അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : തൊഴില്‍ നിയമത്തില്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളുമായി സഊദി. സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടികളുമായി സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രഖ്യാപനം. തൊഴില്‍ കരാര്‍ അവസാനിക്കുന്ന മുറക്ക് തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് വിദേശ തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം, സ്‌പോണ്‍സറുടെ അനുമതിയില്ലാതെ റീഎന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വിസ എന്നീ മൂന്നു പ്രധാന സേവനങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ഈ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള സ്‌പോണ്‍സറുമായി ഒരു തൊഴില്‍ കരാറിന്റെ മാത്രം ബന്ധമാകും തൊഴിലാളികള്‍ക്ക് ഉണ്ടാവുകയെന്നാണ് കരുതപ്പെടുന്നത്. സഊദിയിലെ ലക്ഷക്കണക്കിന്ന് വരുന്ന പ്രവാസികള്‍ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനമാണിത്. തൊഴില്‍, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുകയാണ് മലയാളികളടക്കമുള്ള പ്രവാസി സമൂഹം. അഞ്ച് പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ക്കാണ് ഇതോടെ അറുതിയാകുന്നത് .
ദേശീയ പരിവര്‍ത്തന പദ്ധതിക്ക് കീഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഈ തൊഴില്‍ പരിഷ്‌ക്കരണം അടുത്ത വര്‍ഷം മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തിലാകുമെന്ന് മാനവ വിഭവശേഷി ഡെപ്യൂട്ടി മന്ത്രി അബ്ദുല്ലാഹ് ബിന്‍ നാസര്‍ അബൂതനൈന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളാണ് മന്ത്രാലയങ്ങള്‍ സ്വീകരിക്കുന്നതെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ റാജ്ഹിയും വ്യക്തമാക്കി.
സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സ്വതന്ത്രമായി രാജ്യത്തിന് പുറത്ത് പോകാനുള്ള അനുമതിയാണ് റീ എന്‍ട്രിയില്‍ വരുത്തിയ പരിഷ്‌ക്കാരം. ഇങ്ങനെ രാജ്യം വിടുന്നതിനു വേണ്ടി വിദേശ തൊഴിലാളികള്‍ റീ-എന്‍ട്രിക്ക് അപേക്ഷിക്കുമ്പോള്‍ ഇലക്‌ട്രോണിക് സംവിധാനം മുഖേന തൊഴിലുടമക്ക് അറിയിപ്പ് ലഭിക്കും. യു എ ഇ യെ പോലെ വിദേശികള്‍ക്ക് പാസ്‌പോര്‍ട്ടുമായി നേരിട്ട് എയര്‍ പോര്‍ട്ടിലെത്തി സ്വദേശങ്ങളിലേക്ക് പോകാന്‍ ഇതുമൂലം അവസരമുണ്ടാകുമെന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത. നിലവില്‍ സ്‌പോണ്‍സര്‍ റീ-എന്‍ട്രി അടിച്ചു നല്‍കിയാല്‍ മാത്രമേ വിദേശികള്‍ക്ക് രാജ്യം വിടാന്‍ അനുമതി ലഭിക്കുകയുള്ളൂ.
തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു സ്ഥാപനത്തിലെ ജോലിയിലേക്ക് മാറാന്‍ തൊഴില്‍ മാറ്റ സേവനം അവസരമൊരുക്കുന്നതാണ് പുതുതായി പ്രഖ്യാപിച്ച സേവനങ്ങളിലൊന്ന് . ഇങ്ങിനെ ജോലി മാറുന്നതിന് നോട്ടീസ് കാലാവധിയും തൊഴില്‍ നിയമം അനുശാസിക്കുന്ന മറ്റു വ്യവസ്ഥകളും പാലിക്കല്‍ നിര്‍ബന്ധമാണ്.നിലവില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ തീരുമാനമനുസരിച്ചായിരിക്കും വിദേശ തൊഴിലാളികളുടെ ഭാവി. എക്‌സിറ്റ് നല്‍കാനും കഫാല (സ്‌പോണ്‍സര്‍ഷിപ്പ്) മാറ്റി നല്‍കാനും സ്‌പോണ്‍സര്‍ക്കാണ് വിവേചനാധികാരം.
തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായാലുടന്‍ തൊഴിലുടമയുടെ അനുമതി കൂടാതെ രാജ്യം വിടാന്‍ ഫൈനല്‍ എക്‌സിറ്റ് സേവനം തൊഴിലാളികളെ അനുവദിക്കുന്നു. ഇങ്ങനെ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കുന്നതിനെ കുറിച്ച് തൊഴിലുടമയെ ഇലക്‌ട്രോണിക് രീതിയില്‍ അറിയിക്കും. തൊഴില്‍ കരാര്‍ റദ്ദാക്കി ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടാനും വിദേശ തൊഴിലാളികള്‍ക്ക് അവസരമുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ കരാര്‍ റദ്ദാക്കുന്നതു മൂലമുള്ള മുഴുവന്‍ അനന്തര ഫലങ്ങളും തൊഴിലാളി വഹിക്കേണ്ടിവരും.
ദേശീയ പരിവര്‍ത്തന പരിപാടിയുടെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് പരിഷ്‌കാരങ്ങള്‍. ഈ പ്രഖ്യാപനത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവര്‍ക്കായി പ്രത്യേക പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.ആകര്‍ഷകമായ തൊഴില്‍ വിപണി, തൊഴില്‍ ശേഷിയുടെ ശാക്തീകരണം, മത്സരക്ഷമത, രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വേതന സുരക്ഷാ പദ്ധതി, തൊഴില്‍ കരാറുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്യല്‍, തൊഴില്‍ സംസ്‌കാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതി, തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണുന്നതിനുള്ള പദ്ധതി എന്നിവ അടക്കമുള്ള പദ്ധതികള്‍ മന്ത്രാലയം നേരത്തെ നടപ്പാക്കിയിരുന്നു. ഈ സേവനങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിലും മാനവശേഷി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ ഖിവയിലും ലഭ്യമായിരിക്കും.