കെ. മൊയ്തീന്‍കോയ
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു. ”ഭീകരവിരുദ്ധ പോരാട്ടം മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും ഈ പോരാട്ടത്തില്‍ മുസ്‌ലിം രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കണ”മെന്നും ട്രംപ് ആഹ്വാനം ചെയ്തത് 55 മുസ്‌ലിം രാഷ്ട്ര ഉച്ചകോടിയിലാണെന്നും കാണുമ്പോള്‍ രാഷ്ട്രാന്തരീയ സമൂഹം ഗൗരവപുര്‍വം ഉള്‍ക്കൊള്ളുന്നുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളുടെ നായകത്വം വഹിക്കുന്ന സഊദിയുടെ മണ്ണ് ഇത്തരമൊരു ആഹ്വാനം നല്‍കാന്‍ തെരഞ്ഞെടുത്തത്, ട്രംപിന്റെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. മുസ്‌ലിം ലോകവുമായി സംവദിക്കാന്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ശേഷം ബറാക്ക് ഒബാമ നേരത്തെ തെരഞ്ഞെടുത്തത് ഈജിപ്തിലെ കൈറോ ആയിരുന്നുവല്ലോ.
ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിലെ ആദ്യ രാജ്യം സഊദിയാണ്. അടുത്തത് ഇസ്രാഈലും തുടര്‍ന്ന് വത്തിക്കാനും. സഊദിയില്‍ മൂന്ന് ഉച്ചകോടിയില്‍ ട്രംപ് സംബന്ധിച്ചു. കോടിക്കണക്കിന് ഡോളറിന്റെ കരാറുകള്‍ ഒപ്പ് വെക്കപ്പെട്ടു. ജി.ജി.സി, അറബ് ഇസ്‌ലാമിക ഉച്ചകോടി, സഊദിയുമായി നേരിട്ട് നടത്തുന്ന ചര്‍ച്ച തുടങ്ങിയവയൊക്കെ കടന്നുപോകുമ്പോഴും ട്രംപ് വിസ്മരിച്ചത്, ആറ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ കുറിച്ചാണ്. അതിലുപരി, അറബ് ലോകത്തിന്റെ അജണ്ട മാറ്റിയെഴുതാനും ട്രംപ് ശ്രമിച്ചത്, രാഷ്ട്രാന്തരീയ സമൂഹം നിരീക്ഷിക്കുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് ആറ് പതിറ്റാണ്ടുകാലമായി നീറിപുകയുന്ന ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് ട്രംപ് വാചാലനായില്ല. വൈറ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ഇസ്രാഈലി പ്രധാനമന്ത്രി ബഞ്ചമീന്‍ നെതന്യാഹുവിന് കൈനിറയെ പാരിതോഷികം സമ്മാനിച്ച ട്രംപ്, ലോക സമൂഹത്തില്‍ വലിയൊരു വിഭാഗത്തെ തന്റെ നിലപാട് വേദനിപ്പിച്ചു എന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അമേരിക്കയുടെ മുന്‍ ഭരണാധികാരികളും അറബ് ലോകവും ഐക്യരാഷ്ട്ര സംഘടനയുമെല്ലാം തത്വത്തില്‍ അംഗീകരിച്ച ‘ദ്വിരാഷ്ട്ര ഫോര്‍മുല’യെ തള്ളിപ്പറയുകയും ജറൂസലമിനെ ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്ത ട്രംപ്, സഊദി അറേബ്യയിലെത്തി മുസ്‌ലിം രാഷ്ട്ര ഉച്ചകോടിയെ അഭിമുഖീകരിച്ചപ്പോഴും ഇതെല്ലാം അവഗണിക്കുകയും വിസ്മരിക്കുകയും ചെയ്തത് ബോധപൂര്‍വ്വം! ജന്മഗേഹത്തില്‍ ആട്ടിയോടിക്കപ്പെട്ട് ആറ് പതിറ്റാണ്ട് കാലമായി ലോകമെമ്പാടും അലയുന്ന ഫലസ്തീന്‍ ജനതയുടെ രോദനം കേള്‍ക്കാതെ പോകുന്ന ഉച്ചകോടികള്‍ ചരിത്രത്തിന്റെ ഭാഗമാവില്ല.
