Connect with us

Sports

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ആവേശ്വോജ്ജ്വല സ്വീകരണം

Published

on

 

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരളാ ടീമിന് സംസ്ഥാന സര്‍ക്കാറിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ ടീമിനെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. തുടര്‍ന്ന് 11.30ന് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്റ്റാച്യു ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടീമിനെ പത്രപ്രവര്‍ത്തക യൂണിയന്‍ ആസ്ഥാനമായ കേസരിയിലേക്ക് ആനയിച്ചത്. അവിടെ നടന്ന സമ്മേളനത്തില്‍ കായികമന്ത്രി എ.സി മൊയ്തീന്‍ ടീം അംഗങ്ങളെ മൊമെന്റോ നല്‍കി ആദരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് മ്യൂസിയത്തു നിന്നും തുറന്ന ജീപ്പിലാണ് താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരണ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. റോളര്‍ സ്‌കേറ്റിംഗ്, അശ്വാരൂഢ സേന ഉള്‍പ്പെടെയുള്ളവയുടെ അകമ്പടിയോടെയായിരുന്നു താരങ്ങളെ സമ്മേളന സ്ഥലത്ത് എത്തിച്ചത്. കളിക്കാര്‍ക്കും കോച്ചിനും മാനേജര്‍ക്കും ഉള്‍പ്പെടെ കാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു.
കിരീടം സ്വന്തമാക്കിയ കേരളാ ടീമിന് ഇനിയുമേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് ഇല്ലായ്മകളുടെ പ്രതീകങ്ങളാണ് ഇവരില്‍ പലരും. എന്നാല്‍ ഫുട്ബോളില്‍ ഇവര്‍ക്കു ഇനിയുമേറെ നേടാന്‍ സാധിക്കും. ടീമംഗങ്ങള്‍ എല്ലാവരും ഒന്നിനൊന്നു മികച്ച രീതിയില്‍ കളിച്ചതോടെയാണ് കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിക്കാന്‍ സാധിച്ചത്. നാടിന്റെ മികവ് ഉര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഈ ടീമിന്റെ പ്രോത്സാഹനത്തിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. കൂടുതല്‍ തിളക്കമാര്‍ന്ന ഫുട്ബോള്‍ ജീവിതം ഇവര്‍ക്ക് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കായിക മന്ത്രി എ.സി മൊയ്തീന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, അഡ്വ.കെ.രാജു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍, കെ.എഫ്.എ പ്രസിഡണ്ട് കെ.എം.ഐ മേത്തര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ അഭാവമാണ് കേരള ഫുട്‌ബോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സന്തോഷ് ട്രോഫി പരിശീലകന്‍ സതീവന്‍ ബാലന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ടീമിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തിന് ശേഷം നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയെയും കോഴിക്കോടിനെയും മാറ്റി നിര്‍ത്തിയാല്‍ നിലവാരമുള്ള ഗ്രൗണ്ടുകള്‍ സംസ്ഥാനത്തില്ല. അതിനാലാണ് സന്തോഷ് ട്രോഫിയുടെ പരിശീലന ക്യാമ്പ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റിയത്. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കിയാലെ കേരള ഫുട്ബാള്‍ മുന്നോട്ടുപോകൂവെന്നും അദ്ദേഹം പറഞ്ഞു. വിജയത്തോടെ ടീം അംഗങ്ങളില്‍ പലര്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള വമ്പന്‍ ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ അത്തരം കരാറുകളില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വമ്പന്‍ ടീമുകളില്‍ പോയി കളിക്കാതെ പുറത്തിരിക്കുന്നതിനെക്കാള്‍ നല്ലത് കേരളത്തിലെ ഏതെങ്കിലും ടീമില്‍ ചേര്‍ന്ന് കളിക്കുന്നതാണ്. സര്‍ക്കാര്‍ ജോലി ലഭിച്ചാലും താരങ്ങള്‍ ഫുട്ബാള്‍ ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ബാഹ്യ ഇടപെടലുകളോ സമ്മര്‍ദങ്ങളോ ഉണ്ടായിട്ടില്ല. അര്‍ഹതയുള്ള ഒരു കളിക്കാരനും ടീമിന് പുറത്തുപോകരുതെന്ന് മാത്രമായിരുന്നു ആഗ്രഹം-അദ്ദേഹം പറഞ്ഞു.

News

ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിക്കില്ല; സ്ഥിരീകരണവുമായി ഐസിസി

ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനം.

Published

on

ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്താന് പുറത്തുവെച്ചായിരിക്കും നടത്തുക. അതേസമയം പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാനെത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാനാണ് തീരുമാനം.

ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പറഞ്ഞു. 2027 വരെയുള്ള ഒരു ടൂര്‍ണമെന്റിനുും പാകിസ്താന്‍ ഇന്ത്യയിലുമെത്തില്ലെന്നും ഐസിസി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്താന്‍ പങ്കെടുത്തിരുന്നു. 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ല്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും ഹൈബ്രിഡ് മാതൃകയിലായിരിക്കും നടക്കുക.

2025 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ വിശദ വിവരങ്ങള്‍ ഐസിസി പുറത്തുവിടും. 2017ലാണ് കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തിയ പാകിസ്താന്‍ വിജയം കൈവരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്.

