അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഗള്‍ഫ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടവുമായി സഊദി. രാജ്യത്തെ സാധാരണ നിലയിലേക്ക് കൈപിടിച്ചാനയിക്കുമ്പോള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിവിധ മന്ത്രാലയങ്ങളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അഭിമാനകരമായ നിമിഷങ്ങളാണ് പകര്‍ന്നു നല്‍കുന്നത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ രാജ്യത്ത് വ്യാപിച്ച കോവിഡ് വൈറസിനെ നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രാലയത്തോടൊപ്പം മറ്റു മന്ത്രാലയങ്ങളും കൈകോര്‍ത്തപ്പോള്‍ സഊദിയില്‍ പരിഭ്രാന്തിയുടെ നാളുകള്‍ക്ക് വിട. കോവിഡ് ഭീഷണിക്കെതിരെ ഫലപ്രദമായ പ്രതിരോധ നടപടികള്‍ കൈകൊണ്ട ഭരണാധികാരികള്‍ക്ക് സോഷ്യല്‍ മീഡിയകളിലും മറ്റും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
കോവിഡ് ചികിത്സയും വാക്‌സിനും പൂര്‍ണ്ണമായും സൗജന്യമായി നല്‍കി ചരിത്രം രചിക്കുകയായിരുന്നു സഊദി. ചികിത്സ സൗജന്യമാക്കിയത് മൂലം ഒട്ടേറെ സാധാരണക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വന്തം ജീവന്‍ രക്ഷിക്കാനായി. സാമ്പത്തികമായി നല്ല ചെലവുള്ള ചികിത്സക്കും ആശുപത്രി പ്രവേശനത്തിനും സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയത്
സല്‍മാന്‍ രാജാവിന്റെ രാജ കാരുണ്യ പ്രഖ്യാപനമായിരുന്നു. അതോടൊപ്പം കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ട ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളടക്കമുള്ളവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കി മാനവികതയുടെ മകുടോദാഹരണമാവുകയായിരുന്നു സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് . മറ്റൊരു രാജ്യങ്ങളും നല്‍കാത്ത ആനുകൂല്യങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ജീവന്‍ ബലി നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഊദി നല്‍കിയത്.
മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് ജനസംഖ്യ വര്‍ധനയുള്ള രാജ്യമാണ് സഊദി അറേബ്യ. രാജ്യത്തെ ആകെ ജനസംഖ്യയായ 35.34 മില്യണ്‍ ജനങ്ങളില്‍ 21.85 മില്യണ്‍ സ്വദേശികളും 13.49 മില്യണ്‍ വിദേശികളുമാണ് . ഇവരില്‍ 19 മില്യണോളം (18973624) പേര്‍ക്ക് ആദ്യ ഡോസും എട്ടര മില്യനോളം (8337570) പേര്‍ക്ക് രണ്ടാം ഡോസും നല്‍കി കഴിഞ്ഞു. രാജ്യത്ത് പ്രത്യേകം സംവിധാനിച്ച അറുനൂറോളം വാക്‌സിന്‍ സെന്ററുകള്‍ മുഖേനയാണ് 27 .5 മില്യണ്‍ ഡോസ് വാക്‌സിന്‍ നല്‍കിയത് . വേനലവധി കാലം കഴിഞ്ഞാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിന്റെ മുന്നോടിയായി പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ആഗസ്റ്റ് 29 ന് തുറക്കുന്ന സ്‌കൂളുകളില്‍ ഹയര്‍ സെക്കണ്ടറി മുതല്‍ ക്ലാസുകള്‍ സാധാരണ നിലയില്‍ അധ്യയനം ആരംഭിക്കും .
