Connect with us

kerala

പൊന്നാനി സി.പി.എമ്മില്‍ വിഭാഗീയത; ലോക്കല്‍ സമ്മേളനത്തില്‍ മത്സരം നടന്നു, ഔദ്യോഗിക പാനലിലെ രണ്ടുപേർ തോറ്റു

മത്സരം ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുവെങ്കിലും ആദ്യം പിന്മാറാന്‍ തയ്യാറായിരുന്നില്ല.

Published

on

പൊന്നാനിയിലെ സി.പി.എമ്മില്‍ വിഭാഗീയത കെട്ടടങ്ങിയിട്ടില്ലെന്ന സൂചന നല്‍കി ലോക്കല്‍ സമ്മേളനത്തില്‍ കടുത്തമത്സരം. പുതുപൊന്നാനിയില്‍ നടന്ന സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സമ്മേളനത്തിലാണ് ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നത്.

പി.കെ. കുഞ്ഞുമുഹമ്മദ്, അഡ്വ. സുരേഷ്, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, അഡ്വ. ഷിനോദ്, പി.കെ. ശാഹുല്‍, ടി.കെ. മശ്ഹൂദ്, പി.വി. നിഷാദ്, ഷൈലജ മണികണ്ഠന്‍, ഫസലു, ജമാല്‍, ഇ.കെ. ഖലീല്‍, റാഫി തുടങ്ങിയ പന്ത്രണ്ട് പേരടങ്ങിയ അംഗങ്ങളുടെ പാനലായിരുന്നു ഔദ്യോഗിക നേതൃത്വം അവതരിപ്പിച്ചത്.

ഇതിനെതിരെ പ്രവാസി സംഘം പൊന്നാനി മണ്ഡലം നേതാവ് സക്കരിയ പൊന്നാനിയുടെ പേര് പി.പി. മുജീബും പുതുപൊന്നാനി സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.എം. അബൂബക്കറിന്റെ പേര് അബ്ദുല്‍ഗഫൂറും നിര്‍ദേശിച്ചതോടെയാണ് മത്സരം കടുപ്പിച്ച് നടന്നത്.

ലോക്കല്‍ സമ്മേളനത്തില്‍ 67 പ്രതിനിധികളാണ് പങ്കെടുത്തത്. മത്സരത്തില്‍ 4 പ്രതിനിധികളുടെ വോട്ട് അസാധുവായി. ബാക്കിവരുന്ന 63 പ്രതിനിധികളില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച സക്കരിയ, വി.എം. അബൂബക്കര്‍ എന്നിവര്‍ക്ക് 63 പേരുടെ പിന്തുണ ലഭിച്ചതോടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. ഔദ്യോഗിക പാനലില്‍ ഉണ്ടായിരുന്ന പി.കെ. ശാഹുല്‍, ഫസലു എന്നിവര്‍ക്ക് വോട്ട് കുറഞ്ഞതോടെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പുറത്തായി.

തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് നീങ്ങിയതോടെ നിലവിലെ ലോക്കല്‍ സെക്രട്ടറി പി.കെ. കുഞ്ഞുമുഹമ്മദിനെതിരെ മത്സരത്തിനായി ഇ.കെ. ഖലീല്‍ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മശ്ഹൂദിന്റെ പേരുനിര്‍ദേശിച്ചു. ഇതോടെ ഏരിയാ നേതൃത്വം പ്രതിസന്ധിയിലായി.

മത്സരം ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുവെങ്കിലും ആദ്യം പിന്മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് മത്സരത്തിനായുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറുന്നതായി മശ്ഹൂദ് അറിയിച്ചു. അവസാനം പി.കെ. കുഞ്ഞുമുഹമ്മദിനെ സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടി വന്നു.

kerala

ഭരണകൂട അഹന്തയുടെ രക്തസാക്ഷി

പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

Published

on

ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ഇന്നലെ ജീവനൊടുക്കിയ കണ്ണൂര്‍ ജില്ലാ എ.ഡി.എം നവീന്‍ബാബു. ജന്മനാട്ടില്‍ തന്നെ സര്‍വീസ് അവസാനിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിനിടെ ക്ഷണിക്കാതെ കയറിവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ജീവന്‍ അവസാനിപ്പിച്ചത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

ഈ ഉദ്യോഗസ്ഥന് ഉപഹാരസമര്‍പ്പണം നടത്തുന്ന സാഹചര്യത്തില്‍ താന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ലെന്നുകൂടി കുട്ടിച്ചേര്‍ത്ത്, സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അവഹേളിക്കാവുന്നതിന്റെ അങ്ങേയറ്റവും പൂര്‍ത്തീകരിച്ച് അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പെരുമാറിയ ശേഷമായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്. സ്വന്തം സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് അപ്രതീക്ഷിതമായി അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുപോയ നവീന്‍ അതീവമനപ്രയാസത്തോടെയാണ് കലക്ടറേറ്റില്‍ നിന്ന്
മടങ്ങിപ്പോയത്.