 

Continue Reading

Sports

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തി ആര്‍. അശ്വിന്‍

ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട അശ്വിന്‍ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Published

on

ചെന്നൈ: വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്കെത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട അശ്വിന്‍ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

”ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാന്‍ പോകുകയാണ്. ഒരുപാട് കാലം കളിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അശ്വിനെന്ന ക്രിക്കറ്റര്‍ അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. അശ്വിനെന്ന ഇന്ത്യന്‍ ക്രിക്കറ്ററുടെ കരിയര്‍ മാത്രമാണ് അവസാനിച്ചത്”

”പലര്‍ക്കും വിരമിക്കല്‍ ഒരു വൈകാരിക നിമിഷമാകും. പക്ഷേ എനിക്കിത് ആശ്വാസത്തിന്റെയും സംതൃപ്തിയുടേയും നിമിഷമാണ്”അശ്വിന്‍ പ്രതികരിച്ചു.

അനില്‍ കുംബ്ലെക്ക് ശേഷം ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായ അശ്വിന്‍ മിക്ക മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷക്കെത്തിയ താരമാണ്. 13 വര്‍ഷത്തെ ദീര്‍ഘകരിയറിലായി 537 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 106 ടെസ്റ്റിലും 116 ഏകദിനത്തിലും 65 ടി20യിലും താരം കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 775 വിക്കറ്റുകള്‍ അശ്വിന്‍ നേടി.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യമത്സരത്തില്‍ അശ്വിനെ കളത്തിലിറക്കിയിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ ഇടം ലഭിച്ചിരുന്നു. തുടര്‍ന്ന് മൂന്നാം മത്സരത്തില്‍ അശ്വിനെ വീണ്ടും കളത്തിലിറക്കിയില്ല. രവീന്ദ്ര ജഡേജ ഫോമിലായിരിക്കേ പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന തുടര്‍ ടെസ്റ്റുകളില്‍ കളത്തിലിറക്കില്ല എന്ന തിരിച്ചറിവിലാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പരമ്പരയുടെ പാതിവഴിയില്‍ വെച്ച് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Sports

2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രാഈലിനോട് കളിക്കാനില്ല; ഗസ്സയിലെ ജനങ്ങളെ കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് നോര്‍വെ

ഗസയിലെ ജനങ്ങളോടുള്ള ഇസ്രാഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ വിഷത്തില്‍ നിസംഗത പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇക്കാര്യം അറിയിച്ചിരിക്കുന്നത്

Published

on

ഓസ്ലോ: 2026ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളില്‍ ഇസ്രാഈല്‍ ടീമിനോട് മത്സരിക്കാനില്ലെന്ന് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഗസയിലെ ജനങ്ങളോടുള്ള ഇസ്രാഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ വിഷത്തില്‍ നിസംഗത പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2026 ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ഒരേ ഗ്രൂപ്പിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇസ്രാഈലിനെതിരായ യോഗ്യത മത്സരം കളിച്ചിരുനിനു. തുടര്‍ന്നാണ് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്‌നെസ് ഇക്കാര്യം അറിയിച്ചത്.

‘ഇസ്രാഈലിന് തക്കതായ ശിക്ഷകള്‍ നല്‍കാന്‍ നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ബോഡികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇസ്രാഈലിനെതിരെ മത്സരിക്കാതെ നോര്‍വീജിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്തുണയ്ക്കുകയാണ്.

ഗസയിലെ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തലാക്കാനുള്ള നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ആഹ്വാനത്തെ ഫുട്‌ബോള്‍ ടീം പിന്തുണയ്ക്കുന്നതായും ക്ലേവ്‌നെസ് വ്യക്തമാക്കി. ‘ഗസയില്‍ എന്താണ് സംഭവിക്കുന്നത്? സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും നിസംഗത പാലിക്കാന്‍ കഴിയില്ല,’ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്‌നെസ് പറഞ്ഞു.

അന്താരാഷ്ട്ര വേദികളില്‍ ഇസ്രാഈല്‍ ഭരണകൂടത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആഹ്വാനങ്ങളില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സജീവമായി ഇടപെടല്‍ നടത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ഇപ്പോഴും യുവേഫ മത്സരങ്ങളുടെ ഭാഗമാണ്. ഞങ്ങള്‍ ഈ വിഷയം പരിശോധിച്ച് വരികയാണെന്നും ക്ലേവ്‌നെസ് പറഞ്ഞു. 2026 മാര്‍ച്ച് 25നും ഒക്ടോബര്‍ 11നുമാണ് ഇസ്രാഈലും നോര്‍വെയും തമ്മിലുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.

അന്താരാഷ്ട്രസമൂഹത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടാണ് പലപ്പോഴും നോര്‍വെ സ്വീകരിച്ചിരുന്നത്. നോര്‍വെ ഔപചാരികമായി ഫലസ്തീനിന്റെ രാഷ്ട്ര പദവി അംഗീകരിച്ചിരുന്നു. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് നോര്‍വെ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിരുന്നു. അതിനാല്‍ തന്നെ നോര്‍വെയും ഇസ്രാഈലും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.

Continue Reading

Trending