X

പ്യൂ സര്‍വേയില്‍ ഒന്നാമന്‍; മോദി ‘ജനകീയനായതി’ലെ പൊള്ളത്തരം പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന സര്‍വേ ഫലത്തിനു പിന്നിലെ രഹസ്യം പുറത്ത്. മോദിയെ പിന്തുണക്കുന്ന ഏതാനും ചിലരെ മാത്രമാണ് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. കേരളം ഉള്‍പ്പെടെ മോദി നയങ്ങളോട് എതിര്‍പ്പുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ സര്‍വേയില്‍ പങ്കെടുപ്പിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും നോട്ട് അസാധുവാക്കലും, ജി.എസ്.ടിയുമടക്കം മോദി നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഉണര്‍വേകിയെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പറഞ്ഞത്. മോദിയുടെ ജനപിന്തുണ കൂടാന്‍ ഇതാണ് കാരണമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍.
വളര്‍ച്ചാനിരക്ക് താഴോട്ട് പോകുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക ഘടന കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ 2646 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.
പത്തില്‍ ഒമ്പത് ഇന്ത്യക്കാരിലും മോദി അനുകൂല മനോഭാവം ഉണ്ടായിട്ടില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്. 2015ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികാരമേറ്റ് രണ്ടു വര്‍ഷം പിന്നിടുമ്പോഴേക്കും സ്വാധീനം വര്‍ധിച്ചതായാണ് ചൂണ്ടിക്കാട്ടുന്നത്.
ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത കേരളം, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഞ്ചല്‍, സിക്കിം, അരുണാചല്‍പ്രദേശ്, അസം, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളെ പാടേ ഒഴിവാക്കിയായിരുന്നു സര്‍വേ.
130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ 2500ല്‍ കുറവ് പേരെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ സര്‍വേ, അടിസ്ഥാനപരമായി തന്നെ അര്‍ത്ഥശൂന്യമാണ്. സര്‍വേയില്‍ പങ്കെടുത്ത ആളുകളുടെ വിശദാംശങ്ങള്‍ പ്യൂ പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ കമ്പനിക്കു വേണ്ടി ഒരു ഇന്ത്യന്‍ സ്ഥാപനമാണ് സര്‍വേ സംഘടിപ്പിച്ചത് എന്നു കരുതപ്പെടുന്നു. ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളെ ഒഴിവാക്കിയത്, നരേന്ദ്ര മോദിക്ക് അനുകൂലമായ ഫലമുണ്ടാകാനാണ് എന്നും സൂചനയുണ്ട്.
പത്തില്‍ എട്ടു ശതമാനം ആളുകളും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ തൃപ്തരാണെന്നാണ് സര്‍വേ പറയുന്നത്. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം സമ്പദ് വ്യവസ്ഥ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് 19 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ യു.എസിനോടുള്ള താല്‍പര്യം ഇടിഞ്ഞതായും സര്‍വേയിലുണ്ട്. 2015ല്‍ 70 ശതമാനം ആളുകള്‍ അമേരിക്കയോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം അത് 49 ശതമാനമായി കുറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷമാണിത്. ചൈനയോടും ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞിട്ടുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. 2015ല്‍ 41 ശതമാനം ചൈനയില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നെങ്കില്‍ നിലവില്‍ 26 ശതമാനമായി ഇടിഞ്ഞു.

chandrika: