അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലുള്ള സഊദി പൗരന്മാരെയും സുഹൃദ് രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുന്ന നടപടി തുടരുന്നതായി സഊദി വിദേശ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി വരെ മൂന്ന് കപ്പലുകളിലായി 158 പേരെ ജിദ്ദയിലെത്തിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. സഊദി പൗരന്മാർക്കൊപ്പം ചില രാജ്യങ്ങളിലെ പൗരന്മാരും കപ്പൽ വഴി ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യക്കാർ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. 91 സഊദി പൗരന്മാരും 66 വിദേശികളുമാണ് കപ്പലുകളിൽ ജിദ്ദയിലെത്തിയത്. സഊദിയുടെ റെസ്ക്യൂ ഓപ്പറേഷൻ വിജയിച്ചതിൽ വിവിധ രാജ്യങ്ങൾ ഭരണകൂടത്തിന് അഭിനന്ദനങ്ങളറിയിച്ചു. യു എസ് പ്രസിഡണ്ട് ജോ ബൈഡനും സഊദിയുടെ നിർണ്ണായക ഇടപെടലിനെ പ്രശംസിച്ചു.
കൂടുതൽ പേരെ സുഡാൻ സൈന്യത്തിന്റെ സഹായത്തോടെ തന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രാലയം സൂചന നൽകി. വിദേശികളെ ഒഴിഞ്ഞുപോകാൻ അനുവദിക്കുമെന്ന് സുഡാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സുഡാനിലെ വിമാനത്താവളങ്ങൾ താൽകാലികമായി തുറന്നു നൽകാൻ തയ്യാറാണെന്നും ഏറ്റുമുട്ടലിൽ ഒരു ഭാഗത്തുള്ള അർധസൈനികരായ റാപിഡ് സപ്പോർട്ട് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും സഊദി വഴി ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. റിയാദിലെ ഇന്ത്യൻ എംബസ്സി മുഖേന സഊദി അധികൃതരുമായി ബന്ധപെട്ടതാണ് ഒഴിപ്പിക്കാനുള്ള നടപടികൾക്ക് ശ്രമം നടത്തുന്നത്. നേരത്തെ സൈന്യത്തിന്റെ ഏറ്റുമുട്ടലിനിടെ ഒരു മലയാളി വെടിയേറ്റ് മരിച്ചിരുന്നു. ഖർത്തൂമിലെ ഫ്‌ളാറ്റിൽ ഫോൺ ചെയ്യുന്നതിനിടെ കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കുടുംബമായി കഴിഞ്ഞിരുന്ന ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിതരാണ് . സംഘർഷം തുടരുന്നതിനാൽ മൃതദേഹം ഇതുവരെ നാട്ടിലേക്കെത്തിക്കാനായിട്ടില്ല.
മുവ്വായിരത്തോളം ഇന്ത്യക്കാരാണ് ഔദ്യോഗിക കണക്ക് പ്രകാരം സുഡാനിലുള്ളത് . ഇവരെ ജിദ്ദ വഴി ഒഴിപ്പിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ജിദ്ദയിലെത്തുന്നവരെ നാട്ടിലേക്ക് കൊണ്ടുപോകാൻ ന്യൂഡൽഹിയിൽ നിന്ന് ഇതിനായി അഞ്ച് സൈനിക വിമാനങ്ങൾ ജിദ്ദയിലെത്തുമെന്നാണ് സൂചന . സുഡാനിലെ ഇന്ത്യൻ മിഷൻ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഖർത്തൂമിലെത്തി ഇന്ത്യക്കാരെ ജിദ്ദയിലേക്കെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസ്സി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. രക്ഷാപ്രവർത്തനം ഏകോപിക്കുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ മിഷൻ ടീം ജിദ്ദയിലെത്തിയേക്കും.
മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്ക,യു കെ, ദക്ഷിണ കൊറിയ, ജപ്പാൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ യു എന്നും ഒഴിപ്പിക്കൽ പ്രക്രിയക്ക് തുടക്കമിട്ടിട്ടുണ്ട്. ഈദുൽ ഫിത്തർ ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ച സമയം പരമാവധി ആളുകളെ രക്ഷപെടുത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താൻ സഊദി ഉൾപ്പടെയുള്ള രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്.
സുഡാനിൽ നിന്ന് സഊദി സുരക്ഷ സേന ഒഴിപ്പിക്കുന്ന കൂട്ടത്തിൽ ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കുന്നതിന് ജിദ്ദയിലെ ഇന്ത്യൻ എംബസ്സി സ്‌കൂളിൽ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുഡാനിൽ നിന്ന് രക്ഷാദൗത്യത്തിൽ പെട്ട് ജിദ്ദയിലെത്തിയ വിദേശികളടക്കമുള്ളവർ സ്വദേശങ്ങളിലേക്ക് മടങ്ങി തുടങ്ങി. സുരക്ഷിതമായി മടങ്ങാൻ സഹായിച്ച സഊദി ഭരണകൂടത്തിന് നന്ദിയോതിയാണ് എല്ലാവരുടെയും മടക്കം.
നിലവിൽ സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചതായാണ് വിവരം. വെളിച്ചവും വെള്ളവും ലഭ്യമല്ല. കുടിവെള്ളവും മുടങ്ങിയ അവസ്ഥയാണുള്ളത്. ഇതുവരെ ഏറ്റുമുട്ടലിൽ 425 ലധികം പേർ കൊല്ലപ്പെട്ടതായാണ് വാർത്ത. സൈനികപ്പോരിൽ 3500 ലേറെ പേർക്ക് പരിക്കേറ്റു. ഈദിന്റെ മൂന്ന് ദിന അവധിയിലുള്ള വെടിനിർത്തൽ അവസാനിക്കുന്നതോടെ ഇന്ന് മുതൽ വീണ്ടും സുഡാൻ സംഘർഷ ത്തിലേക്ക് നീങ്ങുമെന്നാണ് ഇന്ത്യക്കാരടക്കമുളളവരുടെ ഭയം.