‘ഒന്നിക്കാം അതിജയിക്കാം’ എന്ന സന്ദേശവുമായി റിയാദില്‍ ട്രംപിനെ സ്വീകരിക്കുവാന്‍ എത്തിയ മുസ്‌ലിം ലോക നേതാക്കള്‍ ഇതേക്കുറിച്ചെല്ലാം നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്ന് പ്രതീക്ഷിച്ചതാണല്ലോ. അതേസമയം ഇറാന്റെ നിലപാടിന് എതിരെ ആഞ്ഞടിക്കാന്‍ ട്രംപ് സമയം കണ്ടെത്തുകയുണ്ടായി. വംശീയമായി ശിയാ വിഭാഗത്തില്‍ പ്രോത്സാഹനം നല്‍കുന്ന രാഷ്ട്രം തന്നെ ഇറാന്‍. ഇതിന് സാഹചര്യം ഒരുക്കിയതില്‍ പാശ്ചാത്യ നാടുകള്‍ക്ക് മാറിനില്‍ക്കാനാവുമോ? 1997-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇത്തരം ആശയം മറ്റ് നാടുകളിലേക്ക് കയറ്റി അയക്കാന്‍ ഇറാന് കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഇറാഖില്‍ സദ്ദാം ഹുസയിന്റെ പതനം, മേഖലയിലെ സ്ഥിതിയാകെ മാറ്റിവരച്ചതിന് കാരണക്കാര്‍ പാശ്ചാത്യ ശക്തികള്‍ തന്നെയാണ്. ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ മാറ്റിയ മുല്ലപ്പൂ വിപ്ലവവും തുടര്‍ന്ന് ലിബിയയിലും യമനിലും ഈ കാറ്റ് ആഞ്ഞുവീശിയതും സൃഷ്ടിച്ച പ്രശ്‌നങ്ങളും പ്രത്യാഘാതവും ഊഹിക്കാവുന്നതില്‍ ഏറെയായി. സിറിയന്‍ ജനതയില്‍ പകുതിയിലേറെ അഭയാര്‍ത്ഥികളായി. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂനപക്ഷ വിഭാഗമായ അലവി ശിയാക്കളില്‍ പെടുന്ന ബശാറുല്‍ അസദിന്റെ ഭരണകൂടത്തെ സഹായിക്കുന്നത് ഇറാനും റഷ്യയുമാണ്. ഇറാഖില്‍ സദ്ദാം ഹുസയിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ‘സുന്നി’ ഭരണകൂടത്തെ പിഴുതെറിഞ്ഞ് ‘ഇറാന്‍ മോഡല്‍’ ശിയാ ഭരണം പ്രതിഷ്ഠിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് അമേരിക്കയും പാശ്ചാത്യ ശക്തികളുമാണ്. മധ്യപൗരവസ്ത്യ ദേശത്ത് ശിയാ വിഭാഗീയത നേതൃത്വം നല്‍കുന്ന ഇറാന്റെ നിലപാട് ന്യായീകരിക്കാനാവില്ല. സഊദി അതിര്‍ത്തിയിലും ബഹ്‌റൈനിലുമൊക്കെ ശിയാ ഭീകരര്‍ക്ക് സഹായം നല്‍കുന്നതും ഇറാന്‍. രണ്ടാം തവണ പ്രസിഡണ്ടാവുന്ന ഹസന്‍ റുഹാനി കുറേക്കൂടി ഉദാര സമീപനം സ്വീകരിക്കുന്നുണ്ട്. കുവൈത്തും ഒമാനും സന്ദര്‍ശിച്ച് അറബ് നാടുകളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി നടത്തിയ നീക്കം പ്രതീക്ഷ പുലര്‍ത്തുന്നു. 2015-ലെ വന്‍ശക്തി രാഷ്ട്രങ്ങളുമായുണ്ടായ ആണവ കരാറിന് ശേഷം നടന്ന ഇറാന്‍ തെരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ട് നേടി വിജയിക്കാന്‍ കഴിഞ്ഞ ഹസന്‍ റുഹാനി, രാഷ്ട്രാന്തരീയ രംഗത്ത് കൂടുതല്‍ സൗഹൃദ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന് എതിരായ ഉപരോധം ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാന്‍ വന്‍ ശക്തികള്‍ ബാധ്യസ്ഥരാണ്. ഇതിനുള്ള വന്‍ തുടക്കം എന്ന നിലയില്‍ ഇറാന്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്, ഉപരോധത്തില്‍ ഇളവ് വരുത്തുവാന്‍ അമേരിക്ക നടപടി സ്വീകരിച്ചത്, ഹസന്‍ റുഹാനിക്ക് ഗുണകരമാവണമെന്ന മുന്‍വിധിയോടെയാണെന്ന് രാഷ്ട്രീയ ചിന്തകള്‍ നിരീക്ഷിക്കുന്നു. ഈ നീക്കം അമേരിക്കയുടെ ഇറാന്‍ നയത്തിലെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്താം.
