ഷാള്‍ വില്‍ക്കാന്‍ ഷിംലയില്‍ എത്തിയ മുസ്ലിം കാശ്മീരി വ്യാപാരികളോട് മോശമായി പെരുമാറുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സര്‍പഞ്ചിന്റെ (പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ മാപ്പ് പറഞ്ഞു. കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ആരും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും ഹിന്ദുക്കളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വാങ്ങുക എന്നും അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം. ‘ഞങ്ങള്‍ നിങ്ങളുടെ പക്കല്‍ നിന്ന് ഒന്നും വാങ്ങില്ല. ഞങ്ങള്‍ ഹിന്ദു ജനങ്ങളില്‍ നിന്നാണ് വാങ്ങുക. എന്റെ പ്രദേശത്തേക്ക് വരരുത്,’അവര്‍ പറഞ്ഞു.
രണ്ട് മിനിറ്റും 45 സെക്കന്റുമുള്ള വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സ്ത്രീ മാപ്പപേക്ഷയുമായെത്തിയത്. വീഡിയോയില്‍ അവര്‍ കശ്മീരി വ്യാപാരികളോട് തന്റെ ഗ്രാമത്തില്‍ കയറരുതെന്നും ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നതും കാണാം. വീഡിയോ വൈറല്‍ ആയി ഒരു ദിവസത്തിന് ശേഷമാണ് ക്ഷമാപണം വന്നത്.
ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലാണ് മാപ്പപേക്ഷയുമായി അവര്‍ എത്തിയത്. ‘ഞാന്‍ എന്റെ തെറ്റ് അംഗീകരിക്കുകയും മനഃപൂര്‍വമോ അല്ലാതെയോ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിനാലും ഞങ്ങള്‍ അപരിചിതരെ ഭയക്കുന്നതിനാലും എന്റെ വീട്ടിലേക്ക് വരരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു,’ അവര്‍ പറഞ്ഞു. മുസ്ലിം വ്യാപാരികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നസീര്‍ ഖുഹാമി പങ്കിട്ടു. വീഡിയോ ഹിമാചലിലെ ഹാമിര്‍പൂര്‍ അല്ലെങ്കില്‍ കാന്‍ഗ്ര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണെന്നും സ്ത്രീ സര്‍പഞ്ചിന്റെ ഭാര്യയാണെന്നും ഖുഹാമി അവകാശപ്പെട്ടിരുന്നു.