ജക്കാര്‍ത്ത:കടലില്‍ കുടുങ്ങിയ ഇന്തോനേഷ്യക്കാരനായ പതിനെട്ടുകാരനെ 49 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. മത്സ്യബന്ധന കെണിയുടെ നങ്കൂരം നഷ്ടപ്പെട്ട് സമുദ്രത്തില്‍ അകപ്പെട്ട അല്‍ദി നോവല്‍ അദിലാങാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മത്സ്യങ്ങളെ ആകര്‍ഷിച്ച് പിടിക്കാന്‍ ഉപയോഗിക്കുന്ന കെണി വള്ളത്തിന്റെ കാവല്‍ ചുമതലയിലായിരുന്നു അദിലാങിനായിരുന്നു. കടലില്‍ നങ്കൂരമിട്ട് മത്സ്യബന്ധന നടത്തുന്ന രീതിയാണിത്.
ജൂലൈ മധ്യത്തിലാണ് സുലവേശി ദ്വീപിന് സമീപം മത്സ്യബന്ധന കെണി നങ്കൂരമിട്ട് അല്‍ദി ജോലി തുടങ്ങിയത്. ഓരോ ആഴ്ചയും ഉടമ അദിലാങിന് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വള്ളത്തിലേക്ക് എത്തിച്ചുകൊടുക്കായിരുന്നു. അതിനിടെ ശക്തമായ കാറ്റില്‍ കയര്‍ നങ്കൂരത്തിന്റെ കയര്‍ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട കെണി വള്ളം ഉള്‍ക്കടലിലേക്ക് നീങ്ങുകയായിരുന്നു.
തുടര്‍ന്ന് ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ലൈഫ് ഓഫ് പൈ’ എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന അദ്ഭുത ജീവിതമായിരുന്നു അല്‍ദിന്‍ അനുഭവിച്ചത്. ഭക്ഷണവും വെള്ളവും കിട്ടാതെ ദിവസങ്ങളോളം കടലില്‍ അലഞ്ഞ അദിലാങിനെ 49 ദിനങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 31ന് ഒരു പനാമന്‍ കപ്പലാണ് രക്ഷിച്ചത്. അതിന് മുമ്പ് 10 കപ്പലുകള്‍ അതു വഴി കടന്നുപോയതായി അദിലാങ് പറയുന്നു. പനാമന്‍ കപ്പല്‍ ജപ്പാനിലേക്കാണ് അവനെ കൊണ്ടുപോയത്. ഈമാസം എട്ടിന് ഇന്തോനേഷ്യയില്‍ തിരിച്ചെത്തിയ അദിലാങ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ആറംഗ കുടുംബത്തിലെ ഇളയ മകനാണ് അദിലാങ്.