അറബ് ലോകവുമായുള്ള ഇറാന്റെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വൈകുന്നത് മേഖലയിലെ ശത്രുക്കള്‍ മുതലെടുക്കുന്നുണ്ട്. ഹസന്‍ റുഹാനിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചക്ക് കാതോര്‍ക്കുന്ന സന്ദര്‍ഭമാണിത്. മധ്യപൗരസ്ത്യ ദേശത്തിന്റെ മുഖ്യശത്രു ഇസ്രാഈല്‍ ആണെന്ന ഉറച്ച നിലപാടില്‍ നിന്ന് അറബ് ലോകം പിറകോട്ടില്ല. ഫലസ്തീന്‍ സഹോദരന്മാരെ ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിച്ച ഇസ്രാഈലി പൈശാചികതക്ക് അവസാനമായില്ല. ഇസ്രാഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ ഇപ്പോള്‍ സമരം ചെയ്യുകയാണല്ലോ.
ഭീകരതയെ അറബ് ലോകം ഒരിക്കലും പ്രോത്സാഹിപ്പിച്ച ചരിത്രമില്ല. ഇസ്രാഈലി ഭീകരത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സമൂഹത്തിന് ഒരിക്കലും ഭീകരര്‍ക്ക് ഒപ്പം നില്‍ക്കാനുമാവില്ല. യൂറോപ്പില്‍ ജുത സമൂഹം പീഡിപ്പിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തില്‍ ജൂത സമൂഹം സമാധാനപൂര്‍വ്വം ജീവിക്കുകയായിരുന്നുവെന്നാണ് ചരിത്രം. ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം അദ്ദേഹത്തിന്റെ തന്നെ അറബ്-മുസ്‌ലിം വിരുദ്ധ നിലപാട് തിരുത്തുവാന്‍ സഹായകമാവുമെന്ന് പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കാം. ഭീകരതക്കെതിരായ പോരാട്ടം അറബ്, മുസ്‌ലിം സമൂഹം ഏറ്റെടുക്കണം. ഐ.എസ് ഭീകരത അനുഭവിക്കുന്നത്, അമേരിക്കയോ, ഇസ്രാഈലോ അല്ല, മറിച്ച് മുസ്‌ലിം ലോകം തന്നെയാണ്. സിറിയയിലും ഇറാഖിലും ലിബിയയിലും ലബനാനിലും മരിച്ച് വീഴുന്ന നിരപരാധികളായ സഹോദരരെ ഓര്‍ത്തെങ്കിലും ഭീകരതയെ തകര്‍ക്കണം. ഐ.എസിന് പിന്നിലെ ഇരുട്ടിന്റെ ശക്തി ആരെന്ന സംശയത്തിന് ഉത്തരമായിട്ടില്ല. അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്ന നേതാവിനും അനുയായികള്‍ക്കും ആരാണ് പ്രോത്സാഹനവും സഹായവും ആയുധവും നല്‍കുന്നത്? അവര്‍ മുസ്‌ലിം ലോകത്തിന്റെ മിത്രങ്ങളല്ല, മറിച്ച് ശത്രുക്കളാണ്.