ജൂലൈ 31 വരെ 526814 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 507374 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ബാക്കി വന്ന 19440 പേരില്‍ 8249 പേര്‍ മരണപെട്ടു. ബാക്കിയുള്ള 11191 പേരാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 1403 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ (ഒരു ലക്ഷത്തില്‍ പരം) കോവിഡ് ബാധയുണ്ടായത് തലസ്ഥാന നഗരമായ റിയാദിലാണ്. 101244 പേര്‍. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളായ ജിദ്ദ 51667, മക്ക 44775, മദീന 25342 , ദമാം 24921, ഹൊഫുഫ് 23880, തായിഫ് 16131, മുബാറസ് 10918 , ഖമീസ് മുശൈത്ത് 10401 എന്നിങ്ങനെയാണ് അഞ്ചക്കമുള്ള രോഗബാധ. നിലവില്‍ 11191 കേസുകളില്‍ റിയാദില്‍ 1189, ജിദ്ദ 708 , മക്ക 467 , മദീന 425 എന്നിങ്ങനെയാണ് ആശുപത്രികളിലുള്ളത്.
ആത്മവിശ്വാസത്തോടെ പതിനേഴ് മാസത്തിന് ശേഷം നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ് സഊദിയുടെ നേര്‍ക്കാഴ്ച. ആഗസ്റ്റ് ഒന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിച്ച് കൊണ്ട് ടൂറിസം മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ ഉള്‍പ്പടെ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് തന്നെ ടൂറിസ്റ്റുകള്‍ക്ക് രാജ്യം സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്നത്. ടൂറിസ്റ്റുകള്‍ നിബന്ധനകള്‍ക്കനുസരിച്ച് രേഖകള്‍ ഹാജരാക്കണം . ക്വാറന്റൈന്‍ പോലുള്ള സുരക്ഷാ നടപടികള്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഒഴിവാക്കി കൊടുത്തത് കോവിഡ് കാലത്തെ ടൂറിസത്തിന് ശക്തി പകരാന്‍ ഇടയാക്കും. മിക്ക രാജ്യങ്ങളും ടൂറിസ്റ്റുകള്‍ക്കും ക്വാറന്റൈന്‍ ഏര്‍പെടുത്തുന്നതിനിടയിലാണ് സഊദിയുടെ വിപ്ലവകരമായ നീക്കം.
വിമാന വിലക്ക് മൂലം രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയാതെ സ്വദേശങ്ങളില്‍ കഴിയുന്ന വിദേശികള്‍ക്ക് സല്‍മാന്‍ രാജാവിന്റെ കാരുണ്യ ഹസ്തം മൂലം ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കുന്ന സംവിധാനം തുടരുകയാണ്. നിലവില്‍ ആഗസ്റ്റ് 31 വരെ പുതുക്കാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള പത്തോളം രാജ്യങ്ങളില്‍ ലക്ഷങ്ങളാണ് കുടുങ്ങി കഴിയുന്നത്. ഇപ്പോഴും വിമാന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഈ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സഊദി ഇവിടേക്ക് യാത്ര പോകരുതെന്ന് സഊദി പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് . മുന്നറിയിപ്പ് ലംഘിച്ച് വിലക്കുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഊദി പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് വിദേശ യാത്രക്ക് വിലക്ക് ഏര്‍പെടുത്തുമെന്നാണ് ശിക്ഷ. വിദേശികള്‍ക്ക് അവരവരുടെ രാജ്യങ്ങളില്‍ പോകുന്നതില്‍ വിലക്കില്ല. മടങ്ങി സഊദിയിലേക്ക് വരുമ്പോള്‍ മറ്റേതെങ്കിലും വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ വിദേശികള്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂ .
ആയിരത്തിന് മീതെ പ്രതിദിന കേസുകളുണ്ടെങ്കിലും സൂക്ഷ്മതയോടെ കാര്യങ്ങള്‍ നീക്കുകയാണ് മന്ത്രാലയങ്ങള്‍. ഏറെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ നടപടികള്‍ വഴി ദൈവാനുഗ്രഹത്തോടെ സഊദി ജനത പതുക്കെ മടങ്ങുകയാണ് പതിവ് ജീവിതത്തിലേക്ക്.