നവീന്‍ ബാബുവിന്റെ മരണം രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന അധികാര വര്‍ഗ അഹന്തതയിലേക്കും ഭരണകുട മാഫിയാ ബന്ധങ്ങ ളിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായി മാറിയിരിക്കു കയാണ്. എ.ഡി.എം പോലുള്ള ജില്ലാ ഭരണകുടത്തിന്റെ ഉ ന്നതപദവിയിലിരിക്കുന്ന വ്യക്തിയോട് ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ഇത്രയും നികൃഷ്ടമായ രീതിയില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നും അതിനുള്ള ധൈര്യം എവിടെനിന്നു ലഭിക്കുന്നുവെന്നുമുള്ളത് പരിശോധനക്ക് വിധേയമാക്കപ്പെടുമ്പോള്‍ അതിന്റെയെല്ലാം ചുരുളുകള്‍ നിഷ്പ്രയാസം അഴിഞ്ഞുവരും.

ജില്ലാകലക്ടര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരികയും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്യുമ്പോള്‍ ഈ ഭരണാധികാരികളൊക്കെ വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥയുടെ ജീര്‍ണ തയാണ് പ്രതിഫലിക്കപ്പെടുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ഉദ്ദരിക്കുന്ന അവര്‍ ആര്‍ക്കുവേണ്ടി ഏതുഫയലിന്റെ കാര്യത്തിലാണ് ഇത്ര ആത്മാര്‍ത്ഥതയോടെ ഇടപെട്ടത് എന്നതും പ്രസക്തമാണ്. പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കുവേണ്ടി ഇത്രമേല്‍ ആവേശത്തോടെ ഇടപെടുകയും അവര്‍ വിചാരിച്ച അതേവേഗതയില്‍ കാര്യങ്ങള്‍ നടപ്പാകാത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതിനുപിന്നിലെ ചേദോ വികാരവും തീര്‍ത്തും സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ പെട്രോള്‍ പമ്പ് ഉടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ കോപ്പി ഞൊടിയിടയില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരികയാണ്.

കാസര്‍കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന നവീന്‍ ബാബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കണ്ണൂരിലേക്കെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥ തലപ്പത്തെ സ്വാഭാവിക സ്ഥലംമാറ്റമായിരുന്നു ഇതെങ്കിലും പാര്‍ട്ടി താല്‍പര്യപ്രകാരം അദ്ദേഹം അവിടെ തന്നെ തുടരുകയായിരുന്നു. പാര്‍ട്ടി അനുഭാവിയായിരുന്ന അദ്ദേഹം സി.പി.എം അനുകൂല സംഘടനയുടെ ഭാരവാഹിയും നേതാക്കള്‍ക്കെല്ലാം സുസമ്മതനുമായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തങ്ങളു ടെ സ്വന്തക്കാരനെന്ന നിലയില്‍ നവീന്‍ബാബുവിനെ പാര്‍ ട്ടി പ്രതിഷ്ഠിച്ചിരുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രിയങ്കര നായ ഉദ്യോഗസ്ഥനായിട്ടുപോലും ഇത്രമേല്‍ ക്രൂശിക്കപ്പെടുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു വെങ്കില്‍ അധികാരവര്‍ഗത്തിന്റെ അഹന്ത എത്രമാത്രം ശക്തിയിലാണ് ഉദ്യോഗസ്ഥ സംവിധാനത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് എന്നതിന് മറ്റൊരു തെളിവ് ആവശ്യമി ല്ല. റവന്യൂ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിപോലും മിടുക്കനും കഴിവുറ്റവനുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന് ഈ ദുര്‍ഗതിയുണ്ടാവുമ്പോള്‍ ആരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഭരണചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് ജനങ്ങളില്‍നിന്നുയരുന്ന ചോദ്യം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലയുടെ പരമാധികാരിയായ കലക്ടര്‍പോലും കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയില്‍ തലതാഴ്ത്തി ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇത്ര ധാരുണമായ സംഭവുമു ണ്ടായിട്ടും ദിവ്യയെ തള്ളിപ്പറയാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാ ണ്. ചുരുക്കത്തില്‍ ഭരണ രംഗത്ത് കേരളം എത്തിപ്പെട്ടിരിക്കുന്ന അരാജകത്വമാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പെരുമാറ്റവും എ.ഡി.എമ്മിന്റെ മരണവും നല്‍കുന്ന സൂചന.

Continue Reading

kerala

എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി അടുത്ത ബന്ധു; മന്ത്രി റിയാസിന്‍റെ സ്റ്റാഫിലും ബന്ധു; എന്നിട്ടും പെട്രോള്‍ പമ്പിന്‍റെ എന്‍ഒസിക്ക് കൈക്കൂലിയോ?

ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തളളിവിട്ട പ്രസിഡന്‍റിന് തക്കതായ ശിക്ഷ കൊടുക്കണമെന്നാവശ്യത്തിനു വേണ്ടിയാണ് പ്രതിപക്ഷവും ജീവനക്കാരും ഇപ്പോഴും തെരുവില്‍ ശക്തമായി പ്രതിഷേധിക്കുന്നത്

Published

on

സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യ ഉന്നയിച്ചത് എഡിഎം നവീന്‍ ബാബു ഒരു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു. അതിനു പിന്നാലെയാണ് എഡിഎം നവീന്‍ ജീവനൊടുക്കിയതും. നവീന്‍റെ യാത്രയയപ്പു ചടങ്ങില്‍  ക്ഷണിക്കാതെ വരുകയും അദ്ദേഹത്തെ രൂക്ഷമായ രീതിയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ സംഭവത്തിന് പിറ്റേ നാള്‍ നവീന്‍ ജീവനൊടുക്കി.

ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തളളിവിട്ട പ്രസിഡന്‍റിന് തക്കതായ ശിക്ഷ കൊടുക്കണമെന്നാവശ്യത്തിനു വേണ്ടിയാണ് പ്രതിപക്ഷവും ജീവനക്കാരും ഇപ്പോഴും തെരുവില്‍ ശക്തമായി പ്രതിഷേധിക്കുന്നത്.

ദിവ്യയും  എഡിഎമ്മും തമ്മിലുള്ള പ്രശ്നത്തിനു പ്രധാനകാരണം ടി.വി പ്രശാന്തന്‍ എന്ന ആളുടെ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള ശ്രമങ്ങളില്‍ ദിവ്യ ഇടപെട്ടത് മൂലമാണ്. എഡിഎമ്മിനെ നേരില്‍ വിളിച്ച് പ്രശാന്തിന്‍റെ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് ദിവ്യ തന്നെ പറഞ്ഞിരുന്നു.  പ്രശാന്തിന്‍റെ കാര്യത്തില്‍ ദിവ്യ കാര്യമായ ഇടപെടല്‍ നടത്തിയതിന് പ്രധാനമായും ഒരു ഉത്തരം മാത്രമേയുള്ളു അത് പ്രശാന്തിന്‍റെ സിപിഎമ്മിനോടുള്ള ബന്ധമാണ്.

സിപിഎം സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയ്യും മന്ത്രി റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫിലുള്ള രതീഷ് കണ്ടക്കൈയ്യും പ്രശാന്തന്‍റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോവിന്ദനും ബന്ധുവാണ്. ഇതുതന്നെയാണ് പ്രശാന്തനു വേണ്ടി ദിവ്യ രംഗത്തിറങ്ങാന്‍ കാരണം. നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തികൊടുക്കാത്തിലെ വൈരാഗ്യമാണ് വിളിക്കാത്ത ചടങ്ങിലെത്തി ദിവ്യ തീര്‍ത്തതെന്നാണ് ആരോപണം.

സര്‍ക്കാര്‍ സംവിധാനവുമായി വളരെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലും ഇതാണോ അവസ്ഥ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സിനെ അറിയിക്കാമായിരുന്നു പ്രശാന്തന്. കടുത്ത നടപടി ഉറപ്പാക്കാന്‍ പോന്ന അടുപ്പക്കാരും ഉണ്ട്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ കൈക്കൂലി കൊടുത്ത് അനുമതി വാങ്ങിയ ശേഷം പ്രതികാരം തീര്‍ക്കാന്‍ ഒരുങ്ങിയെന്നാണ് ഇവരുടെ തന്നെ വാദം പോലെ കൈക്കൂലി ഇടപാട് നടന്നെന്ന് കണക്കുകൂട്ടിയാല്‍ ഉണ്ടാകുന്ന പ്രതീതി. ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതെല്ലാം എന്ന ധാരണയാണ് ഇതോടെ മറനീക്കി പുറത്ത് വരുന്നത്.

Continue Reading

kerala

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; കുറ്റമുക്തനാക്കിയ വിധിക്ക് ഹൈകോടതി സ്റ്റേ

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആർഎസ്എസ് ഡീലിന്റെ ഭാ​ഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Published

on

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി . പ്രതികളെ കുറ്റവിമുക്തരാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ റിവിഷൻ ഹരജി ഫയലിൽ സ്വീകരിച്ചു.സുരേന്ദ്രന് നോട്ടീസ് അയക്കും.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആർഎസ്എസ് ഡീലിന്റെ ഭാ​ഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ സുരേന്ദ്രൻ ഉൾപ്പടെ 6 ബിജെപി നേതാക്കളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ.

പകരമായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും സുന്ദരയ്ക്ക് നൽകി. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവർ വിടുതൽ ഹരജി നൽകി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്.

അതേസമയം കേസിൽ പൊലീസിന് വീഴ്ചയെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം സമർപ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വർഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതിൽ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്.

Continue Reading

Trending