്ഷികളും ന്യൂനപക്ഷങ്ങളും കൈകോര്‍ക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.