Connect with us

GULF

ഇലക്ട്രോണിക് വേൾഡ് കപ്പുമായി സഊദി

2024ൽ റിയാദിലാകും വേൾഡ് കപ്പിന്റെ തുടക്കം

Published

on

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ്- ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് പ്രഖ്യാപിച്ച് സഊദി. കായിക ലോകത്ത് അത്ഭുതങ്ങൾ തേടുന്ന സഊദിയുടെ വിസ്മയിപ്പിക്കുന്ന പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നടത്തിയത്. 2024ൽ റിയാദിലാകും വേൾഡ് കപ്പിന്റെ തുടക്കം. ഗെയിമിംഗിനുള്ള പ്രോത്സാഹനം വഴി ഇ-സ്‌പോർട്‌സ് മേഖലയുടെ കുതിച്ചുചാട്ടത്തിന് ലോകകപ്പ് സഹായകമാകും. ഏറ്റവും പ്രമുഖ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഇതുവഴി ഉറപ്പിക്കാനാണ് സഊദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു.

വേൾഡ് കപ്പിന്റെ ചുമതല കായിക മന്ത്രാലയത്തിന് കീഴിൽ ഇലക്‌ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷനാണ് . കിരീടാവകാശിയുടെ ബഹുമാനാർത്ഥം രാജ്യം ആതിഥേയത്വം വഹിക്കുന്ന ‘ന്യൂ വേൾഡ് സ്‌പോർട്‌സ് കോൺഫറൻസിന്റെ’ വേളയിലാണ് പുതിയ പ്രഖ്യാപനം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ ഉൾപ്പടെ വേദിയിലുണ്ടായിരുന്നു. നവ്യമായ ഈ പ്രഖ്യാപനത്തിന് സാക്ഷികളാകാൻ കായിക മേഖലയിലെ നിരവധി നേതാക്കളും വിശിഷ്ട വ്യക്തികളും എത്തിയിരുന്നു.

ഗെയിമിംഗിനും ഇലക്‌ട്രോണിക് സ്‌പോർട്‌സിനും വേണ്ടിയുള്ള ആദ്യത്തെ ആഗോള കേന്ദ്രം സഊദിയാകുമെന്നും കിരീടാവകാശി പറഞ്ഞു.2030 വിഷന്റെ ഭാഗമായുള്ള ഇ സ്പോർട്സ് വേൾഡ് കപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുകയും ,
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയുമാണെന്നും അദ്ദേഹം വിശദമാക്കി. കൂടാതെ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുകയും പൗരന്മാർക്ക് ഉയർന്ന തലത്തിലുള്ള വിനോദ വേദികൾ ഒരുക്കുകയും ചെയ്യുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.

2030 പൂർത്തിയാകുന്നതോടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 50 ബില്യൺ റിയാലിലധികം കൈവരിക്കുന്നതിനും ഈ മേഖലയിൽ 39,000 പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനും വേൾഡ് കപ്പ് വഴിയൊരുക്കും. ഇലക്ട്രോണിക് ഗെയിമുകളുടെ തലസ്ഥാനമായി റിയാദ് മാറും.

ഇലക്ട്രോണിക് ഗെയിമിംഗ് മേഖലയിൽ താൽപ്പര്യമുള്ള വ്യത്യസ്ത വിഭാഗം സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും റിയാദ് നഗരത്തിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള സവിശേഷ അവസരം കൂടിയാകുമിത്. ആകർഷണീയമായ
പരിപാടികളോടെ ഇന്റോർ സ്റ്റേഡിയങ്ങളിലായിരിക്കും ടൂർണമെന്റ് സംഘടിപ്പിക്കുക.

GULF

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ഡോ. ഷംഷീർ വയലിൽ

പദ്ധതിക്കുള്ള പിന്തുണയ്ക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡോ. ഷംഷീറിനെ ആദരിച്ചു

Published

on

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നൽകുന്നതിനുമായി ആരംഭിച്ച സുസ്ഥിര എൻഡോവ്മെൻറ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു ഇ യുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യുഎഇ യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവയ്ക്കെല്ലാമുള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെൻറ് ഫണ്ടിലേക്കുള്ള ബുർജീലിന്റെ സംഭാവന. മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ ജീവകാരുണ്യ പ്രവർത്തന വ്യാപ്തി ആഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് സംഭാവന നൽകാം. ഇതിനായി വെബ്സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ ജൂഡ് (Jood.ae) , ബാങ്ക് ട്രാൻസാക്ഷൻ, എസ് എംഎസ് (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്എംഎസ് ചെയ്യുക) എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Continue Reading

GULF

സഊദിയിൽ ചെറിയ പെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു

ഒരുക്കങ്ങൾ നടത്താൻ മന്ത്രാലയത്തിൻ്റെ നിർദ്ദേശം

Published

on

സഊദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു. സഊദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷെയ്ഖാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം സൂര്യന്‍ ഉദിച്ചു 15 മിനിറ്റ് കഴിഞ്ഞ് നിസ്‌കാരം തുടങ്ങും. ഈ സമയത്ത് തന്നെ നിശ്ചിത സ്ഥലങ്ങളില്‍ നിസ്‌കാരം തുടങ്ങാന്‍ അധികൃതര്‍ എല്ലാ മന്ത്രാലയ ശാഖകള്‍ക്കും നിര്‍ദേശം നല്‍കി. സാധാരണയായി പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ളതോ നിസ്‌കരത്തിനായി പൊതുവെ ഉപയോഗിക്കാത്തതോ ആയ പള്ളികളിലും ഇക്കുറി പ്രാര്‍ത്ഥനകള്‍ നടക്കും. നമസ്‌കാരം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം ഇറക്കി.

‘ഈദ് നിസ്‌കാരം എല്ലാ നിയുക്ത പള്ളികളിലും നിര്‍വഹിക്കണം. പള്ളികള്‍ ഈ അവസരത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദ് അല്‍ ഫിത്തര്‍ നമസ്‌കാരം നയിക്കാന്‍ നിയുക്ത ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ വിശ്വാസികളുടെ സുരക്ഷയ്ക്കു വേണ്ടി നിയുക്ത പള്ളികള്‍ക്കുള്ളില്‍ തന്നെ നിസ്‌കാരം നിര്‍വഹിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, എയര്‍ കണ്ടീഷനിംഗ്, ഓഡിയോ ഉപകരണങ്ങള്‍ എന്നിവയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

Continue Reading

GULF

ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു

Published

on

മസ്കത്ത്: ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാ​ഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും. പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ ഔദ്യോ​ഗിക പ്രവർത്തി ദിവസം ഏപ്രിൽ 2 ന് ബുധനാഴ്ച പുനരാരംഭിക്കും. പെരുന്നാൾ തിങ്കാളാഴ്ചയാണെങ്കിൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോ​ഗിക ജോലികൾ പുനരാരംഭിക്കുക. പെരുന്നാൾ തിങ്കളാഴ്ചയാണെങ്കിൽ തുടർച്ചയായി 9 ദിവസം അവധി ലഭിക്കും

Continue Reading

Trending